X

തെരുവിലിറങ്ങി വൈദികര്‍; ആലഞ്ചേരിയുടെ പേരില്‍ സിറോ മലബാര്‍ സഭയില്‍ തുറന്നപോര്

സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് അതിന്റെ തലവനെതിരേ വൈദികരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദം മുമ്പെങ്ങുമില്ലാത്ത വിധം സിറോ മലബാര്‍ സഭയില്‍ തുറന്നപോരിന് വഴിയൊരുക്കിയിരിക്കുന്നു. ഭൂമി വില്‍പ്പനയില്‍ ക്രമക്കേട് ഉണ്ടെന്നും അതിരൂപ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആവില്ലെന്നും ചൂണ്ടിക്കാട്ടി കര്‍ദിനാളിനെതിരേ കേസ് എടുക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെട്ടതോടെ ആലഞ്ചേരി സഭാ പദവികള്‍ ഒഴിയണമെന്ന ആവശ്യം ശക്തമാക്കുകയാണ് ഒരു വിഭാഗം വൈദികര്‍. അതേസമയം ആലഞ്ചേരിക്കെതിരേ ഗൂഡാലോചന നടത്തി അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അതു ചെറുക്കുമെന്നും അറിയിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയതോടെയാണ് സഭാ പ്രശ്‌നം തെരുവില്‍ എത്തിയത്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് രൂപത വൈദികര്‍ രൂപത ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതോടെ ഈ പ്രശ്‌നം ഇനി സഭയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുക്കിവയ്‌ക്കേണ്ടതില്ലെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഭൂമിക്കച്ചവടത്തില്‍ ആലഞ്ചേരിക്കും മറ്റ് മൂന്നുപേര്‍ക്കുമെതിരേ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുകയാണ്.

സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് അതിന്റെ തലവനെതിരേ വൈദികരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നത്. ഏകദേശം ഇരുന്നൂറോളം വൈദികര്‍ പ്ലക്കാര്‍ഡുകളും ഏന്തിയാണ് പ്രകടനം നടത്തിയെന്നതും ഇതിന്റെ ഗൗരവം വലുതാക്കുന്നു.

ഇനി രാജി വയ്ക്കാനും മാര്‍പാപ്പ പറയണോ; ആലഞ്ചേരി പിതാവിന്റെ രാജി ആവശ്യത്തിന് ശക്തി കൂടുന്നു

ഹൈക്കോടതി തന്നെ പിതാവിനെതിരേ വിരല്‍ ചൂണ്ടിയിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം അന്വേഷണം പൂര്‍ത്തിയാകും വരെയെങ്കിലും സഭാ തലവന്‍ എന്ന സ്ഥാനത്തു നിന്നും മാറി നില്‍ക്കേണ്ടതാണെന്നാണ് രൂപത വൈദിക സമിതി ചെയര്‍മാന്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറയുന്നത്. ആലഞ്ചേരി പിതാവിനെതിരേ ഏതാനും വിമത വൈദികര്‍ നടത്തുന്ന പ്രതിഷേധം എന്ന നിലയ്ക്കാണ് ഇത്രയും നാളും തങ്ങളെ അധിക്ഷേപിച്ചിരുന്നതെന്നും എന്നാല്‍ രൂപതിയിലെ വൈദികരില്‍ ബഹുഭൂരിപക്ഷവും ഈ ആവശ്യത്തില്‍ ഒപ്പം നില്‍ക്കുകയാണെന്നും വൈദികര്‍ ചൂണ്ടിക്കാട്ടി. രൂപതയില്‍ ആകെയുള്ള 458 വൈദികരില്‍ 448 പേരും ഈ നിലപാടിനൊപ്പമാണ്. വെറും പത്തുപേര്‍ മാത്രമാണ് പിതാവിനെ അനുകൂലിച്ച് ഉള്ളതെന്നും ഫാദര്‍ മുണ്ടാടന്‍ പറയുന്നു.

വൈദികര്‍ക്കൊപ്പം അല്‍മായ സംഘടനയും ആലഞ്ചേരിക്കെതിരേയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. കാനന്‍ നിയമപ്രകാരവും സിവില്‍ നിയമപ്രകാരവും ഒരുപോലെ കുറ്റക്കാരനായിരിക്കുന്ന ഒരാളാണ് മാര്‍ ആലഞ്ചേരി. അദ്ദേഹത്തിന് ഇനിയും തന്റെ പദവികളില്‍ തുടരാന്‍ അര്‍ഹതിയില്ല. ആയതിനാല്‍ സ്വയം ഒഴിഞ്ഞു നില്‍ക്കാന്‍ തയ്യാറാകേണ്ടതാണ്; അല്‍മായ പ്രതിനിധികള്‍ പറയുന്നു.

തങ്ങളുടെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും നീതി നടപ്പാക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നുമാണ് വൈദിക സമിതിയിലെ അംഗങ്ങളും പറയുന്നത്.

ആര്‍ച്ച് ബിഷപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തേണ്ട, ആലഞ്ചേരി പിതാവിനു പദവിയില്‍ തുടരാന്‍ യോഗ്യതയില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി വൈദികര്‍

ഇതേ സമയം തന്നെയാണ് ആലഞ്ചേരിയെ സംരക്ഷിച്ചും അദ്ദേഹത്തിനെതിരേ പ്രവര്‍ത്തിക്കുന്ന വൈദികസംഘത്തിനും അല്‍മായസംഘത്തിനുമെതിരേ തങ്ങള്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണെന്നു പ്രഖ്യാപിച്ച് കര്‍ദിനാള്‍ അനുകൂലികള്‍ രംഗത്തു വന്നിരിക്കുന്നത്. രൂപത ആസ്ഥാനത്തേക്ക് വൈദികര്‍ നടത്തിയ മാര്‍ച്ചില്‍ ഇവരുടെ നേതൃത്വത്തിലുള്ളവര്‍ തടയാന്‍ ശ്രമിച്ചിരുന്നു. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള വിശ്വാസികളുടെ യോഗം ഇന്ന് എറണാകുളത്ത് വിളിച്ചു ചേര്‍ക്കുമെന്നും ഇതിനുശേഷം ശക്തമായ സമരം ആലഞ്ചേരി പിതാവിനു വേണ്ടി തങ്ങള്‍ ആരംഭിക്കുമെന്നുമാണ് കര്‍ദിനാള്‍ അനുകൂലികള്‍ പറയുന്നത്.

വൈദികരും വിശ്വാസികളും രണ്ടായി തിരിഞ്ഞതോടെ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി) രംഗത്തെത്തിയിട്ടുണ്ട്. കെ.സി.ബി.സി പ്രസിഡന്റും ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പുമായ ഡോ. സൂസപാക്യം, സീറോ മലങ്കര സഭയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് എന്നിവര്‍ ഇന്നലെ ഇരുവിഭാഗങ്ങളുമായും ചര്‍ച്ചകള്‍ നടത്തി.

ഇതിനിടയില്‍ പൊലീസിനെതിരേയും വൈദിക സമിതി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിട്ടിട്ടും ആലഞ്ചേരിക്കെതിരേ കേസ് എടുക്കാതെ പൊലീസ് ഒളിച്ചു കളിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യത്തില്‍ എജിയുടെ നിയമോപദേശം തേടിയിരിക്കുകയാണെന്നു പൊലീസ് പറയുമ്പോള്‍ കര്‍ദിനാളിനെ രക്ഷിക്കാനുള്ള കളികളാണ് പൊലീസ് കളിക്കുന്നതെന്നാണ് വൈദികരുടെ ആക്ഷേപം.

 

This post was last modified on March 11, 2018 8:36 am