X

അല്ലയോ കര്‍ദ്ദിനാളെ, ഇക്കണ്ട പാപങ്ങളൊക്കെ എവിടെക്കൊണ്ടുപോയി കുമ്പസാരിച്ചു തീര്‍ക്കും?

ജലന്ധർ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നു തന്നെ വന്നുകണ്ട കന്യാസ്ത്രീ പറഞ്ഞിരുന്നില്ല എന്ന കർദിനാൾ മാർ ആലഞ്ചേരി നൽകിയ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു കഴിഞ്ഞു

ജലന്ധർ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നു തന്നെ വന്നുകണ്ട കന്യാസ്ത്രീ പറഞ്ഞിരുന്നില്ല എന്ന കർദിനാൾ മാർ ആലഞ്ചേരി നൽകിയ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. കർദിനാളും കന്യാസ്ത്രീയും തമ്മിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ നിൽക്കക്കള്ളിയില്ലാതെ വന്ന സീറോ മലബാർ സഭക്ക് ശബ്ദരേഖ ശരിയാണെന്നു സമ്മതിക്കേണ്ടതായും വന്നു. എന്തായാലും ഒടുവിൽ ഇക്കാര്യമെങ്കിലും സമ്മതിച്ചല്ലോ! പിതാവിനും പുത്രനും റുഹാദിക്കുശാക്കും സ്തുതിയായിരിക്കട്ടെ.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ തന്നെ വന്നു കണ്ടിരുന്നുവെന്നും ആലഞ്ചേരി പിതാവിനെ കാണാൻ താനാണ് അവരെ ഉപദേശിച്ചതെന്നും പാലാ ബിഷപ്പ് പൊലീസിന് മൊഴി നൽകിയതിനു ശേഷമാണ് കർദിനാൾ അന്വേഷണ സംഘത്തോട് കളവു പറഞ്ഞത് എന്നതാണ് ഏറെ ശ്രദ്ധേയം. കന്യാസ്ത്രീയെ തള്ളി ജലന്ധർ ബിഷപ്പിനെ രക്ഷിക്കാനാണ് കർദിനാൾ ശ്രമിച്ചതെന്ന കാര്യം പകൽ പോലെ വ്യക്തം. എങ്കിലും ദൈവത്തിന്റെ പത്തു പ്രമാണങ്ങളിൽ ഒന്നുപോലും ലംഘിച്ചു കൂടെന്നു വിശ്വാസികളെ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നവർ തന്നെ പ്രമാണങ്ങളുടെ ലംഘകരാകുമ്പോൾ ഈ തിരുസഭക്ക് കാര്യമായ കുഴപ്പം സംഭവിച്ചിരിക്കുന്നു എന്നു കരുതേണ്ടിവരുന്നു.

ബിഷപ്പും വൈദികരും സ്ത്രീ പീഡകരാവുകയും അവരെ സംരക്ഷിക്കുന്നതിനുവേണ്ടി സഭാ മേലധികാരികൾ ശ്രമം തുടരുകയും ചെയ്‌താൽ ഈ സഭയുടെ ഗതി എന്തായിത്തീരുമെന്ന് കണ്ടറിയേണ്ടി വരും എന്ന കാര്യത്തിൽ തർക്കം വേണ്ട. എങ്കിലും ഒരു കാര്യം ചോദിക്കാതെ വയ്യ. ഇക്കണ്ട പാപങ്ങളൊക്കെ നിങ്ങൾ എവിടെ കൊണ്ടുപോയി കഴുകിക്കളയും? ഇതൊക്കെ നിങ്ങൾ എന്നു കുമ്പസ്സാരിച്ചു തീർക്കും? ഇതാദ്യമായല്ല കർദിനാൾ മാർ ആലഞ്ചേരി ആരെയൊക്കെയോ സംരക്ഷിക്കുന്നതിനു വേണ്ടി ഉരുണ്ടുകളി നടത്തുന്നത്. സഭയുടെ ഭൂമി മറിച്ചു വിറ്റ സംഭവത്തിൽ ഇതേ ഉരുണ്ടുകളി നമ്മൾ കണ്ടതാണ്. പ്രശ്നം ഒടുവിൽ വത്തിക്കാനിൽ എത്തിയതിനെ തുടർന്ന് പാതി അധികാരം നഷ്ടമാകുകയും ചെയ്തു. എന്നിട്ടും അദ്ദേഹം ഒന്നും പഠിച്ചില്ലെന്നു തന്നെയാണ് കന്യാസ്ത്രീ സംഭവം വ്യക്തമാക്കുന്നത്.

ഇരക്കൊപ്പമല്ല, മറിച്ചു വേട്ടക്കാരനൊപ്പമാണ് സഭയെന്നാണ് വൈദികർ ഭർതൃമതിയായ സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിലായാലും ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിലായാലും വ്യക്തമാകുന്ന കാര്യം. ഇത് ഇന്നോ ഇന്നലെയോ ആരംഭിച്ച ഒന്നല്ല. എല്ലാ പ്രമാണങ്ങളും പാലിക്കാനുള്ള കടമ പാവങ്ങൾക്കും അവ ലംഘിക്കാനുള്ള അവകാശം ധനികർക്കും സഭ പണ്ട് മുതൽക്കു തന്നെ കാണിച്ചരുളിയിട്ടുള്ളതാണ്. ധനികൻ സ്വർഗരാജ്യത്തിൽ കടക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനേക്കാൾ ശ്രമകരമാണെന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നതൊക്കെ ശരി തന്നെ. പക്ഷെ ധനികരും ധനികരിലെ കൊടും പാപികളും എക്കാലത്തും പള്ളിക്കമ്മിറ്റികളിൽ തങ്ങളുടെ ഇരിപ്പടം ഉറപ്പു വരുത്തി പോന്നിരുന്നു. ഇതൊക്കെ ഇപ്പോഴും ഒരു മാറ്റവും കൂടാതെ തുടരുന്നുമുണ്ട്. കാരണം സഭക്ക് വേണ്ടത് പാവപ്പെട്ടവരെയല്ല, മടിയിൽ കനമുള്ളവനെയാണ്. അതുകൊണ്ടു തന്നെയാണല്ലോ ധനികരുടെ മരണത്തിലും അവരുടെ കുടുംബത്തിലെ ആഘോഷങ്ങളിലും പങ്കെടുക്കാൻ ബിഷപ്പുമാർ പോലും കെട്ടി എഴുന്നള്ളുന്നതും പള്ളി കുടിശിക അടച്ചു തീർക്കാനുണ്ടെന്നു പറഞ്ഞു ദരിദ്രന്റെ ശവമടക്കുപോലും വെച്ച് താമസിപ്പിക്കുന്നതും. ഈ ഇരട്ട നീതി തന്നെയാണ് സ്ത്രീകളുടെ കാര്യത്തിലും സഭ പിന്തുടരുന്നത്.

മെത്രാന്‍മാര്‍ കത്തോലിക്കര്‍ക്കു മാത്രമല്ല, പൊതുസമൂഹത്തിനും ഭീഷണി; തല്ലി തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് സഭയിലെ അംബാനിമാര്‍: പ്രൊഫ. ജോസഫ് വര്‍ഗീസ് സംസാരിക്കുന്നു

വൈദികരെല്ലാം പാവാടാ! ഒരു വിശ്വാസിയുടെ ധാര്‍മ്മിക ചോദ്യങ്ങള്‍

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on July 20, 2018 1:01 pm