X

വയനാട്ടിൽ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കും; രണ്ടു മണിക്ക് മാധ്യമങ്ങളെ കാണും

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തുഷാർ തന്നെ സ്ഥാനാർത്ഥിയാകുന്നത്.

വയനാട്ടിൽ നിലവിലെ ബിഡിജെഎസ് സ്ഥാനാർത്ഥി പൈലി വൈദ്യാട്ടിനെ പിൻവലിച്ച് തുഷാർ വെള്ളാപ്പള്ളി തന്നെ മത്സരിക്കാനിട. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ തുഷാർ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. ഇതിനായാണ് രണ്ടുമണിയുടെ വാർത്താസമ്മേളനം എന്നാണ് കരുതപ്പെടുന്നത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തുഷാർ തന്നെ സ്ഥാനാർത്ഥിയാകുന്നത്. രാഹുലിനെതിരെ മികച്ച സ്ഥാനാർത്ഥിയെ തന്നെ നിര്‍ത്തണമെന്നാണ് എൻഡിഎയുടെ താൽപര്യം. നേരത്തെ സുരേഷ് ഗോപി അടക്കമുള്ളവരുടെ പേരുകൾ പറഞ്ഞു കേട്ടിരുന്നെങ്കിലും താരതമ്യേന മെച്ചപ്പെട്ട സ്വാധീനമുള്ളയാളെന്ന നിലയ്ക്ക് തുഷാറിനെത്തന്നെ തെരഞ്ഞെടുക്കാനാണ് എൻഡിഎ ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

രാഹുൽ മത്സരിക്കുകയാണെങ്കിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് നേരത്തെ തന്നെ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നതാണ്. ഇന്ന് വൈകുന്നേരം ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുമായി കേരളത്തിലെ നേതൃത്വം ചർച്ച നടത്തുന്നുണ്ട്. ഇതിനു മുമ്പു തന്നെ തുഷാറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അറിയുന്നു. അതെസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി പിപി സുനീർ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയുണ്ടായി.

This post was last modified on March 31, 2019 8:15 pm