X

വിദ്യാർത്ഥിനിക്ക് പരാതിയില്ല; ആത്മഹത്യാശ്രമത്തിനു കാരണം തുടർച്ചയായി ക്ലാസ്സുകൾ മുടങ്ങിയത്: പൊലീസ്

അതെസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിക്ക് പരാതിയില്ലെന്ന് പൊലീസ്. ക്ലാസ്സുകൾ മുടങ്ങിയത് വിദ്യാർത്ഥിനിയെ മനോവിഷത്തിന് കാരണമായെന്ന് വിദ്യാർത്ഥി മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.

അതെസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തിട്ടുണ്ട്. വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിനെ ആധാരമാക്കിയാണ് കേസ്. എസ്എഫ്ഐ കോളജ് യൂണിറ്റിനും പ്രിൻസിപ്പാലിനും എതിരെ അതിരൂക്ഷമായ ഭാഷയിൽ എഴുതിയിട്ടുണ്ട് കത്തിൽ.

തന്നെ സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ നിർബന്ധിച്ച് പങ്കെടുപ്പിച്ചെന്നും പിരിയേഡ്സ് ആണെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. പരീക്ഷാ സമയത്താണ് മാർച്ചിൽ പങ്കെടുക്കേണ്ടി വന്നത്. തന്റെ ജീവിതം തകർത്തത് ഈ ദുഷ്ടന്മാരാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വേദനാസംഹാരി ഗുളികകൾ അമിതമായി കഴിച്ചിട്ടുണ്ടായിരുന്നു. ആറ്റിങ്ങൽ സ്വദേശിയാണ്.

വിദ്യാഭ്യാസമന്ത്രി കോളജ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സർക്കാർ ഗൗരവത്തോടെയാണ് വിഷയത്തെ കണ്ടത്. യൂണിയൻ പരിപാടികളും സമരങ്ങളും പഠനത്തെ ബാധിക്കുമെന്ന് പെൺകുട്ടി സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.