X

ജോസ് രാജ്യസഭാംഗത്വം രാജി വെക്കുന്നത് തടയാൻ യുഡിഎഫ്; നിഷയ്ക്ക് സാധ്യതയേറുന്നു

ലയനം നടന്നതിനു ശേഷം ജോസഫ് വിഭാഗം മത്സരിച്ച നാലിടത്തും സ്ഥാനാർത്ഥികളെ നിർണയിച്ചത് അവർ തന്നെയായിരുന്നെന്നും അന്ന് മാണി വിഭാഗത്തിൽ ആരും അഭിപ്രായം പറയാൻ പോയിട്ടില്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നു.

രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി പാലായിൽ സ്ഥാനാ‍ർത്ഥിയാകേണ്ടെന്നും പകരം നിഷ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാമെന്നും യുഡിഎഫില്‍ ധാരണ ഉരുത്തിരിയുന്നതായി സൂചന. നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിലാണ് കേരളാ കോൺഗ്രസ് എമ്മിന്റെ യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചാൽ ആ സീറ്റ് എൽഡിഎഫിന് ലഭിക്കുന്ന സാഹചര്യമുണ്ടാകും. ജോസ് രാജിവെക്കുന്നത് തടയാൻ കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം താക്കീതുമായി രംഗത്തെത്തിയിരുന്നു. അത്തരമൊരു സാഹചര്യമുണ്ടായാൽ പാലായിൽ തോൽക്കുമെന്നായിരുന്നു കോൺഗ്രസ്സിന്റെ നിലപാട്.

ഇജെ ആഗസ്തിയെ സ്ഥാനാർത്ഥിയാക്കണമെന്ന പിജെ ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ ജോസ് കെ മാണി താൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന സൂചന നൽകിയപ്പോൾ യുഡിഎഫ് നേതൃത്വം ശക്തമായി ഇടപെട്ടെന്നാണ് വിവരം. രാജ്യസഭാംഗത്വം ഉപേക്ഷിച്ചാൽ അത് മുന്നണി ബന്ധത്തെയും പാലായിലെ വിജയത്തെയും ബാധിക്കുമെന്ന് കോൺഗ്രസ് താക്കീത് നൽകി.

അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഇതര മുഖങ്ങൾ നിഷ ജോസിനെ അപേക്ഷിച്ച് താരതമ്യേന ശക്തരല്ലെന്ന് പൊതുവിലൊരു ധാരണയുള്ളതും ജോസ് കെ മാണിക്ക് അനുകൂലമായെന്നാണ് വിവരം. നിഷയ്ക്ക് ബദലായി ഇരുകൂട്ടരും തങ്ങൾക്ക് വിധേയരായി നിൽക്കുന്നവരെയാണ് പ്രധാനമായും മുമ്പോട്ടു വെക്കുന്നത്.

ലയനം നടന്നതിനു ശേഷം ജോസഫ് വിഭാഗം മത്സരിച്ച നാലിടത്തും സ്ഥാനാർത്ഥികളെ നിർണയിച്ചത് അവർ തന്നെയായിരുന്നെന്നും അന്ന് മാണി വിഭാഗത്തിൽ ആരും അഭിപ്രായം പറയാൻ പോയിട്ടില്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ തങ്ങൾക്ക് അവകാശപ്പെട്ട സീറ്റിൽ ജോസഫ് അഭിപ്രായം പറയുന്നത് എന്തിനാണെന്നാണ് ചോദ്യം. ഇതിൽ ജോസഫ് വിഭാഗം എടുക്കാനിടയുള്ള നിലപാട് നിഷ ഒരു പൊതുസമ്മതയായ സ്ഥാനാർത്ഥിയല്ലെന്നാണ്. പൊതുസമ്മതനായ ഒരാളെ കണ്ടെത്താൻ മധ്യസ്ഥത്തിലുള്ള ലീഗും കോൺഗ്രസ്സും സഹായിക്കണമെന്നാണ് ജോസഫിന്റെ നിലപാട്. എന്നാൽ അധികം ഇടപെടാൻ നിൽക്കേണ്ടെന്ന തീരുമാനത്തിലാണ് കോൺഗ്രസ്സും ലീഗും. ഇരുകൂട്ടരും ചേർന്ന് ഒരു തീരുമാനത്തിലെത്തട്ടെയെന്നാണ് നിലപാട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ നിഷയം സ്ഥാനാർത്ഥിയാക്കുന്നതിലൂടെ പ്രശ്നം ഒതുക്കാനാകുമെന്ന് യുഡിഎഫിലെ ഇതര കക്ഷികൾ കരുതുന്നു. ഈ വഴിക്കുള്ള ചർച്ചകൾ സജീവമാണ്.

ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നത് ചർച്ച ചെയ്യാൻ ജോസ് വിഭാഗം നേതാക്കൾ ഇന്ന് ഉച്ചതിരിഞ്ഞ് യോഗം ചേരുമെന്നാണ് അറിയുന്നത്. നേതാക്കളെ പുറത്താക്കിയതിനെതിരെ ജോസ് വിഭാഗം പി ജെ ജോസഫിനെതിരെ നല്‍കിയ ഹരജി കോട്ടയം മുന്‍സിഫ് കോടതി ഇന്നാണ് പരിഗണിക്കുന്നത്.