X

യുഡിഎഫിന് ആശ്വാസം; പാലായില്‍ ജോസ് ടോമിന് വേണ്ടി പ്രചരണത്തിന് തയ്യാറെന്ന് ജോസഫ്

ഇനി അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകില്ലെന്നാണ് ജോസഫിന് യുഡിഎഫ് നല്‍കിയിരിക്കുന്ന ഉറപ്പ്.

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ തയ്യാറാണെന്ന് പിജെ ജോസഫ് തയ്യാറാണെന്ന് അറിയിച്ചതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. പാലായില്‍ സജീവമായി പ്രചരണത്തിനിറങ്ങുമെന്ന് ജോസഫും വ്യക്തമാക്കി. അനുകൂല സാഹചര്യം ഒരുക്കുമെന്ന് യുഡിഎഫ് നേതൃത്വം ഉറപ്പുനല്‍കിയെന്നും ജോസഫ് അറിയിച്ചു.

ഇനി അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകില്ലെന്നാണ് ജോസഫിന് യുഡിഎഫ് നല്‍കിയിരിക്കുന്ന ഉറപ്പ്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ബെന്നി ബഹനാന്‍ അറിയിച്ചു. യുഡിഎഫ് നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഓണത്തിന് ശേഷം പിജെ ജോസഫ് പ്രചരണത്തില്‍ സജീവമാകുമെന്നും യുഡിഎഫിന്റെ വിജയമാണ് ജോസഫിന്റെ ലക്ഷ്യമെന്നും മോന്‍സ് ജോസഫും പ്രതികരിച്ചിട്ടുണ്ട്. യുഡിഎഫില്‍ ഒരു നേതാവിന് നേരെയും അസ്വസ്ഥതയുണ്ടാകുന്ന നടപടികളുണ്ടാകില്ലെന്നും ബെന്നി ബെഹനാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ഇന്നലെയും നടക്കാതെ പോയ അനുനയ ചര്‍ച്ചകള്‍ക്ക് ഇന്നത്തോടെയാണ് ഫലം കണ്ടത്. കോട്ടയം ഡിസിസി ഓഫീസില്‍ നടന്ന യോഗത്തിന് ശേഷമാണ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്. ബെന്നിയെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയുമാണ് ജോസഫിന്റെ അതൃപ്തി പരിഹരിക്കാന്‍ കെ പി സി സി ചുമതലപ്പെടുത്തിയിരുന്നത്. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ്, ടിയു കുരുവിള, ജോയ് എബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

also read:ഒന്നരവയസ്സുകാരി ജീപ്പില്‍ നിന്ന് തെറിച്ചുവീണിട്ടും അറിഞ്ഞില്ല; അച്ഛനും അമ്മയ്ക്കുമെതിരെ കേസെടുത്തു