X

നഴ്സസ് അസോസിയേഷൻ അഴിമതി അന്വേഷണത്തിൽ ഹൈക്കോടതി ഇടപെടൽ: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശം

തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഎൻഎയുടെ പ്രസിഡണ്ട് ജാസ്മിൻ ഷായാണ് ഹരജി നൽകിയത്.

യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ അഴിമതിക്കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈം എഡിജിപിക്കാണ് കോടതി ഈ നിർദ്ദേശം നൽകിയത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഎൻഎയുടെ പ്രസിഡണ്ട് ജാസ്മിൻ ഷായാണ് ഹരജി നൽകിയത്. ഇദ്ദേഹമാണ് കേസിൽ ഒന്നാംപ്രതി.

നിലവിൽ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജാസ്മിൻ ഷായെ കൂടാതെ സംസ്ഥാന കമ്മിറ്റിയംഗം ഷോബി ജോര്‍ജ്, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍, ഓഫീസ് സ്റ്റാഫ് ജിത്തു എന്നിവരും കേസിൽ പ്രതികളാണ്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളാണ് ചേർത്തിരുന്നത്.

മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് സംഘടനയിൽ നടന്നെന്നാണ് യുഎൻഎ മുൻ പ്രസിഡണ്ടായ സിബി മുകേഷ് ആരോപിച്ചത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത് എന്നുമാണ് ആരോപണത്തിന്റെ കാതൽ. ഈ ആരോപണം പരാതിയായി പൊലീസിന് നൽകുകയും ചെയ്തതോടെയാണ് അന്വേഷണത്തിന് വഴിയൊരുങ്ങിയത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തുകയുമുണ്ടായി. മിനിറ്റ്സുകൾ വ്യാജമായി തയ്യാറാക്കിയെന്ന് സംശയമുയർന്നിരുന്നു.

This post was last modified on August 20, 2019 12:25 pm