X

യുഎൻഎ തട്ടിപ്പ് കേസ്: ജാസ്മിൻ ഷാ ഉൾപ്പെടെ നാലു പേർക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ ലുക്ക്ഔട്ട് നോട്ടീസ്

ജാസ്മിൻ ഷായ്ക്ക് പുറമെ ഷോബി ജോസഫ്, നിധിൻ മോഹൻ, ജിത്തു പിഡി എന്നിവർക്കെതിരൊണ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെൻഡ്രൽ യുനിറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) തട്ടിപ്പ് കേസിൽ സംഘടനയുടെ ദേശീയ പ്രസിഡണ്ട് ജാസ്മിൻ ഷാ ഉൾപ്പെടെ നാലു പേർക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ ലൂക്ക് ഔട്ട് നോട്ടീസ്. കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ നടപടി. ജാസ്മിൻ ഷായ്ക്ക് പുറമെ ഷോബി ജോസഫ്, നിധിൻ മോഹൻ, ജിത്തു പിഡി എന്നിവർക്കെതിരൊണ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെൻഡ്രൽ യുനിറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

യുഎന്‍എ സംസ്ഥാന കമ്മിറ്റിയംഗമാണ് ഷോബി ജോര്‍ജ്. ജാസ്മിന്‍ ഷായുടെ ഡ്രൈവറാണ് നിധിന്‍ മോഹന്‍, ഓഫീസ് സ്റ്റാഫാണ് ജിത്തു.  വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികൾ വിവിധ പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് വരികയാണെന്നും ലുക്ക് ഔട്ട് നോട്ടീസ് വ്യക്തമാക്കുന്നു. പ്രമുഖ ദിനപത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരായ പരാതി. യുഎൻഎ മുൻ പ്രസിഡണ്ടായ സിബി മുകേഷാണ് ആരോപണവുമായി രംഗത്തെത്തിയത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത് എന്നുമാണ് ആരോപണത്തിന്റെ കാതൽ. ഈ ആരോപണം പരാതിയായി പൊലീസിന് നൽകുകയും ചെയ്തതോടെയാണ് അന്വേഷണത്തിന് വഴിയൊരുങ്ങിയത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. മിനിറ്റ്സുകൾ വ്യാജമായി തയ്യാറാക്കിയെന്നും സംശയമുയർന്നിരുന്നു.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിൻ ഷാ നൽകിയ ഹരജി പരിഗണിച്ചായിരുന്നു കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദേശം. ക്രൈം എഡിജിപിക്കായിരുന്നു കോടതി ഈ നിർദ്ദേശം നൽകിയത്.

Also Read- “അച്ഛന്‍ ഒരു സവര്‍ണനായിരുന്നെങ്കില്‍ സ്മൃതിമണ്ഡപങ്ങളുയര്‍ന്നേനെ”; വൈക്കം സത്യാഗ്രഹ നായകനായ ആമചാടി തേവനെ നാം മറക്കുക മാത്രമല്ല, ആ പുലയ നേതാവിന്റെ കല്ലറയും മണ്ണും കയ്യേറുക കൂടി ചെയ്തു

This post was last modified on September 5, 2019 8:00 am