X

ഇടുക്കിയില്‍ മഴയില്‍ നേരിയ കുറവ്; ഡാം തുറക്കേണ്ടി വരില്ലെന്ന് നാട്ടുകാരുടെ പ്രതീക്ഷ

ഇടുക്കിയില്‍ ഇനി മൂന്ന് അടി കൂടി വെള്ളം കയറിയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് നല്‍കേണ്ടി വരുന്നതും ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നതും.

കനത്ത മഴ മൂലം ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത് ഇടുക്കി അണക്കെട്ട് തുറന്നേക്കാനുള്ള സാധ്യതയുണ്ടാക്കിയിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. എല്ലാ മുന്നൊരുക്കങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന സജ്ജമാണ്. അതേസമയം ഇടുക്കിയില്‍ മഴയില്‍ കുറവുണ്ടായിരിക്കുന്നതിനാല്‍ ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഇടുക്കിയിലെ ജലനിരപ്പ് 2395 അടിയിലേറെ ആയതോടെ വൈദ്യുതി വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ചെറുതോണിയിലെ അഞ്ച് ഷട്ടറുകള്‍ തുറക്കുന്നതോടെ അണക്കെട്ടിലെ വെള്ളം പെരിയാറിലൂടെ കടലിലേക്കെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജലമൊഴുകി പോകുന്ന ചെറുതോണിയിലും അതിന് താഴെയുള്ള പ്രദേശങ്ങളും ഇതുമൂലം വെള്ളത്തിനടിയിലാകും. അതേസമയം ഷട്ടറുകള്‍ ഘട്ടം ഘട്ടമായേ തുറക്കൂ. അതേസമയം പുറംലോകം കരുതുന്നതുപോലെ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കട്ടപ്പന സ്വദേശിയായ ബിനോയ് പറയുന്നത്.

1992ല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന് ശേഷം ഈ വര്‍ഷമാണ് സമാന സാഹചര്യം ഉടലെടുത്തിരിക്കുന്നത്. ഈ കാലയളവിനിടയില്‍ പെരിയാറിന്റെ തീരത്ത് കയ്യേറിയുള്ള കൃഷിയും കെട്ടിട നിര്‍മ്മാണവുമെല്ലാം ക്രമാധീതമായി വര്‍ധിച്ചു. അണക്കെട്ട് തുറന്നുവിടുന്നതോടെ ഈ കൃഷികളെല്ലാം നശിച്ചുപോകുമെന്നതാണ് ആശങ്കയുടെ മുഖ്യകാരണമെന്ന് ബിനോയ് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇത് ഷട്ടര്‍ തുറക്കുമ്പോഴുള്ള ജലത്തിന്റെ ശക്തി അനുസരിച്ചിരിക്കുമെന്നും ബിനോയ് കൂട്ടിച്ചേര്‍ത്തു. ചെറിയ തോതിലുള്ള ഒഴുക്കാണെങ്കില്‍ കാര്യമായ നാശനഷ്ടമുണ്ടാകില്ല. എന്നാല്‍ ശക്തമായ ഒഴുക്കുണ്ടാകുകയാണെങ്കില്‍ കോടിക്കണക്കിന് രൂപയുടെ കൃഷി നാശമായിരിക്കും ഉണ്ടാകുക. വെള്ളത്താല്‍ ചുറ്റപ്പെടുന്നതോടെ ചെറുതോണിയും സമീപപ്രദേശങ്ങളും ഇടുക്കിയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നുപോലും ഒറ്റപ്പെട്ട് പോകും. ഇന്ന് എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മറ്റ് ജില്ലകളില്‍ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും ഇടുക്കിയില്‍ താരതമ്യേന മഴ കുറഞ്ഞിരിക്കുകയാണ്. ഇത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇപ്പോഴും ജലനിരപ്പ് നേരിയ തോതില്‍ ഉയരുന്നുണ്ടെങ്കിലും റെഡ് അലര്‍ട്ട് നല്‍കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് അവര്‍. റെഡ് അലര്‍ട്ട് നല്‍കി കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. അതിനിടയില്‍ പരിസരവാസികളെ മാറ്റി പാര്‍പ്പിക്കേണ്ടതായും വരും.

ഇടുക്കിയില്‍ ഇനി മൂന്ന് അടി കൂടി വെള്ളം കയറിയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് നല്‍കേണ്ടി വരുന്നതും ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നതും. മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതാണ് ചെറുതോണിയിലെയും ഷട്ടറുകള്‍ തുറക്കുന്നതിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നത്. മുല്ലപ്പെരിയാര്‍ തുറന്നു വിട്ടാല്‍ ആ വെള്ളമെല്ലാം ഇടുക്കിയിലേക്കാണ് വരുന്നത്. അങ്ങനെ ഇടുക്കി ഡാം നിറയുമെന്നാണ് നാട്ടുകാരുടെ പേടിയെന്നും ബിനോയ് വ്യക്തമാക്കി. അതേസമയം ഇടുക്കി ഡാം തുറക്കാനുള്ള സാധ്യത ഒരു ശതമാനം പോലുമില്ലെന്നതാണ് വാസ്തവമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പെരിയാറിന്റെ സംഭരണ ശേഷി 142 അടിയാണ്. നിലവില്‍ 137 അടി മാത്രമാണ് വെള്ളമുള്ളത്. ഇടുക്കിയില്‍ മഴ കുറഞ്ഞു നില്‍ക്കുന്നതിനാല്‍ കാര്യമായി ജലനിരപ്പ് ഉയരില്ലെന്നും അതിനാല്‍ മുല്ലപ്പെരിയാര്‍ തുറന്നുവിടേണ്ടി വരില്ലെന്നുമാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും പ്രതീക്ഷയെന്നും ബിനോയ് അഴിമുഖത്തോട് പ്രതികരിച്ചു.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on August 2, 2018 9:31 am