X

“മരിച്ചു കിടക്കുന്നയാളുടെ പോക്കറ്റിൽ നിന്നും പറന്ന അഞ്ചുരൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ്”: എ അയ്യപ്പന്റെ കവിതയുദ്ധരിച്ച് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ വിഡി സതീശന്റെ നിയമസഭാ പ്രസംഗം

"തട്ടിപ്പിലൂടെ ഉണ്ടാക്കിയ കോടിക്കണക്കിന് രൂപ ഇയാളുടെ കൈയിൽ നിന്നും അടിച്ചുമാറ്റാൻ വേണ്ടി പൊലീസ് നടത്തിയ നിധിവേട്ടയാണിത്. ട്രഷർ ഹണ്ടാണ്. പൈസ ഇയാൾ എവിടെയോ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ആ പൈസ എടുത്തു മാറ്റാൻ വേണ്ടിയുള്ള ശ്രമമാണ് പൊലീസ് നടത്തിയത്."

നെടുങ്കണ്ടം പൊലീസിന്റെ മൂന്നാംമുറയേറ്റ റിമാൻഡ് പ്രതി രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിൽ വിഡി സതീശൻ എംഎൽഎ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പ്ലീഡിങ് ഗിൽറ്റിയാണ് അദ്ദേഹം പറയുന്നത് എന്ന് വരികൾക്കിടയിലൂടെ വ്യക്തമാണ്. കുറ്റസമ്മതം അദ്ദേഹം നടത്തിക്കഴിഞ്ഞിരിക്കയാണ്. കേരളത്തിലെ പൊലീസിനു വേണ്ടി. സർ, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസിന്റെ ക്രൂരമായ മർദ്ദനമേറ്റ് മരിക്കാനിടയായ രാജ്കുമാറിന്റെ കേസിൽ നാട്ടുകാരെ പ്രതിചേർത്തു കൊണ്ട് കേസ്സെടുക്കുകയും അതുവഴി കുറ്റവാളികളായ പൊലീസുദ്യോഗസ്ഥന്മാരെ രക്ഷിക്കുന്നതിനും കേസ് ദുർബലപ്പെടുത്തുന്നതിനു വേണ്ടിയിട്ടുള്ള ഗൂഢശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്.

സർ‌, മുഖ്യമന്ത്രി ഇപ്പോഴും വായിച്ചത് പൊലീസ് റെക്കോർഡിൽ ഇയാളെ അറസ്റ്റ് ചെയ്ത കാര്യമാണ്. പതിനഞ്ചാം തിയ്യതിയാണ് അറസ്റ്റ് ചെയ്തതെന്ന്. സര്‍ ജൂൺ 12ാം തിയ്യതി വൈകുന്നേരം 3.30ന് കാർ‌മൽ സ്കൂളിനു മുമ്പിൽ വെച്ച് നാട്ടുകാര്‍ രാജ്കുമാറിനെയും രണ്ട് യുവതികളെയും, ഈ കേസുമായി ബന്ധപ്പെട്ട ശാലിനിയെയും മഞ്ജുവിനെയും പൊലീസിനെ ഏൽപ്പിക്കുകയാണ്. പൊലീസ് KL1 AV 9686 എന്നുള്ള ജീപ്പിൽ രാജ്കുമാറിനെ കൊണ്ടുപോകുകയും മറ്റൊരു വണ്ടിയിൽ ശാലിനിയെയും മഞ്ജുവിനെയും കൊണ്ടുപോകുകയും ചെയ്തു. ശാലിനെയും മഞ്ജുവിനെയും അറസ്റ്റ് രേഖപ്പെടുത്തി പിറ്റെദിവസം കോടതിയിൽ ഹാജരാക്കി അവരെ റിമാൻഡ് ചെയ്തു. രാജികുമാറിനെ എവിടേക്ക് കൊണ്ടുപോയെന്ന് ആർക്കും ഒരു പിടിയുമില്ല. മാധ്യമപ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചു ചെന്നപ്പോൾ അങ്ങനെയൊരു സംഭവമില്ല എന്നാണ് പൊലീസ് പറഞ്ഞത്. സർ പതിനഞ്ചാം തിയ്യതിൽ വൈകുന്നേരമാണ് ഈ രാജ്കുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും അന്ന് രാത്രി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. എന്നാൽ പിറ്റെദിവസം വെളുപ്പിനുതന്നെ നിർബന്ധമായി, ഡോക്ടർമാർ പറഞ്ഞിട്ടും സമ്മതിക്കാതെ, ഇയാളെ ഡിസ്ചാർജ് ചെയ്ത് അന്ന് വൈകുന്നേരമാണ് സ്ഥലത്തെ മജിസ്ട്രേറ്റ് ഇല്ലാത്തതു കൊണ്ട് ഇടുക്കി മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി ഇയാളെ ജയിലിലേക്ക് വെളുപ്പാൻകാലത്ത് അയയ്ക്കുന്നത്. ജയിലിലെത്തിക്കഴിഞ്ഞപ്പോഴത്തെ സ്ഥിതിയെല്ലാം മുഖ്യമന്ത്രി വളരെ വിശദമായി പറഞ്ഞതു കൊണ്ട് ഞാനാവർത്തിക്കുന്നില്ല. നടക്കാൻ വയ്യാത്ത സ്ഥിതിയിൽ, ഭക്ഷണം കഴിക്കാൻ പറ്റാത്ത സ്ഥിതിയിൽ, ഗുരുതരമായ അവസ്ഥയിൽ നിലവിളിക്കുന്ന ആളെയാണ് ജയിലിൽ കൊണ്ടുപോയത്. എന്നിട്ടും അഞ്ചുദിവസക്കാലം ജയിലിൽ ഇയാളെ എന്തിനു സൂക്ഷിച്ചു എന്നിപ്പോഴും വ്യക്തമല്ല. ജയിലിൽപ്പോലും അവിടെനിന്നും ആശുപത്രിയിൽ കൊണ്ടുപോയതിനുള്ള രേഖകളില്ല. മുഖ്യമന്ത്രി ഇവിടെ പറഞ്ഞതു പോലെ കോട്ടയത്തെ മെഡിക്കൽ കോളജിലേക്ക് പോയി. മുഖ്യമന്ത്രി പറഞ്ഞതുപോലെ നെടുങ്കണ്ടത്തു നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി അവിടെ ഓപിയില്ലാത്തതിനാൽ തിരിച്ചുവന്നു എന്നൊക്കെയാണ് പൊലീസ് പറയുന്നത്. അവിശ്വസനീയമായ കാര്യങ്ങളാണിതെല്ലാം.

സാർ, ആവശ്യമായ യാതൊരു ചികിത്സയും കിട്ടാതെയാണ് ഇരുപത്തൊന്നാം തിയ്യതി രാവിലെ ഇയാൾ മരിക്കുന്നത്. സാർ ഇക്കാര്യത്തിൽ നാട്ടുകാർ എവിടെയാണ് കുറ്റവാളികളാകുന്നത്? നാട്ടുകാർ തല്ലിയെങ്കിൽ 12ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾത്തന്നെ ആശുപത്രിയിൽ ഹാജരാക്കി ആ റിപ്പോർ‌ട്ടുമായി അവർക്കെതിരെ കേസ്സെടുക്കണ്ടേ? സർ അവർക്കെതിരെ കേസ്സെടുത്തത് എന്നാണ്? 24ാം തിയ്യതി. മുഖ്യമന്ത്രിയുടെ മറുപടിയിൽ ഒരു രസമുണ്ട്. ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തിൽ കോൺഗ്രസ്സ് സസ്പെൻഡ് ചെയ്ത ആലീസ് എന്നു പറയുന്ന ഒരു പഞ്ചായത്ത് മെമ്പറിന്റെ പരാതി പൊലീസ് വാങ്ങിച്ചിരിക്കുകയാണ്. ഇയാൾ മരിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ട്. പന്ത്രണ്ടാം തിയ്യതി നാട്ടുകാർ ഇയാളെ തല്ലിയെന്ന് ആലീസ് എന്ന പഞ്ചായത്ത് മെമ്പർ എവിടെയാണ് പരാതി കൊടുത്തത്? ഫാക്സിൽ. എസ്പിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്. പൊലീസ് എങ്ങനെയാണ് നാട്ടുകാർക്കെതിരെ കള്ളക്കേസുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സാർ ഇവിടെ കണ്ടത്.

സർ ഈ തട്ടിപ്പിന് ദുരൂഹമായ ചില മാനങ്ങളുണ്ട്. ഹരിത ഫിനാൻസ് എന്ന പേരിൽ രാജ്കുമാർ ഒരു സ്ഥാപനം തുടങ്ങുന്നു. ആയിരം രൂപ കൊടുത്താൽ ഒരു ലക്ഷം രൂപ വായ്പയായി നൽകും. അ‍ഞ്ചെട്ട് സ്ത്രീകളെ വെച്ച് കാൻവാസ് ചെയ്തു. ആയിരക്കണക്കിനാളുകൾ ഒരു ലക്ഷം രൂപ വായ്പ കിട്ടാൻ വേണ്ടി ആയിരം രൂപ കൊടുത്തു. എവിടെയാണ് സാർ കൊടുത്തത്? ഇടുക്കിയിലെ പട്ടം കോളനി സഹകരണ ബാങ്കിൽ ഒരക്കൗണ്ട് തുടങ്ങി. ആ സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കാണ് ഈ പൈസ മുഴുവൻ വന്നത്. എല്ലാ ദിവസവും വൈകുന്നേരം ഈ പൈസയുടെ വിത്ഡ്രോവൽ കാണിക്കുന്നുണ്ട്. സർ ആ പട്ടം കോളനി സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ഗോപകൃഷ്ണനാണ്. സർ, ഭരണസമിതി അറിയാതെ ഒരു തട്ടിപ്പ് നടക്കുകയും എല്ലാ ദിവസവും ആയിരക്കണക്കിന് രൂപ ആ ബാങ്കിൽ വരികയും വൈകുന്നേരം അത് പിൻവലിച്ചു കൊണ്ടുപോകുകയും ചെയ്തിട്ട് ഭരണസമിതി അറിഞ്ഞില്ലെന്നു പറഞ്ഞാൽ സാർ, ഈ തട്ടിപ്പിന് ദുരൂഹമായ മാനങ്ങളുണ്ട് എന്ന ആരോപണത്തിന് ഞാൻ അടിവരയിടുകയാണ്.

സാർ, പൊലീസ് നടത്തിയതെന്താ? ഈ തട്ടിപ്പ് പുറത്തു കൊണ്ടു വരാനുള്ള ശ്രമമാണോ? എന്നാൽ നിയമമനുസരിച്ച് സുപ്രീംകോടതി മാനദണ്ഡമനുസരിച്ച് കോടതിയിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ വിട്ടുതരണമെന്നഭ്യർത്ഥിച്ച് കേസന്വേഷണം നടത്താമായിരുന്നല്ലോ. തട്ടിപ്പ് പുറത്തു കൊണ്ടു വരാനല്ല പൊലീസ് ശ്രമിച്ചത്. തട്ടിപ്പിലൂടെ ഉണ്ടാക്കിയ കോടിക്കണക്കിന് രൂപ ഇയാളുടെ കൈയിൽ നിന്നും അടിച്ചുമാറ്റാൻ വേണ്ടി പൊലീസ് നടത്തിയ നിധിവേട്ടയാണിത്. ട്രഷർ ഹണ്ടാണ്. പൈസ ഇയാൾ എവിടെയോ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ആ പൈസ എടുത്തു മാറ്റാൻ വേണ്ടിയുള്ള ശ്രമമാണ് പൊലീസ് നടത്തിയത്.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് ഒരു പാരമ്പര്യം കൂടിയുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു സംഭവം നടന്നു. ഇളപ്പുങ്കൽ റാവുത്തർ മീരാൻ ആത്മഹത്യ ചെയ്തു. സ്വയം കഴുത്തറുത്ത്. വീട്ടിൽ വന്ന് പൊലീസ് പരിശോധന നടത്തിയപ്പോൾ അലമാരയിൽ രണ്ട് ലക്ഷം രൂപ ഇരിക്കുന്നു. നെടുങ്കണ്ടം പൊലീസ് ഈ പൈസ അടിച്ചു മാറ്റി. മകൻ ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘നി കൊന്നതാണ് നിന്റെ വാപ്പയെ’ എന്നു പറഞ്ഞ് കേസ്സെടുക്കുമെന്ന് പേടിപ്പിച്ച് ഈ രണ്ട് ലക്ഷം രൂപ കൊണ്ടുപോയി. അയാള് പിന്നീട് പരാതി കൊടുത്ത് പിന്നീട് ആ സിഐയെയും എസ്ഐയെയും കുറച്ചുനാൾ മുമ്പാണ് സംസ്പെൻഡ് ചെയ്തത്. അതേ പൊലീസ് സ്റ്റേഷനിലാണ് ഈ നിധിവേട്ട, തട്ടിപ്പു നടത്തിയ പൈസ അടിച്ചുമാറ്റാൻ വേണ്ടിയുള്ള ശ്രമം നടത്തിയിരിക്കുന്നത്.

സർ ഇതിന്റെ അന്വേഷണം നടത്തുന്ന ഡിവൈഎസ്പിയോ? കോട്ടയത്ത് ഒരു ഏജന്റ് മുഖേന മംഗലാപുരത്ത് മെഡിക്കൽ കോളജിൽ ചേരാൻ വേണ്ടി ഒരാൾ 70 ലക്ഷം രൂപ കൊടുത്തു അയാൾ പറ്റിച്ചു. അപ്പോൾ ഡിവൈഎസ്പി പറഞ്ഞു ഞാൻ ശരിയാക്കിത്തരാം എന്ന്. മംഗലാപുരത്തു പോയി ആ ഏജന്റിനെ കൈയും കാലും കെട്ടി വണ്ടിയിലിട്ട് കോട്ടയത്ത് കൊണ്ടുവന്ന് 70 ലക്ഷം രൂപ തിരിച്ചു കൊടുപ്പിച്ചു. മിടുമിടുക്കൻ. പക്ഷെ കൊടുവഴിക്ക് അതിന്റെ കമ്മീഷനായി 25 ലക്ഷം രൂപ അപ്പോൾത്തന്നെ വാങ്ങിച്ചു. അതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്.

സാർ, ഞാൻ കോളജിൽ പഠിക്കുമ്പോൾ ഒരു കവിത കേട്ടിട്ടുണ്ട്, എ അയ്യപ്പന്റെ. “കാറപകടത്തില്‍പ്പെട്ടു മരിച്ച വഴിയാത്രക്കാരന്റെ ചോരയില്‍ച്ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കേ മരിച്ചവന്റെ പോക്കറ്റില്‍നിന്നും പറന്ന അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്.” കേരളത്തിലെ ഒരുവിഭാഗം പൊലീസുദ്യോഗസ്ഥന്മാരുടെ കണ്ണ് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും പോക്കറ്റിലിരിക്കുന്ന അഞ്ചൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടിലാണ്.

സാർ ഈ മൂന്നാംമുറ കേട്ടുകേൾവിയില്ലാത്ത മൂന്നാംമുറയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്റെ കയ്യിലുണ്ട്. സർ ഇരു കാൽമുട്ടിലും എല്ലും മാംസവും വേർപെട്ടു. ഉരുട്ടലിന് വിധേയമാക്കി. ശരീരത്തിൽ 14 മുറിവുകളുണ്ട്. ഏഴ് ചതവുകളും ഉണ്ടായിരുന്നു. നാല് വാരിയെല്ലുകൾ പൊട്ടി. കുപ്രസിദ്ധ മർദ്ദനമുറയായ ഉരുട്ടലിന് രാജ്കുമാർ വിധേയനാണ് ശരിവെക്കുന്ന പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ടാണ്. സർ 44 വർഷം അടിയന്തിരാവസ്ഥക്കാലത്ത് രാജനെ ഉരുട്ടിക്കൊന്നുവെന്ന് ശ്രീ കരുണാകരനെതിരായി ആക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന ആളുകളാണ് നിങ്ങൾ. ബഹുമാന്യനായ മുഖ്യമന്ത്രി അന്ന് മറുപടി പറഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചു. പിടി തോമസ്സിന് മറുപടി പറഞ്ഞപ്പോൾ. ഇതെന്റെ വിധിവൈപരീത്യമാണ് എന്നാണ് മുഖ്യമന്ത്രി സങ്കടത്തോടുകൂടി പറഞ്ഞത്. അടിയന്തിരാവസ്ഥയുടെ വാർഷികത്തിൽ. സാർ ഇത് വിധിവൈപരീത്യമല്ല. ഇത് പൊലീസിനെ കയറൂരി വിട്ട് സ്വന്തക്കാരെ സംരക്ഷിച്ച് പാർട്ടിക്കാരെ അഴിഞ്ഞാടാൻ വിട്ട ആർക്കും നിയന്ത്രണമില്ലാത്ത പൊലീസ് നയമാണ് സാർ ഈ സംഭവത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ദിവസങ്ങളോളം വെള്ളവും ഭക്ഷണവും കൊടുക്കാതെയുള്ള ക്രൂരമർദ്ദനമാണ് രാജ്കുമാറിനേറ്റത്. വെള്ളം കൊടുക്കാത്തിനാലുണ്ടായ ഡീഹൈഡ്രേഷൻ ആണ് മരണത്തിന്റെ കാരണങ്ങളിലൊന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴുണ്ടായ മുറിവുകളാണെന്ന് പൊലീസ് പറയുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ഗുജറാത്തിലെ പൊലീസും പറയാറുള്ളത് ഇതു തന്നെയാണ് സാർ. എനിക്ക് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയോട് ഒരപേക്ഷയുണ്ട്. വൈദ്യശാസ്ത്രത്തിൽ ഒരു പുതിയ ശാഖ തുടങ്ങിയിട്ടുണ്ട്. ടോർച്ചർ മെഡിസിൻ. പട്ടാളത്തിന്റെയും പൊലീസിന്റെയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്ന ആളുകള്‍ക്ക് ചികിത്സ നൽകാനുള്ള ഒരു പുതിയ വിഭാഗമാണ് ടോർച്ചർ മെഡിസിൻ. ഇക്കണക്കിന് പൊലീസ് പോയാൽ സംസ്ഥാനത്തെ എല്ലാ താലൂക്കാശുപത്രികളിലും ടോർച്ചർ മെഡിസിൻ ഡിപ്പാർട്ട്മെന്റ് ബഹുമാനപ്പെട്ട മന്ത്രി തുടങ്ങേണ്ടി വരും എന്ന് പറയാനാഗ്രഹിക്കുകയാണ്.

ഈ സംഭവം നടന്നു കൊണ്ടിരിക്കുമ്പോൾ ഇടുക്കിയിൽ നിന്നുള്ള ശ്രീ എംഎം മണി എന്ത1ക്കെ പ്രസ്താവനയാണ് നടത്തിയത്? ‘ഓ അവന്‍ തട്ടിപ്പുകാരനാണ്. നിയമസഭയിൽ അടിയന്തിര പ്രമേയം ഉന്നയിച്ച ആളുകളുടെ അനുയായികളാണ്. ഞാനായിരുന്നു പൊലീസുദ്യോഗസ്ഥനെങ്കിൽ ഇവനെ കസ്റ്റഡിയിലെടുക്കുമ്പോൾ തന്നെ അവനെ ഏൽപ്പിച്ച ആളുകളെക്കൂടി അറസ്റ്റ് ചെയ്യുമായിരുന്നു.’ പൊലീസിനുള്ള മെസ്സേജാണ്. എന്താണ് മെസ്സേജ്? നിങ്ങൾ അറസ്റ്റ് ചെയ്യാൻ സഹായിച്ച നാട്ടുകാര്‍ക്കെതിരെ കൂടി കേസ്സെടുക്കണം എന്നുള്ള മന്ത്രിയുടെ സന്ദേശമാണ്. ആരാണ് സാർ എംഎം മണി. അദ്ദേഹത്തിന് വൈദ്യൂതി വകുപ്പിന്റെ ചുമതലയല്ലേ? ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടുക്കിയിലെ പൊലീസ് മന്ത്രിയാക്കിയിട്ടുണ്ടോ അദ്ദേഹത്തിനെ? സർ അദ്ദേഹം പണ്ട് വൺ ടൂ ത്രീ പറഞ്ഞതാണ്.

Read More: രാജ് കുമാറിന്‍റേത് പോലീസ് ക്വട്ടേഷനോ? ദുരൂഹതകള്‍ വിരല്‍ ചൂണ്ടുന്നത് കുടുംബശ്രീ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള കോടികളുടെ പണമിടപാട് തട്ടിപ്പിലേക്ക്

This post was last modified on July 1, 2019 2:03 pm