X

തുഷാർ മത്സരിക്കുന്നതിന് എതിരല്ല; എസ്എൻഡിപി വൈസ് പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് ഇപ്പോൾ പറയാനാകില്ല: വെള്ളാപ്പള്ളി

തൃശ്ശൂരിൽ തുഷാർ മത്സരിക്കുകയാണെങ്കിൽ തോൽക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു

തുഷാർ മത്സരിക്കുന്നതിന് താനെതിരല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. തുഷാറിന് ശക്തമായ സംഘടനാ സംസ്കാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെസമയം എസ്എൻഡിപി ഭാരവാഹിയായി നിന്നുകൊണ്ട് മത്സരിക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വ്യക്തമായ മറുപടി വെള്ളാപ്പള്ളി പറഞ്ഞില്ല. എസ്എൻഡിപിക്ക് ഒരു പാർട്ടിയോടും സ്നേഹമോ വിദ്വേഷമോ ഇല്ലെന്നു പറഞ്ഞ വെള്ളാപ്പള്ളി, തുഷാറിന് സ്ഥാനം രാജി വെക്കേണ്ടി വരുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കൂട്ടിച്ചേർത്തു.

നേരത്തെ, തൃശ്ശൂരിൽ തുഷാർ മത്സരിക്കുകയാണെങ്കിൽ തോൽക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതേ കാര്യം പലതവണ ആവർത്തിക്കുകയുമുണ്ടായി. ഈ നിലപാടാണ് ഇപ്പോൾ മാറിയിരിക്കുന്നത്.

തുഷാർ വെള്ളാപ്പള്ളി തൃശ്ശൂരിൽ എൻ‍ഡിഎ സ്ഥാനാർത്ഥിയാകുമെന്നാണ് ഇതുവരെയുള്ള വിവരം. തുഷാറിനെ ഇവിടെ നിന്നും മാറ്റി പകരം സുരേന്ദ്രനെ കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യം ബിഡിജെഎസ് നേതാക്കളാരും ഇതുവരെ സമ്മതിച്ചിട്ടില്ല. തുഷാർ ഇല്ലെങ്കിൽ ഈ സീറ്റ് ബിജെപി തിരിച്ചെടുക്കുമെന്നാണ് അറിയുന്നത്.

തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മത്സരിക്കണമെങ്കിൽ എസ്എൻഡിപി വൈസ് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ ആദ്യത്തെ നിലപാട്. കഴിഞ്ഞദിവസം തന്നെ കാണാനെത്തിയ ഇന്നസെന്റിനൊപ്പം മാധ്യമപ്രവർത്തകരെ കാണുമ്പോഴും വെള്ളാപ്പള്ളി ഇതേ നിലപാട് ആവർത്തിച്ചു. ഈ നിലപാടിൽ നിന്നാണ് ഇപ്പോൾ പിന്നാക്കം പോയിരിക്കുന്നത്.

കൂടുതൽ വായനയ്ക്ക് അഴിമുഖം സന്ദർശിക്കൂ.

This post was last modified on March 22, 2019 10:53 am