X

എം.ഐ ഷാനവസിന് കരള്‍ പകുത്തു നല്‍കിയ മകളോ, കോണ്‍ഗ്രസിന് വേണ്ടി ചോര നീരാക്കിയവരോ? വയനാട്ടില്‍ യുവനിര ഉടക്കുന്നു

വാപ്പയ്ക്കായി കരള്‍ പകുത്തു നല്‍കിയ മകളോട്, കോണ്‍ഗ്രസിനായി ജീവിതം തന്നെ നല്‍കിയ പ്രവര്‍ത്തരെ കാണാതെ പോകരുതേ എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ കെ.എസ്.യു നേതാക്കളുടെ പരാമര്‍ശം.

അന്തരിച്ച വയനാട് എം.പി എം.ഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍, എം.ഐ. ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം പതിനഞ്ചു മിനുട്ടോളം ചെലവഴിച്ചിരുന്നു. വയനാട്ടില്‍ ഷാനവാസിന്റെ മകള്‍ ആമിന ഷാനവാസ് മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ഈ കൂടിക്കാഴ്ച. തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളുടെ ഭാഗമായി കൊച്ചിയിലെത്തിയ രാഹുല്‍ ആദ്യം പോയത് എം.ഐ ഷാനവാസിന്റെ വീട്ടിലേക്കായിരുന്നു.

ആമിനയുടെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്നും, ഷാനവാസിന്റെ മണ്ഡലമായ വയനാട്ടില്‍ത്തന്നെ മത്സരിച്ചേക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ ഉയരുന്നതിനിടെയായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ചയ്ക്കിടെ രാഹുല്‍ നടത്തിയ ചില പരാമര്‍ശങ്ങളും ഈ സൂചന അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിരസിക്കില്ലെന്ന ആമിനയുടെ പ്രസ്താവനയും കൂടിയായതോടെ അഭ്യൂഹങ്ങള്‍ക്കു ബലമേറുകയും ചെയ്തു. വയനാട്ടില്‍ മത്സരിച്ചുകൊണ്ടായിരിക്കും ആമിനയുടെ രാഷ്ട്രീയ പ്രവേശനം എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പിന്നീട് പ്രചരിച്ചത്.

എന്നാല്‍, പാര്‍ട്ടിയ്ക്കകത്തു നിന്നു തന്നെ ഈ നീക്കത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. വിജയസാധ്യത ഏറ്റവുമധികമുള്ള സീറ്റുകളിലൊന്നായി കോണ്‍ഗ്രസ് വിലയിരുത്തുന്ന വയനാട്ടില്‍, നേരത്തേ ടി. സിദ്ധിഖും ഷാനിമോള്‍ ഉസ്മാനുമടക്കമുള്ളവരുടെ പേരാണ് ഉയര്‍ന്നു കേട്ടിരുന്നത്. ഈ സാഹചര്യത്തില്‍, ആമിനയെ മത്സരിപ്പിക്കുന്നതിലുള്ള വിയോജിപ്പ് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായിത്തന്നെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. എന്‍.എസ്.യു.ഐ ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് കെ.എം എന്നിവരടക്കമുള്ളവര്‍ ആമിനയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ എഴുതി കുറിപ്പുകള്‍ ഇതിനോടകം ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്.

എം.ഐ. ഷാനവാസിനെപ്പോലൊരു മഹാരഥന്റെ മകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കെത്തുന്നതില്‍ സന്തോഷമാണെന്നും, എന്നാല്‍ അത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന ചരിത്രമുള്ള മറ്റു പ്രവര്‍ത്തകരെ തഴഞ്ഞുകൊണ്ടുള്ള ‘ലാറ്ററല്‍ എന്‍ട്രി’യാകരുതെന്നുമാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രധാന വാദം. പാര്‍ട്ടിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആമിനയുടെ തീരുമാനമെങ്കില്‍ അര്‍ഹമായ നേതൃസ്ഥാനത്ത് കൊണ്ടുവന്ന് കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കേണ്ടതുണ്ടെന്നും, അതേസമയം കോണ്‍ഗ്രസിന് ഏറ്റവുമധികം ആത്മവിശ്വാസമുള്ള മണ്ഡലങ്ങളിലൊന്നായ വയനാട്ടില്‍ ബൂത്ത് തല പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരം മാനിക്കാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാകാന്‍ പാടില്ലെന്നാണ് അഭിജിത്തിന്റെ കുറിപ്പിലെ പരാമര്‍ശം. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും കുറിപ്പിലുണ്ട്. ഒരു ജീവിത കാലം മുഴുവന്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചവര്‍ ഉണ്ടെന്നും അതു കണ്ടില്ലെന്നു നടിക്കരുതെന്നും മറ്റു കെ.എസ്.യു നേതാക്കളും ആവശ്യപ്പെടുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കമുള്ളവര്‍ വയനാട്ടിലെ ‘മക്കള്‍ രാഷ്ട്രീയ’ത്തിന് എതിരാണ്. വലിയ ഭൂരിപക്ഷത്തോടെ എം.ഐ ഷാനവാസ് ജയിച്ചുകയറിയിട്ടുള്ള വയനാട്ടില്‍ മത്സരിക്കാന്‍ മറ്റു നേതാക്കള്‍ ചരടുവലി നടത്തുന്നതിനിടെ ആമിനയുടെ പേര് പെട്ടന്ന് ഉയര്‍ന്നുവന്നതാണ് ഈ എതിര്‍പ്പുകള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍. കെ.എസ്.യു നേതാക്കളുടെ നിലപാട് വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം ചര്‍ച്ചയാക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനപരിചയമില്ലാത്ത മക്കളെ വിജയസാധ്യത മാത്രം മുന്നില്‍ക്കണ്ട് നേരിട്ട് കളത്തിലിറക്കുന്നത് പാര്‍ട്ടിക്കുവേണ്ടി സ്‌കൂള്‍ തലം തൊട്ടേ പ്രയത്‌നിച്ചിട്ടുള്ളവരോടു ചെയ്യുന്ന തെറ്റാണെന്ന വാദമാണിത്.

അതേസമയം, രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചോ തെരഞ്ഞെടുപ്പിനെക്കുറിച്ചോ ഗൗരവമായ ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ലെന്നും, ആ നിലയ്ക്ക് ഈ വിവാദങ്ങള്‍ക്കൊന്നും നിലനില്‍പ്പില്ലെന്നുമാണ് ആമിനാ ഷാനവാസിന്റെ പക്ഷം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയെല്ലാം ചെറുപ്പകാലം തൊട്ടു തന്നെ അറിയാവുന്നതാണെന്നും, പ്രാദേശിക നേതാക്കളടക്കം ചിലര്‍ സ്‌നേഹത്തോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് തീര്‍ത്തും സ്വകാര്യമായി അന്വേഷിച്ചതല്ലാതെ മറ്റൊരു നീക്കവും ഈ വിഷയത്തിലുണ്ടായിട്ടില്ലെന്നും ആമിന പറയുന്നു. “പാര്‍ട്ടി അങ്ങനെ തീരുമാനിക്കുകയാണെങ്കില്‍ അക്കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാം. അതല്ലാതെ നിലവില്‍ അങ്ങിനെ ഒരു തീരുമാനവുമില്ല. രാഹുല്‍ ഗാന്ധി വന്നപ്പോഴും വാപ്പയുടെ കാര്യങ്ങളും മറ്റുമാണ് സംസാരിച്ചത്. അല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. ചിന്തിച്ചിട്ടു പോലുമില്ല എന്നതാണ് സത്യം. വാപ്പയുടെ സ്‌നേഹിതരും ഇഷ്ടക്കാരും ചിലര്‍ സ്വാഭാവികമായും ചോദിക്കുമല്ലോ. അങ്ങനെയുള്ള സ്‌നേഹാന്വേഷണങ്ങള്‍ ഒഴിച്ചാല്‍ മറ്റൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല“, ആമിന അഴിമുഖത്തോട് പറഞ്ഞു.

എം.ഐ. ഷാനവാസ് രോഗബാധിതനായിരുന്നപ്പോള്‍ സ്വന്തം കരള്‍ പകുത്തു നല്‍കിയത് ആമിനയായിരുന്നു. നവംബര്‍ ഒന്നിന് ശസ്ത്രക്രിയ നടന്നെങ്കിലും നവംബര്‍ 21-ന് ഷാനവാസ് അന്തരിച്ചു. വാപ്പയ്ക്കായി കരള്‍ പകുത്തു നല്‍കിയ മകളോട്, കോണ്‍ഗ്രസിനായി ജീവിതം തന്നെ നല്‍കിയ പ്രവര്‍ത്തരെ കാണാതെ പോകരുതേ എന്ന അഭ്യര്‍ത്ഥനയാണുള്ളതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ കെ.എസ്.യു നേതാക്കളുടെ പരാമര്‍ശം.

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:

This post was last modified on January 31, 2019 3:07 pm