X

വയനാടന്‍ ക്വാറികള്‍ക്ക് പൂട്ട്‌ വീണു; തുറപ്പിക്കുമെന്ന് ക്വാറി മാഫിയ, ജീവന്‍ കൊടുത്തും പോരാടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

അമ്പലവയല്‍, കുളഗപ്പാറ, ചീങ്ങേരി എന്നിവിടങ്ങളിലെ ഖനനത്തിനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുമതി നിഷേധിക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തത്

വയനാട് ജില്ലയിലെ അതീവ പരിസ്ഥിതി പ്രാധാന്യം നിറഞ്ഞ അമ്പലവയല്‍ പഞ്ചായത്തിലെ ക്വാറികള്‍ ഉള്‍പ്പെടെ, ജില്ലയിലെ ക്വാറികള്‍ നിര്‍ത്തലാക്കണമെന്ന ഹൈക്കോടതി വിധിയും ക്വാറികള്‍ക്ക് അനുമതി നിഷേധിച്ച ജില്ലാ പരിസ്ഥിതി നിര്‍ണ്ണയ സമിതിയുടെയും തീരുമാനങ്ങള്‍ വന്നത് ഈയിടെയാണ്. വയനാട്ടിലെ പ്രധാന പരിസ്ഥിതി സംഘടനകളായ ഔര്‍ ഔണ്‍ നേച്ചര്‍, പ്രകൃതി സംരക്ഷണ സമിതി എന്നി സംഘടനളുടെയുടെ വ്യക്തികളുടെയും കൂട്ടായ പോരാട്ടത്തിന്റെ ഫലമായിരുന്നു ഇത്.

ഭൂമി തുരന്ന് ഖനനം നടത്തുന്ന കുത്തക മുതലാളിമാര്‍ക്ക് പുതിയ വിധി വലിയ ആഘാതമാണ് നല്‍കിയിരിക്കുന്നത്. പശ്ചിമഘട്ട മല നിരകളില്‍ ഏറെ പ്രാധാന്യം നിറഞ്ഞവയാണ് വയനാടന്‍ മലനിരകള്‍. അപൂര്‍വ്വങ്ങളായ പ്രകൃതി ജന്തു വിഭവങ്ങള്‍ക്ക് വാസസ്ഥലമൊരുക്കിയിരുന്ന ജില്ലയില്‍ ക്വാറികള്‍ സ്ഥാനം പിടിച്ചതോടെ അത് ജില്ലയിലെ കാലാവസ്ഥാ മാറ്റത്തിനും വരള്‍ച്ചക്കും മഴക്കുറവിനും ചൂട് വര്‍ദ്ധിക്കുന്നതിനുമൊക്ക കാരണമായിരുന്നു.

അമ്പലവയല്‍, കുളഗപ്പാറ, ചീങ്ങേരി എന്നിവിടങ്ങളിലെ ഖനനത്തിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുമതി നിഷേധിക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതോടെയാണ് ക്വാറികള്‍ക്ക് പൂട്ട് വീണത്. ഇത്തരമൊരു വിധിയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് ജില്ലക്ക് കഴിഞ്ഞ കാലങ്ങളില്‍ നഷ്ടപ്പെട്ട സ്വാഭാവികത വീണ്ടെടുക്കാന്‍ കഴിയുമെന്ന് ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ‘കേരളത്തില്‍  പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുള്ള ക്വാറികള്‍ മാത്രമെ പാടുള്ളു എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പലയിടത്തും ക്വാറികള്‍ക്ക് ലൈസന്‍സ് ലഭിച്ചെങ്കിലും വയനാട്ടില്‍ ഇതുവരെ ഒരു ക്വാറിക്കും അനുമതി നല്‍കിയിട്ടില്ല. അത് കഴിഞ്ഞ കാലങ്ങളില്‍ ഞങ്ങള്‍ നടത്തിയ ചെറുത്തു നില്‍പ്പിന്റയും കഠിന പ്രയത്‌നത്തിന്റയും പ്രതിഫലമാണ്. വെച്ച കാല്‍ പിന്നോട്ടില്ല. നഷ്ടങ്ങള്‍ മാത്രമാണ് ഈ ഒരു പ്രക്ഷോഭത്തിന് ഇറങ്ങിയതിന് ശേഷം ഉണ്ടായത്. പക്ഷേ അത് കാര്യമാക്കുന്നില്ല. അടുത്ത തലമുറക്കും ഈ മണ്ണ് ആവശ്യമാണ്. അതിനായി ജീവന്‍ പോയാലും ഇനിയും പോരാടും.‘ എന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ധര്‍മ്മരാജ് വയനാട് പറയുന്നു.

പ്രധാനമായും ക്വാറികള്‍ ഉള്ള മേഖലകള്‍ ജനവാസ മേഖലകളായി മാറിയതും ക്വാറി ലോബികള്‍ക്ക് തിരിച്ചടിയായിരുന്നു. വയനാട്ടിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ ധര്‍മ്മരാജ്, കെ.പി ജേക്കബ്, മോയി, റോയ് ദാസ്, ജോര്‍ജ്ജ് മാഷ്, തോമസ് അമ്പലവയല്‍ എന്നിവരുടെയെല്ലാം അക്ഷീണ പരിശ്രമത്തിനാണ് ഇപ്പോള്‍ പ്രതിഫലം കിട്ടിയിരിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണം നേരത്തെ ജില്ലയില്‍ 177 ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത് ഇന്ന് അത് ചുരുങ്ങി പത്തില്‍ താഴെയായി എന്നതാണ്.

നിയമപരമായും സംഘടനാപരമായും ക്വാറി ലോബികള്‍ യുദ്ധം ചെയ്‌തെങ്കിലും അതിനു പകരമായി ജീവന്‍ കളഞ്ഞു പോലും തയാറായുള്ള പോരാട്ടമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയത്. ‘പോരാട്ടത്തില്‍ പിന്നോട്ടില്ല. എന്തു വില കൊടുത്തും മുന്‍പോട്ട് പോകാനാണ് തീരുമാനം. കഴിഞ്ഞ 15 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ജില്ലക്ക് ലഭിച്ച മഴയുടെ അളവ് കുറഞ്ഞു വരുന്നതായാണ് കണ്ടു വരുന്നത്. വേദനാജനകമാണ് ജില്ലയുടെ ഇപ്പോഴുള്ള അവസ്ഥ. അത് കണ്ടുനില്‍ക്കാനാവില്ല. ജനസാന്ദ്രത വര്‍ദ്ധിച്ചത് ജില്ലയുടെ പാരിസ്ഥിതിക മേഖലകളില്‍ ആഘാതം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഭൂമിയുടെ മാറ് പിളര്‍ക്കുന്ന രീതിയിലുള്ള ക്വാറികളുടെ പ്രവര്‍ത്തനം തന്നെയാണ് ജില്ലയുടെ കാലാവസ്ഥയെ തകിടം മറിച്ചത്. ഇനിയെങ്കിലും നമ്മുടെ തനതായ കര്‍ഷക സംസ്‌കാരത്തെ തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. ഖനനം പൂര്‍ണ്ണമായി നിരോധിക്കേണ്ടതുണ്ട്. നീലഗിരി മാതൃക തന്നെ ജില്ലയില്‍ കൊണ്ടു വരേണ്ടിയിരിക്കുന്നു’ എന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.പി ജേക്കബ് പറയുന്നു.

അനധികൃത ക്വാറികള്‍ക്കെതിരെ പോരാട്ടം നടത്തിയതിന് ക്വാറി ലോബികളുടെ ക്രൂരതക്ക് ഇരയായതാണ് കെ.പി ജേക്കബ്. തനിക്ക് സ്വന്തമായുണ്ടായിരുന്ന അടയ്ക്ക സംസ്‌കരണ ഫാക്ടറി പോലും പൂട്ടിച്ച് വീട് ജപ്തി ചെയ്യുന്ന അവസ്ഥയിലെത്തിയിട്ടും വയനാടിന്റ പ്രകൃതിക്കും പച്ചപ്പിനും വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം.

പരിധി വിട്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് ജില്ലയില്‍ ക്വാറികള്‍ പണം വാരിക്കൊണ്ടിരുന്നത്. ബാണാസുരസാഗര്‍ ഡാമിനടുത്തുള്ള അതീവ പരിസ്ഥിതി പ്രാധാന്യം നിറഞ്ഞ മേഖലകളില്‍ പോലും ക്വാറി പ്രവര്‍ത്തനം വ്യാപിച്ചിരുന്നു. ഒപ്പം ഡാമിനടുത്തുള്ള ആദിവാസി കോളനികളുടെ ശ്മശാനങ്ങള്‍ കൈയ്യേറി പോലും ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് അതിന് ഒരു അറുതി വന്നപ്പോള്‍ ഇന്നാട്ടുകാരനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ മോയിയും സന്തോഷം മറച്ചു വെക്കുന്നില്ല. ‘പാരിസ്ഥിതിക്ക് വേണ്ടി നിന്നതിനാല്‍ ജീവിതത്തില്‍ നഷ്ടത്തിന്റ കണക്ക് മാത്രമെ പറയാന്‍ ഉള്ളു. ഒരുപാട് ഭീക്ഷണിയും വാഗ്ദാനങ്ങളുമൊക്കെ ഉണ്ടായിരുന്നു. അവിടെ ഒന്നും വീണു പോയില്ല. ആദ്യമൊക്കെ നൂറു കണക്കിന് ആളുകളുടെ പിന്തുണ ഞങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഇന്ന് ആരും തന്നെ ഒപ്പം ഇല്ല. എങ്കിലും പരിസ്ഥിതി കൂട്ടായ്മ നിലനിര്‍ത്താന്‍ ഇനിയും ശ്രമിക്കും. സാമ്പത്തികമായും ഞാന്‍ തകര്‍ന്നിരുന്നു. ഇന്ന് ക്വാറികള്‍ നിര്‍ത്തിയതില്‍ ഒരുപാട് സന്തോഷിക്കുന്നു. ജീവിതത്തിലെ വലിയ നഷ്ടങ്ങള്‍ക്കിടയിലും എന്റെയൊക്കെ ജീവിതം കൊണ്ട് അടുത്ത തലമുറയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് സന്തോഷം നല്‍കുന്ന ഘടകം’ എന്ന് മോയി പറയുന്നു.

വയനാട്ടിലെ ക്വാറികളുടെ തലസ്ഥാനം അമ്പലവയലാണ്. ഇവിടുത്തെ ആറു മലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഖനനം നടന്നിരുന്നത്. ആറാട്ടുപാറ, ചീങ്ങേരിമല, മട്ടപ്പാറ, കാരംകൊല്ലി മല, കുളഗപ്പാറ, മഞ്ഞപ്പാറ തുടങ്ങിയ മലകള്‍ ഇപ്പോള്‍ തന്നെ നശിച്ചു കഴിഞ്ഞു. ആ കാര്യത്തില്‍ ഇവിടുത്തെ സ്വകാര്യ ഭൂമിയുടെ കാര്യവും റവന്യൂ ഭൂമിയടെ കാര്യമൊന്നും വ്യത്യസ്തമല്ല. ജില്ലയില്‍ കിണറുകള്‍ വറ്റി, ആവാസ വ്യവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചു. ക്വാറികളില്‍ ഖനനം നടത്തുമ്പോള്‍ ചെറിയ സിലിക്കണ്‍ പടലങ്ങള്‍ അന്തരീക്ഷത്തിലെത്തുകയും അത് ആസ്ത്മ, അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതായും കണ്ടെത്തിയിരുന്നു. പാറ പൊട്ടിക്കാന്‍ സ്ഥിരമായി വെടി മരുന്ന് ഉപയോഗിക്കുന്നതിനാല്‍ അത് ജനങ്ങള്‍ക്ക് കേള്‍വി തകരാര്‍, ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വൈകല്യം തുടങ്ങിയവയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടും തുടങ്ങിയിരുന്നു.

നീലഗിരിയെപ്പോലെ വയനാടും മാതൃകയാക്കേണ്ടതുണ്ടെന്നും അതിന് കര്‍ക്കശമായ നിയമ നിര്‍മ്മാണമാണ് ആവശ്യമെന്നും പരിസ്ഥിതി പ്രവര്‍ത്തകരായ റോയ് ദാസും ജോര്‍ജ്ജ് മാഷും പറയുന്നു. ദീര്‍ഘമായ നേട്ടം കണ്ടാവണം പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്. കൃത്യമായ പഠനം നടത്തേണ്ടതുണ്ട്. ഒപ്പം തന്നെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ലോബിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കട്ടെ. ഇനി അല്ലെങ്കിലും ക്വാറികള്‍ക്ക് വീണ്ടും അനുമതി നല്‍കാനാണ് തിരുമാനം എങ്കില്‍ അത് കൈയും കെട്ടി കണ്ട് നോക്കി നില്‍ക്കുമെന്ന് ആരും വിചാരിക്കേണ്ട. കഴിഞ്ഞ നാളുകളിലെപ്പോലെ ഏത് വിധ പ്രക്ഷോഭങ്ങള്‍ക്കും നിയമ യുദ്ധത്തിനും ഞങ്ങള്‍ ഒരുക്കമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ക്വാറികളടെ പ്രവര്‍ത്തനം നിലച്ചെങ്കിലും പുതിയ കോടതി വിധിയോട് പ്രതികരിക്കാന്‍ ക്വാറി ഉടമകള്‍ തയാറായിട്ടില്ല. എങ്കിലും ‘അടുത്ത മാസം മുതല്‍ ഏതു വിധേനെയും ക്വാറികള്‍ തുറക്കാന്‍ ശ്രമിക്കും. അതിനുള്ള നിയമ സാധുതകള്‍ പരിശോധിച്ചു വരികയാണ്. പ്രവര്‍ത്തനങ്ങള്‍ പഴയ പോലെ ആകുമെന്ന് തന്നെയാണ് പ്രതീക്ഷ’ എന്ന് പുല്‍പ്പള്ളിക്കടുത്ത് ശശിമല ക്വാറി മാനേജര്‍ വിവേക് പറയുന്നു.

എന്നാല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ജില്ലയിലെ മൂവായിരത്തിലധികം തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലായിട്ടുണ്ട്.

 

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:

This post was last modified on April 30, 2017 2:23 pm