X

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്? ശബരിമല കെ സുരേന്ദ്രനെ നിയമസഭയിലെത്തിക്കുമോ?

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 89 വോട്ടിന് പരാജയപ്പെട്ട കെ സുരേന്ദ്രൻ കള്ളവോട്ട് ആരോപിച്ചു നൽകിയ തിരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി ഇനിയും തീർപ്പാക്കിയിട്ടില്ല

പി.ബി അബ്ദുള്‍ റസാഖ് എംഎൽഎയുടെ ആകസ്മിക നിര്യാണം ഉയർത്തുന്ന പ്രധാന ചോദ്യം മഞ്ചേശ്വരം ഒരു ഉപതെരെഞ്ഞെടുപ്പിലേക്കു നീങ്ങുമോ എന്നതാണ്. ഇക്കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ വിജയം നഷ്ടമായ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ കള്ളവോട്ട് ആരോപിച്ചു നൽകിയ തിരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി ഇനിയും തീർപ്പാക്കിയിട്ടില്ല എന്ന സാങ്കേതികത്വം നിലനിൽക്കുന്നു എന്നതു തന്നെ കാരണം. കേവലം 89 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മുസ്ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ റസാഖിന്റെ വിജയം. എന്നാൽ സുരേന്ദ്രന് തന്റെ ആരോപണം തെളിയിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നതിനാൽ ഹർജിക്കു പ്രസക്തിയില്ലെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വരുമ്പോൾ അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിനൊപ്പമോ അല്ലെങ്കിൽ അതിനു തൊട്ടു പിന്നാലെയോ മഞ്ചേശ്വരത്ത് ഉപതിരെഞ്ഞെടുപ്പ് നടത്തേണ്ടിവരും.

കേരളത്തിൽ അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. അതുകൊണ്ടു തന്നെ ഇടതു, വലതു മുന്നണികളെപ്പോലെ തന്നെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്കും തികച്ചും സുപ്രധാനമാണ് ഇവിടുത്തെ ഓരോ തിരഞ്ഞെടുപ്പ് പോരാട്ടവും. കർണാടകവുമായി അതിർത്തി പങ്കിടുന്ന ഈ മണ്ഡലത്തിന്റെ മറ്റൊരു പ്രത്യേകത ഭാഷാ വൈവിധ്യമാണ്. മലയാളം പോലെ തന്നെ കന്നടയും തുളുമൊക്കെ സംസാരിക്കുന്നവരും ധാരാളം ഉണ്ടെന്നതിനാൽ പ്രാദേശികവാദവും ശക്തമാണ്. കേരളത്തിന്റെ വടക്കേ അറ്റത്തു കിടക്കുന്ന ഈ പ്രദേശത്തെ സംസ്ഥാന സർക്കാർ തീർത്തും അവഗണിക്കുകയാണെന്നും അതുകൊണ്ട് കർണാടകത്തിൽ ലയിപ്പിക്കണം എന്ന ആവശ്യം ഈയടുത്ത കാലത്തും ഉയർന്നിരുന്നു.

മണ്ഡലത്തിൽ ആകെയുള്ള മഞ്ചേശ്വരം, വോർക്കാടി, പൈവളിഗെ, മീഞ്ച, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ എട്ടു പഞ്ചായത്തുകളിൽ പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളിൽ എൽഡിഎഫും ബാക്കി ആറിടത്തും യുഡിഎഫുമാണ് ഭരിക്കുന്നതെങ്കിലും ബിജെപി ഇവിടെ ഏട്ടിടത്തും നിർണായക ശക്തിയാണ്. അതുകൊണ്ടു തന്നെ അടുത്ത തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ തീപാറുന്ന മത്സരം ഉറപ്പ്. കർണാടക സാമീപ്യവും കടുത്ത പ്രാദേശിക വാദവും ഒരു വലിയ പരിധി വരെ ബിജെപിക്ക് മുൻകൈ നൽകുന്നുമുണ്ട്. മണ്ഡല രൂപീകരണം തൊട്ടുള്ള ഇവിടുത്തെ ഓരോ തിരഞ്ഞെടുപ്പിലും ഇത് വളരെ പ്രകടവുമായിരുന്നു.

Also Read: മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖ് അന്തരിച്ചു

1957-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കർണാടക സമിതിയുടെ ഉമേഷ് റാവു എതിരില്ലാതെയായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 60-ലും 65-ലും 67-ലുമൊക്കെ കർണാടക സമിതി തന്നെ വിജയിച്ചു. 1970-ലാണ് ആദ്യമായി ഐക്യ മുന്നണി ഇവിടെ വിജയം കൊയ്തത്. അതും കന്നഡക്കാരനായ ബി എം രാമപ്പയിലൂടെ. 77-ലും രാമപ്പ വിജയം ആവർത്തിച്ചു. 1980-ലാണ് ഇടതുപക്ഷത്തിന് മണ്ഡലത്തിൽ വിജയം സാധ്യമായത്, സിപിഐയിലെ ഡോ. എ. സുബ്ബറാവുവിലൂടെ. യുഡിഎഫിന്റെ ചെർക്കളം അബ്ദുള്ളയെ ആയിരുന്നു സുബ്ബ റാവു പരാജയപ്പെടുത്തിയത്. 82-ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ രാമകൃഷ്ണനെ പരാജയപ്പെടുത്തി വീണ്ടും സുബ്ബ റാവു വിജയിച്ചു. അന്ന് കോൺഗ്രസ് റിബലായി ഐ. രാമ റായിയും മത്സര രംഗത്തുണ്ടായിരുന്നു. 87 മുതൽ 2001 വരെ ചെർക്കളത്തിന്റെ വിജയ പ്രയാണമായിരുന്നു.

ഇതിൽ 1991-ൽ നടന്ന തിരെഞ്ഞെടുപ്പിൽ വെറും 1072 വോട്ടിനാണ് ബിജെപി നേതാവ് കെ.ജി മാരാരെ ചെർക്കളം മറികടന്നത്. മാരാരെ എന്തു വിലകൊടുത്തും തോൽപ്പിക്കാൻ തീരുമാനിച്ചിരുന്ന സിപിഎം സ്വന്തം സ്ഥാനാർഥി എം രാമണ്ണറെയേ ബലികൊടുക്കുകയായിരുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇത് തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുകയുണ്ടായി. എങ്കിലും 2006-ൽ സി എച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം മഞ്ചേശ്വരം പിടിച്ചു. 2011-ൽ പിബി അബ്ദുള്‍ റസാഖ് യുഡിഎഫിന് വേണ്ടി മണ്ഡലം തിരിച്ചു പിടിച്ചു. 2016-ലും വിജയം അബ്ദുള്‍ റസാഖിനൊപ്പം നിന്നു.

പ്രാദേശികവാദം പ്രയോജനപ്പെടുത്തി മണ്ഡലത്തിൽ ബിജെപിക്കുണ്ടായ വളര്‍ച്ച തന്നെയാണ് ഇപ്പോൾ ഇടത് – വലത് മുന്നണികളെ ആശങ്കപ്പെടുത്തുന്നത്. കൂട്ടത്തിൽ ശബരിമല വിഷയം കൂടി ബിജെപി പ്രചാരണായുധമാക്കും എന്ന കാര്യത്തിലും തർക്കമില്ല.

കെ സുരേന്ദ്രന്‍ പറഞ്ഞ ‘പരേതന്‍’ കൈയോടെ കോടതി സമന്‍സ് കൈപ്പറ്റി

കെ സുരേന്ദ്രന്‍റേത് ഒരിക്കലും ജനാധിപത്യത്തിന്റെ വിജയച്ചിരി ആവില്ല

മഞ്ചേശ്വരത്ത് അവസാന ലാപ്പില്‍ താമര കരിഞ്ഞു

കാസര്‍ഗോഡ് കന്നഡ നാടാണ്; മലയാളം വേണ്ടേ വേണ്ട; മാതൃഭാഷയ്ക്കായി കന്നഡിഗര്‍ സമരം ചെയ്യുമ്പോള്‍

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on October 21, 2018 3:22 pm