X

മൊബൈലില്‍ പടം എടുക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തു; അറുപത്തെട്ടുകാരന്‍ വിദ്യാര്‍ത്ഥിനിയെ കരണത്ത് അടിച്ചു വീഴ്ത്തി

നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടി വൈകിട്ട് വീട്ടിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴായിരുന്നു സംഭവം.

മൊബൈല്‍ ഫോണില്‍ യുവതിയുടെ പടം എടുക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത എംബിഎ വിദ്യാര്‍ത്ഥിനിയെ അറുപത്തെട്ടുകാരന്‍ പെണ്‍കുട്ടിയെ കരണത്ത് അടിച്ചു വീഴ്ത്തി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടി വൈകിട്ട് വീട്ടിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴായിരുന്നു സംഭവം.

ബസ് കാത്തു നിന്ന യുവതിയുടെ പടം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ആനാട് ചന്ദ്രമംഗലം മല്ലികവിളാകത്ത് എന്‍ ശ്രീധരന്‍ എന്ന ഓട്ടോഡ്രൈവര്‍. ഇത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി അതിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ കരണത്ത് അടിച്ചു വീഴ്ത്തുകയായിരുന്നു.

സംഭവം കണ്ട് ബസ് കാത്തു നിന്ന മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറി. പെണ്‍കുട്ടിയ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. രക്ഷിതാക്കളെ വിവരമറിയിക്കുകയും അവര്‍ എത്തിയതിന് ശേഷം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടുകയും ചെയ്തു.

മദ്യലഹരിയിലായിരുന്ന ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായി പോലീസിനെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

This post was last modified on April 23, 2019 7:53 am