X

കൈ ഞരമ്പുകള്‍ മുറിച്ചു, തലയോട്ടി തകര്‍ത്തു, കണ്ണുകളില്‍ സിഗററ്റ് കുത്തി; തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

കുറ്റിക്കാട്ടില്‍ നിന്നാണ്് അനന്ദുവിന്റെ മൃതദേഹം കണ്ടെത്തുന്നത്‌

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയില്‍. കൊഞ്ചറവിള അനന്ദു ഗിരീഷാണ് കൊടിയ പീഡനങ്ങളെ തുടര്‍ന്നു കൊലപ്പെട്ടത്. സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് കൊലയാളികള്‍ അനന്ദുവിന്റെ കൊന്നരീതികള്‍ വ്യക്തമാകുന്നത്.

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടയില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷമാണ് അനന്ദുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കൊലയാളികളുടെ സുഹൃത്തിന് ഈ സംഘര്‍ഷത്തില്‍ മര്‍ദ്ദനം ഏറ്റിരുന്നു. ഇതാണ് അനന്ദുവിനോടുള്ള പകയ്ക്ക് കാരണം. രണ്ടു ദിവസത്തോളം അനന്ദു ഗിരീഷിനെ പിന്തുടര്‍ന്നു നിരീക്ഷിച്ചശേഷം ചൊവ്വാഴ്ച്ച അനന്ദുവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ദേശീയ പാതയില്‍ നിറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിലായിരുന്നു അനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതശരീരം കണ്ടെത്തിയ സ്ഥലത്ത് രക്തം തളംകെട്ടി നിന്നിരുന്നതിനാല്‍ ഇവിടെ വച്ച് തന്നെയാണ് അനന്ദുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ അരശുംമൂട് എന്ന സ്ഥലത്തെ പൊതുവഴിയില്‍ വച്ച് രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗസംഘമാണ് അനന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അനന്ദുവിനെ കൊലപ്പെടുത്തിയവര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവര്‍ അനന്ദുവിന്റെ ഇരുകൈകളിലേയും ഞരമ്പുകള്‍ ആഴത്തില്‍ മുറിച്ചു. രണ്ടു കണ്ണുകളിളും സിഗററ്റ് കുത്തി പൊള്ളിച്ചിട്ടുണ്ട്. തലയിലും കൈകളിലുമടക്കം അഞ്ച് പരിക്കുകളാണ് കണ്ടെത്തിയത്. അനന്ദുവിന്റെ തലയോട്ട് തകര്‍ന്ന നിലയിലായിരുന്നു. അനന്ദുവിനെ കരിക്ക്, കല്ല്, കമ്പ് എന്നിവയുപയോഗിച്ചാണ് മര്‍ദ്ദിച്ചിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ശരീരമാസകലം മുറിവേറ്റിട്ടുമുണ്ട്. മണിക്കൂറുകളോളം അനന്ദുവിനെ കൊലയാലികള്‍ കൊടിയ പീഡനത്തിന് ഇരയാക്കിയുണ്ടെന്നും പൊലീസ് പറയുന്നു. ദേഹത്തെ മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

അനന്ദു ഗിരീഷിനെ കൊലപ്പെടുത്തിയവരില്‍ ഏഴുപേര്‍ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ബാലു റോഷന്‍ എന്നിവരെ ബുധാനാഴ്ച്ച തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളില്‍ രണ്ടുപേര്‍ ചെന്നൈയിലേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നു.

This post was last modified on March 14, 2019 8:38 am