X

റാഗിംഗ്: അഴിഞ്ഞാടരുതെന്ന് പറഞ്ഞുകൊടുക്കണം മക്കളോട്

ജസ്റ്റീന തോമസ്‌

നഴ്‌സിങ് വിദ്യാര്‍ഥിനിയെ ടോയ്‌ലറ്റ് ലോഷന്‍ കുടിപ്പിച്ച അനുഭവം കേള്‍ക്കുമ്പോള്‍ മാഞ്ഞു തുടങ്ങിയ ചില ഓര്‍മ്മകള്‍ തികട്ടുന്നു. ബി എസ് സി നഴ്‌സിങ് പഠിച്ച് അമേരിക്കയില്‍ പോയി പത്തു കാശുണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബാംഗ്ലൂരിലെ പ്രശസ്തമായ കോളേജിന്റെ പടി കയറിയത്.

 

ആദ്യ ദിനം തന്നെ തുടങ്ങി മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികളുടെ താണ്ഡവം. അസൈന്‍മെന്റ് ഒക്കെ തീര്‍ത്ത് ഉറങ്ങുമ്പോള്‍ ഒരു മണിയെങ്കിലുമാകും. രണ്ടു മണിയോടെ സീനിയര്‍ ചേച്ചിമാര്‍ വാതിലില്‍ മുട്ടും. അവരുടെ റൂമില്‍ വായുവില്‍ ഇരുന്ന് ചപ്പാത്തി ചുടുന്നതു മുതലുള്ള ഇംഗിതങ്ങള്‍ക്ക് വഴങ്ങണം, ഈ കലാ പരിപാടികളെല്ലാം അതേ ഹോസ്റ്റലില്‍ താമസിക്കുന്ന മലയാളി മിസ്സുമാര്‍ നോക്കിക്കണ്ട് ആനന്ദിക്കും, പരാതി പറഞ്ഞതോടെ പകയായി. ഹോസ്റ്റലില്‍ അപ്രഖ്യാതിത വിലക്കുകള്‍, റൂംമേറ്റ്‌സിനോട് എന്നോടു മിണ്ടാന്‍ പാടില്ലെന്ന നിര്‍ദ്ദേശം.

 

രാത്രിയിലെ കലാപരിപാടികള്‍ നിര്‍ബാധം തുടര്‍ന്നു. ഒന്ന് ഉറങ്ങാന്‍ കൊതിച്ച ദിവസങ്ങള്‍. ഗ്രൗണ്ട് ഫ്ലോറിലെ കോറിഡോറില്‍ ഒറ്റപ്പെട്ടു പോയൊരു ദിവസം വളഞ്ഞു വച്ച് മുടിക്ക് കുത്തിപ്പിടിച്ച് നീ അധികകാലം ഇവിടെ വാഴില്ലെന്ന് ഭീഷണിപ്പെടുത്തിയ ദിവസം രക്ഷപ്പെടാന്‍ മനസ് പറഞ്ഞു. തൊട്ടടുത്ത മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് തീരുമാനം ഉറപ്പിച്ചു. പക്ഷേ അടച്ചു പോയ ഫീസ് രണ്ടു ലക്ഷം നഷ്ടപ്പെടും. കാശു പോയാല്‍ പോട്ടെ, വയ്യെങ്കില്‍ പോരെടീ എന്നു പറഞ്ഞ എന്റപ്പനോടു മാത്രമാണ് കടപ്പാട്. തിരികെ വീട്ടിലെത്തിയപ്പോള്‍ ഒരു വര്‍ഷം നഷ്ടം, അടുത്ത ബന്ധുക്കളുടെ പോലും കുത്തുവാക്കുകള്‍, മകളുടെ തോന്ന്യവാസത്തിനു കൂട്ടു നില്‍ക്കരുതെന്ന് നാട്ടുകാര്‍. അന്നുണ്ടായ മുറിവുകളില്‍ പലതും ഇന്നും ഉണങ്ങിയിട്ടില്ല; അതവിടെ നില്‍ക്കട്ടെ.

 

എത്രയോ കുട്ടികള്‍ റാഗിങ്ങിന് ഇരകളായി ജീവിതത്തില്‍ നിന്നേ ഒളിച്ചോടി. മനസു തകര്‍ന്ന് ഇരുട്ടിലായിപ്പോയവര്‍ എത്ര? പറഞ്ഞു കൊടുക്കണം നമ്മുടെ മക്കളോട്, അതിര്‍ത്തി കടന്നാല്‍ രാക്ഷസ രൂപം പൂണ്ട് അഴിഞ്ഞാടരുതെന്ന്. എല്ലാ സൗകര്യങ്ങളുമൊരുക്കിക്കൊടുത്താല്‍ മാത്രം പോര അവരവിടെ എന്തു ചെയ്യുന്നു എന്നു കൂടി തിരക്കണം. പലപ്പോഴും വീടു വിട്ട് ആദ്യമായി ഉന്നത പഠനത്തിനു പോകുന്ന കുട്ടികള്‍ക്ക് ഇത്തരം മലയാളി ചെകുത്താന്‍മാരുടെ കയ്യില്‍ പെടുമ്പോള്‍ കരുത്തായി കൂടെയുണ്ടാകണം കുടുംബവും സമൂഹവും.

 

(എയറോ നോട്ടിക്കല്‍ എഞ്ചിനീയറാകാന്‍ മോഹിച്ച്, വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ നഴ്‌സിങിനു പോയി റാഗിങ്ങില്‍ മനം മടുത്ത് തിരിച്ചെത്തി, നീ തിരിച്ചുപോയില്ലെങ്കില്‍ എന്നെ കാണില്ലെന്ന അമ്മയുടെ ഭീഷണി, സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സ്വയമവസാനിപ്പിച്ച കുഞ്ഞനിയത്തിക്ക് സമര്‍പ്പണം)

 

(മനോരമ ചാനലില്‍ ജോലി ചെയ്യുന്ന ജസ്റ്റീനയുടെ ഫേസ്ബുക്ക് പോസ്റ്റ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on June 25, 2016 2:31 pm