X

എറണാകുളത്തപ്പന് അയിത്തം; ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് തടഞ്ഞു

തടഞ്ഞത് കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിലെത്തിയ സവര്‍ണ്ണ സംഘം ; ഒടുവില്‍ ഇടം കിട്ടിയത് ദര്‍ബാര്‍ ഹാളിന്റെ വരാന്തയില്‍

ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അയിത്തം. മൃതദേഹം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിനു എത്തിച്ചപ്പോഴാണ് കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിലെത്തിയ സംഘം തടഞ്ഞത്. എറണാകുളത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത് ആചാരപ്രകാരം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിലർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സവർണ സമുദായക്കാര്‍ ഭീഷണി മുഴക്കിയത്. മുൻവശം തൂക്കിയിരുന്ന മാഷിന്റെ ചിത്രത്തിന്റെ ഫ്ലക്സും സംഘം വലിച്ചു കീറി. ലളിതാ കലാ അക്കാദമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.

തുടർന്ന് പോലീസും കളക്ടറുമെത്തി ചർച്ച നടത്തി പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ ദര്‍ഹബാര്‍ ഹാളിനു മുന്നില്‍ ഒരുക്കിയ പന്തലും ഒരുക്കങ്ങളും ഒഴിവാക്കാനും പ്രധാന കവാടത്തിലൂടെ പ്രവേശിപ്പിക്കാനും അനുവദിക്കില്ലെന്ന ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നു. പ്രധാന കവാടത്തിലൂടെയല്ലാതെ കിഴക്ക് വശത്ത് അടച്ചിട്ട താല്‍ക്കാലിക കവാടം തുറന്ന് അതുവഴിയാണ് ആംബുലന്‍സ് കയറ്റിയത്. ഒരുക്കങ്ങളോടെ നിര്‍മ്മിച്ച പന്തല്‍ ഒഴിവാക്കി, കിഴക്കു വശത്തുള്ള വരാന്തയില്‍ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കുകയായിരുന്നു.

കേരളചരിത്രം പറയാന്‍ ‘പുലയന്‍ പരമന്‍’ വേണ്ടെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത് ഇങ്ങനെയാണ്

അശാന്തന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്‌ തടഞ്ഞ ഹിന്ദുത്വ ശക്തികൾക്കെതിരെ കലാ ലോകത്ത് ശക്തമായ പ്രതിഷേധം ഉയരുകയാണ്. “പുരുഷാധിപത്യ സവർണ്ണ അജണ്ട ഇന്ത്യയൊട്ടാകെ നടക്കുകയാണ്. കേരളത്തിൽ പ്രശസ്തനായ ഒരു ചിത്രകാരൻ അദ്ദേഹത്തിൻറെ മരണത്തിന് ശേഷം ഒരു ദളിത് ശരീരമായി മാറുകയാണ്. എറണാകുളത്തപ്പൻ ക്ഷേത്രവുമായി ബന്ധപ്പെട്ട ആളുകൾ വന്ന് ഈ ശരീരം അവിടെ വയ്ക്കാൻ പറ്റില്ല, ശുദ്ധിയുടെ പ്രശ്നമുണ്ട് എന്ന് പറയുന്നു. ശുദ്ധി എന്നത് മനുഷ്യനെ അകറ്റി നിർത്താൻ ഉണ്ടാക്കിയ ഒരു ബോധമാണ്. കറുത്ത മനുഷ്യരെ മാത്രമേ ഈ ശുദ്ധി ലക്‌ഷ്യം വെക്കുന്നുള്ളൂ. കലാരംഗത്ത് തന്നെയുള്ള ജാതി വാലുള്ള ഒരു സവർണ്ണ ദേഹമായിരുന്നു ഈ സ്ഥാനത്തെങ്കിൽ ഒരു പക്ഷെ ഒരു തടസ വാദവും ഉണ്ടാകുമായിരുന്നില്ല. കേരളാ ലളിതകലാ അക്കാദമിയുടെ മുന്നിൽ വച്ച ഫ്ലെക്സ് വലിച്ചു കീറി മൃതദേഹം പൊതുദർശനത്തിനു വെക്കാൻ പാടില്ല എന്ന് പറയുന്നത് കൃത്യമായ സവർണ്ണ അജണ്ടയാണ്” ചിത്രകാരൻ ജോണി എം എൽ പറഞ്ഞു.

രണ്ടു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള അശാന്തന്‍ എറണാകുളം ഇടപ്പള്ളിയിലാണ് ജനിച്ചത്. മഹേഷ് എന്നാണ് യഥാര്‍ത്ഥ പേര്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദളിത് ജീവിത പരിസരത്തെ തന്റെ ചിത്രങ്ങളിലൂടെ പുതു ഭാഷ്യം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു അശാന്തന്‍. തൃശൂര്‍ ലളിത കലാ അക്കാദമിയില്‍ ‘അകം’ എന്ന പേരില്‍ ചിത്ര പ്രദര്‍ശനം നടത്തിയിട്ടുണ്ട്.

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

This post was last modified on February 1, 2018 11:20 am