X

അരിമില്ല് ലോബിയും ഉദ്യോഗസ്ഥരും നടുവൊടിക്കുന്ന പാലക്കാട്ടെ നെല്‍കര്‍ഷകരുടെ ജീവിതം

സഹകരണമേഖലയില്‍ കൂടുതല്‍ പ്രൊസസിങ് യൂണിറ്റുകള്‍ ആരംഭിച്ചുകൊണ്ട് നല്ല അരി ബ്രാന്‍ഡുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷക സംഘം

കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട്ടെ നെല്‍ കര്‍ഷകര്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. നെല്ല് സംഭരിക്കുന്നതിന് കാലതാമസമെടുക്കുന്നതും ഉത്പാദനച്ചിലവിന് അനുസരിച്ച് സംഭരണ വില വര്‍ദ്ധിപ്പിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്നും കര്‍ഷകര്‍ പറയുന്നു. ഇക്കുറി പട്ടാമ്പി, ഒറ്റപ്പാലം താലുക്കുകളിലാണ് മകരക്കൊയ്ത്ത് കഴിഞ്ഞത്. ഇവിടെ നിന്നും നെല്ല് സംഭരണം വേണ്ടവിധം നടത്തിയിട്ടില്ല. കൊഴ്ത്ത് കഴിഞ്ഞ് നെല്ല് ചാക്കുകളിലാക്കി വയലില്‍ തന്നെ കിടപ്പാണ്. മഴയ്ക്ക് മുമ്പ് അവ സംഭരിച്ചില്ലെങ്കില്‍ അവ അവിടെക്കിടന്ന് മുളയ്ക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. സാധാരണ കാലടി കേന്ദ്രീകരിച്ചുളള നിറപറ പോലുളള 20 റൈസ് മില്ലുകളാണ് നെല്ല് സംഭരിക്കാന്‍ പാലക്കാട്ട് എത്താറുളളത്.

ഇത്തരം കമ്പനികള്‍ വൈകിയാണ് നെല്ല് സംഭരിക്കാന്‍ എത്തുക. വൈകി സംഭരിക്കുമ്പോള്‍ എന്ത് വില നല്‍കിയും കര്‍ഷകര്‍ നെല്ല് നല്‍കുമെന്ന് കരുതിയാണ് സ്വകാര്യ കമ്പനികള്‍ സംഭരണം വൈകിപ്പിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. പല കാരണങ്ങള്‍ പറഞ്ഞ് നെല്ലിന്റെ ന്യായവില കുറയ്ക്കാനുളള ഇത്തരം നീക്കത്തിനെതിരെ തൃശുര്‍ കോള്‍പ്പാടത്തെ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.

പാലക്കാട്ടെ കര്‍ഷകരുടെ പ്രതിസന്ധി മുതലാന്തോട് മണി അഴിമുഖത്തോട് പങ്കുവയ്ക്കുന്നു: “ഇപ്പോള്‍ കൊയ്ത്ത് നടക്കുന്നത് പ്രധാനമായും രണ്ട് താലൂക്കുകളിലാണ്, ഒറ്റപ്പാലത്തും പട്ടാമ്പിയിലും. അവിടെ ഇത്തവണ നെല്ല് കുറവാണ്. എന്നിട്ടും ആ നെല്ല് മുഴുവനും സംഭരിക്കാന്‍ സിവില്‍ സപ്ലൈസിന് കഴിഞ്ഞിട്ടില്ല. കാരണം, കൃഷി വകുപ്പില്‍ നിന്നും ഈ ആവശ്യത്തിനായി 24 ഉദ്യോഗസ്ഥരെ സിവില്‍ സപ്ലൈസിന് നല്‍കി. അതില്‍ ആറു പേരൊഴിച്ച് മറ്റുളളവരൊന്നും ചാര്‍ജ്ജെടുത്തിട്ടില്ല. അത് വലിയ ഒരു പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനു പുറമെ നെല്ല് സംഭരിക്കാനായി റൈസ് മില്ലുകളാരും ഇതുവരെ എത്തിയിട്ടില്ലെന്നതും ഒരു കാരണമാണ്. വൈകിയെത്തിയാല്‍ ചെറിയ വിലയ്ക്ക് നെല്ല് എടുക്കാമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് അവര്‍ കാലതാമസം എടുക്കുന്നത്” 

നെല്‍വയല്‍ നികത്തല്‍ ക്രിമിനല്‍ കുറ്റം; സര്‍ക്കാരിന് നികത്താം

മറ്റ് താലൂക്കുകളായ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ എന്നിവങ്ങളില്‍ കൊയ്ത്ത് നടന്നുകൊണ്ടിരിക്കുകയാണെങ്കിലും കര്‍ഷകര്‍ വലിയ പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടല്ല വയലില്‍ കൊയ്ത്തിനിറങ്ങിയിരിക്കുന്നതെന്നും മണി പറയുന്നു. കാരണം ‘‘നെല്ലിന്റെ വിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. ഇപ്പോള്‍ ഒരു കിലോ നെല്ലിന് 23.30 രൂപയാണ്. ഇത് രണ്ട് വര്‍ഷം മുമ്പ് നിശ്ചയിച്ച വിലയാണ്. കേന്ദ്രത്തിന്റെ 15 രൂപ 50 പൈസയും സംസ്ഥാനത്തിന്റെ സബ്സിഡി 7 രൂപ 80 പൈസയും ചേര്‍ത്താണ് ഈ 23.30 രൂപ എന്നത്. നെല്ലിന്റെ ഉത്പാദന ചിലവ് പരിഗണിച്ച് സംഭരണ വില ഉയര്‍ത്തേണ്ടതാണ്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. മാത്രമല്ല കാലതാമസമില്ലാതെ നെല്ല് സംഭരിക്കണം. ഇക്കാര്യത്തിലും യാതൊരു ജാഗ്രതയുമില്ല. അതുകൊണ്ട് തന്നെ കര്‍ഷകര്‍ പൊതുവില്‍ നിരാശരാണ്”, മണി ഓര്‍മ്മിപ്പിക്കുന്നു. ജില്ലയിലെ കര്‍ഷകര്‍ നെല്ല് കൊയ്ത് ചാക്കിലാക്കി പാടത്ത് കൂട്ടിയിരിക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉളളത്.

നിലവില്‍ കേരളത്തില്‍ സപ്ലൈക്കോ അധികാരപ്പെടുത്തുന്ന ഏജന്‍സികളാണ് നെല്ല് സംഭരിക്കുന്നത്. അവരാണെങ്കില്‍ പ്രധാന്യം കൊടുക്കുന്നത് സ്വാകര്യ മില്ലുകള്‍ക്കാണ്. ഇത്തരം കമ്പനികള്‍ കൃത്യസമയത്ത് നെല്ല് സംഭരിക്കുന്നില്ലെന്നത് കര്‍ഷകര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന പരാതിയാണ്. മാത്രമല്ല, സ്വകാര്യമില്ലുകള്‍ നെല്ല് സംഭരിച്ച് കഴിഞ്ഞാല്‍ ബാങ്ക് വഴി ഉടനെ പണം ലഭിക്കുമെന്നാണ് പറയാറുളളത്. എന്നാല്‍ അതിനായി പിന്നെയും സമയം കളയേണ്ട സാഹചര്യമാണുളളത്. ഇനി, ഈ രേഖകള്‍ കാണിച്ച് കാര്‍ഷിക വായ്പ തേടിയാലുളള സ്ഥിതി ഭീകരമാണെന്നും കര്‍ഷകര്‍ പറയുന്നു.

അന്യ സംസ്ഥാന അരിവണ്ടി കാത്ത് വയനാട്ടുകാര്‍, നെല്‍വിത്തുകളെ പ്രണയിച്ച് ചെറുവയല്‍ രാമന്‍

”കഴിഞ്ഞ സീസണിലും അതിന് മുമ്പും നെല്ല് സംഭരിക്കുന്നത് റൈസ് മില്ലുകള്‍ പല കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുയായിരുന്നു. നെല്ല് സംഭരിക്കുന്നതില്‍ കാലതാമസം വരുമ്പോള്‍ ചെറിയ വിലയ്ക്ക് നെല്ല് വില്‍ക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാകും, അത് മുതലാക്കിയാണ് ഒരോ സീസണിലും കമ്പനികള്‍ നിസാരവിലക്ക് നെല്ല് എടുത്തത്”, ചിറ്റൂരിലെ കര്‍ഷകന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ അഴിമുഖത്തോട് പറഞ്ഞു.

അതേസമയം, പൊതുഉടമയിലുളള റൈസ് മില്ലുകള്‍ നെല്ല് സംഭരണം ഏറ്റെടുത്താല്‍ ഈ പ്രതിസന്ധി പരിഹരിക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുട്ടനാട്ടിലും ആലത്തൂരിലും അതുപോലെ പാഡിക്കോയുടെ ഉടമസ്ഥതയിലുമായി സര്‍ക്കാര്‍ മില്ലുകളുണ്ട്. ആ മില്ലുകള്‍ നേരിട്ട് നെല്ല് ഏറ്റെടുത്താല്‍ പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്നും കര്‍ഷകര്‍ പറയുന്നു. ഇത്തരത്തിലുളള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നത് പലരും പല കാലങ്ങളായി ഉന്നയിക്കുന്നുണ്ടെന്നാണ് മുതലാന്തോട് മണിയെ പോലുളളവര്‍ പറയുന്നത്.

പൊതുവെ നോക്കിയാല്‍ പാലക്കാടിന് കേരളത്തിന്റെ നെല്ലറയെന്ന വിശേഷണമൊക്കെയുണ്ടെങ്കിലും നെല്‍കൃഷിയുടെ പുരോഗതിക്കായി ഫലപ്രദമായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന എന്നതാണ് യാഥാര്‍ത്ഥ്യം. നെല്ല് സംഭരണം വലിയ പ്രതിസന്ധിയിലാണെന്നാണ് പാലക്കാട് ജില്ലാ കര്‍ഷക സംഘം നേതാവ് കെ.കെ സുധാകരന്‍ വ്യക്തമാക്കുന്നത്. ‘‘നെല്ല് സംഭരണം ഇപ്പോള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരാണ് സംഭരണത്തിന് മേല്‍നോട്ടം നല്‍കുന്നത്. അവര്‍ക്ക് വേണ്ടത്ര ഉദ്യോഗസ്ഥരില്ല. അവര്‍ ഏല്‍പ്പിക്കുന്ന മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. ഈ മില്ലുകളുടെ ലോബിയാണ് ഇപ്പോള്‍ സംഭരണം അട്ടിമറിക്കുന്നത്. കഴിഞ്ഞ സീസണിലും ഇതെ അവസ്ഥയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സഹകരണ മേഖലയില്‍ നെല്ല് സംഭരണം നടപ്പാക്കാനുളള തിരുമാനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അത് അടുത്ത വര്‍ഷം മുതല്‍ മാത്രമേ പ്രായോഗികമാകൂ. പാലക്കാട് ജില്ലയില്‍ രണ്ട് ഘട്ട കൊയ്ത്താണ് ഉളളത്. ആദ്യ ഘട്ടമാണ് ഇപ്പോള്‍ അവസാനിക്കുന്ന ഒറ്റപ്പാലം, പട്ടാമ്പി മേഖല; ആലത്തൂല്‍, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ തുടങ്ങി. എന്തായാലും ഇക്കൊല്ലം പ്രതിസന്ധി അനുഭവിക്കേണ്ടിവരും”, സുധാകരന്‍ വിശദമാക്കി.

കേരളത്തിലെ കർഷകരെ തകര്‍ത്തത് സര്‍ക്കാരുകള്‍; ഭൂപരിഷ്ക്കരണം മുതല്‍ തുടങ്ങുന്നു ആ ചരിത്രം

സഹകരണമേഖലയില്‍ കൂടുതല്‍ പ്രൊസസിങ് യൂണിറ്റുകള്‍ ആരംഭിച്ചുകൊണ്ട് നല്ല അരി ബ്രാന്‍ഡുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷക സംഘം. നല്ല വിത്തുകള്‍ ലഭിക്കാത്തതും വേണ്ടവിധത്തിലുളള ജലസേചന സൗകര്യമില്ലാത്തതും സംഭരണത്തിന്റെ കാലതാമസവുമാണ് നെല്‍കൃഷി നേരിടുന്ന വലിയ വെല്ലുവിളിയെന്നാണ് കര്‍ഷക സംഘവും സര്‍ക്കാരും മനസിലാക്കുന്നത്. എന്നാല്‍ നല്ലവിത്ത് ലഭിക്കാത്തതെന്നപേരില്‍ ജിഎം വിത്തിറക്കാനുളള പദ്ധതിയാണോ സര്‍ക്കാരിനുളളതെന്ന സംശയവും ചില കര്‍ഷകര്‍  പ്രകടിപ്പിക്കുന്നുണ്ട്.

അതെ സമയം, കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നത്തിനു നൂറ്റൊന്ന് കടമ്പകൾ ഉണ്ട്, പിന്നെ നികുതികൾ വേറെയും. അതുകൊണ്ടാണ് തങ്ങൾ നെല്ല് സംഭരണത്തിന് ഉത്സാഹം കാണിക്കാത്തത് എന്നാണ് അരിമില്ലുകാര്‍ പറയുന്നത്. മാത്രമല്ല ഇവിടത്തേക്കാൾ കുറഞ്ഞ വിലയിൽ പുറത്തു നിന്നും നെല്ല് ലഭിക്കുന്നുണ്ടെന്നും ഈ കമ്പനികള്‍ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് കാലടി ആസ്ഥാനമായി പ്രവർത്തിക്കുന്ന മില്ലുടമകൾ പറയുന്നത്.

ചുരുങ്ങുന്ന നെല്ലറ

‘കേരളത്തിന്റെ നെല്ലറ’യില്‍ എത്ര നെല്‍കൃഷി നടക്കുന്നുവെന്ന കാര്യത്തില്‍ കാര്‍ഷിക വകുപ്പിന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഏകദേശ കണക്ക് പ്രകാരം രണ്ട് വിളകള്‍ ചേര്‍ത്ത് 64,000 ഹെക്ടര്‍ നെല്‍കൃഷി നടക്കുന്നതായാണ് കണക്ക്. ഇത് തന്നെ കഴിഞ്ഞ പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന വിസ്തൃതിയുടെ എത്രയോ കുറവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. പാടശേഖരം കുറഞ്ഞ് വരുന്നതായി കര്‍ഷക സംഘം നേതാക്കള്‍ തന്നെ പറയുന്നു. പല കാരണങ്ങളാല്‍ നെല്‍കൃഷി കുറഞ്ഞുവരികയാണ്. 10 വര്‍ഷം മുമ്പുണ്ടായിരുന്ന നെല്ലറയുടെ വിസ്തൃതിയുടെ വലിയ ഒരു ഭാഗം ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. എന്നാല്‍ ഇത്തരം കണക്കുകള്‍ കൃഷിവകുപ്പിന്റെ ഫയലുകളിലില്ലെന്നതാണ് ആശ്ചര്യം. ഈ പശ്ചാത്തലത്തില്‍ എങ്ങനെയാണ് അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നെല്‍ കൃഷി വികസിപ്പിക്കുന്നതെന്നത് കാത്തിരുന്ന കാണേണ്ട അത്ഭുതമായിരിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ചെറുവയല്‍ രാമന്‍ എന്ന ജീന്‍ ബാങ്കര്‍ അഥവാ അന്തകവിത്തുകളുടെ അന്തകന്‍

സംസ്ഥാന സര്‍ക്കാരറിയാന്‍, മലയാളിക്ക് ഉണ്ണാന്‍ പാടത്തിറങ്ങുന്നവര്‍ അന്നത്തിനു വകയില്ലാതെ പട്ടിണിയിലാണ്

ഇനിയില്ല വയനാടിന്റെ പരമ്പരാഗത നെല്ലിനങ്ങള്‍

സര്‍ക്കാരിനെതിരെ പരിഷത്ത്; നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കുക

This post was last modified on February 1, 2018 12:35 pm