X

പിണറായിയെ പിടിക്കാന്‍ ലാവലിന്‍ ഭൂതം വീണ്ടും

ഒരു പതിറ്റാണ്ടിലേറെയായി പിണറായി വിജയനെ നിഴൽപോലെ പിന്തുടർന്ന ലാവലിൻ ഭൂതമാണ് ഇപ്പോൾ വീണ്ടും കുടം തുറന്നു പുറത്തുവന്നിരിക്കുന്നത്

എത്ര ഒഴിവാക്കിയാലും പിന്തുടരുന്ന ഭൂതങ്ങൾ മുത്തശ്ശിക്കഥകളിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഉണ്ടെന്ന് ബോധ്യപ്പെടുത്തും വിധമാണ് ഒട്ടും നിനച്ചിരിക്കാത്ത ഈ വേളയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലാവലിൻ കേസ് പൊന്തിവന്നിരിക്കുന്നത്. പൊതുഖജനാവിന് കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിവെച്ചെന്ന് കൺട്രോളർ & ഓഡിറ്റർ ജനറൽ കണ്ടെത്തിയ ലാവലിൻ ഇടപാടിൽ പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ആയതിനാൽ അദ്ദേഹത്തിനെ വിചാരണ ചെയ്യേണ്ടതുണ്ടെന്നുമാണ് സി ബി ഐ ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞിരിക്കുന്നത്.

ലാവലിൻ കരാറിൽ പിണറായി അറിയാതെ മാറ്റം വരില്ലയെന്നും കനേഡിയൻ കമ്പനിയായ എസ് എൻ സി ലാവലിനുമായി തുടക്കത്തിൽ വെറും കൺസൾട്ടൻസി കരാർ മാത്രമായിരുന്നത് സപ്ലൈ കാരാർ ആക്കി മാറ്റിയ വേളയിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി കാനഡയിൽ ഉണ്ടായിരുന്നു എന്നുമാണ് സി ബി ഐ യുടെ വാദം. പിണറായി അടക്കം മൂന്നുപേരെ വിട്ടയച്ച കേരള ഹൈക്കോടതി വിധിക്കെതിരെ തുടർ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി തന്നെ നിർദ്ദേശിച്ച മുൻ കെ എസ് ഇ ബി ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യർ, ആർ ശിവദാസ്, കെ ജി രാജശേഖരൻ എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണ് സി ബി ഐ നേരത്തെ സി ബി ഐ കീഴ്‌ക്കോടതിയും തുടർന്ന് കേരള ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയ പിണറായി അടക്കമുള്ളവരെക്കൂടി വീണ്ടും വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സത്യവാങ്‌മൂലം സമർപ്പിച്ചത്.

ഒരു പതിറ്റാണ്ടിലേറെയായി പിണറായി വിജയനെ നിഴൽപോലെ പിന്തുടർന്ന ലാവലിൻ ഭൂതമാണ് ഇപ്പോൾ വീണ്ടും കുടം തുറന്നു പുറത്തുവന്നിരിക്കുന്നത്. ഈ ഭൂതം പിണറായി വിജയനെ മാത്രമല്ല അലോസരപ്പെടുത്തുന്നത്. കേവലം രണ്ടു വര്‍ഷം മാത്രം പൂർത്തിയാക്കിയ കേരളത്തിലെ ഇടതു മുന്നണി സർക്കാരിനെയും 2019 ലോക് സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സി പി എമ്മിനെയും അത് നയിക്കുന്ന ഇടതുമുന്നണിയെയും ഒക്കെ അത് വല്ലാത്തൊരു പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നുവെന്നു തന്നെവേണം കരുതാൻ.

കേസിൽ സുപ്രീംകോടതി എന്ത് തീരുമാനം എടുക്കും എന്നതൊക്കെ വഴിയേ അറിയേണ്ട കാര്യമാണ്. തീരുമാനം തനിക്കു പ്രതികൂലമായാൽ അപ്പീലിന് പോകാൻ പിണറായിക്കും തങ്ങൾക്കു പ്രതികൂലമായാൽ അതുതന്നെ ചെയ്യാൻ ഹർജിക്കാര്‍ക്കും സി ബി ഐ ക്കും അവസരം ലഭിച്ചേക്കും എന്നതിനാൽ ലാവലിൻ ഭൂതം അത്ര എളുപ്പത്തിൽ വിട്ടൊഴിഞ്ഞേക്കില്ലെന്നു തന്നെ വേണം കരുതാൻ.

നേരത്തെ പറഞ്ഞതുപോലെ ഒരു പതിറ്റാണ്ടിലേറെയായി പിണറായി വിജയനെ പിന്തുടരുന്ന ലാവലിൻ കേസ് വളരെ സങ്കീർണമാണെന്ന് അതിന്റെ നാൾവഴി പരിശോധിച്ചാൽ തന്നെ വ്യക്തമാകും. 1994ൽ പള്ളിവാസൽ, പന്നിയാർ, ശെങ്കുളം പദ്ധതികൾ നവീകരിക്കാൻ അന്നത്തെ യു ഡി എഫ് സർക്കാർ തീരുമാനം എടുക്കുന്നു. തൊട്ടടുത്ത വര്‍ഷം തന്നെ ഇത് സംബന്ധിച്ച് ലാവലിനുമായി സർക്കാർ ധാരണയിലെത്തുന്നു. ജി കാർത്തികേയനായിരുന്നു അന്ന് വൈദുതി മന്ത്രി. 1996ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായ ഇടതു സർക്കാർ വന്നതോടുകൂടിയാണ് കരാറിന് പൂർണത കൈവന്നത്. പിണറായി വിജയനായിരുന്നു അന്ന് വകുപ്പ് മന്ത്രി. 2001ൽ പദ്ധതിയിൽ അഴിമതി ആരോപിച്ചു യു ഡി എഫ് രംഗത്ത് വന്നെങ്കിലും 2003ൽ മാത്രമാണ് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2005ൽ ലാവലിൻ ഇടപാടിലൂടെ സംസ്ഥാന സര്‍ക്കാരിന് 375.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് സി എ ജി റിപ്പോർട്ട് പുറത്തുവന്നതോടെ സംഗതി ചൂടുപിടിച്ചു. എന്നാൽ പിണറായി കുറ്റക്കാരൻ അല്ലെന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക റിപ്പോർട്ട്. തുടര്‍ന്ന് 2006ല്‍ കേസ് സി ബി ഐക്കു വിടാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചു. ഇതിനെ പിടിവള്ളിയാക്കി വി എസ് അനുകൂല സി പി എംകാരും രംഗത്ത് വന്നതോടെ അത്തവണ നിയമസഭയിലേക്കു മത്സരിക്കാൻ പിണറായിക്കു കഴിഞ്ഞില്ല. കേസിൽ കഴമ്പുണ്ടെന്നും 86.25 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കാണിച്ചു സി ബി ഐ 2009ൽ റിപ്പോർട്ട് നൽകിയെങ്കിലും 2015ൽ സി ബി ഐ കീഴ്‌ക്കോടതി പിണറായിയെ കുറ്റവിമുക്തനാക്കി. റിവിഷൻ ഹർജിയുമായി സി ബി ഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിണറായി അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കികൊണ്ടും മറ്റു മൂന്ന് ഉദോഗസ്ഥർക്കെതിരെ തുടർ നടപടി ശിപാർശ ചെയ്യുന്നതുമായ വിധിയാണ് അന്നുണ്ടായത്. ഇതിനെതിരെ ഉദ്യോഗസ്ഥർ നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇപ്പോൾ പരിഗണിക്കുന്നത്.

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on July 28, 2018 7:17 pm