X

ഉള്ളിക്കറി കഴിക്കുന്നവരോട്, മലപ്പുറത്തുകാര്‍ വെറും ബീഫ് തീനികളല്ല

ബീഫില്‍ ബിജെപിയുടെ ഇരട്ടത്താപ്പുകള്‍

ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളും റെയ്‌ഡും ആരംഭിച്ച കാലത്താണ് ഭാരതീയ ജനതാ പാർട്ടി എന്നതിന്റെ ചുരുക്കെഴുത്തായ ബിജെപിയിലെ ‘ബി’ക്ക് ബീഫ് എന്നുകൂടി ഒരു വിശേഷണം ചാർത്തികിട്ടിയത്. അന്നു മുതൽ ബീഫ് വിട്ടൊരു കളിക്ക് ബിജെപിയും ഇതര സംഘികളും തയ്യാറായതുമില്ല. ഇന്നലെയും രാജസ്ഥാനിൽ കാലിക്കടത്തിന്റെ പേരുപറഞ്ഞു ഒരാളെ കൊലപ്പെടുത്തിയിരിക്കുന്നു. മൃഗമേളയിൽ നിന്നും വാങ്ങിയ കാലികളുമായി പോയ ഹരിയാന സ്വദേശി പെഹ്ലു ഖാനെയാണ് ഗോസംരക്ഷകർ എന്ന പേരിൽ രംഗത്ത് വന്ന ഒരു സംഘം ആൾക്കാർ തല്ലിക്കൊന്നത്. തലസ്ഥാന നഗരിയായ ജയ്‌പ്പൂരിൽ നടന്ന പശു മേളയിൽ നിന്നും പശുക്കളെ വാങ്ങി മടങ്ങവെയാണ് പെഹ്ലു ഖാനുനേരെ ആക്രണം ഉണ്ടായത്.

പശു മേള സംഘടിപ്പിച്ചതിലോ പശുക്കളെ വില്പന നടത്തിയതിലോ ഗോസംരക്ഷകർക്കു ആക്ഷേപം ഇല്ല. പശുക്കളെ വാങ്ങിയത് മുസൽമാൻ ആയിപ്പോയി എന്നതിലാണ് ഗോസംരക്ഷകർ കുറ്റം കണ്ടെത്തിയത്. അല്ലായിരുന്നെങ്കിൽ മേള നിരോധിക്കപ്പെടുകയോ മേളയിൽ നിന്നും പശുക്കളെ വാങ്ങിയ മറ്റുള്ളവരും ആക്രമിക്കപ്പെടുകയോ ചെയ്യുമായിരുന്നു. ഇവിടെയാണ് സംഘികളുടെ യുക്തിബോധം ചോദ്യം ചെയ്യപ്പെടുന്നത്. മുസ്ലിങ്ങളെ വെറും ഇറച്ചി തീറ്റക്കാർ എന്ന ലേബലിലേക്കു സംഘികൾ ചുരുക്കികെട്ടിയിരിക്കുന്നു. മുസ്ലിങ്ങളും പാലും വെണ്ണയും ഉപയോഗിക്കാറുണ്ടെന്നും അവർ പശുവിനെയും ആടിനെയും ഒക്കെ തീറ്റിപോറ്റുന്നത് ഇറച്ചിക്ക് വേണ്ടി മാത്രമല്ലെന്നും ഉള്ള യാഥാർഥ്യം ഇക്കൂട്ടർ മനഃപൂർവം വിസ്മരിക്കുന്നു.

ഇത്തരത്തിൽ ഉള്ള ഒരു ചുരുക്കിക്കെട്ടൽ തന്നെയാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി ശ്രീ പ്രകാശും നടത്തിയത്. തന്നെ തിരഞ്ഞെടുത്താൽ മലപ്പുറംകാർക്ക് നല്ല ബീഫ് വിതരണം ചെയ്യുമെന്നായിരുന്നു ശ്രീ പ്രകാശിന്റെ വാഗ്ദാനം.

 

ശ്രീ പ്രകാശിന്റെ ഈ പ്രസ്താവന കേരള ബിജെപിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു എന്നൊക്കെയുള്ള മാധ്യമ വാർത്തകൾ വന്നതിനു പിന്നാലെ കേരളത്തിൽ ബീഫ് നിരോധിച്ചിട്ടില്ലെന്നും താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടു എന്നുമൊക്കെയുള്ള വിശദീകരണവുമായി ശ്രീ പ്രകാശ് രംഗത്ത് വന്നു. ശ്രീ പ്രകാശിന്റെ ബീഫ് വാഗ്ദാനത്തോട് ശിവസേനയുടെ മുഖപത്രമായ സാമ്‌ന നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. ബിജെപി യുടെ ഇരട്ടത്താപ്പ് നയം എന്നാണ് സാമ്‌ന ഇതിനോട് പ്രതികരിച്ചത്. സാമ്‌ന പറഞ്ഞതിൽ കാര്യമുണ്ടെന്നു യുപിയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും.

തത്കാലം യുപിയും യോഗി ആദിത്യ നാഥുമൊക്കെ അവിടെ നിൽക്കട്ടെ. മലപ്പുറത്തേക്ക് തന്നെ മടങ്ങാം. ശ്രീ പ്രകാശ് തങ്ങളെ വെറും ബീഫ് തീനികളായി ചിത്രീകരിച്ചതിൽ മലപ്പുറത്തുകാർക്കു ഉള്ള പ്രതിഷേധം അവർ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. നേരത്തെ ബീഫ് വിവാദം കൊഴുത്ത നാളുകളിൽ തങ്ങൾ ബീഫ് കഴിച്ചിട്ടില്ലെന്നും ബീഫിനൊപ്പം ഉണ്ടായിരുന്ന ഉള്ളിയാണ് കഴിച്ചത് എന്നൊരു വിരുതൻ തട്ടിവിടുന്നത് നമ്മൾ കേട്ടതാണ്. ഏതു സാധനവും ഒളിച്ചു കഴിക്കുന്നവന് അതോനോടുള്ള ആർത്തി കൂടും. പരസ്യമായി ബീഫ് കഴിക്കുന്നവരുടെ പത്തിരട്ടിയോ അതിലേറെയോ വരും ഒളിച്ചു കഴിപ്പുകാരുടേത്.

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on April 6, 2017 3:18 pm