X

കണ്ണൂര്‍ അമ്പായത്തോടില്‍ വന്‍ ഉരുള്‍പൊട്ടല്‍ (വീഡിയോ)

ഇരിട്ടിക്കടുത്ത അയ്യൻകുന്നു പഞ്ചായത്തിലെ കരിക്കോട്ടക്കരി , വാണിയപാറ പ്രദേശങ്ങൾ വീണ്ടും ഉരുൾപൊട്ടൽ ഭീതിയിലാണ്

കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ അമ്പായത്തോട് വന മേഖലയിലും നില്ല്യോടി, കണ്ടപ്പുനം പ്രദേശങ്ങളിലും ഉരുൾപൊട്ടി. ഇന്ന് രാവിലെയാണ് ഈ പ്രദേശങ്ങളിൽ ഉരുൾപൊട്ടി വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത്. അമ്പായത്തോട് വനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് ബാവലിപ്പുഴ കര കവിഞ്ഞൊഴുകുന്നു. ഇതേ തുടർന്ന് കൊട്ടിയൂരിലും സമീപ പ്രദേശങ്ങളിലും പുഴയരികിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റാൻ തുടങ്ങിയിട്ടുണ്ട്. നെല്ല്യോടിയിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ജനവാസ കേന്ദ്രമാണെങ്കിലും ആളപായം ഉണ്ടായിട്ടില്ല. തുടർച്ചയായി പ്രകൃതിക്ഷോഭം നേരിടുന്ന പ്രദേശമാണിത്.

കൊട്ടിയൂർ ക്ഷേത്രത്തിനടുത്ത് മന്ദംചേരിയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കുന്ന പ്രവർത്തനം നടക്കുന്നു. വയനടിനോട് ചേർന്ന പ്രദേശമാണ് അമ്പയത്തോട്. കോളയാട് പഞ്ചായത്ത് പരിധിയിലെ കണ്ണവം മലയിൽ ഉൾപ്പെട്ട ചെന്നപ്പൊയിൽ പ്രദേശത്ത് ഉരുൾപൊട്ടി. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൃഷി നാശവും ഉണ്ടായിട്ടുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇരിട്ടിക്കടുത്ത അയ്യൻകുന്നു പഞ്ചായത്തിലെ കരിക്കോട്ടക്കരി , വാണിയപാറ പ്രദേശങ്ങൾ വീണ്ടും ഉരുൾപൊട്ടൽ ഭീതിയിലാണ്. പാറക്കാമല എന്ന പ്രദേശത്ത് ഉരുൾപ്പൊട്ടിയതായി സംശയം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് ഇരിട്ടി നഗരത്തിന്റെ ചില ഭാഗങ്ങളിലും വെള്ളം കയറി. നഗരത്തിനടുത്ത നേരംപോക്ക് പ്രദേശത്ത് രണ്ടു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. നിടുമ്പോയിൽ മേഖലയിൽ ചില വീടുകൾക്ക് കേടുപാട് സംഭവിച്ചു. നിടുമ്പോയിലിൽ നിന്ന് പേരിയ ചുരം വഴിയുള്ള വയനാട് യാത്രയും തടസ്സപ്പെട്ട അവസ്ഥയിലാണ്. ജില്ലയിൽ ആകെ 13 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 800 ഓളം പേര് കഴിയുന്നുണ്ട്. ഇരിട്ടി താലൂക്കിൽ 7, തളിപ്പറമ്പ് 3, തലശ്ശേരി 3 എന്നിങ്ങനെയാണ് ക്യാമ്പുകൾ. മാലൂർ പഞ്ചായത്തിലെ ശിവപുരം വില്ലേജിൽ 25 ഓളം വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂർ നഗര പ്രദേശമായ കക്കാട് ഭാഗത്തും ഇന്നലെ രാത്രി വെള്ളം കയറിയിരുന്നു.

തളിപ്പറമ്പ് താലൂക്കിലെ മൊറാഴ വില്ലേജിൽ ബക്കളം ലക്ഷംവീട് കോളനിയിൽ വീട് നിലംപൊത്തി മൂന്നു പേർക്ക് പരിക്ക്. ഗുരു തരമായി പരിക്കേറ്റ കമലം (84) എന്നവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

This post was last modified on August 16, 2018 1:24 pm