X

ശബരിമല കയറിയ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു; കല്ലേറില്‍ എസ് പി മഞ്ജുവിന് തലയുടെ പിന്‍ഭാഗത്ത് പരുക്ക്

പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനും തുടര്‍ച്ചയായി മഞ്ജുവിനെതിരെ ഭീഷണികള്‍ ഉയര്‍ത്തിയിരുന്നയാളുമായ വ്യക്തി സംഘത്തില്‍ ഉണ്ടായിരുന്നെന്ന് മഞ്ജു

ശബരിമല കയറാന്‍ ശ്രമിച്ച അമ്മിണിയുടെ സഹോദരീപുത്രനു നേരെയുണ്ടായ കയ്യേറ്റത്തിനു ശേഷം, മല ചവിട്ടിയ എസ്.പി. മഞ്ജുവിനു നേരെയും സംഘപരിവാര്‍ ആക്രമണം. വീടിനു നേരെയുണ്ടായ കല്ലേറില്‍ തലയുടെ പിന്‍ഭാഗത്ത് പരിക്കേറ്റ മഞ്ജു രാത്രിയോടെ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി ഒന്‍പതരയ്ക്കു ശേഷമായിരുന്നു കണ്ടാലറിയാവുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരടങ്ങുന്ന സംഘം മഞ്ജുവിന്റെ വീടിനു പിന്‍വശത്തെത്തി ഒളിച്ചിരിക്കുകയും ചോദ്യം ചെയ്തപ്പോള്‍ കല്ലെറിയുകയും ചെയ്തത്. ശബരിമലയിലെത്തിയ യുവതികളെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമപരമ്പരകളില്‍ ഒടുവിലത്തേതാണ് മഞ്ജുവിനു നേരെയുള്ളത്.

മൂന്നു പേരടങ്ങുന്ന സംഘമാണ് ഇന്നലെ മഞ്ജുവിനെ വീട്ടിലെത്തി ആക്രമിച്ചത്. തനിക്ക് പരിചയമുള്ളവരും, തന്റെ പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരും ചേര്‍ന്ന് ആസൂത്രിതമായി നടത്തിയ ആക്രമണമായിരുന്നു എന്ന് മഞ്ജു പറയുന്നു. വീടിനടുത്തുള്ള ആളൊഴിഞ്ഞ വീടു വഴി കയറി പിന്‍വശത്തെത്തിയ സംഘം അവിടെ ഒളിച്ചിരുന്ന് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും പറ്റിയ സമയത്തിനായി കാത്തിരിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മഞ്ജു ആരാണതെന്ന് ചോദിക്കുകയും ഭക്ഷണം കഴിക്കാനായി മാറിയിരുന്നിരുന്ന പൊലീസുദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നു. ഇതിനിടെയാണ് മഞ്ജുവിനെ ലക്ഷ്യം വച്ച് കല്ലേറുണ്ടായത്.

‘ആദ്യത്തെ ഏറു ഞാന്‍ ഒഴിഞ്ഞു മാറിയെങ്കിലും, തിരിച്ചെറിയാന്‍ കല്ലു കിട്ടുമോ എന്നു നോക്കി കുനിഞ്ഞപ്പോള്‍ കഴുത്തിനു പിന്നില്‍ ഏറു കൊണ്ടു. നേരെ അടുത്തു നിന്നുള്ള ഏറായിരുന്നു. നല്ല നീരും വേദനയുമുണ്ട്. വലതു ചെവിയുടെ ഭാഗത്തേക്കും താഴേക്കും നീരു വ്യാപിച്ചിട്ടുണ്ട്. ഭേദമാകുമെന്ന് കരുതിയെങ്കിലും വേദന കാരണം ഇന്നലെത്തന്നെ ആശുപത്രിയില്‍പ്പോയിരുന്നു. രണ്ടു മണിക്കൂര്‍ ഒബ്‌സര്‍വേഷനിലൊക്കെ ഇരുത്തിയിട്ടാണ് വിട്ടത്. പൊലീസിലും പരാതി കൊടുത്തിട്ടുണ്ട്. അവര്‍ ഇന്നലെ വന്ന് മൊഴിയുമെടുത്തു.’ മഞ്ജു പറയുന്നു.

ബഹളം കേട്ട് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോഴേക്കും നേരത്തേ വഴി നോക്കിവച്ച് പദ്ധതിയിട്ടിരുന്നുവെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ കൃത്യമായി ആളൊഴിഞ്ഞ പറമ്പുകള്‍ വഴി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് ജീപ്പ് പുറകേ വന്നാലും രക്ഷപ്പെട്ട് ഊടുവഴികളില്‍ കയറാവുന്നയിടങ്ങളിലൂടെയാണ് ആക്രമിസംഘം ഓടിയതെന്നും മഞ്ജു വിശദീകരിക്കുന്നു. ക്യാമറ സ്ഥാപിച്ചിട്ടുള്ള വീടുകളുള്ള ഭാഗം കൃത്യമായി ഒഴിവാക്കി സുരക്ഷിതമായ വഴികളിലൂടെ ഓടിയതിനാല്‍ പരിസരം വ്യക്തമായി അറിയാവുന്നവര്‍ പദ്ധതിയിട്ടു നടത്തിയ ആക്രമണമാണന്നു തന്നെയാണ് മഞ്ജുവിന്റെ വിലയിരുത്തല്‍. സംഘത്തിലുണ്ടായിരുന്ന ഒരാളെ മഞ്ജു തിരിച്ചറിഞ്ഞിട്ടുമുണ്ട്. പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകരിലൊരാളും തുടര്‍ച്ചയായി മഞ്ജുവിനെതിരെ ഭീഷണികള്‍ ഉയര്‍ത്തിയിരുന്നയാളുമായ വ്യക്തിയെയാണ് ഇക്കൂട്ടത്തില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ‘വെട്ടും, കൊല്ലും’ എന്നെല്ലാം ഭയപ്പെടുത്തിയിരുന്നയാളാണെന്നും, പൊലീസ് സംവിധാനത്തെത്തന്നെ വെല്ലുവിളിക്കുന്നവരുമാണെന്ന് മഞ്ജു പറയുന്നു.

Read More: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച അമ്മിണിയുടെ ബന്ധു തലക്ക് അടിയേറ്റ് ആശുപത്രിയില്‍; ശരണം വിളിച്ചെത്തിയവര്‍ വീട് തല്ലിതകര്‍ത്തു

ശബരിമല വിഷയത്തിനു ശേഷം ജീവിക്കാനാവാത്ത അവസ്ഥയാണ് നാട്ടിലുള്ളതെന്നു പറയുന്ന മഞ്ജു, ഇന്നലത്തെ സംഭവത്തോടെ ഭയപ്പാടിലായിരിക്കുകയാണ്. ‘ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും അവര്‍ സ്‌കെച്ചു ചെയ്തു വെച്ചിരിക്കുകയാണ്. ഇവിടത്തെ ഭൂമിശാസ്ത്രം കൃത്യമായി പഠിച്ച്, ഏതൊക്കെ വഴിയില്‍ വന്നാല്‍ ആളുകള്‍ കാണില്ല, സാക്ഷികള്‍ ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയിട്ടാണ് ഇത് ചെയ്തിട്ടുള്ളത്. സാക്ഷിയില്ലാത്ത സ്ഥിതിക്ക് എവിടെപ്പോയാലും അവര്‍ക്ക് അനുകൂലമായല്ലേ വരൂ. ഇവിടെയുള്ള പൊലീസിന്റെ നീക്കങ്ങളും, പകല്‍ സമയത്തുള്ള എന്റെ നീക്കങ്ങളുമെല്ലാം ഇവര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ആളുകളുണ്ട്. പൊലീസിന്റെ നോട്ടത്തില്‍ ജീവിക്കേണ്ട അവസ്ഥയായി മാറിപ്പോയി. എനിക്ക് എങ്ങോട്ടെങ്കിലും സ്വതന്ത്രമായി യാത്ര ചെയ്യാനോ, വരുമാനത്തിനുള്ള മാര്‍ഗ്ഗമുണ്ടാക്കാനോ സാധിക്കുന്നില്ല. ആരോടും ഒരു രൂപ കടം പോലും ചോദിക്കാനാകാത്ത അവസ്ഥയാണ്. ആചാരം തകര്‍ത്തവള്‍ സഹായം ചോദിച്ച് വരട്ടെ എന്ന തരത്തിലുള്ള സംസാരവും പലയിടത്തു നിന്നും ഉണ്ടാകുന്നുണ്ട്. അവരുടെ വാളിനു കീഴിലാണ് എന്റെ തലയിപ്പോള്‍. എത്ര സുരക്ഷയുണ്ടെങ്കിലും അവര്‍ക്ക് ഇത്രയടുത്തെത്താമെന്ന് ഇന്നലെ തെളിഞ്ഞു. ഇത്രയേറെ സംഘര്‍ഷമുള്ള സ്ഥലത്തു ചെന്നിട്ട് ഒരു പോറലു പോലുമേല്‍ക്കാത്ത എനിക്ക് സ്വന്തം വീട്ടിലാണ് ആക്രമണം നേരിടേണ്ടി വന്നത്.’

തനിക്കെതിരായ നീക്കങ്ങള്‍ക്കുള്ള ഗൂഢാലോചനകള്‍ നടക്കുന്നത് തന്റെ വീടിനു പരിസരപ്രദേശങ്ങളില്‍ത്തന്നെയാണെന്നും മഞ്ജുവിന് ബോധ്യമുണ്ട്. തന്റെ വീടിനു കിഴക്കുഭാഗത്തുള്ള ക്ഷേത്രത്തിന്റെ മുറ്റത്തുവച്ചാണ് തന്റെ വീടു പൊളിക്കാനുള്ള ആലോചനായോഗം തന്നെ നടന്നതെന്നും മഞ്ജു പറയുന്നുണ്ട്. നാമജപവുമായി സംഘമെത്തിയതും ഇതേ ക്ഷേത്രത്തില്‍ നിന്നു തന്നെ. മറ്റു വീട്ടുകാരും ഇന്നലത്തെ സംഭവത്തോടെ പരിഭ്രാന്തിയിലാണ്. അമ്മയും സഹോദരനും അപ്പച്ചിയുമാണ് മഞ്ജുവിന്റെ വീട്ടിലുള്ളത്. ഇനിയെപ്പോഴാണ് മരണവാര്‍ത്തയെത്തുക എന്നറിയില്ലല്ലോ എന്നും കളിയായി മഞ്ജു പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നതോടെ, സുരക്ഷയുണ്ടായിട്ടും ശബരിമലയിലെത്തിയ സ്ത്രീകളുടെ ജീവനുള്ള ഭീഷണി ശക്തമാകുകയാണ്.

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:

This post was last modified on January 29, 2019 11:42 am