X

മതം ഒരു ശാസ്ത്ര മ്യൂസിയമല്ല; കോണ്‍ഗ്രസ്സ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി മനുഅഭിഷേക് സിംഗ്വി ഉയര്‍ത്തിയ വാദങ്ങള്‍

പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചാരി സ്വഭാവവിശേഷത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പ്രായത്തിനുള്ളിലെ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

മതം ഒരു ശാസ്ത്ര മ്യൂസിയമല്ല. വിശ്വാസത്തിന്റെ പല ഘടകങ്ങളും അയുക്തികമാണ്. കോണ്‍ഗ്രസ്സ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ മനുഅഭിഷേക് സിംഗ്വി സുപ്രീം കോടതിയില്‍ പറഞ്ഞു.

പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചാരി സ്വഭാവവിശേഷത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പ്രായത്തിനുള്ളിലെ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദുമതില്‍ ഇതുപോലെ വ്യത്യസ്ഥമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ആരാധിക്കപ്പെടുന്ന നിരവധി പ്രതിഷ്ഠകളുണ്ട്. ആര്‍ട്ടിക്കിള്‍ 17 മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള മാറ്റി നിര്‍ത്തലുകളെയാണ് സൂചിപ്പിക്കുന്നത്. ഈ വിഷയത്തില്‍ അങ്ങനെയുള്ള മാറ്റി നിര്‍ത്തല്‍ ഇല്ല.

ഭരണഘടന ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് വിധി എങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 25 പരിഗണിക്കപ്പെടേണ്ടതാണ്. ഭരണഘടന ധാര്‍മ്മികത കണക്കിലെടുക്കുമ്പോള്‍ ഭക്തരുടെ വ്യക്തിപരമായ ധര്‍മികത കൂടി പരിഗണിക്കണം. മതത്തിന്റെ കാര്യത്തില്‍ ഭരണഘടന ധാര്‍മ്മികത പ്രയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഹിന്ദുമതം വലിയ വൈജാത്യങ്ങള്‍ ഉള്ള ഒരു മതമാണ്. മതപരമായ ഒരു രീതി സുപ്രധാനമാണ് എന്ന മട്ടില്‍ വിലയിരുത്തുന്നത് ശരിയായ സമീപനമല്ല.