X

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ തടഞ്ഞു; 29നു തന്നെ ഒഖി മുന്നറിയിപ്പ് നല്‍കിയെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നേരെ പാഞ്ഞടുത്ത ജനങ്ങള്‍ മൂന്നു മിനുട്ടോളം തടഞ്ഞു

ഒഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു വിഭാഗം മത്സ്യതൊഴിലാളികളുടെ ശക്തമായ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നേരെ പാഞ്ഞടുത്ത ജനങ്ങള്‍ മൂന്നു മിനുട്ടോളം തടഞ്ഞു. ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് മുഖ്യമന്ത്രി തിരിച്ചുപോയത്. വിഴിഞ്ഞത്ത് പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം റദ്ദാക്കി.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കടല്‍ത്തീരം കനത്ത പോലീസ് വലയത്തിലായിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ കലക്ടർ കെ. വാസുകിയും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ടായിരുന്നു. .
വരാന്‍ വൈകിയതന്തേ എന്നാക്രോശിച്ചു പാഞ്ഞെത്തിയ പ്രതിഷേധിക്കാരില്‍ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനിടെ പോലീസും ജനങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വൈകുന്നേരം ഏഴ് മണിയോടെ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിക്കുനേരേ കൈയേറ്റം ഉണ്ടാകുമായിരുന്നു.

പോലീസ് വലയത്തില്‍ ഏറെ കഷ്ടപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പള്ളിയില്‍ എത്താന്‍ കഴിഞ്ഞത്. അവിടെ വെച്ചു പള്ളി വികാരിയുമായി മുഖ്യമന്ത്രി സംസാരിച്ചു. തങ്ങളോടു സംസാരിക്കണം എന്ന ആവശ്യം ജനങ്ങള്‍ ഉന്നയിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. അതിനെ തുടര്‍ന്ന് ജനങ്ങള്‍ ബഹളം വെക്കുകയായിരുന്നു.

പിന്നീട് മുഖ്യമന്ത്രി മത്സ്യതൊഴിലാളികളോട് സംസാരിക്കാന്‍ തയ്യാറായതോടെയാണ് രോഷ പ്രകടനം അല്‍പം ഒന്നു ശമിച്ചത്. ഇതുപോലെയുള്ള ദുരന്തം ആദ്യമായാണ് സംസ്ഥാനം നേരിടുന്നതെന്നും സര്‍ക്കാര്‍ മത്സ്യതൊഴിലാളികളുടെ കൂടെ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സെന്റ് മേരീസ് പള്ളിയിൽ വച്ചാണ് മുഖ്യമന്ത്രി ജനങ്ങളെ കണ്ടത്.

ഇതിനിടെ ഒഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബര്‍ 29നു ഉച്ചയ്ക്ക് ശേഷം നല്കിയിരുന്നു എന്നു കേന്ദ്ര ഭൌമ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 27നു ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ഒഖി കേരളത്തിന്റെയും തെക്കന്‍ തമിഴ്നാടിന്റെയും തീരപ്രദേശങ്ങളും ലക്ഷദ്വീപും കടന്നു ഇപ്പോള്‍ സൂററ്റിന്റെ 1000 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറാണ് ഉള്ളത്. വടക്ക് കിഴക്ക് ഭാഗത്തേക്ക് നിണ്ങ്ങുന്ന ഒഖി സ്വാഭാവികമായി ദുര്‍ബലപ്പെടും എന്നും മന്ത്രി അറിയിച്ചു.

“29നു നല്‍കിയ ആദ്യ കലാവസ്ഥാ ബുള്ളറ്റിനില്‍ തന്നെ ന്യൂന മര്‍ദ്ദം ഒരു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത സൂചിപ്പിച്ചിരുന്നു. ഈ വിവരം ജില്ല അധികാരികളെയും, ദുരന്ത നിവാരണ അതോറിറ്റികളെയും, ചീഫ് സെക്രട്ടറിമാരെയും അറിയിച്ചിരുന്നു. ആ സന്ദേശത്തില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതു എന്ന കൃത്യമായ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്” ഹര്‍ഷ വര്‍ധന്‍ അറിയിച്ചു.

This post was last modified on December 4, 2017 9:42 am