X

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ മത്സ്യതൊഴിലാളികള്‍ തടഞ്ഞു; ഔദ്യോഗികവാഹനത്തില്‍ കയറാനായില്ല

ഇതുപോലെയുള്ള ദുരന്തം ആദ്യമായാണ് സംസ്ഥാനം നേരിടുന്നതെന്നും സര്‍ക്കാര്‍ മത്സ്യതൊഴിലാളികളുടെ കൂടെ ഉണ്ടെന്നും മുഖ്യമന്ത്രി

ഒഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്ന വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഒരു വിഭാഗം മത്സ്യതൊഴിലാളികള്‍ തടഞ്ഞു. ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് മുഖ്യമന്ത്രി തിരിച്ചുപോയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കടല്‍ത്തീരം കനത്ത പോലീസ് വലയത്തിലായിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ കലക്ടർ കെ. വാസുകിയും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ട്.

വരാന്‍ വൈകിയതന്തേ എന്നാക്രോശിച്ചു പാഞ്ഞെത്തിയ പ്രതിഷേധിക്കാരില്‍ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനിടെ പോലീസും ജനങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വൈകുന്നേരം ഏഴ് മണിയോടെ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്.

ഇതുപോലെയുള്ള ദുരന്തം ആദ്യമായാണ് സംസ്ഥാനം നേരിടുന്നതെന്നും സര്‍ക്കാര്‍ മത്സ്യതൊഴിലാളികളുടെ കൂടെ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സെന്റ് മേരീസ് പള്ളിയിൽ വച്ചാണ് മുഖ്യമന്ത്രി ജനങ്ങളെ കണ്ടത്.

ഒഖി: ഇനി കരയെത്തേണ്ടത് 92 പേര്‍; കടലില്‍ പോകുന്നത് തടയണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ല

This post was last modified on December 4, 2017 12:00 pm