X

ശബരിമല: ദര്‍ശനത്തിന് ആരെത്തിയാലും സംരക്ഷണം നല്‍കുമെന്ന് പോലീസ്; എന്തു വില കൊടുത്തും തടയാന്‍ പ്രതിഷേധക്കാര്‍

ചിത്തിരയാട്ടത്തിരുനാള്‍ പ്രത്യേക പൂജയ്ക്കായി ശബരിമല നടതുറക്കാന്‍ ഇനി രണ്ട് നാള്‍ മാത്രം

ചിത്തിരയാട്ടത്തിരുനാള്‍ പ്രത്യേക പൂജയ്ക്കായി ശബരിമല നടതുറക്കാന്‍ ഇനി രണ്ട് നാള്‍ മാത്രം. അമ്മമാരെ അണിനിരത്തി ബിജെപി ഭക്തരുടെ വലയം തീര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ നടതുറക്കുന്നതിന് രണ്ട് നാള്‍ മുമ്പെ മുന്‍കരുതലുമായി പോലീസും. ഇന്ന് വൈകിട്ട് ആറ് മുതല്‍ ശബരിമലയില്‍ നിരോധനാജ്ഞ നിലവില്‍ വരും. മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ആറാംതീയതി രാത്രി വരെ നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍,സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ബാധകമാവും.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരും അതിനനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും നിലപാട് കടുപ്പിച്ചതോടെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് പോലീസിന്റെ നീക്കം. രണ്ട് ദിവസം മുമ്പ് തന്നെ ശബരിമലയില്‍ പോലീസിനെ അണിനിരത്തും. നിരോധനാജ്ഞ പ്രഖ്യാപിച്ച സമയത്തിന് മുമ്പ് തന്നെ വിവിധയിടങ്ങളിലായി പോലീസിനെ വിന്യസിക്കും. മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം മുന്നില്‍ കണ്ടാണ് സംഘപരിവാറും സര്‍ക്കാരും പോലീസും പദ്ധതികളുമായി മുന്നോട്ട് പോവുന്നതെങ്കിലും അഞ്ചാം തീയതി നടതുറക്കുന്നത് മുതലുള്ള 29 മണിക്കൂര്‍ മൂന്ന് കൂട്ടര്‍ക്കും നിര്‍ണായകമാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സംഘമായി എത്തുന്ന പ്രതിഷേധക്കാരെ പമ്പയില്‍ നിന്നേ തടയാമെന്ന പ്രതീക്ഷയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പങ്കുവക്കുന്നത്. കഴിഞ്ഞ തവണ തുലാംമാസ പൂജക്കായി നടതുറന്നപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാനായിരുന്നില്ല. എന്നാല്‍ ഇത്തവണ പഴുതുകളടച്ചുള്ള സുരക്ഷാവ്യൂഹമാണ് സര്‍ക്കാരും പോലീസും ഒരുക്കുന്നത്. ദര്‍ശനത്തിന് ആരെത്തിയാലും സംരക്ഷണം നല്‍കുമെന്ന ഉറപ്പാണ് പത്തനംതിട്ട പോലീസ് മേധാവി ടി നാരായണന്‍ നല്‍കിയത്.

അയ്യായിരത്തിലധികം പോലീസുകാരെയാണ് ഇതിനായി ശബരിമലയില്‍ ചുമതലപ്പെടുത്തുക. വടശേരിക്കര, പമ്പ, നിലക്കല്‍, സന്നിധാനം എന്നീ പ്രദേശങ്ങള്‍ പോലീസ് സുരക്ഷാ മേഖലകളാക്കി. സന്നിധാനത്തെ സുരക്ഷ മേല്‍നോട്ട ചുമതല ഐജി പി വിജയനാണ്. പമ്പ മുതല്‍ നിലയ്ക്കല്‍ വരെയുള്ള പ്രദേശം ഐജി എം ആര്‍ അജിത്കുമാറിന്റെ നിന്ത്രണത്തിലായിരിക്കും. ഡിഐജി, എസ്പി, ഡിവൈഎസ്പി, എസ്പി, സിഐ, എസ്‌ഐ റാങ്കിലുള്ള പോലീസുകാരും വിവിധ ചുമതലകളുടെ നേതൃത്വത്തിലുണ്ടാവും.

എന്നാല്‍ പോലീസ് നടപടികള്‍ മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. ആയിരക്കണക്കിന് പ്രായം ചെന്ന സ്ത്രീകളെ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിച്ച് യുവതീപ്രവേശനം തടയാനാണ് ബിജെപിയുടെ നീക്കം. സംഘമായി എത്തുന്ന പുരുഷന്‍മാരെ തടഞ്ഞാലും ഇരുമുടിയുമായി എത്തുന്ന അമ്മമാരെ പോലീസിന് തടയാനാവില്ല എന്നതാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസം ബിജെപി നേതാവ് എം ടി രമേശ് പോലീസിനെ തുറന്ന് വെല്ലുവിളിക്കുകയും ചെയ്തു. അയ്യായിരം പോലീസിനെ നേരിടാന്‍ പതിനായിരം ‘അമ്മമാര്‍’ ഉണ്ടാവും എന്നാണ് എം ടി രമേശ് പറഞ്ഞത്. ശബരിമലയില്‍ ദര്‍ശനത്തിന് യുവതികളെത്തിയാല്‍ അവരെ പിന്തിരിപ്പിക്കാന്‍ ഈ ‘അമ്മമാര്‍’ക്കാവുമെന്ന പ്രതീക്ഷയാണ് രമേശ് മുന്നോട്ട് വച്ചത്. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ നേരിടുന്നതെങ്ങനെ എന്നത് സംബന്ധിച്ച് പോലീസില്‍ ഇപ്പോഴും അവ്യക്തതകള്‍ ഉണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന അറിവ്.

ബിജെപി ‘അമ്മമാരെ’ ഇറക്കി തന്ത്രം പയറ്റുമ്പോള്‍ സംസ്ഥാനമൊട്ടുക്കും നാമജപ യജ്ഞം സംഘടിപ്പിക്കാനാണ് ഹൈന്ദവ സംഘടനകളുടെ നീക്കം. 71 ഹിന്ദു സംഘടനകള്‍ ചേര്‍ന്ന അയ്യപ്പ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന രണ്ടാംഘട്ട സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. എന്‍എസ്എസ് ഉള്‍പ്പെടെ എണ്‍പത് സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. ഹൈന്ദവ സംഘടനകളും, സന്യാസിമാരും, പുരോഹിതരും, സമുദായ നേതാക്കളുമുള്‍പ്പെടെ പങ്കെടുത്ത സമ്മേളനത്തിലെടുത്ത തീരുമാനങ്ങള്‍ കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികല വിവരിച്ചിരുന്നു. നട തുറക്കുന്ന സമയം മുതല്‍ നടയടക്കുന്നത് വരെയുള്ള സമയം സംസ്ഥാനത്ത് ഇരുന്നൂറിടങ്ങളില്‍ അഖണ്ഡ നാമജപ യജ്ഞങ്ങള്‍ നടത്തും. എല്ലാ ജില്ലകളിലും പ്രാര്‍ഥനാ സഭ നടക്കും. ഒരു തരത്തിലും ആചാര ലംഘനമനുവദിക്കില്ല എന്നിവയാണ് യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍. ഇന്ന് കോട്ടയത്ത് ബിജെപിയുട നേതൃത്വത്തില്‍ ആചാരസംരക്ഷണ യജ്ഞം നടത്തുന്നതും യോഗത്തിലെ തീരുമാന പ്രകാരമാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് ഒരിഞ്ച് പുറകോട്ടില്ലെന്ന് സര്‍ക്കാര്‍ നലിപാടി വ്യക്തമാക്കിയതോടൊണ് സംഘപരിവാര്‍ സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കിയത്.

ശബരിമല: ഇരുഭാഗവും ഒരുക്കത്തില്‍; 5000 പോലീസുമായി സര്‍ക്കാര്‍; 10000 ‘അമ്മ’മാരുമായി ബിജെപി, എന്താകുമെന്ന് പറയാനാകില്ലെന്ന് കര്‍മ സമിതി

ശിവദാസന്റെ മരണം; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ആദ്യത്തെ കേസ് ഈ നേതാക്കള്‍ക്കെതിരെ തന്നെ വേണം

മുറിവില്‍ വിഷം പുരട്ടുന്ന ചാനല്‍ മുറിയിലെ ‘കോട്ടിട്ട ജഡ്ജി’മാര്‍ കേരളത്തോട് ചെയ്യുന്നത്

അയ്യപ്പഭക്തർ കരുതിയിരിക്കുക, അവർ ബലിദാനികൾക്കായുള്ള നെട്ടോട്ടത്തിലാണ്

ഇത് മനുഷ്യാവകാശവും വിശ്വാസവും തമ്മിലുള്ള യുദ്ധമാണ് / വീഡിയോ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on November 4, 2018 12:48 pm