X

വീണ്ടും സ്വകാര്യ ലാബിൽ സ്കാനിംഗ് പിഴവ്; രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി

രോഗ നിർണയത്തിൽ സ്വകാര്യ ലാബിന് സംഭവിച്ച പിഴവ് മൂലം ക്യാൻസർ ഇല്ലാത്ത രോഗിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ കീമോതെറാപ്പി നൽകിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തു നിന്നുള്ള ഈ വാര്‍ത്ത

സ്വകാര്യ ലാബിൽ സ്കാനിംഗ് പിഴവുമൂലം ഗർഭസ്ഥ ശിശുക്കൾ മരിച്ചതായി പരാതി. കുന്നത്തുകാൽ വില്ലേജിൽ ചെറിയ കൊല്ല സ്വദേശി നിഷയുടെ ഇരട്ട കുട്ടികളാണ് മരിച്ചത്. അമ്മയെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം രണ്ടു ശിശുക്കളെയും ഉടൻ പുറത്തെടുക്കും എന്ന് എസ്എടിയിലെ ഡോക്ടർമാർ അറിയിച്ചതായി നിഷയുടെ ഭർത്താവ് സുഭാഷ് പറഞ്ഞു.

പാറശാലയിലെ വിന്നീസ് സ്കാൻസിൽ നിന്നാണ് യുവതി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒന്നര മാസത്തിലും മൂന്നര മാസത്തിലും സ്കാനിങ് നടത്തിയത്. സ്കാനിംഗിൽ ഒരൊറ്റ കുട്ടി മാത്രമുള്ളതായാണ് ലാബ് റിപ്പോർട്ട് ചെയ്തിരുന്നത്. പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയിരുന്നത്. സ്കാനിങ്ങിൽ ഒരൊറ്റ കുട്ടി മാത്രമേയുള്ളൂവെന്നു മാത്രമല്ല കുട്ടി സുരക്ഷിതയാണെന്നും ലാബ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ അഞ്ചാം മാസത്തിൽ അസ്വസ്ഥതകൾ കടുത്തതോടെ മറ്റൊരു ലാബിൽ സ്കാനിംഗ് നടത്തിയപ്പോൾ ഇരട്ട കുട്ടികൾ ഉണ്ടെന്നും ഒരു കുട്ടി മരിച്ചതായും കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച റിസൾട്ട് ലഭ്യമായതോടെ ഈ ലാബ് അധികൃതർ ഉടൻതന്നെ എസ്എടി ആശുപത്രിയിൽ ചികിത്സ തേടാൻ നിർദേശിച്ചതിനെ തുടർന്ന് അവിടെയെത്തി വീണ്ടും സ്കാനിങ് നടത്തിയതോടെയാണ് രണ്ടാമത്തെ കുട്ടിയും മരിച്ചതായി കണ്ടെത്തിയത്.

വിന്നിസ് ലാബിനെതിരെ നിഷയുടെ സഹോദരന്‍ പ്രദീപ്കുമാര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പാറശ്ശാല താലൂക്ക് ആശുപത്രിയിൽ യുവതിയെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ പേരിൽ ഇതിനു മുൻപ് ധാരാളം പരാതികൾ ഉയർന്നിട്ടുണ്ട്. ഡോക്ടറുടെ അശ്രദ്ധ ശിശുക്കളുടെ മരണത്തിന് കാരണം ആയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ആവശ്യപ്പെടുമെന്നും ബന്ധുക്കൾ പറഞ്ഞു. സർക്കാർ പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ സ്കാനിങ് നടത്താൻ പാറശ്ശാല താലൂക്ക് ആശുപത്രിയും വിന്നീസ് ലാബും തമ്മിൽ കരാർ നിലനിൽക്കെയാണ് ഈ സംഭവം.

അതേസമയം ഗർഭാശയത്തിൽ ശിശുക്കൾ കിടന്നിരുന്ന സ്ഥാനത്തിലെ പ്രത്യേകതകൾ മൂലമാണ് ഇരട്ടക്കുട്ടികൾ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയാൻ കഴിയാതെ പോയതിന്റെ കാരണം എന്നാണ് വിന്നീസ് ലാബ് അധികൃതരുടെ വിശദീകരണം.

രോഗ നിർണയത്തിൽ സ്വകാര്യ ലാബിന് സംഭവിച്ച പിഴവ് മൂലം ക്യാൻസർ ഇല്ലാത്ത രോഗിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ കീമോതെറാപ്പി നൽകിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തു നിന്നുള്ള ഈ വാര്‍ത്ത.

Read More: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണം, തെറ്റായ കീമോതെറാപ്പി: എന്തുകൊണ്ട് മെഡിക്കൽ ഓംബുഡ്സ്മാൻ അനിവാര്യം

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:

This post was last modified on June 9, 2019 2:08 pm