X

കോണ്‍വെന്‍റില്‍ വിദ്യാര്‍ത്ഥിനികളെ പട്ടിണിക്കിട്ട നടപടി; കന്യാസ്ത്രീകള്‍ക്കെതിരെ കേസ്

വാർഷിക പരീക്ഷയും എസ്എസ്എൽസി വിദ്യാർഥികളുടെ മോഡൽ പരീക്ഷയും അടുത്തിരിക്കുന്ന സമയമായതിനാൽ മാർച്ച് 31 വരെ ക്രൈസ്റ്റ് കോൺവെന്റിൽ തന്നെ സുരക്ഷിത താമസ സൗകര്യം കുട്ടികൾക്ക്‌ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി

പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ്‌ കോൺവെന്റിലെ വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പട്ടിണിക്കിടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കന്യാസ്ത്രീകള്‍ക്കെതിരെ നിയമ നടപടി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പൊലീസാണ് സിസ്റ്റർ അമ്പികയ്ക്കും സിസ്റ്റർ ഡെൻസിയ്ക്കുമെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.

വാർഷിക പരീക്ഷയും എസ്എസ്എൽസി വിദ്യാർഥികളുടെ മോഡൽ പരീക്ഷയും അടുത്തിരിക്കുന്ന സമയമായതിനാൽ മാർച്ച് 31 വരെ ക്രൈസ്റ്റ് കോൺവെന്റിൽ തന്നെ സുരക്ഷിത താമസ സൗകര്യം കുട്ടികൾക്ക്‌ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി അറിയിച്ചു. വിദ്യാർത്ഥിനികളുടെ കെയർ ടേയ്ക്കർ ആയിരുന്ന സിസ്റ്റർ അമ്പികയെ പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും, പകരം ക്രൈസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ മാർച്ച് 31 വരെ കെയർ ടേയ്ക്കർ പദവിയിലേക്ക് നിയോഗിച്ചതായും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി. ഇന്നലെ ചൈൽഡ് വെൽഫയർ കമ്മറ്റി (സിഡബ്ള്യുസി)യുടെയും ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റി(ഡിസിപിയു)ന്റെയും പ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പെൺകുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാന്‍ മാർച്ച് 31വരെ കോൺവെന്റിൽ താമസിക്കാന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാൽ, അത്തരം നടപടികൾ സ്വീകരിക്കുന്നത് വഴി പ്രതികൾ നിയമ സാധ്യതകൾ എല്ലാം ഉപയോഗപ്പെടുത്തുമെന്നും മുൻകൂർ ജാമ്യം തേടുകയോ ഒളിവിൽ പോവുകയോ ചെയ്യാൻ സാധ്യത ഏറെയാണെന്നും ആരോപിച്ച് ചില സാമൂഹിക കൂട്ടായ്മകൾ മുന്നോട്ട് വരുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ്‌ ഗേൾസ് കോൺവെന്റിൽ ഏഴു മുതൽ പതിനഞ്ചു വരെ പ്രായമുള്ള ഇരുപത് പെൺകുട്ടികൾക്ക് കോൺവെന്റ് വിട്ട് പുറത്തുകടക്കേണ്ടി വന്നത്. പുഴുവുള്ള ഭക്ഷണം തങ്ങളെ നിർബന്ധിച്ചു കഴിപ്പിക്കാറുണ്ടെന്നും നിസ്സാര വിഷയങ്ങളെച്ചൊല്ലി ശാരീരിക പീഡനമേൽക്കേണ്ടിയും വരാറുണ്ടെന്നും പെൺകുട്ടികൾ പൊലീസിനോടും നാട്ടുകാരോടും വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഇരുപത് പെൺകുട്ടികളുടെ മൊഴി എടുത്തതായും, പുതിയ തീരുമാനങ്ങൾ പ്രകാരം കുട്ടികൾ കോൺവെന്റിൽ സുരക്ഷിതരാണ് എന്നും ചൈൽഡ് വെൽഫയർ കമ്മറ്റി അറിയിച്ചു.

“പരീക്ഷാ കാലമായതിനാൽ പെട്ടന്നുള്ള താമസം മാറ്റം പഠനത്തെ ബാധിക്കുമെന്നതിനാലാണ് കോൺവെന്റിൽ തന്നെ താമസിക്കുവാൻ കുട്ടികളോട് ആവശ്യപ്പെട്ടത്. അവരുടെ അഭിപ്രായവും അതുതന്നെയായിരുന്നു. പരാതിപ്രകാരം കുട്ടികളുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന സിസ്റ്റർ അമ്പികയെ പദവിയിൽ നിന്നും മാറ്റുകയും പകരം സ്കൂൾ പ്രിൻസിപ്പൽ ചുമതലയേൽപ്പിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങൾ കടവന്ത്ര പോലീസിന്റെ നേതൃത്വത്തിൽ ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മോണിറ്ററിംഗ് നടത്താനുള്ള തീരുമാനവുമുണ്ട്. മാർച്ച് 31 വരെയുള്ള ദിവസങ്ങളിൽ കുട്ടികൾക്ക് വീണ്ടും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ ഉടൻതന്നെ ബന്ധപ്പെടേണ്ട ആളുകളുടെ ഫോൺനമ്പറും അവർക്ക് നൽകിയിട്ടുണ്ട്. നിലവിൽ കുട്ടികളുടെ സംരക്ഷണ ചുമതല ക്രൈസ്റ്റ് കിംഗ്‌ കോൺവെന്റ് അധികൃതർക്ക് തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. കുട്ടികളുടെ മൊഴി പ്രകാരം കുറ്റാരോപിതരായ സിസ്റ്റർമാർക്കെതിരെ ജെ.ജെ ആക്ട് പ്രകാരം പോലീസ് കേസും ചാർജ് ചെയ്തിട്ടുണ്ട്.”

ഭക്ഷണത്തില്‍ പുഴുവാണെങ്കിലും കഴിപ്പിക്കും; പെൺകുട്ടികൾ കോൺവെന്റ് വിട്ടിറങ്ങിയത് പീഡനങ്ങള്‍ സഹിക്കവയ്യാതെ

എന്നാൽ, സിസ്റ്റർമാർക്കെതിരെയുള്ള നിയമനടപടികൾ വൈകുന്നതിന് പിന്നില്‍ പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴി പൊലീസ് ഒരുക്കിക്കൊടുക്കുകയാണെന്ന് കൾച്ചറൽ ഫോറമായ ‘നിലാവി’ലെ പ്രതിനിധികൾ ആരോപിച്ചു. കോൺവെന്റ് വിഷയം സമൂഹമാധ്യമങ്ങൾക്ക് മുൻപിൽ കൊണ്ടുവന്നത് മുതൽ അന്വേഷണത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ നിലാവിൽ ഭാരവാഹികൾ പെൺകുട്ടികൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയാണ്. നിലാവ് എറണാകുളം ജില്ലാ ഭാരവാഹി ഓർമിയ പതക്, സംസ്ഥാന ഭാരവാഹികളായ ഗംഗ ശങ്കർ പ്രകാശ്, ഷഫീക്ക് തമ്മനം എന്നിവർ കഴിഞ്ഞ ദിവസങ്ങളില്‍ പെൺകുട്ടികളെ പിന്തുണച്ചുകൊണ്ട് മുന്‍പിലുണ്ടായിരുന്നു.

“ലഭ്യമായ വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത് പൊലീസിന് മൊഴി നൽകിയ 20 പെൺകുട്ടികളും കോൺവെന്റ് അധികൃതർക്ക് എതിരായി തന്നെ ഉറച്ചു നിൽക്കുന്നു എന്നതാണ്. എന്നിട്ടും അറസ്റ്റ് വൈകുന്നതിലെ അസ്വാഭാവികതയാണ് സംശയിക്കേണ്ടത്. അറസ്റ്റ് വൈകുന്തോറും പ്രതികൾക്ക് ഒളിവിൽ പോകാനോ ജാമ്യമെടുക്കാനോ കഴിയും. കോൺവെന്റിനെതിരെ കഴിഞ്ഞ വർഷം ആഗസ്റ്റ് 25ന് ഇത്തരം പരാതികൾ ഉയർന്നിരുന്നതായും ചൈൽഡ് ലൈൻ വഴി അറിയാൻ സാധിച്ചിരുന്നു. കുട്ടികളോട് അപമര്യാദയായി സംസാരിക്കുന്നെന്നും മാനസിക പീഡനങ്ങൾ അടിച്ചേല്പിക്കുന്നു എന്നുമായിരുന്നു അന്നും പരാതിയുണ്ടായിരുന്നത്. എന്നാൽ, പോലീസിൽ കേസ് രജിസ്റ്റർ ചെയ്യാനോ വിവരങ്ങൾ കൈമാറാനോ ചൈൽഡ് ലൈൻ ശ്രമിച്ചിരുന്നില്ല എന്നാണ് കടവന്ത്ര പോലീസ് പറഞ്ഞത്. മാത്രമല്ല, ഇപ്പോൾ പ്രതി ചേർക്കപ്പെട്ട രണ്ടു സിസ്റ്റർമാരിൽ ഒരാൾ കുട്ടികൾക്കൊപ്പം കോൺവെന്റിൽ തന്നെയുണ്ട് എന്നതും ആശങ്കാവഹമാണ്. ആവശ്യമായ തെളിവുകളും മൊഴികളും ലഭ്യമായിട്ടും നടപടികൾ വൈകുന്നതിന് പിന്നിലെ തന്ത്രങ്ങൾ എന്താണെങ്കിലും അത് പെൺകുട്ടികൾക്ക് വീണ്ടും ദുരിതത്തിലേക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നത്.” നിലാവ് സംസ്ഥാന ഭാരവാഹികളായ ഷഫീക്ക്, ഗംഗ ശങ്കർ പ്രകാശ്‌ എന്നിവർ പ്രതികരിച്ചു.

നിയമ നടപടികൾ നടന്നു കൊണ്ടിരിക്കുന്നതായും ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകരം രണ്ട് സിസ്റ്റർമാർക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും കടവന്ത്ര പോലീസ് പറഞ്ഞു. നിലവിൽ പെൺകുട്ടികൾ സുരക്ഷിതരാണെന്നും മുൻവർഷങ്ങളിൽ കോൺവെന്റിനെതിരായ പരാതികൾ ലഭിച്ചിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:

This post was last modified on February 13, 2018 12:30 pm