X

കുടുംബ സ്വത്തിലെ മരം മുറിയ്ക്കുന്നതിലെ തര്‍ക്കം നയിച്ചത് അരുംകൊലയിലേക്ക്

കൊല നടത്തിയതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി

അങ്കമാലി കൂട്ടക്കൊലപാതകം സ്വത്ത് തർക്കത്തെ തുടർന്ന്. കൊല നടത്തിയതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അങ്കമാലി മൂക്കന്നൂർ എരപ്പ് അറയ്ക്കലിൽ ശിവൻ, ഭാര്യ വത്സ, ഇവരുടെ മകൾ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ ഇളയ സഹോദരൻ ബാബുവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്വത്ത് തർക്കം കൊലപാതകത്തിലേക്ക് നീളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്മിതയുടെ ഇരട്ട കുട്ടികൾക്കും പരിക്കേറ്റിരുന്നു. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
കുടുംബ വീട്ടിൽ നിൽക്കുന്ന മരങ്ങൾ വിൽക്കാനായി കച്ചവടക്കാരനേയും കൂട്ടിയാണ് ബാബു അറയ്ക്കൽ വീട്ടിലെത്തിയത്‌. മരിച്ചു പോയ അമ്മ മരം വെട്ടാനുള്ള അനുവാദം തന്നിരുന്നതായി ബാബു വാദിച്ചു. എന്നാൽ രേഖകളുമായി വന്നിട്ട് വെട്ടിക്കൊള്ളാനായിരുന്നു ശിവൻ പറഞ്ഞത്. പിന്നീട് തർക്കം ഉടലെടുക്കുകയും അത് രൂക്ഷമാവുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന കൊടുവാൾ കൊണ്ട് ബാബു ആദ്യം വെട്ടിയത് വത്സയെയാണ്. ഇത് തടുക്കാൻ ചെന്ന സ്മിതയേയും ശിവനേയും ഇയാൾ വെട്ടുകയായിരുന്നു.

കൊടുവാൾ എടുത്തപ്പോൾ തന്നെ ബാബുവിനൊപ്പം വന്ന മരക്കച്ചവടക്കാരൻ അയാളെ തടഞ്ഞു. എന്നാൽ ബാബു അതിന് വഴങ്ങിയില്ല. ശിവന്റെ കഴുത്തിൽ കൊടുവാൾ വച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷം ഇയാൾ വത്സയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ശിവൻ വെട്ടേറ്റപ്പോൾ റോഡിലേക്കിറങ്ങിയോടി. ബാബു ഇയാളുടെ പുറകെ ചെന്ന് വീണ്ടും വെട്ടി. മൂന്ന് പേരുടേയും മരണം ഉറപ്പിച്ചതിന് ശേഷം മറ്റൊരു സഹോദരനായ ഷിബുവിന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബാബു അവർ ജോലി ചെയ്യുന്ന മൂക്കന്നൂരിലെ അക്ഷയ സെന്ററിൽ ചെന്നിരുന്നു. എന്നാൽ അവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.

അങ്കമാലി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

This post was last modified on February 13, 2018 7:59 am