X

“അച്ഛന്‍ ഒരു സവര്‍ണനായിരുന്നെങ്കില്‍ സ്മൃതിമണ്ഡപങ്ങളുയര്‍ന്നേനെ”; വൈക്കം സത്യഗ്രഹ നായകനായ ആമചാടി തേവനെ മറക്കുക മാത്രമല്ല, ആ പുലയ നേതാവിന്റെ കല്ലറയും മണ്ണും കയ്യേറുക കൂടി ചെയ്തു

തീണ്ടല്‍ പലകയുടെ അതിര്‍ത്തി ലംഘിച്ചവരുടെ കൂട്ടത്തില്‍ തേവനുമുണ്ടായിരുന്നു. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത തേവനെ ക്ഷേത്രത്തില്‍ കയറി 'അശുദ്ധ'മാക്കിയതിന് കോടതി ശിക്ഷിച്ചു

വേമ്പനാട് കായലിന് നടുവിലാണ് ആമചാടി തുരുത്ത്. ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപിനും എറണാകുളം ജില്ലയിലെ പൂത്തോട്ടയ്ക്കും നടുവിലെ ഏഴ് തുരുത്തുകളിലൊന്ന്. ആമകള്‍ കായലിലേക്ക് ചാടിയിറങ്ങുന്നതും കരയിലേക്ക് ചാടിക്കയറുന്നതുമായ പതിവ് കാഴ്ചയില്‍ നിന്നാവും ആമചാടി തുരുത്ത് എന്ന പേര് ലഭിച്ചിട്ടുണ്ടാവുക എന്നാണ് തുരുത്ത് നിവാസികളുടെ അറിവ്. ഒരു കാലത്ത് ഊരുംപേരും അറിയാതിരുന്ന ശവശരീരങ്ങള്‍ മറവ് ചെയ്തിരുന്നത് ഇവിടെയായിരുന്നു. അത്തരത്തില്‍ ശവപ്പറമ്പായി മാറിയ ആമചാടിയുടെ ഉള്ളിലേക്ക് ചെന്നാല്‍ ആകെ പച്ച പൂപ്പല്‍ പടര്‍ന്ന കല്‍ത്തറ കാണാം. കാഴ്ചയില്‍ തന്നെ അത് ആരുടെയോ കല്ലറയാണ് എന്നു വ്യക്തം. കല്ലറ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. അതിന് കുറച്ചടുത്തായി ഓട് പാകിയ പഴയ വീട്. വീടിന്റെ വാതില്‍ അടര്‍ന്ന് പോയി ആ സ്ഥലം ശൂന്യമാണ്. തറ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ചുമരില്‍ പലയിടത്തും പൊട്ടലുകള്‍. ആമചാടി തുരുത്ത് നിവാസികള്‍ക്ക് പോലും അവിടേക്കെത്തിപ്പെടാന്‍ പ്രയാസമാണ്. അത്രത്തോളം കാട് പിടിച്ച്, ഉപയോഗശൂന്യമായി കിടക്കുന്ന വീടും പറമ്പും. ഈ കല്ലറ ആരുടെയാണ്? അതിന് മുകളില്‍ ഒരു പേര് എഴുതിയിട്ടുണ്ട്. എന്നാല്‍ അതിപ്പോള്‍ ഏറെക്കുറെ മാഞ്ഞ അവസ്ഥയിലാണ്. ആമചാടിയിലെത്തി സംസ്‌ക്കരിക്കപ്പെട്ട ഏതോ ഒരു അജ്ഞാതന്റെയല്ല അത്. കേരളത്തിലെ ചരിത്രരേഖകള്‍ കീഴാളര്‍ക്കും ഇടം നല്‍കിയിരുന്നെങ്കില്‍ ഈ കല്ലറയും വീടും ഇന്ന് ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെട്ടിരിക്കും. ഇത് ഒരു പോരാളിയുടെ കല്ലറയാണ്. വൈക്കം സത്യഗ്രഹ സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന പുലയനായ ആമചാടി തേവന്‍ അന്ത്യവിശ്രമം കൊള്ളുന്നയിടം. അതിനടുത്തായി കാണുന്നത് തേവന്‍ മരിക്കുന്നത് വരെ താമസിച്ചിരുന്ന വീടും.

കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടിയ തേവന്റെ കല്ലറയും വീടും ഇന്ന് നാശത്തിന്റെ വക്കിലാണ്. ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടേണ്ട തേവന്റെ അവശേഷിപ്പുകള്‍ ഇന്ന് ആമചാടിയിലെ ഒരു കോണില്‍ അനാഥമായി കിടക്കുകയാണ്. തേവന്റെ അനന്തരാവാശികള്‍ക്ക് പോലും ഇന്ന് ഈ ഭൂമിയിലേക്ക് പ്രവേശിക്കാനാവില്ല. കാരണം തേവന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ഭൂമി ഇന്ന് തേവനോ തേവന്റെ അനന്തരാവകാശികള്‍ക്കോ സ്വന്തമല്ല. വീടും കല്ലറയും നില്‍ക്കുന്ന നാല്‍പ്പത് സെന്റ് ഭൂമി തങ്ങളുടേതെന്ന് സ്ഥാപിക്കാനും സംരക്ഷിക്കാനും തേവന്റെ മകന്‍ കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. ചരിത്രസ്മാരകമായി സൂക്ഷിക്കേണ്ട വീടും കല്ലറയും അടങ്ങുന്ന 40 സെന്റ് ഭൂമി സ്വകാര്യ വ്യക്തി കൃത്രിമരേഖകള്‍ ചമച്ച് കൈക്കലാക്കിയതോടെ സംരക്ഷിക്കപ്പെടാതെ കാടുകയറി നശിക്കുന്ന തേവന്റെ കല്ലറയും വീടും തിരികെ ലഭിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തേവന്റെ മകന്‍ നല്‍കിയ പരാതികള്‍ വര്‍ഷങ്ങളായി തീര്‍പ്പാവാതെ കിടക്കുകയാണ്. ആമചാടി തേവന്‍ എന്ന ദളിത് നേതാവിന് ഇതിലും വലിയ ഒരു അവഗണന നല്‍കാനാവില്ലെന്ന് മകന്‍ ടി.കെ പ്രഭാകരന്‍ പറയുന്നത് അത്യധികം വേദനയോടെയാണ്. “എന്റെ അച്ഛന്‍ ഒരു പുലയനായതുകൊണ്ടാണ്, അതാണ് ഈ അവഗണന. വൈക്കം സത്യഗ്രഹ സമര നേതാവ് എന്ന് എല്ലാവരും പറയുന്നുണ്ട്. പക്ഷെ എല്ലാവരേയും ആഘോഷിക്കുകയും ആദരിക്കുകയും ചെയ്തപ്പോള്‍ പുലയന്‍ തേവനെ മാത്രം എല്ലാവരും മറന്നു. എവിടെയും അച്ഛനില്ല. ഈ കല്ലറയും വീടും പോലും ഇനി എത്രകാലം ഉണ്ടാവുമെന്നറിയില്ല. ആദരിക്കണ്ട, ബഹുമാനിക്കണ്ട, സ്മൃതിമണ്ഡപവും വേണ്ട, എന്നാല്‍ അവഗണിക്കാതിരുന്നൂടേ”, തേവന്റെ ഇളയമകനായ പ്രഭാകരന്‍ ചോദിക്കുന്നു.

2005 വരെ ആമചാടി തുരുത്തിലെ ഭൂമിയും വീടും തേവന്റെ അനന്തരാവകാശികള്‍ക്ക് സ്വന്തമായിരുന്നു. എന്നാല്‍ പിന്നീട് അത് സ്വകാര്യവ്യക്തിയുടെ കൈകളിലേക്കെത്തിച്ചേര്‍ന്നു. വ്യാജ പട്ടയം ഉണ്ടാക്കി സ്വകാര്യ വ്യക്തി ഭൂമി തട്ടിയെടുക്കുകയായിരുന്നു എന്ന് തേവന്റെ മക്കള്‍ പറയുന്നു. വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന പ്രഭാകരന്‍ താന്‍ വിരമിച്ചതിന് ശേമുള്ള ജീവിതത്തില്‍ ഏറിയ പങ്കും ചെലവഴിച്ചത് ഭൂമി തിരികെ തേവന് സ്വന്തമായി ലഭിക്കുന്നതിനായി ഓഫീസുകള്‍ കയറിയിറങ്ങാനാണ്. നിലവില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന സ്വകാര്യ വ്യക്തി പ്രഭാകരന്‍ അടക്കമുള്ള തേവന്റെ കുടുംബാംഗങ്ങള്‍ ഇവിടേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് കോടതി ഉത്തരവും സമ്പാദിച്ചു.

തേവന്റെ വീടും കല്ലറയും അടങ്ങുന്ന ഭൂമി 2005ല്‍ കുട്ടാംപറമ്പില്‍ കുര്യാക്കോസിന്റെയും ഭാര്യ തങ്കമ്മയുടേയും പേരിലേക്ക് മാറ്റിയതായി റവന്യൂ രേഖകള്‍ വ്യക്തമാക്കുന്നു. ഇതേ വര്‍ഷം തന്നെ കുര്യാക്കോസും തങ്കമ്മയും ഈ ഭൂമിയിലെ കല്ലറയും വീടും ഉള്‍പ്പെടുന്ന 20 സെന്റ് സ്ഥലം മകന്‍ മനോജിന്റെയും സാലിയുടേയും പേരിലേക്ക് എഴുതി നല്‍കിയതായും രേഖകളുണ്ട്. എന്നാല്‍ ഇത് എങ്ങനെ ഇവരുടെ കൈവശം എത്തിയെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. കണയന്നൂര്‍ താലൂക്കിലെ മണക്കുന്നം വില്ലേജിലാണ് ആമചാടി തുരുത്ത്. ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് ലഭിച്ചത് സംബന്ധിച്ച് മണക്കുന്നം വില്ലേജ് ഓഫീസറുടെ വിശദീകരണം ഇങ്ങനെയായിരുന്നു, “തൃപ്പൂണിത്തറ റീസര്‍വേ സൂപ്രണ്ടിന്റെ 2005ലെ ഉത്തരവ് പ്രകാരമാണ് കുട്ടാംപറമ്പില്‍ കുര്യാക്കോസിനും ഭാര്യ തങ്കമ്മക്കും ഭൂമി കൈമാറിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇപ്പോഴും കേസ് നിലനില്‍ക്കുകയാണ്. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ 2010-11 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വസ്തുവിന്റെ ഭൂനികുതി സ്വീകരിക്കുന്നില്ല.”

തേവന്റെ മക്കളായ നാരായണന്‍, വേലപ്പന്‍, പ്രഭാകരന്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന ഭൂമിയാണിത്. രേഖകളില്‍ കൃത്രിമം നടത്തിയാണ് സ്വകാര്യവ്യക്തികള്‍ ഭൂമി കൈക്കലാക്കിയതെന്ന് പ്രഭാകരന്‍ റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പ്രഭാകരന്‍ തെളിവുകളോ ഭൂമി സംബന്ധമായ രേഖകളോ ഹാജരാക്കിയില്ലെന്ന് റവന്യൂ അധികൃതര്‍ പറയുന്നു. എന്നാല്‍ തേവന് വൈക്കം സത്യഗ്രഹ നേതാവ് ടി.കെ മാധവന്‍ ഇടപെട്ട് ലഭിച്ച ഭൂമിയാണിതെന്ന് പ്രഭാകരന്‍ പറയുന്നു. “വൈക്കം സത്യഗ്രഹ നേതാക്കള്‍ക്കൊപ്പം തേവനും അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ആമചാടിയില്‍ കുടിലിന്റെ തറ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയെല്ലാം നശിപ്പിക്കപ്പെട്ടു. ഈ വിവരമറിഞ്ഞെത്തിയ ടി കെ മാധവന്റെ ഇടപെടലിലൂടെയാണ് തേവന് ഒരേക്കര്‍ ഭൂമി പതിച്ച് കിട്ടിയത്. അച്ഛന്റെ കൂട്ടുകാരന്‍, കുഞ്ഞിനാദിക്ക് അതിലെ അമ്പത് സെന്റ് സ്ഥലം അച്ഛന്‍ തന്നെ കൊടുത്തു. ഇടപ്പള്ളി രജിസ്റ്റര്‍ ഓഫീസില്‍ ഇത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നീട് ഒരു പത്ത് സെന്റ് പൂത്തോട്ട കോവിലകത്തെ പുരുഷന്റെ ഭാര്യക്കും നല്‍കി. ബാക്കിയുള്ള നാല്‍പ്പത് സെന്‍റാണ് ഇപ്പോഴുള്ളത്. 1972ല്‍ പട്ടികജാതിക്കാര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള ധനസഹായം ലഭിച്ചു. കൃഷ്ണകുമാര്‍ എന്ന കളക്ടര്‍ ആണ് 2000 രൂപ അതിനായി അനുവദിച്ചത്. ആ പണം കൊണ്ടുണ്ടാക്കിയ വീടാണ് ഇന്ന് അവിടെയുള്ളത്. കൂട്ടത്തില്‍ അച്ഛന്റെ കല്ലറയും. അച്ഛന്റെ പേരില്‍ ആകെയുള്ള സ്മൃതിമണ്ഡപമാണ് അത്. അതും ഇല്ലാതാക്കി അച്ഛനെ പൂര്‍ണമായും ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാനാണ് പലരും ശ്രമിക്കുന്നത്. സമൂഹം തിരിച്ചറിഞ്ഞില്ലെങ്കിലും അച്ഛന്റെ സ്മൃതികള്‍ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. 76-ാം വയസ്സിലും ഞാന്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത് അതിന് വേണ്ടിയാണ്. എന്റെ വീട്ടില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന ഫയലുകളും പേപ്പറുകളുമെല്ലാം കൂടി രണ്ട് കിലോയെങ്കിലും വരും. ഞാന്‍ ഒരു പുലയനായതുകൊണ്ടാണ് എനിക്ക് നീതി നിഷേധിക്കപ്പെടുന്നത്. അച്ഛന്‍ ഒരു പുലയനല്ല, മറിച്ച് സവര്‍ണനായിരുന്നെങ്കില്‍ ഇന്ന് വലിയ സ്മൃതിമണ്ഡപങ്ങളുയര്‍ന്നേനെ. ചരിത്രമെഴുത്തുകള്‍ വന്നേനെ. അച്ഛന്റെ കല്ലറ ആകെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. അതിലെഴുതിയ ‘ആമചാടി തേവന്‍’ എന്ന പേരും, ജനന-മരണ വിവരങ്ങളും മാഞ്ഞുപോയി.”

ആരാണ് ആമചാടി തേവന്‍?

പെരുമ്പളം ദ്വീപാണ് കണ്ണന്‍ തേവന്റെ ജന്മസ്ഥലം. വളരെ ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ തേവനെ പെരുമ്പളം കണ്ണേത്തുവീട്ടിലെ അച്ചുക്കുട്ടിയമ്മയാണ് വളര്‍ത്തിയത്. അച്ചുക്കുട്ടിയമ്മ മക്കള്‍ക്കൊപ്പം തേവനേയും എഴുത്തും വായനയും പഠിപ്പിച്ചു. വായനയിലൂടെ ജാതീയത തിരിച്ചറിഞ്ഞ തേവന്‍ പെരുമ്പളം ദ്വീപ് ഉപേക്ഷിച്ച് ആമചാടി തുരുത്തിലെത്തി കുടില്‍ കെട്ടി താമസം ആരംഭിച്ചു. പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്‌ക്കെത്തിയ ശ്രീനാരായണ ഗുരു തേവനെ നേരില്‍ വിളിച്ച് സംസാരിച്ചു. തേവനോടും തേവന്റെ പ്രവര്‍ത്തനങ്ങളോടും അസഹിഷ്ണുതയോടെയാണ് പ്രദേശത്തെ സവര്‍ണമേധാവികള്‍ പ്രതികരിച്ചത്. തേവന്‍ അവരോട് കലഹിച്ചുകൊണ്ടേയിരുന്നു. വൈക്കം സത്യാഗ്രഹത്തിന് തയ്യാറെടുത്തുകൊണ്ടിരുന്ന ടി കെ മാധവന്‍ പൂത്തോട്ടയിലെത്തി തേവനെ പരിചയപ്പെട്ടു. തേവനിലെ സമരപോരാളിയെ തിരിച്ചറിഞ്ഞതും ടി കെ മാധവനായിരുന്നു. ഈ ബന്ധം ചരിത്രത്തിലിടം നേടിയ ‘പൂത്തോട്ട കേസ്’-ലേക്കാണ് വഴിവച്ചത്. പൂത്തോട്ട ശിവക്ഷേത്രത്തിലേക്ക് തേവന്റെ കൈപിടിച്ച് ടി.കെ മാധവന്‍ നടന്നു കയറി. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ശിവക്ഷേത്രത്തില്‍ പടിഞ്ഞാറേ നടയിലൂടെ കയറി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കിഴക്കേ നടയിലൂടെ കടന്ന് പുറത്തേക്കിറങ്ങി. ഇതോടെ ക്ഷേത്രത്തിലുണ്ടായിരുന്ന സവര്‍ണസമുദായക്കാര്‍ പ്രകോപിതരായി. പോലീസ് കേസെടുത്തു. ആമചാടി തേവനേയും ടി.കെ മാധവന്‍, കോവിലകത്ത് കുട്ടായി, ആറുകണ്ടത്തില്‍ കേശവന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. രണ്ടര വര്‍ഷത്തോളം ഇവര്‍ ജയിലില്‍ കഴിഞ്ഞു. ഈ ക്ഷേത്രപ്രവേശനമാണ് വൈക്കം സത്യഗ്രഹത്തിന് തുടക്കം കുറിക്കുന്നത്. ജയില്‍ മോചിതരായവര്‍ നേരെ പോയത് വൈക്കം സത്യഗ്രഹ സമരക്കാര്‍ക്കിടയിലേക്കാണ്.

വൈക്കം ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചട്ടുള്ള തീണ്ടല്‍പ്പലക നീക്കം ചെയ്യുന്നതിനെകുറിച്ച് സമരനേതാക്കള്‍ ആലോചിക്കുകയും അതിനായി വൈക്കത്ത് അന്ന് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന പുലയരുടെ സംഘടനകളുമായി ആലോചിച്ച് പുലയരുടെ മഹായോഗം വിളിച്ച് കുട്ടൂകയും ചെയ്തു. യോഗതീരുമാന പ്രകാരം 1924 ഫെബ്രുവരിയില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനായി സമരം ചെയ്യുവാന്‍ തീരുമാനിച്ചു. എന്നാല്‍ സമരം പ്രഖ്യാപിച്ച തീയതിയില്‍ നിന്നും കോണ്‍ഗ്രസ്സ് നേതൃത്വം പിന്‍മാറി. ഫെബ്രുവരിയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സമരം പുലയ സമുദായ സംഘടനാ നേതാക്കളോട് ആലോചിക്കാതെ 1924 മാര്‍ച്ച് 30ന് ആരംഭിക്കാന്‍ തീരുമാനിക്കുകയും ഏപ്രില്‍ ഒന്ന് ആരംഭിക്കുകയും ചെയ്തു. 1924 മാര്‍ച്ച് 30ന് ആരംഭിച്ച വൈക്കം സത്യഗ്രഹത്തില്‍ തുടക്കം മുതലേ തേവന്‍ സജീവമായി പങ്കെടുത്തു. കെ പി കേശവമേനോന്‍ തേവനെ ഗാന്ധിജിയ്ക്ക് പരിചയപ്പെടുത്തി. അധഃസ്ഥിതര്‍ക്കിടയിലെ മദ്യപാനവും അനാചരങ്ങളും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗാന്ധിജി തേവനോട് നിര്‍ദ്ദേശിച്ചു. വൃത്തിയുള്ള വസ്ത്രം ധരിക്കാന്‍ ദളിതരെ ബോധ്യപ്പെടുത്തണമെന്നും ഓല കൊണ്ടുള്ള ആഭരണങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കണമെന്നും ഗാന്ധിജി തേവനെ അടുത്ത് വിളിച്ച് നിര്‍ദ്ദേശിച്ചു എന്ന് ചരിത്ര പഠനങ്ങള്‍ പറയുന്നു. ഒരിക്കല്‍ സത്യഗ്രഹപ്പന്തലില്‍നിന്ന് മടങ്ങുമ്പോള്‍ തേവന്റെയും സഹപ്രവര്‍ത്തകരുടെയും കണ്ണില്‍ സമരവിരോധികളായ ഇണ്ടംതുരുത്തി നമ്പൂതിരിയുടെ ഗുണ്ടകള്‍ ചുണ്ണാമ്പും കമ്മട്ടിപ്പാലും ചേര്‍ന്ന മിശ്രിതം കലക്കി ഒഴിച്ചതോടെ തേവന്റെ കാഴ്ച നഷ്ടമായി. പിന്നീട് ഗാന്ധിജി ഇടപെട്ട് വടക്കേ ഇന്ത്യയില്‍നിന്ന് എത്തിച്ചു നല്‍കിയ മരുന്നുപയോഗിച്ചാണ് ഭാഗികമായി തേവന്‍ കാഴ്ച വീണ്ടെടുത്തത്. കേസരിയുടെ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെടുത്തിയത്.

തീണ്ടല്‍ പലകയുടെ അതിര്‍ത്തി ലംഘിച്ചവരുടെ കൂട്ടത്തില്‍ തേവനുമുണ്ടായിരുന്നു. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത തേവനെ ക്ഷേത്രത്തില്‍ കയറി ‘അശുദ്ധ’മാക്കിയതിന് കോടതി ശിക്ഷിച്ചു. ജയിലില്‍ അടച്ച് തേവനെ വൈക്കം സത്യഗ്രഹം അവസാനിച്ചതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. വൈക്കം സത്യഗ്രഹവും സമരസേനാനികളും നേതാക്കളും ചരിത്രമായപ്പോള്‍ തേവനെ മാത്രം ആരും സ്മരിച്ചില്ല. ചരിത്രം മാറ്റി നിര്‍ത്തിയ തേവന്‍ ചില ചരിത്ര പഠനങ്ങളിലൂടെ മാത്രമാണ് വീണ്ടും സമൂഹത്തിലേക്കെത്തിയത്. ആമചാടി തേവനെ പ്രധാന കഥാപാത്രമാക്കി വൈക്കം ഷിബു രചിച്ച ‘വൈക്കം സത്യഗ്രഹം’ എന്ന നാടകം മാത്രമാണ് തേവന് ലഭിച്ച ആദരം. അതൊഴിച്ചാല്‍ വൈക്കം, പൂത്തോട്ട സമരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ആമചാടി തേവനെക്കുറിച്ച് സമരചരിത്രങ്ങളിലൊന്നും ചരിത്രകാരന്‍മാര്‍ കുറിച്ചില്ല.

കേരള സമൂഹം ആദ്യം മുതല്‍ കാട്ടിയ അവഗണനയുടെ തുടര്‍ച്ചയാണ് തങ്ങള്‍ ഇന്നും അനുഭവിക്കുന്നതെന്ന് പ്രഭാകരന്‍ പറയുന്നു. “തേവന്‍ പുലയാനായിരുന്നു. സവര്‍ണര്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ ഇതിനോടകം സ്മാരകമുയര്‍ന്നേനെ. ചരിത്ര പുസ്തകങ്ങളില്‍ കഥകള്‍ നിറഞ്ഞേനെ. എന്നാല്‍ പുലയനായ തേവനെ രേഖപ്പെടുത്താന്‍ ആരുമുണ്ടായിരുന്നില്ല. ഇന്നും ബാക്കിയുള്ള വീടും കല്ലറയും സംരക്ഷിക്കാന്‍ മക്കള്‍ക്ക് ഇത്രയും കഷ്ടപ്പെടേണ്ടി വരുന്നതും ഇതേ സമീപനത്തിന്റെ ഭാഗമാണ്. പട്ടികജാതിക്കാരായ തേവനും തേവന്റെ മക്കള്‍ക്കും നീതി ഇന്നും അന്യമാണ്.”

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on September 5, 2019 9:27 am