X

പുലയരുടെ രാജചരിത്രം രേഖപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതാരാണ്? പുലയനാര്‍കോട്ട സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കാളിപ്പുലയന്റെ മന്ത്രി ഈഴവ സമുദായത്തില്‍ നിന്നായിരുന്നുവെന്നും അക്കൌണ്ടന്റ് നായര്‍ സമുദായത്തില്‍ നിന്നായിരുന്നുവെന്നും വാമൊഴിയായി വന്ന ചരിത്രം നിരവധി പേര്‍ രേഖപ്പെടുത്തിയിട്ടുണ്ട്

“നമ്മുടെ ചരിത്രം അത് നശിപ്പിക്കാനുള്ളതാണല്ലോ… ആര്‍ക്കും എന്തും ചെയ്യാം. ആരും ചോദിക്കാനും പറയാനുമില്ല”, രോഷാകുലനായാണ് കുമാര്‍ പുലയനാര്‍കോട്ടയെ പറ്റി സംസാരിക്കാന്‍ തുടങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ പുലയനാര്‍കോട്ട എന്ന സ്ഥലം ഇന്ന് അവിടെ സ്ഥിതി ചെയ്യുന്ന വിവിധ വിദഗ്ധ ചികിത്സാകേന്ദ്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്, നെഞ്ചുരോഗാശുപത്രി, ക്ഷയരോഗാശുപത്രി, ദക്ഷിണ മേഖലാ എയര്‍ കമാന്റര്‍മാരുടെ വാസസ്ഥലം, കടകംപളളി ഹൗസിങ് കോളനി, ഹെല്‍ത്ത് സര്‍വീസ് സംഘം, മെഡിക്കല്‍ കോളേജിന്റെ കീഴില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി എന്നിവയാണ് പുലയാര്‍കോട്ടയിലെ പ്രധാന കേന്ദ്രങ്ങള്‍. എന്നാല്‍ 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുലയരാജാവായിരുന്ന കാളിപ്പുലയന്‍ രാജാവിന്റെ കോട്ടയായിരുന്നു ഇവിടം എന്ന് എത്ര പേര്‍ക്കറിയാം?

ആക്കുളം കായലിന് അടുത്തായി സ്ഥിതി ചെയ്യുന്ന പുലയനാര്‍കോട്ടയ്ക്ക് രേഖപ്പെടുത്താത്ത ഒരുപാട് ചരിത്രങ്ങള്‍ ഉണ്ട്. പുലയനാരുടെ കോട്ടയാണ് കാലപ്പഴക്കത്തില്‍ പുലയനാര്‍കോട്ടയായി മാറിയത്. പക്ഷേ ചാതുര്‍വര്‍ണ്യത്തിന്റെ കടന്നുവരവില്‍ ചരിത്രശേഷിപ്പുകള്‍ പോലും ബാക്കിവെക്കാനാവാത്ത വണ്ണം പുലയരാജവംശം വിസ്മൃതിയിലാവുകയായിരുന്നു.

“എങ്ങനെയാണ് ഈ സ്ഥലം പുലയരുടെ കൈയില്‍ നിന്ന് നഷ്ടമായി എന്നതിനെക്കുറിച്ച് തെളിവുകളില്ല. ഇന്ന് ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ വ്യക്തികളും സ്ഥലം കൈയടക്കി വെച്ചിട്ടുണ്ട്. പഴയ ഭ്രാന്താശുപത്രി പ്രവര്‍ത്തിച്ചിരുന്ന ഭാഗം ആര്‍സിസിക്ക് വിട്ടു കൊടുക്കാനൊരുങ്ങുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. പുലയനാര്‍കോട്ട പൂര്‍ണമായും ഇല്ലാതായാല്‍ പിന്നെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരിടമില്ലാതെയാകും”, ക്യാമറമാന്‍ സുജിത് ലാല്‍ പറയുന്നു.

പുലയരാജവംശത്തിന്റെ അവസാന കണ്ണിയായ കോതറാണിയുടെ പുലയ പ്രതാപത്തിന്റെ പ്രതീകമായ കൊക്കോതമംഗലം കോട്ടയുടെ ചരിത്രാവശിഷ്ടങ്ങള്‍ നെടുമങ്ങാട്ടുനിന്നും മൂന്ന് കിലോമീറ്റര്‍ അകലെ ഉഴമലയ്ക്കലാണുള്ളത്. കോതറാണിയുടെ കോട്ടയും നശിച്ച നിലയിലാണ്. “കോതറാണി, കാളിപ്പുലയന്‍ തുടങ്ങിയ മിത്തുകള്‍ വളരെ പ്രചാരത്തിലുള്ളതാണ്. അത് മിത്തിനുപരി സത്യമാകാനാണ് സാധ്യത. പുലയനാര്‍കോട്ട എന്ന പേര് തന്നെ അത് സൂചിപ്പിക്കുന്നുണ്ട്. പക്ഷേ വേണ്ടത്ര ചരിത്ര പഠനങ്ങളൊന്നും അവിടെ നടന്നിട്ടില്ല”, റിട്ടയേര്‍ഡ് ആര്‍ക്കിയോളജിസ്റ്റ് ഹേമചന്ദ്രന്‍ അഭിപ്രായപ്പെടുന്നു.

‘വേളിക്കടുത്ത് ഒരു മലയിലുള്ള, 60-70 അടി ഉയരത്തില്‍ നിരപ്പായ തറയും അതിന് ചുറ്റിനും മണ്ണ് കൊണ്ടുള്ള വന്‍മതിലും കിടങ്ങും ആഴമേറിയ കിണറുമുള്ള കാടുമൂടിയ പ്രദേശമാണ് പുലയനാര്‍ കോട്ട’– 1883-ല്‍ സാമുവേല്‍ മറ്റീര്‍ രചിച്ച ‘നേറ്റീവ് ലൈഫ് ഓഫ് ട്രാവന്‍കൂര്‍’ എന്ന പുസ്തകത്തില്‍ പുലയനാര്‍കോട്ടയെ കുറിച്ച് സൂചിപ്പിക്കുന്നതിങ്ങനെയാണ്.

പുലയനാര്‍കോട്ട ക്ഷയരോഗ ആശുപത്രിക്ക് പടിഞ്ഞാറായി ഉള്ള കിണറില്‍ പുലയരാജവംശത്തിന്റെ ചരിത്രത്തിന്റെ തെളിവുകള്‍ മൂടിയിട്ടിരിക്കുന്നുണ്ടെന്നും ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

“പുലയരുടെ ചരിത്രമായി ഇന്ന് എല്ലാവരും പഠിക്കുന്നതും അറിയുന്നതും അടിമവേലയും, പല നവോത്ഥാന സമരങ്ങളുമാണ്. പുലയരുടെ പ്രതാപകാലത്തെക്കുറിച്ച് പുലയനാര്‍കോട്ടയും ഉഴമലക്കലും പോലുള്ളവ മാത്രമേ ബാക്കി നില്‍ക്കുന്നുള്ളൂ. പുലയനാര്‍കോട്ടയില്‍ തന്നെ ചരിത്രാവശിഷ്ടങ്ങളൊന്നും ലഭ്യമല്ല. അതുകൊണ്ട് മിച്ചമുള്ളത് ഭൂമിയായിട്ടാണെങ്കിലും സംരക്ഷിക്കപ്പെടേണ്ടതാണ്. അതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതും”, സുജിത്‌ലാല്‍ പറയുന്നു.

പുലയനാര്‍കോട്ട സംരക്ഷിക്കപ്പെടണമെന്ന ആവശ്യമുയര്‍ത്തി ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരങ്ങള്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇനിയെങ്കിലും തങ്ങളുടെ ചരിത്രം മറ്റുള്ളവര്‍ അറിയണമെന്നും സംരക്ഷിക്കപ്പെടണമെന്നുമുള്ള വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

ചരിത്രം

പുലയനാര്‍കോട്ട സംബന്ധിച്ച് വാമൊഴിയായും അല്ലാതെയും രേഖപ്പെടുത്തപ്പെട്ട നിരവധി കഥകളുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്.

പുലയരാജവംശത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു കോതറാണി. ഏകദേശം നാല് നൂറ്റാണ്ടുകള്‍ക്കുമുമ്പ് കൊക്കോതമംഗലവും നെടുമങ്ങാടും അടക്കിവാണിരുന്ന, കോതറാണിയുടെ സഹോദരനായിരുന്ന കാളിപ്പുലയന്‍ എന്ന പുലയനാര്‍കോട്ട രാജാവിന്റേതായിരുന്നു തിരുവനന്തപുരത്തെ ഇന്നത്തെ പുലയനാര്‍ കോട്ട. 336 ഏക്കര്‍ വരുന്ന പുലയനാര്‍ കോട്ട പണ്ട് പുലയരുടെ ആസ്ഥാനമായിരുന്നു. ചേരരാജവംശത്തിലെ അവസാന കണ്ണിയായ ആറ്റിങ്ങല്‍ രാജാവ് കോക്കോതമംഗലത്തെ ചില കരപ്രമാണിമാരായ നായന്‍മാരുമായി ചേര്‍ന്ന് കൊക്കോതമംഗലത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി.

ജസ്റ്റിസ് പി രാമന്‍ തമ്പി തയാറാക്കി 1916ല്‍ സമര്‍പ്പിച്ച കുടിയാന്‍ റിപ്പോര്‍ട്ടില്‍ കോതറാണിയുടെ പുത്രി ആതിരറാണിയുടെ തെരണ്ടു കല്യാണത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കരപ്രമാണിക്കാര്‍ക്ക് നല്‍കിയ ആ തിട്ടൂരം ഇങ്ങനെ ആജ്ഞാപിക്കുന്നു; “രാജകുമാരിയുടെ തെരണ്ടു കല്യാണത്തില്‍ സഹകരിക്കുകയും വേണ്ട ഒത്താശകള്‍ നല്‍കുകയും ചെയ്യണം, അല്ലാത്തപക്ഷം അവരെ പുല്ലോടെ, പുരയോടെ കല്ലോടെ, കരയോടെ ചോദ്യം ചെയ്യുന്നതാണ്!” രാജകുമാരിയുടെ ആജ്ഞ കരപ്രമാണിമാര്‍ ശിരസാ അനുസരിച്ചുവെങ്കിലും ഇത്തരം ആജ്ഞകള്‍ സവര്‍ണ്ണരിലെയും കരപ്രമാണിമാര്‍ക്കും സഹിച്ചില്ല, അവരിലെ പ്രതികാരാഗ്‌നി ആളിക്കത്തിക്കൊണ്ടിരുന്നു.

ആറ്റിങ്ങല്‍ നിന്നുളള കൊശവന്‍മാര്‍ ഉഴമലക്കല്‍ കൊക്കോതമംഗലം കൊട്ടാരത്തിലെത്തി മണ്‍പാത്ര വില്‍പ്പന നടത്തി. കൊശവരില്‍ നിന്നും പാത്രങ്ങള്‍ വാങ്ങിയത് കോതറാണിയുടെ സുന്ദരിയായ മകള്‍ ആതിരകുമാരിയായിരുന്നു. പാത്രങ്ങള്‍ക്ക് പകരം നെല്ലായിരുന്നു അളന്നുകൊടുത്തത്. കൊശവന്‍മാര്‍ വീട്ടില്‍ ചെന്ന് നെല്ലളക്കുമ്പോള്‍ അതില്‍ ആറടി നീളമുളള ഒരു തലമുടി കണ്ടു. നീളംകൂടിയ ഈ തലമുടിയുടെ വിവരം ആറ്റിങ്ങല്‍ കൊട്ടാരത്തിലുമെത്തി. രാജകുമാരിയുടെ തലമുടിയിലൂടെ അനുരാഗമുദിച്ച തമ്പുരാന്‍ തലമുടി സ്വര്‍ണച്ചെപ്പില്‍ സൂക്ഷിച്ചു. ഒടുവില്‍ ആറ്റിങ്ങല്‍ രാജാവ് കോതറാണിയുടെ പുത്രിയെ വിവാഹം ചെയ്യാനാഗ്രഹിച്ചുകൊണ്ട് നീട്ടുകൊടുത്തുവിട്ടു. നീട്ട് സ്വീകരിച്ച റാണി ആതിരയുമായുളള വിവാഹത്തിന് സാധ്യമല്ലെന്ന് അറിയിച്ചു.

കല്യാണത്തിന് വിസമ്മിതിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ രാജാവ് കൊക്കോതമംഗലത്തെ ആക്രമിച്ചു. കോതറാണിയും രാജ്യത്തുടനീളം സൈന്യശേഖരം നടത്തുകയും കിടങ്ങുകളിലെല്ലാം മുതലകളെ നിറയ്ക്കുകയും കോട്ടക്കുളളിലും പുറത്തും മദയാനകളെ നിര്‍ത്തുകയും വേട്ടനായ്ക്കളെ തുറന്നുവിടുകയും ചെയ്തു. മല്ലയുദ്ധ വീരന്‍മാര്‍ കോട്ടയ്ക്ക് കാവല്‍നിന്നു. കോതറാണിയും മകള്‍ ആതിരറാണിയും സൈന്യത്തിന് നേതൃത്വം കൊടുത്തു. ദിവസങ്ങളോളം യുദ്ധം തുടര്‍ന്നു. ഒടുവില്‍ കരപ്രമാണിമാര്‍ റാണിയെ ചതിച്ചു. റാണി ഒറ്റപ്പെട്ട വിവരം അറിഞ്ഞ റാണിയുടെ സഹോദരന്‍ പുലയനാര്‍ കോട്ട രാജാവ് കാളിപ്പുലയന്‍ തന്റെ സൈന്യത്തെ അയച്ച് ആറ്റിങ്ങല്‍ രാജാവിന്റെ മറവപ്പടയുമായി ഏറ്റുമുട്ടുകയും ആറ്റിങ്ങല്‍ കൊട്ടാരം തീവയ്ക്കുകയും ചെയ്തു.

ഇതിനിടെ കോതറാണിയെ മറവപ്പടകള്‍ നെടുമങ്ങാടിന് സമീപംവച്ച് ഒരു വന്‍മരം മുറിച്ചുവീഴ്ത്തി കൊലപ്പെടുത്തി. മകള്‍ ആതിരറാണി അവിടെനിന്നും രക്ഷപ്പെട്ട് കുതിരപ്പുറത്ത് അമ്മാവന്റെ പുലയനാര്‍ കോട്ടയില്‍ എത്തി. അപ്പോഴേക്കും ആറ്റിങ്ങല്‍ സൈന്യം പുലയനാര്‍ കോട്ട വളഞ്ഞു. പിടിക്കപ്പെടുമെന്ന അവസ്ഥയില്‍ പുലയ രാജകുമാരി കുതിരയോടൊപ്പം മുതലകള്‍ നിറഞ്ഞ കിടങ്ങില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പറയപ്പെടുന്നത്.

അനന്തന്‍ കാട് എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തിന്റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ചരിത്രത്തിനും കാളിപ്പുലയനുമായി ബന്ധമുണ്ടെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അട്ടക്കുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തിന്റെ ഒരു ഭാഗത്ത് കാളിപ്പുലയെന്റെയും കാളിപ്പുലയിയുടെയും ചെറിയ രണ്ട് ആരാധനാ കുടീരങ്ങള്‍ ഇപ്പോഴുമുണ്ട്.

കാളിപ്പുലയന്റെ മന്ത്രി ഈഴവ സമുദായത്തില്‍ നിന്നായിരുന്നുവെന്നും അക്കൌണ്ടന്റ് നായര്‍ സമുദായത്തില്‍ നിന്നായിരുന്നുവെന്നും വാമൊഴിയായി വന്ന ചരിത്രം നിരവധി പേര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജാവ് എന്ന നിലയില്‍ തനിക്ക് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അധികാരമുണ്ടെന്നും ഇതിന് തുനിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയപ്പെടുന്ന മറ്റൊരു ചരിത്രവുമുണ്ട്‌.

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

This post was last modified on November 30, 2018 3:47 pm