X

വളന്തക്കാടുകാര്‍ക്ക് പാലം; സ്വരാജ് എംഎല്‍എയും മരട് നഗരസഭയും ശോഭാ ഗ്രൂപ്പിനെ പേടിക്കേണ്ടതുണ്ടോ?

വളന്തക്കാടുകാരെ സഹായിക്കാന്‍ മുന്‍നിരയിലുണ്ട്, പക്ഷെ ശോഭാ ഗ്രൂപ്പിനെ സഹായിച്ചെന്ന് ദുഷ്പ്രചരണം അഴിച്ചുവിടരുതെന്ന് എംഎല്‍എ; തോട് നികത്തി പൊതുറോഡ് നിര്‍മ്മിക്കാന്‍ ശോഭാഗ്രൂപ്പ് ആവശ്യപ്പെട്ടെന്ന് മരട് നഗരസഭ

ബഹുഭൂരിപക്ഷം പേരും മത്സ്യത്തൊഴിലാളികളായ 45 പട്ടികജാതി കുടുംബങ്ങള്‍ വസിക്കുന്ന വളന്തക്കാട് ദ്വീപ് മെട്രോ നഗരമായ കൊച്ചിയുടെ മൂക്കിന്‍ത്തുമ്പത്താണ്. മരട് നഗരസഭയില്‍ ഉള്‍പ്പെട്ട ഈ പ്രദേശത്തുകാര്‍ ഒരു പാലത്തിനായി അധികാരികളുടെ പുറകെ നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ മാറി മാറി വരുന്ന സാംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ ഇവരെ അവഗണിക്കുകയായിരുന്നു. ഒരു പാലം പണിയുക എന്നത് മരട് പോലെ അതിസമ്പന്നമായ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് വലിയ പ്രയാസമുള്ള കാര്യമല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് അത് സംഭവിക്കാത്തത്? സ്ഥലം എംഎല്‍എ എന്തുകൊണ്ടാണ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താത്തത്? ആരാണ് ഇത് തടയുന്നത്? ശോഭാ ഡവലപ്പെഴ്സിന് ഇതിലുള്ള താത്പര്യം എന്താണ്? അഴിമുഖം അന്വേഷണം തുടരുന്നു. ആദ്യഭാഗം ഇവിടെ വായിക്കാം- പ്രസവം വള്ളത്തില്‍, അസുഖം വന്നാല്‍ മരണം; കൊച്ചിയുടെ തൊട്ടടുത്ത വളന്തക്കാട് ദ്വീപില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട്

വളന്തക്കാടുകാരെ സഹായിക്കാന്‍ മുന്‍നിരയിലുണ്ട്; പക്ഷെ ശോഭാ ഗ്രൂപ്പിനെ സഹായിച്ചെന്ന് ദുഷ്പ്രചരണം അഴിച്ചുവിടരുതെന്ന് മരട് ഉള്‍പ്പെടുന്ന തൃപ്പൂണിത്തുറ മണ്ഡലം എംഎല്‍എ, എം. സ്വരാജ്. 

മരട് വളന്തക്കാട് ദ്വീപ് നിവാസികളുടെ ബുദ്ധിമുട്ടുകള്‍ എംഎല്‍എ എന്ന നിലയില്‍ മനസിലാക്കിയിട്ടുള്ളതാണ്. നിര്‍ധന കുടുംബങ്ങള്‍ താമസിക്കുന്ന ദ്വീപ് നിവാസികള്‍ക്ക് സുഗമമായി ഗതാഗതം നടത്തുന്നതിനാവശ്യമായ പാലവും റോഡും അത് അത്യാവശ്യം തന്നെയാണെന്നും ഇതു നടപ്പിലാക്കുമെന്നും സ്ഥലം എംഎല്‍എ എം. സ്വരാജ്. വളന്തക്കാട് ദ്വീപ് നിവാസികളുടെ ദുരിത ജീവിതം ചൂണ്ടികാണിച്ച് അഴിമുഖം പുറത്തുവിട്ട വാര്‍ത്തയുടെ പ്രതികരണത്തിനായി ബന്ധപ്പെട്ടപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഇതുവരെ വളന്തക്കാടിലേക്കുള്ള പാലം നിര്‍മ്മിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഇടപെടാത്തതിനും കാരണം ശോഭാ ഗ്രൂപ്പിന്റെ ഹൈടെക് സിറ്റി പദ്ധതി ദ്വീപില്‍ നടപ്പിലാക്കുന്നത് പരിഗണയിലുള്ളതുകൊണ്ടാണ്. ദ്വീപ് നിവാസികള്‍ക്കായി പാലം നിര്‍മ്മിച്ച് നല്‍കിയാല്‍ അത് റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പിനെ സഹായിക്കാന്‍ ചെയ്തതാണെന്നേ വരൂ. അതുകൊണ്ടാണ് യുഡിഎഫ് ഭരണകാലത്ത് മന്ത്രി കെ. ബാബു ഇടപെട്ട് നടപ്പിലാക്കാന്‍ ശ്രമിച്ച വളന്തക്കാടിലേക്കുള്ള പാലം പദ്ധതി നടക്കാതെ പോയത്. എന്ത് തന്നെ ആയാലും ദ്വീപ് നിവാസികളുടെ ദുരിത ജീവിതം നേരിട്ടറിഞ്ഞതിനാല്‍ എംഎല്‍എയുടെ അധികാരം ഉപയോഗിച്ച് വളന്തക്കാടുക്കാര്‍ക്കുള്ള പാലം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും”. ഇതിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി കഴിഞ്ഞതായും എംഎല്‍എ അഴിമുഖത്തോട് പറഞ്ഞു.

എന്ത് ചെയ്താലും കുറ്റം കണ്ടെത്തുന്ന ഒരു പ്രവണതായണ് സമൂഹത്തിലുളളത്. പാലം നിര്‍മ്മിച്ച് കഴിഞ്ഞാല്‍ സര്‍ക്കാര്‍ ശോഭാ ഗ്രൂപ്പിനെ സഹായിച്ചു എന്ന തരത്തിലും ആരോപണങ്ങളുണ്ടായേക്കാം. നഗരസഭയുടെ പരിഗണയിലുണ്ടായിരുന്നതാണ് ഈ പാലം. ഇത് ചില ഘട്ടങ്ങളില്‍ തൂക്കു പാലം, നടപ്പാലം, ഇതിലും രണ്ടഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. നടപ്പാലം വേണ്ട, വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന പാലം വേണം എന്ന രീതിയില്‍. ഇത്തരം അഭിപ്രായങ്ങള്‍ പല സമയങ്ങളില്‍ ഉണ്ടായിട്ടുളളതാണ്. ഇതിനിടയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പാലത്തിന് അംഗീകാരം നല്‍കി. പാലം ഉടന്‍ വരും തുടങ്ങിയ പ്രചരണവും നടന്നു. എന്നാല്‍ ഒന്നും നടന്നില്ല”, എംഎല്‍എ ചൂണ്ടിക്കാണിക്കുന്നു.

സുഗമമായ ഗതാഗത മാര്‍ഗങ്ങളില്ലാതെ ഒറ്റപ്പട്ട് താമസിക്കുന്ന ദ്വീപ് നിവാസികള്‍ക്ക് പാലം വേണം എന്നുള്ളതാണ് തന്റെ നിലപാടാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ക്കുന്നു: “ഇക്കാര്യത്തില്‍ എന്ത് വിമര്‍ശനം വന്നാലും വളന്തക്കാടുകാര്‍ക്ക് പാലം വേണമെന്ന നിലപാടില്‍ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. ഈ വിഷയം സര്‍ക്കാരിന്റെ മുമ്പാകെ ഒരു നിര്‍ദ്ദേശമായി സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തവണ ബജറ്റില്‍ മണ്ഡലം അടിസ്ഥാനത്തിലുള്ള വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല. പകരം വിവിധ വകുപ്പുകള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. വിഷയം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി പാലം നിര്‍മ്മിക്കാനുള്ള നടപടിക്രമങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. അധികം നീണ്ടു പോകാതെ അവിടെ പാലം യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. എംപി ഫണ്ട്, എംഎല്‍എ ഫണ്ട് അതുകൊണ്ടൊന്നും പാലം തീരില്ല. ടൂറിസത്തിന്റെ ഒരു പ്രൊജക്ട് എന്ന രീതിയില്‍ ഉള്‍പ്പെടുത്തി പാലം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ഇരുമ്പു പാലമാണ് ദ്വീപിലേക്ക് ആവശ്യമെങ്കില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് അത് കൊടുക്കാന്‍ തയാറാണ്. എന്നാല്‍ അവിടെയുള്ള പൊതുവായ അഭിപ്രായം അതല്ല. ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കുന്ന വിധമുള്ള പാലം വേണമെന്നാണ്.”

പ്രസവം വള്ളത്തില്‍, അസുഖം വന്നാല്‍ മരണം; കൊച്ചിയുടെ തൊട്ടടുത്ത വളന്തക്കാട് ദ്വീപില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട്

വളന്തക്കാട് ദ്വീപിലേക്ക് തോട് നികത്തി പൊതുറോഡ് നിര്‍മ്മിക്കാന്‍ ശോഭാഗ്രൂപ്പ് ആവശ്യപ്പെട്ടെന്ന് മരട് നഗരസഭ

വളന്തക്കാട് ദ്വീപ് നിവാസികള്‍ക്കായി ദ്വീപില്‍ പൊതുറോഡ് നിര്‍മ്മിക്കുന്നതിന് നഗരസഭ എതിരല്ലെന്നും ഇക്കാര്യത്തില്‍ ദ്വീപിന്റെ സിംഹഭാഗവും കൈവശമാക്കിയ ശോഭാ ഗ്രൂപ്പിന്റെ സഹായം കൂടിവേണമെന്ന് മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനില സിബി അഴിമുഖത്തോട് പറഞ്ഞു. “നിലവിലെ പ്ലാന്‍ അനുസരിച്ച് ശോഭാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെയാണ് റോഡിന് പദ്ധതി രേഖ തയാറാക്കിയിട്ടുള്ളത്. എന്നാല്‍ ഈ ഭൂമിയിലൂടെ കടന്നു പോകുന്ന തോട് നികത്തി റോഡ് നിര്‍മ്മിക്കാമെന്നാണ് ശോഭാ ഡവലപ്പേഴ്‌സ് പറയുന്നത്. ഇത് പ്രായോഗികമല്ല. കൃഷിയും മത്സ്യബന്ധനവും നടത്തി ഉപജീവനം കഴിക്കുന്ന ദ്വീപ് നിവാസികളെ ഇത് പ്രതികൂലമായി ബാധിക്കും.

കൂടാതെ തീരദേശ പരിപാലന നിയമം ലംഘിച്ച് എങ്ങനെ റോഡ് നിര്‍മ്മിക്കാനാകുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ചോദിക്കുന്നു. ദ്വീപിലേക്കുള്ള പാലത്തിനും റോഡിനുമായി പദ്ധതി തയാറാക്കാമെന്നല്ലാതെ തുക ചിലവഴിക്കാന്‍ നഗരസഭയ്ക്ക് ഫണ്ടില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം എംപി, എംഎല്‍എ ഫണ്ടില്‍ നിന്ന് തുക ചിലവാക്കി പദ്ധതി നടപ്പാക്കാന്‍ സാധിക്കും. യുഡിഎഫ് ഭരണകാലത്ത് മന്ത്രി കെ. ബാബു മന്ത്രിയായിരിക്കെ വളന്തക്കാടിലേക്കുള്ള പാലത്തിന് പദ്ധതി ഉണ്ടായിരുന്നു, എല്ലാം പലവിധ സാങ്കേതിക കാരണത്താല്‍ നടപ്പാക്കാതെ പോകുകയായിരുന്നു. ദ്വീപ് നിവാസികളുടെ ആവശ്യം മനസിലാക്കി നഗരസഭ ഫെബ്രുവരി മാസം ശോഭാ ഡവലപ്പേഴ്‌സ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. റോഡിനും പാലത്തിനുമൊന്നും തങ്ങള്‍ എതിരല്ലെന്നും അവര്‍ വ്യക്തമാക്കി.

റോഡും പാലവും സര്‍ക്കാര്‍ തന്നെ പദ്ധതി ഉണ്ടാക്കി ചെയ്യട്ടെ എന്ന നിലപാടിലാണ് ശോഭ ഡവലപ്പേഴ്‌സെന്ന് സുനില സിബി പറയുന്നു. അതേസമയം വളന്തക്കാട് ദ്വീപ് നിവാസികള്‍ക്ക് നഗരസഭയുടെ ഭാഗത്തു നിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്ത് നല്‍കും. ജൂണ്‍ മാസത്തില്‍ പൊക്കാളി കൃഷിയും മൂന്നു മാസത്തിന് ശേഷം ചെമ്മീന്‍ കൃഷിയും നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അവര്‍ പറഞ്ഞു. പൊക്കാളി കൃഷിയിലൂടെ മരട് വളന്തക്കാട് ബ്രാന്‍ഡ് അരി വിപണിയിലെത്തിക്കാനും നഗരസഭയുടെ ആലോചനയില്‍ ഉണ്ടെന്നും സുനില സിബി പറഞ്ഞു.

(തുടരും)

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts