X

നമ്മുടെ ഉള്ളിലെ ‘അശ്ലീലങ്ങള്‍’ വിളിച്ചുപറഞ്ഞ പുനത്തില്‍, എല്ലാത്തരം കുപ്പായങ്ങളുമിണങ്ങുന്ന ഒരു ദേഹം

പ്രണയവും കാമവും ഒരു അസ്വാഭാവികതയാണെന്ന് കാണുന്ന മനുഷ്യരുടെ ഇടയില്‍ ഇതാണ് ഏറ്റവും സ്വാഭാവികമായ കാര്യം എന്ന് പറയുകയായിരുന്നു പുനത്തില്‍

സത്യസന്ധവും മുഖമൂടിയില്ലാത്ത എഴുത്തുമാണ് എനിക്ക് പുനത്തിലില്‍ തോന്നിയിട്ടുള്ള ഏറ്റവും വലിയ കാര്യം. മുഖമൂടിയില്ലാതെ എഴുതുന്നുവര്‍ വളരെ കുറവാണ്. പലരുടേയും എഴുത്ത് ഒന്ന്, അവരുടെ വ്യക്തിത്വം വേറൊന്ന് എന്നായിരിക്കും. പക്ഷെ പുനത്തില്‍ എഴുത്തില്‍ പറയുന്ന സത്യങ്ങള്‍ ജീവിതത്തില്‍ പറയുകയും അത് പിന്തുടരുകയും ചെയ്തിരുന്നയാളാണ്. രണ്ട് മുഖം അദ്ദേഹം കാണിച്ചിട്ടില്ല. പുനത്തില്‍ എഴുത്തില്‍ വളരെ അച്ചടക്കമുള്ളയാളാണ്. എന്നാല്‍ ജീവിതത്തില്‍ പലപ്പോഴും മദ്യം, നിയന്ത്രിക്കാനാവാത്ത തരത്തിലുള്ള സൗഹൃദങ്ങള്‍ അങ്ങനെ പലതിലും മുഴുകിപ്പോവുന്നയാളായിരുന്നു. ഒരു പാവയെപ്പോലെ മാധ്യമങ്ങള്‍ പെരുമാറിയ ഒരു എഴുത്തുകാരനുമാണ്. മാധവിക്കുട്ടിയും, പുനത്തിലും മാധ്യമങ്ങള്‍ നല്ലതുപോലെ ഉപയോഗിച്ച രണ്ട് പേരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഉപയോഗിക്കാന്‍ മനഃപൂര്‍വം ഇവര്‍ നിന്നുകൊടുക്കുകയായിരുന്നു. അല്ലാതെ ഇവരെ കബളിപ്പിച്ചതൊന്നുമായിരുന്നില്ല. നിങ്ങള്‍ക്ക് വേണ്ടതെന്താണോ അത് നിങ്ങള്‍ എടുത്തോളൂ എന്ന മട്ടില്‍ ഇവര്‍ രണ്ട് പേരും നിന്നുകൊടുത്തതാണ്. അതിബുദ്ധിയുള്ള രണ്ട് എഴുത്തുകാരായിരുന്നു രണ്ട് പേരും. കേരളത്തിന്റെ ലൈംഗിക മനഃശാസ്ത്രം, സദാചാരമനശാസ്ത്രം, കേരളത്തിലെ ആണുങ്ങളുടെ പെണ്‍ പേടി ഇതിനെക്കുറിച്ചെല്ലാം വളരെ കൃത്യമായി അറിയാവുന്ന രണ്ട് എഴുത്തുകാരുമായിരുന്നു ഇവര്‍. അതുകൊണ്ട് തന്നെ ഇവരെ സംസാരിക്കാന്‍ കിട്ടിയാല്‍ ഇവരുടെ കയ്യില്‍ നിന്നും എന്തെങ്കിലും കിട്ടും എന്ന് മനസ്സിലാക്കിക്കൊണ്ട് പ്രകോപിപ്പിക്കുകയും, പ്രകോപിപ്പിക്കുമ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് വച്ചാല്‍ എടുത്തോ എന്ന മട്ടില്‍ എന്തും പറയുന്ന എഴുത്തുകാരായിരുന്നു. ഇരുവരേയും മാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്തു.

പലപ്പോഴും പുനത്തിലിന്റെ പല അഭിമുഖങ്ങളും ശ്രദ്ധിക്കുമ്പോള്‍ അയ്യോ എന്താ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് തോന്നുമെങ്കില്‍പോലും പുനത്തിലത് ബോധപൂര്‍വം തന്നെ പറയുന്നതായിരുന്നു അതൊക്കെ. നമ്മുടെ ലൈഗിംക വൈകൃതങ്ങളെ, മാനസികമായ സദാചാര പ്രശ്‌നങ്ങളെയൊക്കെ തിരിച്ചറിഞ്ഞുകൊണ്ട്, ഇതിന് ചികിത്സയില്ല എന്ന് അറിയാവുന്ന എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. ചികിത്സിക്കാന്‍ പറ്റാത്ത തരത്തില്‍ വല്ലാതെ വളര്‍ന്നുപോയ രോഗമാണ് എന്നറിഞ്ഞുകൊണ്ട് തന്നെ നിരന്തരം ആ രോഗത്തിന് ചികിത്സിച്ച ഒരു ഡോക്ടറായിരുന്നു അദ്ദേഹം. ശരിക്കും പുനത്തില്‍ ശരീരത്തെയല്ല, മലയാളിയുടെ മാനസിക രോഗങ്ങളെയാണ് ചികിത്സിച്ചിരുന്നത്. എപ്പോഴും ലൈംഗിതയെക്കുറിച്ച് അല്ലെങ്കില്‍ സ്ത്രീകളെക്കുറിച്ച് മാത്രം എന്തുകൊണ്ട് പുനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന ചോദ്യത്തിന് എന്തെല്ലാം പറഞ്ഞാലും പുനത്തിലിന്റെ ആശയങ്ങള്‍ക്ക് മാറ്റമുണ്ടായിരുന്നില്ല എന്നാണ് മറുപടി.

മലമുകളിലെ അബ്ദുള്ളയും, കന്യാവനങ്ങളും എഴുതുമ്പോഴും, സ്മാരകശിലകളും കത്തിയും എഴുതുമ്പോഴും, പുനത്തിലിന്റെ ഏത് കഥയിലും നോവലിലുമെല്ലാം അദ്ദേഹത്തിന് പറയാനുള്ളത് സമൂഹത്തെ ഭയക്കാതെ തന്നെ പറഞ്ഞുകൊണ്ടിരുന്നു എന്നുള്ളതാണ്. പുനത്തിലിനെക്കുറിച്ച് ആക്ഷേപം പറയാത്ത എഴുത്തുകാരില്ല. പക്ഷെ അവരെ ആരേയും പുനത്തില്‍ ഭയപ്പെട്ടില്ല. തനിക്ക് സത്യമെന്ന് തോന്നുന്നത് മുഖംമൂടിയണിയാതെ പറഞ്ഞു. അത്രകണ്ട് സുതാര്യമായിരുന്നു എല്ലാം. കേരളത്തിന്റെ ലൈംഗികതയെ, ലൈംഗിക പ്രശ്‌നങ്ങളെ, മാനസിക പ്രശ്‌നങ്ങളെ ഇത്ര നേര്‍ക്കുനേര്‍, സത്യസന്ധമായി അഭിസംബോധന ചെയ്ത മറ്റൊരെഴുത്തുകാരനില്ല. എല്ലാവര്‍ക്കും അവരവരുടെ ഭയങ്ങളാണ്. ഉള്ളിലുള്ള പ്രണയത്തെ പോലും തുറന്നുപറയാന്‍ ഭയമുള്ളവരാണ് മിക്ക എഴുത്തുകാരും. സ്വന്തം ആസക്തികളെ ഭയക്കുകയും, അതെല്ലാം മറ്റുള്ളവരുടെ ആസക്തികളാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നവരാണവര്‍. സിനിമയുടെ, ചെറുകഥയുടെ, നോവലുകളുടെയെല്ലാം ചരിത്രമെടുത്താല്‍ എല്ലാം ഇത്തരത്തിലുള്ള പറച്ചിലുകളാണെന്ന് കാണാന്‍ കഴിയും. എല്ലാം മറ്റുള്ളവരുടെ കുറ്റങ്ങളാണെന്ന് പറയുന്നതില്‍ സത്യസന്ധതയില്ല. എല്ലാം എന്റെ മനസ്സിലെ വൈകൃതങ്ങളാണ്, അവനവന്റെ ഉള്ളിലെ മാലിന്യങ്ങളാണ് എന്ന് പറയാതെ അത് മറ്റുള്ളവരുടേതായി കാണുന്ന ഒരു സ്വഭാവം പൊതുവില്‍ നമ്മുടെ എഴുത്തുകാര്‍ക്കുണ്ട്. ഒരു മുഖംമൂടി എപ്പോഴും അവര്‍ അണിഞ്ഞിരിക്കും. അത് മനപ്പൂര്‍വം അണിയുന്നതല്ല, സ്വന്തം ഉള്ളിനെ മറ്റുള്ളവര്‍ കാണുന്നതിലുള്ള ഭയംകൊണ്ടാണത്. പുനത്തില്‍ പറഞ്ഞ നമ്മുടെ ഉള്ളിലുള്ള വൃത്തികേട് ഇതാണ്.

പലപ്പോഴും വാചാലനാവുന്ന പുനത്തില്‍ പക്ഷെ കഥകള്‍ പറയുന്നത് ഒതുക്കിയാണ്. ബിംബങ്ങളുടെ സമൃദ്ധിയോ വാചാലതയോ ഒന്നും അതിനില്ല. പുനത്തിലിന്റെ സാഹിത്യരചനകളെല്ലാം മിതത്വം പാലിച്ചിരുന്നവയാണ്. എഴുത്തിന്റെ കാര്യത്തില്‍ മാനസിക ചികിത്സകന്‍ തന്നെയായിരുന്നു എന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. പുരസ്‌കാരങ്ങളുടേയോ അധികാരങ്ങളുടേയോ പുറകെ അദ്ദേഹം പോയിട്ടില്ല. എല്ലാത്തിനേയും പരിഹാസത്തോടെ, നിങ്ങളുടെയൊക്കെ നാട്യങ്ങള്‍ എനിക്ക് മനസ്സിലാവുന്നുണ്ടെന്ന പരിഹാസത്തോടെ സമീപിച്ചയാളാണ്. സ്ത്രീകളെ വളരെയധികം സ്‌നേഹിച്ചിരുന്ന ഒരാളുമാണ്. പക്ഷെ നമ്മുടെ മാറിവന്ന കാലത്തിന്റെ വായനയില്‍ ആ സ്‌നേഹത്തെയൊക്കെ ലൈംഗിക അതിക്രമമാണ്, അല്ലെങ്കില്‍ എല്ലാ സ്‌നേഹവും ലൈംഗികമാണ് എന്ന് കാണുന്ന രീതിയുണ്ട്. വളരെ പരിശുദ്ധമായ പ്രണയത്തെക്കുറിച്ച് സങ്കല്‍പ്പിക്കുമ്പോള്‍ പോലും പ്രണയത്തിന് ശാരീരികമായ ഒരു അംശം ഉണ്ടെന്നും ആ ശാരീരിക വശം പ്രണയത്തിന്റെ സത്യമാണെന്നും, നമുക്ക് പ്രണയദേവനല്ല കാമദേവനാണ് ഉള്ളതെന്നും ഒക്കെ നമുക്ക് അറിയാം. എന്നാലും പുനത്തില്‍ ഇതെല്ലാം പറയുമ്പോള്‍ ഇയാളെന്ത് വൃത്തികേടാണ് പറയുന്നതെന്ന ഭാവമാണ്.

നമ്മുടെ മനസ്സിലെ അശ്ലീലങ്ങള്‍ മറ്റൊരാള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അത് തോന്നുന്നതാണ്. മുഖലക്ഷണം പറയാന്‍ അറിയുന്നയാളുകളെ മനുഷ്യര്‍ ഭയപ്പെടുന്നത് പോലെയാണ് പുനത്തിലിനെ സമൂഹം ഭയപ്പെട്ടത്. മലയാളിയുടെ മനസ്സിനെ നന്നായി ചികിത്സിക്കാന്‍ അവസാനം വരേയും ഓരോ രചനയിലൂടെയും ശ്രമിച്ചുകൊണ്ടിരുന്ന എഴുത്തുകാരനാണ്. ചങ്ങമ്പുഴ ചെയ്തതും ഇത് തന്നെയാണ്. ഫ്രഞ്ച് സാഹിത്യം മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യുമ്പോള്‍, ഏതെങ്കിലുമൊരുകാലത്ത് തങ്ങള്‍ കാണുന്നത് മാത്രമല്ല ലോകം എന്ന് മലയാളികള്‍ മനസ്സിലാക്കുന്ന ഒരു സമയം വരുമെന്ന് ചങ്ങമ്പുഴ പറയുമായിരുന്നു. പ്രണയത്തേയും കാമത്തേയും സ്ത്രീപുരുഷ ബന്ധത്തേയുമൊക്കെ വളരെ വിശാലമായി കാണുന്ന സാഹിത്യങ്ങള്‍ മലയാളത്തിലേക്ക് വരണമെന്ന് ചങ്ങമ്പുഴ ആഗ്രഹിച്ചതുമതുകൊണ്ടാണ്. പുതിയതെന്തെങ്കിലും കേള്‍ക്കുമ്പോള്‍ ട്രാക്ടര്‍ കണ്ട കാളക്കുട്ടനെപ്പോലെ മുക്രയിടുന്ന മലയാളിക്ക് കുറച്ചെങ്കിലും ബോധമുണ്ടാവട്ടെ, മാനുഷിക ബന്ധങ്ങളെക്കുറിച്ച് മലയാളി കുറേക്കൂടി വിശാലമായി ചിന്തിക്കട്ടെ എന്നാണ് ചങ്ങമ്പുഴ വിചാരിച്ചിരുന്നത്. ചങ്ങമ്പുഴ ലോകത്തെ പ്രണയകാവ്യങ്ങള്‍ മുഴുവന്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് മലയാളിയുടെ മനസ്സ് ഒന്ന് സംസ്‌കരിക്കപ്പെടണം, ഈ മാമൂലുകളില്‍ നിന്ന് ഒന്ന് പുറത്തുകടക്കണം എന്ന് കരുതിയിട്ടാണ്. പുനത്തിലിന്റെ രചനകളും ഞാന്‍ അങ്ങനെയാണ് കാണുന്നത്.

പ്രണയവും കാമവും ഒരു അസ്വാഭാവികതയാണെന്ന് കാണുന്ന മനുഷ്യരുടെ ഇടയില്‍ ഇതാണ് ഏറ്റവും സ്വാഭാവികമായ കാര്യം എന്ന് പറയുകയായിരുന്നു പുനത്തില്‍. ഏറ്റവും സ്വാഭാവികമായ കാര്യത്തെ അങ്ങേയറ്റം സ്വാഭാവികമായാണ് അദ്ദേഹം പറഞ്ഞതും. അല്ലാതെ ഒരു വലിയ കാര്യം ഞാന്‍ പറയുന്നു, കാമം പറയുന്നു, ശാരീരിക ബന്ധത്തെക്കുറിച്ച് പറയുന്നു എന്ന തരത്തിലായിരുന്നില്ല അത്. ഏറ്റവും സാധാരണമായ ഒരു കാര്യം ഏറ്റവും സാധാരണമായി ഞാന്‍ പറയുന്നു എന്ന മട്ടിലേ കഥകളില്‍ പോലും അദ്ദേഹമത് അവതരിപ്പിക്കുന്നുള്ളൂ. വ്യക്തി എന്ന നിലയില്‍ യാതൊരു കാപട്യങ്ങളുമില്ലാത്ത, സ്വന്തം പ്രതിച്ഛായയെക്കുറിച്ച് ഭയങ്ങളേതുമില്ലാത്ത, ഞാന്‍ ഇങ്ങനെയാണ് ഇങ്ങനെതന്നെ എന്നെ അറിഞ്ഞാല്‍ മതി എന്ന് വിശ്വസിക്കുന്ന എഴുത്തുകാരനായിരുന്നു. പുനത്തില്‍ വ്യക്തിപരമായി വളരെ സ്‌നേഹമുള്ള മനുഷ്യനായിരുന്നു. നിഷ്‌കളങ്കനായിരുന്നു. എല്ലാത്തരം കുപ്പായങ്ങളുമിണങ്ങുന്ന ഒരു ദേഹം.

(അഴിമുഖം പ്രതിനിധി കെ ആര്‍ ധന്യ എസ് ശാരദകുട്ടിയുമായി സംസാരിച്ച് തയ്യാറാക്കിയത്‌)

This post was last modified on October 27, 2017 6:46 pm