സുഫാദ് ഇ മുണ്ടക്കൈ
കാക്കഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങാന്‍ പോകുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണനിര്‍മ്മാണശാലക്ക് കിന്‍ഫ്രയും മലിനീകരണനിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും വഴി വിട്ട് സഹായം ചെയ്യുന്നുവെന്ന ആരോപണം ശക്തമാണ്. പലപ്പോഴായി ലഭിച്ച വിവരാവകാശ രേഖകളും അനുബന്ധ രേഖകളും അടിവരയിടുന്നത് അവിടത്തെ ജനങ്ങളുടെ ആശങ്കകളുടെയും സമര സമിതി ഉന്നയിക്കുന്ന ആരോപണങ്ങളുടെയും ആധികാരികതയെയാണ്.
കിന്‍ഫ്ര പാര്‍ക്കില്‍ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങളെല്ലാം തന്നെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പാരിസ്ഥിതിക അനുമതി നേടിയിരിക്കേണ്ടതാണ്. ഇപ്രകാരം ഒരോ സംരംഭകരും അവരവരുടെ വ്യവസായങ്ങളുടെ രീതിക്കനുസരിച്ച് മലിനീകരണവുമായി ബന്ധപ്പെട്ട അനുമതികള്‍ നേടേണ്ടതാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കിന്‍ഫ്ര ഒരു മാര്‍ഗ നിര്‍ദേശങ്ങളും ഇറക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മലബാര്‍ ഗോള്‍ഡ് റെഡ് കാറ്റഗറിയില്‍ പെടുന്ന ലാര്‍ജ് സ്‌കെയില്‍ ഇന്‍ഡസ്ട്രി തുടങ്ങാന്‍ അനുമതി തേടിയപ്പോള്‍ മറ്റൊന്നും നോക്കാതെയാണ് കിന്‍ഫ്ര അംഗീകാരം നല്‍കിയത്. ഈ ബില്‍ഡിങ്ങിന്റെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ നിരവധി വീടുകളുണ്ടെന്നും, മാരകമായ മലിന ജലം പുറംതള്ളേണ്ടിവരുന്ന ബില്‍ഡിങ്ങിനുചുറ്റും വളരെ കുറഞ്ഞ സ്ഥലം മാത്രമേ ഒഴിഞ്ഞു കിടക്കുന്നുള്ളു എന്നും കിന്‍ഫ്രതന്നെ വ്യക്തമാക്കുന്നുണ്ട്.എന്നിട്ടും മലബാര്‍ ഗോള്‍ഡിന് പ്രാവര്‍ത്തികാനുമതി ലഭിച്ചു. കേരളത്തിന് അകത്തും പുറത്തുമുള്ള പല ഐ ടി കമ്പനികളുംഅപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അവരെയെല്ലാം അവഗണിച്ച് അപകടകരമായേക്കാവുന്ന ഒരു ആഭരണനിര്‍മ്മാണശാലക്കുതന്നെ അനുമതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് സമരസമിതി ഉയര്‍ത്തുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിത്തീര്‍ന്നേക്കാവുന്ന ഒരു പ്ലാന്റ് ജനസാന്ദ്രതയേറിയ ഒരു കുന്നിന്‍ പ്രദേശത്ത് പ്രതിഷ്ഠിക്കുവാന്‍ എന്തിനാണിത്ര വ്യഗ്രതപ്പെടുന്നത്? നിലവിലുള്ള ആശങ്കകള്‍ സാധുതയുള്ളതാണെന്നും, അത് പ്രകൃതിക്കും ജീവനും ഒരു പോലെ ഹാനികരമാണെന്നും കണ്ടെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ അപേക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തി പ്ലാന്റിന് ഒത്താശ ചെയ്യുകയാണെന്നും ഇതുവരെ ലഭിച്ച വിവരാവകാശ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ‘2013 സെപ്റ്റംബര്‍ 3ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന് മലബാര്‍ ഗോള്‍ഡ് അപ്ലിക്കേഷന്‍ നല്‍കി. ഈ പ്ലാന്റ് റെഡ് കാറ്റഗറി ലാര്‍ജ് സ്‌കെയില്‍ ആയി മലപ്പുറം എന്‍വയോണ്‍മന്റ് എഞ്ചിനീയര്‍ സ്ഥിരീകരിച്ചു. നിര്‍ദ്ദിഷ്ട പ്ലാന്റിന്റെ 100 മീറ്റര്‍ പരിധിയില്‍ വീടുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി ഒന്നും ഉണ്ടാവരുത് എന്നാണ് നിയമം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ആറു തവണ അപ്ലിക്കേഷന്‍ മാറ്റി വാങ്ങി. കഴിഞ്ഞ ഒക്ടോബര്‍ 15ന് ചര്‍ച്ചക്ക് എന്ന മട്ടില്‍ ഞങ്ങളെ വിളിച്ചു. അവിടെ വച്ച് കമ്പനിക്കും ഞങ്ങള്‍ക്കുംപറയാനുള്ളത് കേട്ടു. അതൊരു മിനുട്‌സില്‍ രേഖപ്പെടുത്തുകയോ ഞങ്ങളുടെ ഒപ്പ് രേഖപ്പെടുത്തുകയോ ചെയ്തില്ല. ഹാജര്‍ മാത്രം മാര്‍ക്ക് ചെയ്തു. അതിന് ശേഷം ചെയര്‍മാന്‍ തന്നെ തീരുമാനിക്കുകയാണ് തെറ്റായ അപേക്ഷയാണ് ഇത്രയേറെ ഉല്‍ക്കണ്ഠ ആളുകള്‍ക്കിടയില്‍ ഉണ്ടാവാന്‍ കാരണം. അതുകൊണ്ട് തന്നെ പുതിയ ഒരു അപേക്ഷ തരണം എന്ന് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഞങ്ങളും ഈ തീരുമാനത്തില്‍ പങ്കാളികളായി എന്ന രീതിയില്‍ അദ്ദേഹം മിനുട്‌സ് മാറ്റി എഴുതി. നവംബര്‍ 12ന് ആ നിര്‍ദ്ദേശത്തിനനുസരിച്ച് കമ്പനി അപേക്ഷ നല്‍കി. ആ അപേക്ഷയുടെ കൂടെ മുന്‍പുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്ലാന്‍ ആണ് സമര്‍പ്പിച്ചത്.’ സമരസമിതി പ്രസിഡന്റ് ബാലകൃഷ്ണന്‍ പറയുന്നു.
‘മലിനീകരണം ഉണ്ടാക്കുന്ന ഇ ടി പി ഏറ്റവും മുകളിലേക്ക് മാറ്റി അവിടെ നിന്നുള്ള അകലം കണക്കാക്കി, 11 മീറ്റര്‍ അകലം ഉണ്ടായിരുന്ന കിന്‍ഫ്രയുടെ ഓഫീസ് 38 മീറ്ററിലേക്കും, 25 മീറ്റര്‍ ഉണ്ടായിരുന്ന എസ് എന്‍ ന്യുട്ട്രീഷ്യന്‍ 80 മീറ്ററിലേക്കും ആക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ക്കുലര്‍ പ്രകാരം ജലമലീകരണം ഉണ്ടാക്കുന്നതും വായുമലിനീകരണം ഉണ്ടാക്കുന്നതും ആയ പ്ലാന്റ് ആണെങ്കില്‍ കെട്ടിടത്തില്‍ നിന്നുമുള്ള ഏറ്റവും ചെറിയ ദൂരം ആണ് കണക്കാക്കേണ്ടത്. അങ്ങനെ ചെയ്യാതെയാണ് ബോര്‍ഡ് ചെയര്‍മാന്‍ ഡിസംബര്‍ 7ന് ഗ്രീന്‍ കാറ്റഗറി ആക്കി അനുമതി കൊടുത്തത്. ഇതിനെതിരെ അപ്പീല്‍ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നര കൊല്ലമായിട്ട് അനുമതി കിട്ടാത്ത പ്രൊജക്ടിന് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് പോലും വാങ്ങാതെ 29-10-2013ന് നല്‍കിയ എന്‍വയോണ്‍മെന്റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് വച്ച് 12-11-2014ലെ അപേക്ഷയില്‍ ലാര്‍ജ് സ്‌കെയില്‍ ഗ്രീന്‍ കാറ്റഗറി ആയി അനുമതി നല്‍കി. 2013ല്‍ ഫുഡ് പാര്‍ക്കായി തീരുമാനിച്ച കിന്‍ഫ്രയില്‍ ഫുഡ് സേഫ്റ്റി നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരു ആസിഡ് മലിനീകരണം നടത്തുന്ന കമ്പനി നിര്‍മ്മിക്കാന്‍ പാടില്ല എന്നാണ്. ആ നിര്‍ദ്ദേശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.’
മുന്‍പ് കോഴിക്കോട്ടെ തിരുവണ്ണൂരില്‍മലബാര്‍ ഗോള്‍ഡ് തന്നെ പ്രതിദിനം മൂന്ന് കിലോ സ്വര്‍ണ്ണ നിര്‍മ്മിക്കാന്‍ തക്ക ശേഷിയുള്ള ഒരു ആഭരണനിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചതും, ബഹുജന പ്രതിഷേധത്തെ മാനിക്കാതെ അത് റെഡ് കാറ്റഗറിയില്‍ നിന്നും ഗ്രീന്‍ കാറ്റഗറി ആക്കി മാറ്റിയതും, എന്നിട്ടും വായു-ജലമലിനീകരണം കൊണ്ട് ജനജീവിതം ദുസ്സഹമായിത്തീര്‍ന്നതും നാം കണ്ടതാണ്. കേവലം ആറ് മാസം കൊണ്ട് തന്നെ ആ പ്ലാന്റ് അടച്ചു പൂട്ടി. ഇതൊരു വലിയ പാഠമായി നിലനില്‍ക്കുമ്പോഴാണ് മലിനീകരണനിയന്ത്രണ ബോര്‍ഡും കിന്‍ഫ്രയും ചേര്‍ന്ന് കൂടുതല്‍ ആപല്‍ക്കരമായേക്കാവുന്ന ഈ പ്ലാന്റിന് കൂട്ട് നില്‍ക്കുന്നതെന്നും ഇവര്‍ പറയുന്നു.
| ഈ വിഷയത്തില്‍ അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം
കിന്‍ഫ്രയില്‍ മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാല; കാത്തിരിക്കുന്നത് മറ്റൊരു പാരിസ്ഥിക ദുരന്തമോ? |
1.കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കുന്ന ലാര്‍ജ് സ്കെയില്‍ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക മാനദണ്ഡങ്ങള്‍ കിന്‍ഫ്ര രൂപീകരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ.
2. കാക്കഞ്ചേരി സമരസമിതി കണ്‍വീനര്‍ എ. ബാലകൃഷ്ണന്‍ നല്കിയ കത്തിന് കിന്‍ഫ്ര നല്കിയ മറുപടി.
3. മലബാര്‍ ഗോള്‍ഡിന് റെഡ് കാറ്റഗറി അനുവദിച്ചുകൊണ്ടുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട്.
4. വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വിവിധ കാറ്റഗറികളും ജനവാസ സ്ഥലവും തമ്മിലുള്ള അകലം സംബന്ധിച്ചുള്ള മലിനീകരണ ബോര്‍ഡിന്റെ 9-8-2004നു പുറപ്പെടുവിച്ച സര്‍ക്കുലര്‍
5. മലബാര്‍ ഗോള്‍ഡ് ആഭരണ പ്ലാന്‍റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ താമസിക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന മലപ്പുറം എന്‍വയോണ്‍മെന്‍റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട്.
*Views are Personal
This post was last modified on January 27, 2015 12:13 pm
Leave a Comment