X

അച്ഛനമ്മമ്മാര്‍ സമ്മതിച്ചാല്‍ ‘വനിത’ നിങ്ങളെ ഫോട്ടോ ക്വീനാക്കും

മത്സരത്തില്‍ പങ്കെടുക്കാന്‍ അച്ഛനമ്മമാരുടെ സമ്മതി പത്രം ആവശ്യപെടുന്നതിലൂടെ സമൂഹത്തില്‍ നിലനില്‍കുന്ന പുരുഷാധിപത്യ മൂല്യങ്ങളെ ഊട്ടി ഉറപ്പികുകയാണ് വനിത ചെയ്യുന്ന

കേരളം സ്വന്തം പുരോഗമന ചിന്തയില്‍ ഒരുപാടു അഭിമാനിക്കുന്നുണ്ട്. കേരളത്തിലെ ഉയര്‍ന്ന സമുദായമായ നായര്‍ സമുദായമാകട്ടെ പിന്തുടരുന്നത് മാതൃദായക്രമമാണ്; അതായത് സ്വത്തു കൈമാറ്റം നടക്കുന്നത് സ്ത്രീകളിലൂടെയാണ് അല്ലാതെ പുരുഷന്മാരിലൂടെയല്ല. 1920 കളില്‍ ആദ്യമായി സര്‍വകലാശാലാ വിദ്യാഭ്യാസം ലഭിച്ച വനിതയെ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ ചായ സത്കാരത്തിന് ക്ഷണിച്ചിരുന്നു എന്നും പറയപ്പെടുന്നു. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സ്ത്രീ സാക്ഷരതയില്‍ ഏറെ മുന്നിലാണ് കേരളം (92%). (ഇന്ത്യയില്‍ മൂന്നില്‍ രണ്ടു ശതമാനം സ്ത്രീകളും നിരക്ഷരരാണ്‌ എന്നോര്‍ക്കുക.) എന്നാല്‍ പൊതു ഇടങ്ങളില്‍ സ്ത്രീ എങ്ങനെ പെരുമാറണം എന്ന പുരുഷാധിപത്യ കാഴ്ചപ്പാടിനെ ഇല്ലാതാക്കാന്‍ ഈ കണക്കുകള്‍ക്കൊന്നും സാധിച്ചിട്ടില്ല. ആശ്ചര്യകരമെന്ന് പറയട്ടെ ഈ കാഴ്ചപ്പാടിന് ചുക്കാന്‍ പിടിക്കുന്നത് പുരുഷന്‍മാരല്ല; ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള മാസിക എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്ത്രീ പ്രസിദ്ധീകരണമായ ‘വനിത’യാണ്.

18നും 25നും ഇടയ്ക്കു പ്രായം വരുന്ന യുവതികളെ ‘ഫോട്ടോ ക്വീന്‍’ ആയി തിരഞ്ഞെടുക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിനു അനുമതി പത്രത്തില്‍ മാതാപിതാക്കളുടെ ഒപ്പ് വേണം എന്നാണ് വനിത ആവശ്യപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന യുവതിയുടെ ചിത്രം  മുഖചിത്രം ഒന്നും ആകില്ല, എങ്കിലും തുടക്ക താളുകളൊന്നില്‍ യുവതിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടൊരു കുറിപ്പും ഹെഡ്ഷോട്ടും  കൊടുക്കും.

“ഈ പുതിയ കാലത്ത് വനിത പോലൊരു മാസിക ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് പരിതാപകരമാണ്” തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ  ഐ ടി ജീവനക്കാരി പാര്‍വതി നായര്‍ പറയുന്നു. “ഒരു മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മാതാപിതാക്കളോട് പറയുന്നതില്‍ തെറ്റില്ല. പക്ഷെ മുതിര്‍ന്ന യുവതികള്‍ അവരില്‍ നിന്നും സമ്മതപത്രം ഒപ്പിട്ടു വാങ്ങണം എന്ന് നിബന്ധന വെയ്ക്കുന്നത് സ്ത്രീകള്‍ക്ക് സ്വന്തമായ തീരുമാനം എടുക്കാന്‍ കഴിവില്ല എന്ന് സമര്‍ഥിക്കുക കൂടിയാണ്. ഇവര്‍ വിവാഹിതയാണെങ്കില്‍ ഇനി പങ്കാളിയുടെ അനുമതി കൂടി എഴുതി വാങ്ങേണ്ടി വരുമോ?” പാര്‍വതി ചോദിക്കുന്നു.

മലയാള മാധ്യമങ്ങളുടെ സദാചാര പോലീസിംഗ് മനോഭാവം ഇതാദ്യമായല്ല വെളിവാക്കുന്നത്. കോഴിക്കോട് ഒരു കോഫീ ഷോപ്പില്‍ നടക്കുന്ന “അനാശാസ്യം” (ഡെയ്റ്റിംഗ് എന്ന് വായിക്കുക) കേരളത്തിലെ ഒരു ചാനല്‍ വളരെ “എക്ലുസിവ്” ആയി പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ മുഴുവന്‍ അലയടിച്ച ചുംബന സമരം എന്ന ആശയം  ഉടലെടുത്തത്. ഈ വാര്‍ത്ത‍ പുറത്തു വന്നതിനെ തുടര്‍ന്ന് പ്രസ്തുത കോഫീ ഷോപ്പ് ഒരു കൂട്ടം വലതുപക്ഷ ഹൈന്ദവ വാദികള്‍ അടിച്ചു തകര്‍ത്തിരുന്നു.

കേരളത്തില്‍ കാലങ്ങളായി പിന്തുടര്‍ന്നു പോരുന്ന “മതാധിഷ്ഠിത ആശയങ്ങളേയും വികലമായ വിദ്യാഭ്യാസത്തെയും” ആണ് പഴിക്കേണ്ടത്  എന്നാണ് എഴുത്തുകാരനായ പോള്‍ സക്കറിയ പറയുന്നത്. “കേരളത്തില്‍ നിലനില്‍ക്കുന്ന ക്രിസ്തീയ -ഇസ്ലാമിക മതബോധം ആണ് കപട സദാചാരത്തിന് അടിത്തറ പാകിയത്. പൊതുവില്‍ സ്വതന്ത്രമായിരുന്ന ഹിന്ദു സംസ്കാരവും പതിയെ ഈ ആശയങ്ങളെ പിന്തുടരാന്‍ തുടങ്ങി.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ പങ്കെടുക്കാന്‍ അച്ഛനമ്മമാരുടെ സമ്മതി പത്രം ആവശ്യപെടുന്നതിലൂടെ സമൂഹത്തില്‍ നിലനില്‍കുന്ന പുരുഷാധിപത്യ മൂല്യങ്ങളെ ഊട്ടി ഉറപ്പികുകയാണ് വനിത ചെയ്യുന്നത്. തങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു മത്സരത്തില്‍ ഏതു നിബന്ധനയും ഉള്‍പ്പെടുത്താന്‍ ഒരു മാസികയ്ക്ക് അധികാരമുണ്ട്. എന്നാല്‍ “വനിതകളുടെ സുഹൃത്തും വഴികാട്ടിയും” ആണെന്ന് അവകാശപ്പെടുന്ന വനിത മുന്നോട്ടു വയ്ക്കുന്ന ഈ “വഴികാട്ടല്‍” ഒരുതരത്തിലും പുരോഗമനപരം അല്ലതന്നെ.

സംഗീത് സെബാസ്റ്റ്യന്‍

ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ മെയില്‍ ടുഡേ ദിനപത്രത്തില്‍ അസി. എഡിറ്റര്‍

More Posts

This post was last modified on January 30, 2018 2:18 pm