X

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു; കിരണ്‍ ബേദി വിവാദത്തില്‍

ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിന് കിരണ്‍ ബേദി തന്നെയാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് തുടക്കമിട്ടത്

പോണ്ടിച്ചേരിയിലെ ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടപടിക്രമങ്ങള്‍ പാലിക്കാതെ സസ്‌പെന്റ് ചെയ്ത ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നടപടി വിവാദമാകുന്നു. കിരണ്‍ ബേദിയും മറ്റ് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും അംഗങ്ങളായുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തതിനാണ് സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍ എ എസ് ശിവകുമാറിനെ സസ്‌പെന്റ് ചെയ്യുകയും ഒരു പോലീസ് സ്‌റ്റേഷനില്‍ 15 മണിക്കൂര്‍ കസ്റ്റിഡിയില്‍ വെക്കുകയും ചെയ്തത്.

ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിന് കിരണ്‍ ബേദി തന്നെയാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് തുടക്കമിട്ടത്. ശിവകുമാറിന്റെ നടപടിയെ തങ്ങള്‍ ന്യായീകരിക്കുന്നില്ലെങ്കിലും നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല ജോയിന്റ് സെക്രട്ടറി തസ്തികയിലുള്ള അദ്ദേഹത്തിന്റെ പേരില്‍ നടപടി സ്വീകരിച്ചത് എന്നാണ് സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഏകപക്ഷീയവും തിടുക്കത്തിലുമാണ് ബേദി നടപടി സ്വീകരിച്ചതെന്ന് അവര്‍ പറയുന്നു. വീഡിയോ അബദ്ധത്തില്‍ അപ്ലോഡ് ആയതാണെന്നും അത് നീക്കം ചെയ്യാനും അദ്ദേഹം ബേദിയുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നിട്ടും ശിവകുമാറിനെ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടുകയായിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ തൃപ്തയാവാതിരുന്ന ബേദി അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയും പോലീസ് കൈമാറുകയുമായിരുന്നു. ഒരു ദിവസം രാത്രി മുഴുവന്‍ ഓര്‍ലിയാന്‍പേട്ട് പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ അദ്ദേഹത്തെ മന്ത്രിമാരായ എ നമശിവായത്തിന്റെയും എം കന്ദസ്വാമിയുടെയും ഇടപെടലിനെ തുടര്‍ന്ന് പിറ്റെ ദിവസമാണ് മോചിപ്പിച്ചത്.

പതിനാല് മണിക്കൂറിലേറെ ശിവകുമാറിനെ പോലീസ് സ്‌റ്റേഷനില്‍ പാര്‍പ്പിച്ചത് ന്യായീകരിക്കാനാവില്ലെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. ഐടി ആക്ട് പ്രകാരമാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെ തിടുക്കത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ലഫ്റ്റനന്റ് ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ഇതിനിടെ സംസ്ഥാന സാമൂഹിക ക്ഷേമ മന്ത്രി എം കന്ദസ്വാമി ആവശ്യപ്പെട്ടു.

കഴിഞ്ഞ മേയില്‍ പോണ്ടിച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയി ചുമതലയേറ്റ കിരണ്‍ ബേദി തുടക്കത്തില്‍ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് മിഷനും മറ്റും അവര്‍ ഊര്‍ജ്ജിതമാക്കി. കൂടാതെ ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം വ്യാപിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അവരുടെ പല നടപടികളും വിവാദമായി. ഉദ്യോഗസ്ഥര്‍ മാത്രമല്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും അവര്‍ക്ക് എതിരായി. നടപടിക്രമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി വി നാരായണസ്വാമി പ്രതികരിച്ചു.