X

ചുംബനസമരത്തിന്റെ ഒരു വര്‍ഷം: ചുവന്ന ചുണ്ടുകളാല്‍ മുറിവേറ്റവര്‍ക്ക്

കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക പരിസരം കാലങ്ങളായി മുന്നോട്ടു വച്ചിരുന്ന സദാചാര സംഹിതകള്‍ക്ക് മേല്‍ കുറുകെയുണ്ടായ ഒരു കീറലായിരുന്നു ചുംബനസമരം. ഉമ്മ വയ്ക്കാനുള്ള സ്വാതന്ത്ര്യമെന്ന് പരിഹാസവും വിമര്‍ശനവും ഉണ്ടായപ്പോഴും കേരളത്തിന്റെ പൊതുവ്യവഹാരത്തില്‍ ഈ സമരമുണ്ടാക്കിയ അലയൊലികള്‍ ഇന്നും അടങ്ങിയിട്ടില്ല. ഒപ്പം രാജ്യവ്യാപകമായി പടരുകയും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന പുതിയ സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കും ഫാസിസത്തിനുമെതിരെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പുതിയ കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനും ചുംബനസമരം മുന്നോട്ട് വച്ച മുദ്രാവാക്യങ്ങള്‍ ഏറെ പ്രധാനമായിരുന്നു. ‘ഒന്നാം ചുംബനസമരം’ നടന്ന്‍ ഒരു വര്‍ഷം തികയുമ്പോള്‍ അതിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കും അനുഭാവികള്‍ക്കും എതിര്‍പ്പുള്ളവര്‍ക്കും ഒക്കെ തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കാനുള്ള ഒരിടം. 

 
ചുംബന സമരത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായി. കേരള ചരിത്രത്തില്‍ ചുംബന സമരം അടയാളപ്പെടുത്തുന്ന തലമുറയില്‍പ്പെട്ടവര്‍ എന്ന നിലയില്‍ കേരള സമര ചരിത്രത്തില്‍ ചുംബന സമരത്തിന്റെ പ്രാധാന്യം എന്തെന്ന് ചോദിച്ചാല്‍ പലരും ചൂണ്ടിക്കാണിച്ചത് പോലെ പത്ര തലക്കെട്ടുകളില്‍ നിന്നും ‘അനാശാസ്യം’ എന്ന് വിശേഷിക്കപ്പെട്ടവയെ ‘സദാചാര പോലീസ് ആക്രമണം’ എന്ന് തിരുത്തിയെഴുതിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ്. പൊതുബോധത്തിന് ‘സദാചാര പോലീസിംഗ്’ എന്ന വാക്ക് സംഭാവന ചെയ്തതും അന്യന്റെ സ്വകാര്യതയെ, സ്ത്രീയുടെ സമ്മതത്തെ/വിസമ്മതത്തെ മാനിക്കുന്നതിനെപ്പറ്റി, പൊതു ഇടങ്ങളിലെ സ്വകാര്യതയെപ്പറ്റി, ബലാത്സംഗ സംസ്കാരം കൊടികുത്തി വാഴുന്ന കാലത്ത് ലൈംഗികതയില്‍ സ്ത്രീകളുടെ പങ്കിനെപ്പറ്റി /അനുവാദത്തെപ്പറ്റി, താത്പര്യത്തെപ്പറ്റി, പൊതു ഇടങ്ങളില്‍ ലിംഗ ഭേദമന്യേ ഉള്ള തുല്യാവകാശത്തെപ്പറ്റിയൊക്കെ ഉറക്കെ ഉറക്കെ സംസാരിച്ചതുമായ ഈ സമരം അതിയായ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നതാണ് എന്ന കാര്യത്തില്‍ തര്‍ക്കമേതും ഇല്ലെന്നുറപ്പിക്കാം.
 
വാര്‍ഷികം ആഘോഷിക്കാന്‍ ഏറ്റവും നല്ലത് വിമര്‍ശനാത്മകമായി കാര്യങ്ങളെ വിലയിരുത്തല്‍ തന്നെയാണ് എന്ന് തോന്നുന്നു. ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം സമരത്തില്‍ പങ്കെടുത്ത പലരുടെയും ജീവിതത്തില്‍ ആ ലേബല്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ പറയണം. വ്യക്തിപരമായി പറയുകയാണെങ്കില്‍ ‘ഉമ്മ സമരത്തില്‍ പങ്കെടുത്തവള്‍’ എന്ന ലേബലില്‍ എനിക്ക് എന്നെ അവതരിപ്പിക്കാന്‍ താത്പര്യമില്ല. അതൊരു കുറവായി കാണുന്നത് കൊണ്ടല്ല, മറിച്ച് എന്റെ ഇടപെടലുകള്‍ ഒരു ഉമ്മ സമരത്തില്‍ തുടങ്ങുന്നതല്ല, അവിടെ ഒടുങ്ങുന്നതും അല്ല എന്നത് കൊണ്ടാണ്. അതേസമയം ഉമ്മസമരത്തില്‍ പങ്കെടുത്തവള്‍ എന്നത് ഒരു അശ്ലീലകാര്യമായി അവതരിപ്പിക്കപ്പെടുന്ന ഇടങ്ങളില്‍ എന്നെ അങ്ങനെ തന്നെ അടയാളപ്പെടുത്തണം എന്ന് കരുതുന്നുമുണ്ട്. ലേബലുകള്‍ പക്ഷെ വീണു കഴിഞ്ഞാല്‍ മായ്ച്ചു കളയാന്‍ അല്പം ബുദ്ധിമുട്ടാണ്. അത് മനസിലാക്കുന്നത് ബന്ധുമിത്രാദികളുടെയും പൊതു സമൂഹത്തിന്റെയും പെരുമാറ്റത്തില്‍ നിന്നും ഇടപെടലുകളില്‍ നിന്നുമാണ്. ഈ സമരത്തില്‍ പങ്കെടുത്ത ഒട്ടുമിക്ക പെണ്‍കുട്ടികളും കുറെയൊക്കെ ആണ്‍കുട്ടികളും ഇത് ഏറിയതും കുറഞ്ഞതുമായ അളവില്‍ കുടുംബത്തില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും നേരിട്ടിട്ടുണ്ട് എന്ന് തന്നെ സ്വകാര്യവും അല്ലാത്തതുമായ സംഭാഷണങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ അപ്ഡേറ്റുകളില്‍ നിന്നും മനസിലാക്കുന്നു. പലരുടെയും ചിത്രങ്ങളും വീഡിയോകളും അശ്ലീല സന്ദേശങ്ങളായി സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതിന്റെ പേരില്‍ നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിംഗും വയലന്‍സും ഒരുമാതിരിപ്പെട്ട പെണ്‍കുട്ടികളെയെല്ലാം തകര്‍ത്തു കളയുംവിധം പരിധിവിട്ടിരുന്നു. പലരും, ഞാനടക്കം, തങ്ങള്‍ക്ക് ഇന്‍ബോക്സില്‍ ലഭിച്ച അശ്ലീല സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പബ്ലിക് ആയും അല്ലാതെയും പോസ്റ്റ്‌ ചെയ്യുന്ന ഘട്ടം വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇവയില്‍ ഏറെ കൗതുകകരമായി തോന്നിയ ഒന്നുണ്ട്. വ്യക്തിപരമായ നിരീക്ഷണത്തില്‍ ഇത്തരം മെസേജുകളില്‍ ഇരുണ്ട നിറമുള്ളവര്‍ക്ക് ലഭിച്ച മേസേജുകളുടെ ഭാഷയും വെളുത്ത ശരീരങ്ങള്‍ നേരിട്ട ഭാഷയും രണ്ടായി തോന്നി. ആദ്യത്തേതിന് ബലാത്സംഗ സംസ്കാരത്തിന്റെ എല്ലാവിധ സ്വഭാവങ്ങളും ഉണ്ടായിരുന്നെങ്കില്‍ രണ്ടാമത്തേത് കുറെയൊക്കെ ലൈംഗിക അഭ്യര്‍ഥനകളും രതികാമനകളും ആയിരുന്നു. ആദ്യത്തേതില്‍ ‘കറുത്ത തൊലിയുള്ള കഴപ്പ് മൂത്തവളോ’ട് (ആവശ്യപ്പെടാതെ തന്നെ) ചെയ്യുന്ന ലൈംഗിക ഔദാര്യത്തിന്റെ ഭാവവാഹാദികള്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തേത് ആരാധനയും ആഗ്രഹവും പ്രകടിപ്പിക്കുന്നവയായിരുന്നു എന്നത് യാദൃശ്ചികമല്ല. നിരാസം നേരിടേണ്ടി വരുമ്പോള്‍ രണ്ടു കേസുകളിലെയും പ്രതികരണങ്ങളില്‍ വയലന്‍സിന്റെ തീവ്രത രണ്ടു വിധവും ആയിരുന്നു. ആദ്യത്തേതിലെ തീവ്രത വംശീയാധിക്ഷേപ തലത്തിലും ബലാത്സംഗ ഭീഷണിയിലുമാണ് പോയതെങ്കില്‍ രണ്ടാമത്തേത് പലപ്പോഴും പ്രീണന സ്വഭാവവും അല്ലെങ്കില്‍ സ്ലട്ട്‌ ഷേയ്മിങ്ങും സ്വീകരിച്ചു. അങ്ങനെയുള്ളപ്പോള്‍ ഹൈദരാബാദിലെ ഉമ്മ സമരത്തില്‍ ദൃശ്യമായതും അദൃശ്യവല്‍ക്കരിക്കപ്പെട്ടതും തമ്മില്‍ ഒരു താരതമ്യം പ്രധാനമാണെന്ന് തോന്നുന്നു.
 
ഉമ്മസമര ചര്‍ച്ചകളിലും ചിത്രീകരണങ്ങളിലും നിറഞ്ഞു നിന്നത് വെളുത്ത ശരീരങ്ങളായിരുന്നു എന്നത് യാദൃശ്ചികമല്ല. പൊതുബോധത്തിനു തൃപ്തി നല്‍കുന്ന ‘ലക്ഷണമൊത്ത’ ശരീരങ്ങള്‍ക്ക് ലഭിച്ച ദൃശ്യത അത് സൂചിപ്പിക്കുന്നുണ്ട്. വെളുത്ത ശരീരങ്ങള്‍ നടത്തിയ ആണ്‍-പെണ്‍ ചുംബനങ്ങള്‍ അത്രമേല്‍ ആഘോഷിക്കപ്പെട്ടു, സ്വീകരിക്കപ്പെട്ടു. കറുത്തതും ലക്ഷണമൊക്കാത്തതും ഒക്കെയായ ശരീരങ്ങള്‍ വെളുത്ത heteronormative ഉമ്മകള്‍ക്കു പിന്നില്‍ പേരില്ലാത്ത, മുഖമില്ലാത്ത ആള്‍ക്കൂട്ടം മാത്രമായി മറഞ്ഞു പോയി. എത്രയോ ശക്തമായ ഉമ്മകള്‍ ആ ആള്‍ക്കൂട്ടത്തില്‍ സംഭവിച്ചിരുന്നു അന്ന്! ലെസ്ബിയന്‍, ഗേ, ക്വിയര്‍ തുടങ്ങി സഹോദരങ്ങളും കറുത്തതും വെളുത്തതും ഒക്കെയായ ശരീരങ്ങളും ചുംബിച്ചു. എത്രയോ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്ന നിലപാടുകള്‍ ആയിരുന്നു ആ ഓരോ ഉമ്മയും! അതിനെയെല്ലാം മറയ്ക്കാന്‍ കഴിയുന്ന വെളുത്ത ഉമ്മകള്‍ ഒരേ സമയം പരാജയവും കൂടിയാണ് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പൊതുബോധത്തിന്റെ സാംസ്കാരിക ആകുലതകളെ ഒരു പരിധിവരെ ഞെട്ടിച്ചുവെങ്കിലും അത് പരാജയപ്പെടുത്തിയത് എത്രയോ ശക്തമായ മറ്റു പല രാഷ്ട്രീയ നിലപാടുകളുടെയും ഉറച്ചുള്ള പ്രഖ്യാപനത്തെക്കൂടെയാണ് എന്നത് അംഗീകരിച്ചേ മതിയാവൂ. തുടര്‍ന്നുള്ള ചര്‍ച്ചകളിലും മറ്റും കേരളത്തില്‍ മാത്രമല്ല, ഇന്ത്യന്‍ പൊതുസമൂഹത്തില്‍ തന്നെ ഹൈദരാബാദിലെ ഉമ്മസമരത്തിന്റെ മുഖമായി അവരോധിക്കപ്പെടുന്നത്, ആഘോഷിക്കപ്പെടുന്നത് ആ heteronormative ഉമ്മകള്‍ മാത്രമാണ്. അതൊരു തെറ്റായ വായന ആണെന്നും ഇവിടത്തെ ഉമ്മസമരത്തെ അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നില്ല എന്നും ഇവിടത്തെ ഉമ്മസമരത്തില്‍ പങ്കെടുത്ത ഒരുവള്‍ എന്ന നിലയില്‍ ഇപ്പോഴെങ്കിലും പറഞ്ഞേ മതിയാവൂ.
 
 
ഹൈദരാബാദിലെ ഉമ്മ സമരത്തിന്റെ ദൃശ്യതയെപ്പറ്റി അതിന്റെ സംഘാടകരില്‍ ഒരുവള്‍ എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ ഒന്നുകൂടി പറയണം. ഞങ്ങളുടെ ചുണ്ടുകള്‍ മുറിപ്പെടുത്തില്ല (our lips wont scar) എന്നെഴുതിയ ചാര്‍ട്ട് പേപ്പറില്‍ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ചുണ്ടുകള്‍ റെഡ് ലിപ്സ്റ്റിക് കൊണ്ട് പതിപ്പിച്ചു വാങ്ങി വേണം പരിപാടി അവസാനിപ്പിക്കാന്‍ എന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. അതുപ്രകാരം മുന്‍പേ ഒരു ഡാന്‍സ് പരിപാടിക്കായി വഴിവക്കില്‍ നിന്നും വാങ്ങിച്ച മേക്ക് അപ് കിറ്റില്‍ ബാക്കി വന്ന വിലകുറഞ്ഞ രണ്ടു ചുവന്ന ലിപ്സ്റ്റിക് എടുത്തുകൊണ്ടാണ് ഞങ്ങള്‍ പരിപാടിക്ക് പോയത്. പരിപാടിക്ക് മുന്നേ ഒരു ട്രയല്‍ എടുത്ത് നോക്കവേ ആണ്‍കുട്ടികള്‍ ചിലപ്പോള്‍ ചുവന്ന ലിപ്സ്റ്റിക് അണിയാന്‍ വിസമ്മതിച്ചേക്കും എന്ന ധാരണയില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അതുകൊണ്ട് സംഘാടകരായ ഞങ്ങളിലെ രണ്ടേ രണ്ടു ആണ്‍കുട്ടികളെങ്കിലും നിര്‍ബന്ധമായും ചുവന്ന ലിപ്സ്റ്റിക് ഇടണം എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് സഹോദരങ്ങളായ ധീരജും ദയാലും ചുംബിക്കും മുന്നേ ലിപ്സ്റ്റിക് അണിയാന്‍ തീരുമാനമാകുന്നത്. പരിപാടി തുടങ്ങി അല്‍പ നേരത്തിനുള്ളില്‍ സംഭവിച്ചത് ഞങ്ങളുടെ നിയന്ത്രണത്തിന് പുറത്തായിരുന്നു. ലിപ്സ്റ്റിക്ക് ചോദിച്ചു വാങ്ങി മടിയേതുമില്ലാതെ പുരട്ടി ചുംബിച്ചു തുടങ്ങിയത് ആണ്‍കുട്ടികളും കൂടിയാണ്. അത് ഒരുതവണ വിശദമാക്കി അഴിമുഖത്തില്‍ തന്നെ എഴുതിയിരുന്നതുമാണ്-(ഞങ്ങളുടെ ചുണ്ടുകള്‍ ആരെയാണ് മുറിപ്പെടുത്തുന്നത്?)
 
എന്നിട്ടും ഈ ചുവന്ന ലിപ്സ്റ്റിക്കിന്റെ പേരിലാണു ചുംബന സമരത്തിന്‌ ശേഷം ഞങ്ങള്‍ ഏറെ പഴി കേട്ടത്. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്. അത് യൂണിവേഴ്സിറ്റിക്കും അതിനു പുറത്തും ഭൂകമ്പങ്ങള്‍ തന്നെ സൃഷ്ടിച്ചു. അതിനാല്‍ തന്നെ അത് വായിക്കപ്പെട്ട വിധം വിലയിരുത്തുന്നത് രസകരമാവും. ചുവന്ന ലിപ്സ്റ്റിക്ക് അണിഞ്ഞത് എന്തിനാണെന്ന് ഞങ്ങളോട് ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടിരുന്നത് അധികാര കേന്ദ്രങ്ങള്‍ മാത്രമല്ല, പുരോഗമന മുഖംമൂടികള്‍ ധരിക്കുന്നവര്‍ കൂടിയാണ്. മുഖംമൂടികള്‍ എന്ന് കൃത്യമായി പറയും. കാരണം അവരുടെ ചോദ്യങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ വേറെ വേറെ ആയിരുന്നെങ്കിലും ചോദ്യത്തിന്റെ ഉറവിടം ഒന്ന് തന്നെയായിരുന്നു – പെണ്‍കുട്ടികള്‍ അണിഞ്ഞ ചുവന്ന ചായത്തിനാല്‍ മുറിപ്പെട്ട സദാചാര ബോധം. ഹൈദരാബാദിലെ ചുംബന സമരത്തെപ്പറ്റി എഴുതിക്കാണുന്നത് ‘മേക്ക് അപ്പ് ഇട്ട പെണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ മാത്രം ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞു കണ്ടു’ എന്നൊക്കെയാണ്. മേക്കപ്പ് ഇട്ടോ ഇല്ലയോ എന്ന് ടിവി ഫൂട്ടേജ് കണ്ടാണോ അതോ നേരില്‍ വന്നു തൊട്ടുനോക്കിയാണോ മനസിലാക്കിയത് എന്നറിയില്ല. അതും പോട്ടെ, മേക്ക് അപ് ഇട്ടാല്‍ എന്താണ് പ്രശ്നം? ഇട്ടില്ലെങ്കില്‍ എന്താണ് പ്രശ്നം എന്നത് പോലെ തന്നെ പ്രധാനമാണ് ഇട്ടാല്‍ എന്താണ് എന്ന ചോദ്യവും. മേക്ക് അപ്പ് പലപ്പോഴും സ്വത്വത്തിന്റെ തന്നെ അടയാളപ്പെടുത്തലുകള്‍ ആയിത്തീരുന്ന കാലത്ത് ചുവന്ന ലിപ്സ്റ്റിക്കിനെ നിങ്ങള്‍ ‘അപ്പര്‍ ക്ലാസ്സ്‌/കാസ്റ്റ്/എലീറ്റ് ഫെമിനിസം’ മാത്രമായി അടയാളപ്പെടുത്തുമ്പോള്‍ അതെങ്ങനെയാണ്‌ നിങ്ങള്‍ ലിപ്സ്റ്റിക് അണിഞ്ഞ പുരുഷന്മാരില്‍ കാണാതെ പോകുന്നത്? എന്തുകൊണ്ട് ലിപ്സ്റ്റിക് അണിഞ്ഞു എന്ന് അവരോടു ചോദിക്കാഞ്ഞതെന്താണ്? ലിപ്സ്റ്റിക് അണിഞ്ഞ പുരുഷന്മാര്‍ മുന്നോട്ടു വയ്ക്കുന്ന ഭിന്ന ലൈംഗികതയുടെ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാനുള്ള മടിയായി, ഭീതിയായി അതിനെ വായിക്കുന്നതില്‍ വിരോധമുണ്ടോ?
 
ഇന്ത്യയില്‍ ചുവന്ന ലിപ്സ്റ്റിക്കിനു തെരുവിന്‍റെ, ലൈംഗിക തൊഴിലിന്റെ തന്നെ രാഷ്ട്രീയമാണ് മുന്നോട്ടു വയ്ക്കാനുള്ളത്. സിനിമകളിലും പൊതുബോധത്തിലും ചുണ്ടില്‍ കടുംചുവപ്പ് ചായം തേച്ച സ്ത്രീകള്‍ വശീകരണ മന്ത്രവാദിനികളാണ്, അല്ലെങ്കില്‍ ട്രാന്‍സ്ജെന്‍ഡറുകളാണ്. അതിലൈംഗികതയും ലൈംഗിക പ്രകടനപരതയും ഇതിനോടൊപ്പം ചേര്‍ത്ത് വച്ചിരിക്കുന്നു. ‘തെരുവിലെ ചായം തേച്ച വേശ്യാസ്ത്രീകള്‍’ എന്നാണു ഉമ്മസമരത്തിന് ശേഷം ഞങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടതും. ചുവന്ന ലിപ്സ്റ്റിക് മുന്നോട്ടു വയ്ക്കുന്ന ശക്തമായ ലിംഗരാഷ്ട്രീയം ഇതൊന്നില്‍ തന്നെ വ്യക്തമാണ്. അതൊരു ശക്തമായ നിലപാടാണ്. അന്നിവിടെ ലിപ്സ്റ്റിക് അണിഞ്ഞ പുരുഷന്മാരില്‍ ഒരാള്‍ ഇത് ഓര്‍ത്തെടുക്കുന്നത് തന്നെ ചോദ്യം ചോദിക്കാന്‍ വന്ന ചാനല്‍ പ്രതിനിധി ‘മാഡം’ എന്ന് തന്നെ അഭിസംബോധന ചെയ്തതാണ്. ചുവന്ന ചുണ്ടുകള്‍ പ്രഖ്യാപിക്കുന്ന ഇത്രയും ശക്തമായ അടയാളപ്പെടുത്തലിന്റെ രാഷ്ട്രീയം എന്തുകൊണ്ട് കേള്‍ക്കാതെ പോകുന്നു എന്ന ചോദ്യമാണ് എനിക്ക് ചോദിക്കാനുള്ളത്. ഒപ്പം ലിപ്സ്റ്റിക് അണിഞ്ഞ പുരുഷന്മാരെ കാണാതെ പോകുന്ന അന്ധതയും അദ്ഭുതം തന്നെ! ക്വിയര്‍ രാഷ്ട്രീയം അതിശക്തമായി സ്വയം പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന കാലത്തും സെക്കന്റ് വേവ് ഫെമിനിസകാലത്തെന്ന മട്ടിലെ ഇത്തരം ‘ലിപ്സ്റ്റിക് ആകുലതകള്‍’ ചുരുങ്ങിയ പക്ഷം ഒരു അക്കാദമിക് സര്‍ക്കിളില്‍ നിന്നും വരുന്നതെങ്കിലും എത്ര പരിഹാസ്യമാണ്!
 
 
ഇന്നിപ്പോള്‍ ചുംബന സമരത്തിന്റെ വാര്‍ഷികത്തിന് ശേഷമെങ്കിലും പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്, ക്യാമറയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മന:പൂര്‍വം അവര്‍ തഴഞ്ഞ കറുത്ത ശരീരങ്ങളുടെ ഉമ്മകളെ, പൊതുബോധത്തിന്റെ സൗന്ദര്യ സങ്കല്പത്തിന് യോജിക്കാത്ത ശരീരങ്ങളുടെ ഉമ്മകളെ, സഹോദരങ്ങളുടെ ഉമ്മകളെ, ലെസ്ബിയന്‍ ഉമ്മകളെ, ഗേ ഉമ്മകളെ, മറ്റു ക്വിയര്‍ ഉമ്മകളെ. വെളുത്ത ശരീരങ്ങളുടെ heteronormative ഉമ്മകള്‍, ചുവന്ന ലിപ്സ്റ്റിക്ക് ഇട്ട പെണ്‍ചുണ്ടുകള്‍ ഒക്കെ മാത്രം കാഴ്ച്ചവെട്ടത്ത് വന്ന, ആഘോഷിക്കപ്പെട്ട, ‘ലക്ഷണം ഒക്കാത്ത’ ശരീരങ്ങളുടെ/ലൈംഗികതയുടെ ഉമ്മകള്‍ മായ്ച്ചു കളയപ്പെട്ട ഒരു വര്‍ഷത്തിനൊടുക്കമെങ്കിലും മാറ്റിനിര്‍ത്തപ്പെട്ട ഉമ്മകളെ തിരഞ്ഞു പിടിച്ചു ഒരു പുനര്‍വായന നടത്താന്‍ കഴിയുമെന്നു പ്രത്യാശിക്കുന്നു. എന്തുകൊണ്ട് ചില ഉമ്മകള്‍ മാത്രം സ്വീകരിക്കപ്പെട്ടു? പലവിധ ബൈനറികളെ തകര്‍ക്കാന്‍ കെല്പുള്ള അതിശക്തമായ മറ്റനേകം ഉമ്മകളെ അരികുവല്‍ക്കരിക്കാന്‍, ചരിത്രത്തില്‍ നിന്നേ മായ്ച്ചു കളയാന്‍ heteronormative ആയ, പൊതുബോധ സൗന്ദര്യസങ്കല്പങ്ങള്‍ക്ക് സ്വീകാര്യമായ ശരീരങ്ങളുടെ ഉമ്മകള്‍ക്ക് കഴിഞ്ഞെങ്കില്‍ നമ്മുടെ പൊതുബോധം ഉമ്മ സമരത്തിന്‌ മുന്‍പും ശേഷവും എത്രകണ്ട് മാറിയിട്ടുണ്ട് എന്ന് ആലോചിക്കേണ്ടതുമുണ്ട്. ഒപ്പം ലിപ്സ്റ്റിക് അണിഞ്ഞ ആണ്‍ ചുണ്ടുകളെ സൗകര്യപൂര്‍വ്വം കാണാതെ പോയ അന്ധതയും മനസിലാക്കേണ്ടതുണ്ട്.
 
വാല്‍: ചുംബന സമരത്തിന്‌ ശേഷം വ്യാപകമായി പ്രചരിച്ചിരുന്ന ഒരു വാട്സാപ്പ് തമാശ ഉണ്ട്.
‘ഇനിമുതല്‍ പെണ്ണുകാണല്‍ ചടങ്ങുകളില്‍ കേള്‍ക്കാന്‍ ഇടയുള്ള ചോദ്യം – 2014 നവംബര്‍ രണ്ടിന് കുട്ടി എവിടെ ആയിരുന്നു? ഇത്തരം ഒരു ചോദ്യത്തിന് ഉത്തരമായി ‘2014 നവംബര്‍ രണ്ടിന് സീന്‍ പിടിക്കാനായി മൊബൈലുമായി ചേട്ടന്‍ മറൈന്‍ ഡ്രൈവില്‍ പോയിരുന്നോ’ എന്ന മറുചോദ്യം ഉന്നയിക്കാന്‍ ആര്‍ജവത്തമുള്ള കുറെ ഏറെ പെണ്‍കുട്ടികളെ ഉമ്മസമരത്തിന് നല്‍കാന്‍ കഴിഞ്ഞു കാണും എന്ന് തന്നെ വിശ്വസിക്കുന്നു.
 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 
 

വൈഖരി ആര്യാട്ട്

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥി. നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍, ലിംഗ നീതി, പൊതുവ്യവഹാരങ്ങള്‍, യാത്രകള്‍ എന്നിവയിലൂടെയൊക്കെ ഈ കോളം കടന്നു പോകുന്നു

More Posts

Follow Author:

This post was last modified on December 16, 2016 12:10 pm