X

ചുംബന സമരം പ്രശ്‌നവത്ക്കരിക്കുന്ന സദാചാര അധിനിവേശങ്ങള്‍- ഭാഗം 2

കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക പരിസരം കാലങ്ങളായി മുന്നോട്ടു വച്ചിരുന്ന സദാചാര സംഹിതകള്‍ക്ക് മേല്‍ കുറുകെയുണ്ടായ ഒരു കീറലായിരുന്നു ചുംബനസമരം. ഉമ്മ വയ്ക്കാനുള്ള സ്വാതന്ത്ര്യമെന്ന് പരിഹാസവും വിമര്‍ശനവും ഉണ്ടായപ്പോഴും കേരളത്തിന്റെ പൊതുവ്യവഹാരത്തില്‍ ഈ സമരമുണ്ടാക്കിയ അലയൊലികള്‍ ഇന്നും അടങ്ങിയിട്ടില്ല. ഒപ്പം രാജ്യവ്യാപകമായി പടരുകയും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന പുതിയ സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കും ഫാസിസത്തിനുമെതിരെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പുതിയ കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനും ചുംബനസമരം മുന്നോട്ട് വച്ച മുദ്രാവാക്യങ്ങള്‍ ഏറെ പ്രധാനമായിരുന്നു. ‘ഒന്നാം ചുംബനസമരം’ നടന്ന്‍ ഒരു വര്‍ഷം തികയുമ്പോള്‍ അതിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കും അനുഭാവികള്‍ക്കും എതിര്‍പ്പുള്ളവര്‍ക്കും ഒക്കെ തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കാനുള്ള ഒരിടം. ഈ സാഹചര്യത്തില്‍, വിശാഖ് ശങ്കര്‍ കഴിഞ്ഞ ഡിസംബറില്‍ യുക്തിയുഗം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു. ഒന്നാം ഭാഗം ഇവിടെ വായിക്കാം: ചുംബന സമരത്തിന്റെ ഒരു വര്‍ഷം: ഉമ്മകളില്‍ ഉയിരിടുന്ന സാമൂഹ്യപരിണാമം

 

 

ഭാഗം 2 
ചുംബനസമരത്തിലൂടെ മുന്നോട്ട് വയ്ക്കപ്പെടുന്ന ലൈംഗികത ഒരു പാപമല്ല സ്വാതന്ത്ര്യമാണ് എന്ന, ശരീരം അഴുക്കല്ല അതിനെ അഴുക്കായി കാണുന്ന സംസ്‌കാരമാണ് കഴുകി വെളുപ്പിക്കപ്പെടേണ്ടത് എന്ന ആശയം ഭാരതീയമല്ല, കൊളോണിയല്‍ അധിനിവേശമാണ് എന്നതാണ് യാഥാസ്ഥിതിക മതവാദികളുടെ മഴവില്‍സഖ്യം മുന്നോട്ട് വയ്ക്കുന്ന വിമര്‍ശനം. പ്രാഥമികമായ പ്രശ്‌നം ഈ സംസ്‌കാരമെന്നത് സാര്‍വകാലികമായ ആശയങ്ങളുടെ അലംഘനീയമായ ഒരു സഞ്ചയമാണോ എന്നതാണ്. മനുസ്മൃതി പോലും നമ്മുടെ സംസ്‌കാരചരിത്രത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍ ആ ചരിത്രം സ്മൃതിയെ മനുഷ്യന്‍ അതിലംഘിച്ചതിന്റേത് കൂടിയാണ്. അത് കേവലം അദ്വൈതസിദ്ധാന്തത്തെ മാത്രം മുന്‍നിര്‍ത്തി ഉണ്ടായതുമല്ല. ആയിരുന്നുവെങ്കില്‍ ആ സാംസ്‌കാരികപരിണാമം ശങ്കരനോടെ പൂര്‍ത്തിയാവണമായിരുന്നു. അങ്ങനെയുണ്ടായില്ല എന്ന് മാത്രമല്ല, അതിന് നമുക്ക് കൊളോണിയല്‍ വാഴ്ച കൊണ്ടുതന്ന യൂറോപ്യന്‍ ആധുനികത വരെ കാത്തിരിക്കേണ്ടിവന്നു എന്നതാണ് ചരിത്രപരമായ യാഥാര്‍ത്ഥ്യം. അത് വൈദേശികമായിരുന്നു എന്നതിനാല്‍ ഇന്നത്തെ സ്വത്വവാദികള്‍ അംബേദ്കറെയും, സഹോദരന്‍ അയ്യപ്പനെയും തള്ളിപ്പറയുമോ? ഈഴവന്‍ ആയിരുന്നു എന്നതുകൊണ്ട് ആശാന്‍, അയ്യപ്പന്റെ പന്തിഭോജനം ഉള്‍പ്പെടെയുള്ള സമരരൂപങ്ങളെക്കുറിച്ച് ഉന്നയിച്ച വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കുമോ?

വൈദേശികമായ ഒരു പ്രസ്ഥാനം എന്ന നിലയില്‍ ആധുനികതയെ യൂറോകേന്ദ്രീകൃതമെന്ന് വിമര്‍ശിക്കുന്ന, ആ ആധുനികതയുമായുള്ള ചാര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തെവരെ തള്ളിക്കളയുന്ന, എമ്പെരിസിസം പോലെ ഒരു ജ്ഞാനശാസ്ത്രബന്ധിയായ വിപ്ലവത്തോട് ഒരു മടിയും ഇല്ലാതെ പുറംതിരിഞ്ഞ് നില്ക്കുന്ന നമ്മുടെ സാംസ്‌കാരിക പൊതുബോധം തന്നെയാണ് സദാചാരത്തിന്റെ കാര്യം വരുമ്പോള്‍ ആര്‍ഷഭാരത, ആര്‍ഷകേരള സംസ്‌കാര ചരിത്രത്തെ, വാല്‍സ്യായനനെ, ഖജുരാഹോ ശില്പസംസ്‌കൃതിയെ, നമ്മള്‍ പരിപാവനമായി കാണുന്ന ക്ഷേത്രഭിത്തികളില്‍ കൊത്തിവച്ച ശില്പങ്ങളെ വരെ പാടേ കയ്യൊഴിഞ്ഞ് വിക്ടോറിയന്‍സദാചാര സംഹിതകളെ കെട്ടിപ്പിടിച്ച് നില്ക്കുന്നത്. അവരതിനെ മറികടന്നു. എന്നിട്ടും നമ്മള്‍ക്ക് ഇനിയും ആ കെട്ട് വിട്ടിട്ടില്ല!

പ്രണയിക്കാന്‍ ശരീരം വേണ്ട എന്ന തരം ആദര്‍ശവല്‍ക്കരണങ്ങള്‍ തന്നെ പ്രണയത്തിന്റെ ആഴം അളക്കാന്‍ ഇന്നും ഉപയോഗിക്കപ്പെടുന്ന ഒരു സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ പ്രശ്‌നഭരിതമാകുന്നു. പ്രണയം-കാമം, ഉടല്‍-മനസ്, വികാരം-വിവേകം, ഹൃദയം-തലച്ചോറ് എന്നീ ദ്വന്ദ്വങ്ങള്‍ മുഴുവന്‍ ജ്ഞാനോദയപൂര്‍വ്വമായ ഒരു ജീവിത കല്പനയില്‍നിന്ന് ഉണ്ടാകുന്നവയാണ്. ആ ദ്വന്ദ്വങ്ങളെ ആധാരമാക്കുന്നതാണ് ഇന്നും നമ്മുടെ സദാചാര, സാംസ്‌കാരിക ആദര്‍ശവല്‍ക്കരണങ്ങള്‍ മുഴുവനും. പൊതുബോധത്തിന്റെ അവിഭാജ്യഘടകമായ ഈ ദ്വന്ദ്വത്തെ പൊളിക്കാതെ ശരീരത്തിന്റ മേലുള്ള മനുഷ്യന്റെ സ്വാതന്ത്ര്യം – മറ്റുള്ളവന്റെ നെഞ്ചില്‍ കയറാനുള്ള സ്വാതന്ത്ര്യമല്ല, എന്റെ ശരീരത്തിനു മേലുള്ള നിര്‍ണ്ണയാവകാശം എന്റേത് മാത്രമായി അനുവദിച്ചു നല്കുന്ന സ്വാതന്ത്ര്യം – സാക്ഷാത്കരിക്കപ്പെടില്ല. അങ്ങനെയല്ലാതെ ചുംബനസമരം വിശാലമായ അര്‍ത്ഥത്തില്‍ ഒരു വിജയമാവുകയുമില്ല. അവിടെയാണ് കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍നിന്ന് ഡല്‍ഹി വരെ എത്തുന്നതിനിടയ്ക്ക് ഈ സമരത്തില്‍ സംഭവിച്ചു കഴിഞ്ഞ പരിപ്രേക്ഷ്യബന്ധിയായ വികാസം ഒരു ശുഭസൂചനയാകുന്നത്.

ശരീരത്തിന്റെ അപരവല്‍ക്കരണം
ചുംബനസമരത്തിനെതിരെ ഉയരുന്ന യുവമൂര്‍ച്ചാവിജ്രംഭണങ്ങള്‍ക്കെതിരെ ഇതിഹാസങ്ങളില്‍ നിന്നും അപവാദങ്ങള്‍ കണ്ടെത്തി നിരത്തിയിട്ട് ഒരു കാര്യവുമില്ല. കാരണം കൃഷ്ണന്റെ പതിനാറായിരത്തിയെട്ട് ഭാര്യമാരെ മുതല്‍ രാസക്രീഡയേയും കുളിക്കുമ്പോഴുള്ള ഒളിഞ്ഞുനോട്ടത്തെയും വരെ ലൈംഗികേതരമായി വ്യാഖ്യാനിച്ച് ഒപ്പിക്കാനുള്ള പരിശീലനം അവര്‍ പണ്ടേ നേടിക്കഴിഞ്ഞു. ആള്‍ദൈവ ആശ്രമങ്ങളിലെ ആരാധനാ സമ്പ്രദായങ്ങളെയോ, ഹിന്ദുമതത്തിന്റെ ചില വിശ്വാസധാരകളുടെ ദിഗംബര ജീവിതമോ, ലിംഗ, യോനീ പൂജകളുടെതായ പാരമ്പര്യമോ ഒന്നും ചൂണ്ടിക്കാട്ടിയിട്ടും കാര്യമില്ല. ഇവിടെ വിമര്‍ശിക്കപ്പെടുന്നത് നഗ്‌നതയോ, ശരീരമോ, ചുംബനമോ, ആലിംഗനമോ അല്ല, മറിച്ച് ലൈംഗികതയാണ്. ലൈംഗികത പാപമാണ് എന്നതാണ് അടിസ്ഥാന പ്രമാണം. പ്രത്യുല്പാദനം എന്ന കര്‍മ്മം നിര്‍വഹിക്കാനല്ലാതെ ചിലവഴിക്കപ്പെടുന്ന ഓരോ തുള്ളി ലൈംഗികോര്‍ജ്ജവും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അശ്ലീലവും പാപവുമാകുന്നു. ഈ സിദ്ധാന്തത്തിന്റെ പ്രചാരകന്‍ ഏതെങ്കിലും വിക്ടോറിയന്‍ പാതിരിയാവും എന്ന് കരുതിയാല്‍ തെറ്റി. ശരീരത്തെ, അതിന്റെ പരിണാമബന്ധിയായ അനുകൂലകങ്ങളെയുള്‍പ്പെടെ ആത്മീയജീവിതത്തിന്റെ അപരിഷ്‌കൃതവും, അസംസ്‌കൃതവുമായ ഒരു അപരമായി കാണുന്ന ഈ ജീവിത പരിപ്രേക്ഷ്യം നമ്മുടെ രാഷ്ട്രപിതാവിന്റെ സൈദ്ധാന്തിക സംഭാവനയായിരുന്നു!

ഒരുവശത്ത് ജീവോര്‍ജ്ജവും, ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളും മറുവശത്ത് വാല്‍സ്യായനനുമൊക്കെയായി വൈവിധ്യമാര്‍ന്ന ലൈംഗികചര്യകള്‍ വച്ചുപുലര്‍ത്തിയിരുന്ന, ഓരോ ജാതിയ്ക്കും ഉപജാതിയ്ക്കും വ്യത്യസ്തങ്ങളായ സദാചാരനിയമങ്ങളുണ്ടായിരുന്ന ഒരു ഭൂതകാലത്തുനിന്നാണ് നമ്മുടെ സംസ്‌കാരം ഏകശിലോന്മുഖമായ, അനിഷേധ്യമായ ഏക സദാചാരമാതൃക മാത്രം പിന്തുടര്‍ന്നു വന്നിരുന്ന ഒന്നായി ഇന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. അത്തരം ഒരു സദാചാരത്തെ ഭൂതകാല വൈവിധ്യങ്ങളൊക്കെ മായ്ച്ചുകളഞ്ഞ് എക്കാലത്തെയും ഭാരതീയ സംസ്‌കാരമായി പ്രതിഷ്ഠിക്കുന്നതില്‍ ഗാന്ധി ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് നാം ലൈംഗിക സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പരികല്‍പ്പനകളെ മുഴുവന്‍ നമ്മുടെ സംസ്‌കാരത്തിന് ചേരാത്ത വിദേശ ഇറക്കുമതികളായി കാണുന്നു. എന്നാല്‍ അവയല്ല, നാം ഇന്ന് നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഈ സദാചാരബോധമാണ് വിദേശി എന്ന സത്യം കണ്ണില്‍ പെടാത്തതിന്റെ ഒരു കാരണം നാം ഗാന്ധിയ്ക്ക് ശേഷം ഭാരതീയ സംസ്‌കാരമെന്ന് വിളിക്കുന്നത് അതിന് ഗാന്ധി നല്കിയ വ്യാഖ്യാനങ്ങള്‍ മാത്രമായി തീര്‍ന്നു എന്നതാവാം.

ഗാന്ധീയന്‍ ലൈംഗികത
പ്രത്യുല്പാദനത്തിനുവേണ്ടിയല്ലാത്ത എല്ലാത്തരം ലൈംഗികതയും അശ്ലീലമാണെന്ന തരം ധാരണകളെ നമ്മുടെ പൊതുബോധത്തിലേയ്ക്ക് കടത്തിവിട്ടതിന്റെ ഏക ഉത്തരവാദിയൊന്നുമല്ലെങ്കിലും കഴിഞ്ഞ ഒരു നൂറ്റാണ്ട് എടുത്താല്‍ അവയുടെ ഏറ്റവും പ്രബലനായ പ്രചാരകന്‍ ഗാന്ധി തന്നെ ആയിരുന്നു എന്ന് കാണാം. എന്നാല്‍ പരന്ന വായനയുണ്ടായിരുന്ന ഗാന്ധി സ്വാംശീകരിച്ചെടുത്ത ഈ പ്യൂരിറ്റന്‍ ആശയപ്രപഞ്ചമാകട്ടെ ഒരര്‍ത്ഥത്തിലും സ്വദേശി മാത്രമായ ഒന്നായിരുന്നില്ല താനും. ‘ആരോഗ്യത്തിലേയ്ക്കുള്ള വഴി’ എന്ന ഗാന്ധിജിയുടെ പുസ്തകം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അദ്ദേഹം തന്റെയീ പുസ്തകത്തില്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്ന രണ്ട് പേരുകള്‍ ജര്‍മ്മന്‍ വംശജരായ ലൂയി കുനി എന്ന ജല ചികിത്സകന്റെയും (1835-1901) ‘പ്രകൃതിയിലേയ്ക്ക് മടങ്ങുക’ എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവായ, ശാസ്ത്രത്തെ പ്രാകൃതികമായ പറുദീസയില്‍നിന്ന് മനുഷ്യനെ പുറത്താക്കിയ സര്‍പ്പമായി കാണുന്ന അഡോള്‍ഫ് ജസ്റ്റ് (1859-1936) എന്ന സ്വയം ശിക്ഷിത പ്രകൃതിചികിത്സകന്റെതുമാണ്. ഗാന്ധി ഇവരില്‍ അന്വേഷിച്ചത് ലൈംഗികതയെയും ശുക്ലത്തെയും മറ്റും കുറിച്ചുള്ള തന്റെ ധാരണകളെ ബലപ്പെടുത്താന്‍ പോന്ന, ഭാരതേതര ആശയ അവലംബങ്ങള്‍ ആയിരിക്കണം. ഭക്ഷണശീലം എന്ന പ്രമേയത്തെ ജസ്റ്റിനെപ്പോലുള്ള പ്രകൃതിചികിത്സകര്‍ കാണുന്നത് ഭക്ഷണത്തിലെ അഴുക്ക്, ശുക്ലം പോലെയുള്ള പലതരം സ്രവങ്ങളായി ശരീരത്തില്‍ അടിയുന്നു എന്ന നിലയ്ക്കാണെങ്കില്‍ ഗാന്ധിയന്‍ ദര്‍ശനത്തില്‍ ശുക്ലം അഴുക്കല്ല, അതിന്റെ സ്ഖലനം അഥവാ പാഴാകലാണ് പ്രശ്‌നം. അതിനെ തടയാന്‍ പ്രകൃതിചികിത്സയും, അതിന്റേതായ ഭക്ഷണരീതികളും സഹായിക്കുന്നു എന്നതാണ് ഗാന്ധിയെ അതുമായി അടുപ്പിക്കുന്ന പല ഘടകങ്ങളില്‍ ഒന്ന്. ലൈംഗിക ചോദനയേയും, പ്രത്യുല്‍പാദനശേഷിയെയും പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ട് ശുക്ലത്തെ അഴുക്കായി കാണുന്ന ജസ്റ്റിന്റെ സിദ്ധാന്തത്തിനും, അതിന്റെ സ്ഖലനത്തെ ജീവോര്‍ജ്ജത്തിന്റെ പാഴായിപ്പോകലായി കാണുന്ന ഗന്ധിയന്‍ സിദ്ധാന്തത്തിനും ഒരുപോലെ പ്രിയങ്കരമാകുന്നു സസ്യാഹാരം, അതും പറ്റുന്നത്ര പാചകം ചെയ്യാതെയുള്ള സസ്യാഹാരം. ഗാന്ധിയുടെ പ്രശ്‌നം ഈ ജീവോര്‍ജ്ജത്തിന്റെ സ്ഖലനം വഴിയുള്ള പാഴായിപ്പോകലിനെ എങ്ങനെ നിയന്ത്രിക്കാം എന്നതായിരുന്നു. അതിന് കുനിയുടെ ‘സ്‌നാന ചികിത്സ’യും, അതിനായി അദ്ദേഹം രൂപകല്പന ചെയ്‌തെടുത്ത തൊട്ടിയുമൊക്കെ എങ്ങനെ ഉപയോഗിക്കാം എന്ന് അദ്ദേഹം തന്റെ ‘ആരോഗ്യത്തിലേയ്ക്കുള്ള വഴി’യില്‍ വിശദമായി പറയുന്നുണ്ട്.

മേല്പറഞ്ഞ പുസ്തകത്തിലൂടെ ലൈംഗീഗിതയെക്കുറിച്ചുള്ള തന്റെ ദര്‍ശനം ഗാന്ധി വ്യക്തമാക്കുന്നു. ‘ലൈംഗികസ്രവണങ്ങളുടെ പരിപാലനം സാധ്യമാക്കുന്ന ബ്രഹ്മചര്യം കൂടാതെ പൂര്‍ണ്ണാരോഗ്യം നിലനിര്‍ത്തുക അസാദ്ധ്യം. ശുക്ലം വിഷയാസക്തിയില്‍ മുഴുകുന്നതിന്റെ വ്യര്‍ത്ഥത ബോധ്യപ്പെടുത്തുന്നു. ജീവദ്രവം പാഴാക്കാനുള്ളതല്ല. ഈ അറിവുകൊണ്ടേ സ്ത്രീ പുരുഷന്മാരുടെ ലൈംഗികാസക്തിയെ കടിഞ്ഞാണിടാനാവു’ എന്ന ഭാഗം നോക്കുക. ലൈംഗികതയും, അതിന്റെ ശരീരഭാഷയും എങ്ങനെ ഗാന്ധീയന്‍ സദാചാര ദര്‍ശനത്തില്‍ വെറും അശ്ലീലമാവുന്നു എന്നത് ഇവിടെ വ്യക്തമാണ്. അദ്ദേഹം തുടര്‍ന്ന് പറയുന്നു: ‘ഇതോടെ വിവാഹത്തിന്റെ പ്രസക്തി മാറും. ഇന്നത് കൊണ്ടാടപ്പെടുന്ന രീതി വെറുപ്പുളവാക്കും. വിവാഹം രണ്ട് ഹൃദയങ്ങളുടെ സമന്വയമാണ്. സൃഷ്ടിയ്ക്ക് വേണ്ടി മാത്രം ലൈംഗികക്രിയയില്‍ ഏര്‍പ്പെടുന്ന ദമ്പതികളെ ബ്രഹ്മചാരികളായി കണക്കാക്കാം. ഒരു കര്‍ത്തവ്യമെന്ന നിലയില്‍ സംയോഗം നീര്‍വഹിച്ചുകഴിഞ്ഞാല്‍ പിന്നെയൊരിക്കലും അത് ആവര്‍ത്തിക്കാനുള്ള ആഗ്രഹമുണ്ടാവുകയില്ല’.  

തികച്ചും ഗാന്ധീയമായ ഈ പാരമ്പര്യത്തില്‍ നിന്നു തന്നെയാണ് നമ്മുടെ പൊതുബോധവും ഇന്ന് പ്രവര്‍ത്തിക്കുന്നത്. വിക്ടോറിയന്‍ സദാചാരവാദികളെപ്പോലെ അത് ലൈംഗികതയെ സംസ്‌കാരത്തിന്റെയും, സദാചാരത്തിന്റെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. എന്നാല്‍ പ്രാകൃതികമായ ലൈംഗികചോദനയെ ചെറുത്ത് തോല്പിക്കുക അത്ര എളുപ്പമുള്ള ഒന്നല്ല, അതുകൊണ്ട് നമ്മള്‍ ഇതില്‍ ഒരു ഇരട്ടനയം സ്വീകരിക്കുന്നു. ആശയപരമായി ഗാന്ധിയന്‍ ലൈംഗിക സദാചാര ദര്‍ശനങ്ങളുടെ അപ്രമാദിത്തത്തെ അംഗീകരിച്ച് കഴിഞ്ഞാല്‍ പിന്നെ സ്വന്തം ലൈംഗികചോദനകളെ പരമാവധി ഗോപ്യമായി നിര്‍വഹിക്കുക മാത്രമേ നിവര്‍ത്തിയുള്ളു. അല്ലെങ്കില്‍ ആത്മപീഡയുടെ പരമകാഷ്ഠവരെ എത്തുന്ന ഗാന്ധീയന്‍ പരീക്ഷണങ്ങളിലൂടെ നമ്മെയും കടത്തിവിടണം. അതിനുള്ള ഗാന്ധിയന്‍ സ്ഥൈര്യമോ, തെറ്റെന്നും, പരാജയമെന്നും തിരിച്ചറിഞ്ഞവയെയെങ്കിലും പരസ്യമായി കുമ്പസാരിച്ച് തിരുത്താനുള്ള ഗാന്ധിയന്‍ സത്യസന്ധതയോ നമുക്കില്ല. അപ്പോള്‍ പിന്നെ ഇരുട്ടത്ത് രതിയും വെളിച്ചത്ത് ബ്രഹ്മചര്യവും എന്ന കാപട്യത്തെ, അതിന്റെ വിവിധ വകഭേദങ്ങളെ ജീവിതവ്രതമാക്കുക എന്നതല്ലാതെ മറ്റൊരു പോംവഴിയും നമുക്കോ നമ്മുടെ ഇന്നത്തെ ആത്മീയ ആചാര്യന്മാര്‍ക്കോ ഇല്ല. അങ്ങനെ ലൈംഗികദാരിദ്ര്യം ഒരുവശത്ത് കെട്ടിക്കിടന്ന് ബാലാത്സംഗത്വരയും, പീഡോഫീലിയയും, വോയറിസവുമൊക്കെയായി ചീഞ്ഞുനാറുമ്പോള്‍ മറുവശത്ത് ലൈംഗികത, അതിന്റെ ശരീരഭാഷ, എന്തിന് അതെക്കുറിച്ച് സംസാരിക്കുന്നത് പോലും സംസ്‌കാരരാഹിത്യമായി മാറുന്നു. നാം സംസ്‌കാരം എന്ന് ഊറ്റം കൊള്ളുന്ന ഈ കാപട്യത്തെ ഉള്‍പ്പെടെ പ്രശ്‌നവത്ക്കരിക്കാനും ചര്‍ച്ചാവിധേയമാക്കാനും കഴിയുന്ന നിലയില്‍ സൂക്ഷ്മത്തില്‍നിന്ന് സ്ഥൂലത്തിലേയ്ക്ക് വളരുന്നു ചുംബനസമരത്തിന്റെ ചരിത്രം.

 

 

സമരങ്ങളുടെ സ്വീകാര്യത എന്ന മിത്ത്
സമരമെന്ന പ്രതിഷേധരൂപത്തിന്റെ യുക്തി നീതിനിഷേധം എന്ന അനുഭവത്തെയാണ് ആധാരമാക്കുന്നത്. എന്നാല്‍ ഈ അനുഭവത്തെ, അതിന്റെ യുക്തിയെ എങ്ങനെ വസ്തുനിഷ്ഠമാക്കാം? അതൊരു പ്രശ്‌നമാണ്. അതിന് പരിഹാരമില്ലെങ്കില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത് സമരങ്ങളുടെ യുക്തി തന്നെയാവും. ചുംബനസമരത്തിനെ കായികമായി തുരത്താന്‍ ശ്രമിക്കുന്നത് ഇതിലെ മറുപക്ഷത്തിന്റെ രീതിശാസ്ത്രപരമായ പിഴവാണ്. അതിനു പകരം അവര്‍ ഡൗണ്‍ ടൗണ്‍ ഹോട്ടലിനെതിരെ മറ്റൊരു പ്രതികരണ സമരം സംഘടിപ്പിച്ചിരുന്നുവെങ്കിലോ? ഉപവാസം എന്ന ക്രിയയെ മാത്രം ആയുധമാക്കി എതിര്‍ സാംസ്‌കാരികയുക്തികളുടെ മുഴുവന്‍ മുനയൊടിക്കാന്‍, ഗാന്ധിയെപ്പോലെ ഇന്ത്യന്‍ ബഹുജന സമൂഹത്തെ, അതിന്റെ ബഹുസ്വരതകളെ മുഴുവന്‍ അപ്രസക്തമാക്കിക്കൊണ്ട് വൈകാരികമായി ബാധിക്കാന്‍ പോന്ന ഒരു വ്യക്തിത്വം ഇന്ന് ഇല്ല എന്നത് ശരി. ഗാന്ധി ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ ഗാന്ധിസാഹിത്യമുണ്ട്. പ്രത്യുല്പാദനകര്‍മ്മം മുന്‍നിര്‍ത്തിയല്ലാതെയുള്ള ലൈംഗികപ്രവര്‍ത്തിയുടെ ഏതൊരു അനുബന്ധവും അശ്ലീലമാണെന്ന ഗാന്ധിയന്‍ കല്പനയെ, അതിന്റെ വിവിധ വിശദീകരണങ്ങളെ ഉരുവിട്ട് ഹോട്ടലിന്റെ മുന്നില്‍ പന്തലുകെട്ടി അവര്‍ ആദ്യമേ ഒരു സമരം സംഘടിപ്പിച്ചിരുന്നെങ്കിലോ? അങ്ങനെയെങ്കില്‍ ലൈംഗികത അശ്ലീലമാണെന്നും, ശരീരബന്ധിയായ പ്രണയം നഗ്‌നതപോലെ മറച്ചുവയ്‌ക്കേണ്ടതാണെന്നും, അത്തരം ഭൂരിപക്ഷവിശ്വാസങ്ങളെ ലംഘിക്കുന്നത് സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റമാണെന്നും, എന്തിന് പ്രണയിക്കുന്നവര്‍ പരസ്പരം പരസ്യമായി ചുംബിക്കുന്നത് സാംസ്‌കാരിക ഫാസിസമാണെന്ന് വരെയുള്ള നാം കേട്ട വാദങ്ങള്‍ അതുപോലെ നിലനില്‍ക്കും. എന്നാല്‍ ഒന്നാം ചുംബനസമരം എന്ന തുടക്കത്തിന്റെ സാമൂഹ്യ ഇടം റദ്ദ് ചെയ്യപ്പെടുകയും ചെയ്യും .

യുവമോര്‍ച്ചയുടെ ഭാഗത്തുനിന്ന് ഉണ്ടായ കായികമായ പ്രകോപനം എന്ന ഉത്തേജനം ഇല്ലാതെ ഉടല്‍ വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്ന്, ലൈംഗികത പാപമല്ലെന്ന് പ്രഖ്യാപിക്കുക എന്ന, സ്‌നേഹവും അതിന്റെ ശരീരഭാഷയും അശ്ലീലമാകുന്നില്ല എന്ന് അടിവരയിടുന്ന ഒന്ന് എന്ന നിലയ്ക്കാണ് ഈ സമരം മുന്നോട്ട് വയ്ക്കപ്പെട്ടിരുന്നതെങ്കില്‍ ആത്യന്തികമായി ഉള്ളടക്കത്തിലോ പ്രസക്തിയിലോ ഒരു മാറ്റവും വരുന്നില്ലായെങ്കില്‍കൂടി ഒരു ജനാധിപത്യ സമരരൂപം എന്ന നിലയില്‍ ഇതിന്റെ ഭാവി തുലാസിലാകുമായിരുന്നുവെന്നത് വ്യക്തം. അതായത് ചുംബനസമരത്തിന് ലഭിച്ച പൊതുജനപിന്തുണ അതിന്റെ സാംസ്‌കാരിക ഉള്ളടക്കത്തെ മാത്രം ആസ്പദമാക്കുന്ന ഒന്നല്ല എന്ന്. അക്രമവും, അക്രമരാഹിത്യവും സമരമാര്‍ഗ്ഗങ്ങള്‍ എന്ന നിലയില്‍ ഒന്നാണ് എന്നല്ല. സാംസ്‌കാരിക സംവാദ സാധ്യതകള്‍ അടച്ചിടുന്നിടത്തോളംകാലം അക്രമവും അക്രമരാഹിത്യവും തമ്മില്‍ ഉള്ള വ്യത്യാസം കായികമായ അധികാരപ്രയോഗത്തിനും, വൈകാരികമായ അധികാര പ്രയോഗത്തിനും തമ്മിലുള്ളത് മാത്രമാണ്. അധികാരം രണ്ട് അവസ്ഥകളിലും ഒരുപോലെ, ഒരു രൂപത്തിലല്ലെങ്കിലും ഒരേ ഭാവത്തില്‍ മര്‍ദ്ദനോപകരണമാകുന്നുണ്ട്. വൈകാരികമായ പ്രതികരണ സമരങ്ങളുടെ ജനകീയ അടിത്തറ വിശദാംശങ്ങളിലേയ്ക്ക് കടക്കുംതോറും ദുര്‍ബലമാകും എന്നതിന് നിദാനമാണിത്.

ഇത്തരം ഒരു നിരീക്ഷണം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നത് എല്ലാം കണക്കാണ്, ഒന്നും ശരിയാവാന്‍ പോകുന്നില്ല എന്നതരം സിനിസിസത്തെ സിദ്ധാന്തവല്‍ക്കരിക്കാനായല്ല. മറിച്ച് സമരവഴിയില്‍ സാധ്യമായ ഇത്തരം അപകടസാധ്യതകളെക്കൂടി മുന്‍കൂട്ടി കാണേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. നിലവിലുള്ള ജനാധിപത്യവ്യവസ്ഥയില്‍ സമരങ്ങള്‍ സ്വീകാര്യമാകുന്നത് പലപ്പോഴും അതിന്റെ സാംസ്‌കാരിക ഉള്ളടക്കത്തെ അവലംബമാക്കിയല്ല. കായികമായ അധിനിവേശമില്ലാത്തിടത്തോളം എല്ലാതരം സാംസ്‌കാരിക യുക്തികളും ഒരുപോലെ സ്വീകാര്യമാക്കുന്നു ജനാധിപത്യത്തിന്റെ വര്‍ത്തമാന നിര്‍വചനം.

ഒരു സാമൂഹ്യവ്യവസ്ഥയുടെ ഉള്ളില്‍നിന്ന് ഉയരുന്ന ഏതൊരു പ്രതിഷേധവും സമരവും തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന അനുഭവം പങ്കുവയ്ക്കുന്ന മനുഷ്യരുടെ താദാത്മ്യത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്. വര്‍ണ്ണവ്യവസ്ഥ വെല്ലുവിളിക്കപ്പെടുന്ന ഒരു സാമൂഹ്യ സാഹചര്യത്തില്‍ തങ്ങള്‍ നീതിയായി കരുതുന്ന ആ വ്യവസ്ഥയുടെ പുന:സ്ഥാപനത്തിനായി പരസ്പരം താദാത്മ്യപ്പെടുന്ന ഒരു വിഭാഗം മനുഷ്യര്‍ കൂട്ടുകൂടി പ്രതിഷേധിക്കുന്നതും അവരെ സംബന്ധിച്ചിടത്തോളം അനീതിയ്‌ക്കെതിരേ ഉള്ള പ്രതിഷേധമാണെന്ന്, അവരുടെ സമരവും സമരമാണെന്ന് ചുരുക്കം. നീതി എന്നത് സ്വര്‍ണ്ണം പോലെ ഒരു യന്ത്രത്തില്‍ കയറ്റി പതിനെട്ട് ക്യാരറ്റ്, പത്തൊമ്പത്, ഇരുപത്തിയൊന്ന് എന്നിങ്ങനെ മാറ്റ് നിര്‍ണ്ണയിക്കാവുന്ന ഒരു വസ്തുവല്ല. എന്നാല്‍ അത് വ്യക്തിനിഷ്ഠമായാലും (ദൈവമോ, അയാളുടെ പ്രതിപുരുഷനായ രാജാവോ തീരുമാനിക്കുന്നത്) സമൂഹനിഷ്ഠമായാലും (ഗോത്ര സമൂഹങ്ങളിലെപ്പോലെ ഭൂരിപക്ഷ വിശ്വാസം തീരുമാനിക്കുന്നത്) നീതിനിഷേധം എന്ന അനുഭവം ഒരുപറ്റം അപരരില്‍ അത് ഭൗതീകമായി തന്നെ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഇവിടെയാണ് നീതിയ്ക്ക് , അത് ആധാരമാക്കുന്ന യുക്തിപദ്ധതിയ്ക്ക് വസ്തുനിഷ്ഠമായ ഒരു അടിത്തറ അനിവാര്യമാകുന്നത്. വ്യക്തിനിഷ്ഠമോ സമൂഹനിഷ്ഠമോ ആയ നീതി എന്നത് പലപ്പോഴും നീതിനിഷേധം തന്നെയാവുന്നത് ബാബറി മസ്ജിദ് കേസില്‍, ബന്‍വാരി ദേവി കേസില്‍, അഫ്‌സല്‍ ഗുരു കേസില്‍ ഒക്കെ നാം പലതവണ കണ്ടതാണ്.

 

 

ഈ പ്രശ്‌നത്തിന്റെ ദീര്‍ഘകാലപരിഹാരം യുക്തിയെ എമ്പെരിക്കലായി, ചിന്തയെ ശാസ്ത്രീയമായി നിരന്തരം പുനര്‍നിര്‍ണ്ണയിക്കുക എന്നത് മാത്രമാണ്. ഇവിടെയാണ് പുരോഗമനപക്ഷത്ത് നില്ക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും, പ്രത്യയശാസ്ത്രങ്ങളും, ശാസ്ത്രീയമായ അവബോധത്തെ പരത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യുക്തിവാദപ്രസ്ഥാനങ്ങളും അവര്‍ പരസ്പരം സന്ധിക്കുന്ന മാനവികതയുടെ പുരോഗമനാത്മക സാമൂഹ്യരാഷ്ട്രീയ പരിണാമം എന്ന പൊതു പ്ലാറ്റ്‌ഫോം കണ്ടെടുക്കേണ്ടതും പരസ്പരം ‘അടിപ്പെടാതെ’ തന്നെ പ്രവര്‍ത്തിക്കുകയും വേണ്ടത്. ഫ്രീ തിങ്കേര്‍സ് എന്ന ഫേയ്‌സ്ബുക്ക് കൂട്ടയ്മയാണ് ഈ സമരത്തിന്റെ അമരത്ത് ഉണ്ടായിരുന്നത് എന്നതോ, ഇതിന് വിവിധ ഇടത് സംഘടനകള്‍, ചില വലത് രാഷ്ട്രീയ വ്യക്തികള്‍ അടക്കം ഉപാധികളൊടെയെങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട് എന്നതോ ഒരു അതിദൂരലക്ഷ്യത്തെക്കൂടി ഈ സമരം ഉടന്‍ സാക്ഷാത്കരിക്കും എന്ന പ്രത്യാശ വളര്‍ത്താന്‍ പോന്നതല്ല. അത് സമ്മതിക്കുമ്പോഴും അതീവ പ്രാധാന്യമര്‍ഹിക്കുന്നത് മാറ്റങ്ങള്‍ക്ക് ഒരു തുടക്കമുണ്ടാവുക, അതിന് കാലികമായി സ്വയം പരിഷ്‌കരിക്കപ്പെടുന്ന ഒരു രീതിശാസ്ത്രമുണ്ടാവുക എന്നതാണ്. അതിന് ചുംബനസമരം പര്യാപ്തമാവും എന്ന പ്രതീക്ഷ തന്നെയാണ് നാളിതുവരെയുള്ള അതിന്റെ പരിണാമ ചരിത്രം നിലനിര്‍ത്തുന്നത്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:

This post was last modified on December 16, 2016 11:18 am