X

മുഖ്യമന്ത്രിയാവാൻ കൊതിച്ചു; ആയത് മുഖ്യപ്രതി

പി കെ ശ്യാം

ഹൈക്കോടതി ജ‌ഡ്‌ജി പി.ഗോവിന്ദമേനോന്റെ ശിഷ്യനായി 1955ൽ അഭിഭാഷകനായും സമാന്തരമായി രാഷ്ട്രീയക്കാരനായും തുടങ്ങിയ കെ.എം.മാണിയുടെ ആറുപതിറ്റാണ്ടോളമെത്തിയ പൊതുപ്രവർത്തന പാരമ്പര്യമാണ് ഒരുകൂട്ടം ബാറുടമകൾ ഒരുകോടി കോഴയിൽ തട്ടി പൊളിച്ചടുക്കിയത്. അടച്ചുപൂട്ടിയ 418 ബാറുകൾ തുറക്കാൻ മാണി ആവശ്യപ്പെട്ട അഞ്ചുകോടിയിൽ മൂന്നുഘട്ടമായി ഒരുകോടി കൈമാറിയെന്ന ബാറുടമകളുടെ അവകാശവാദം ഏതാണ്ട് ശരിവയ്ക്കുന്നതാണ് വിജിലൻസിന്റെ നടപടികൾ. ബാർകോഴക്കേസിന്റെ ഉള്ളറകൾ തേടുമ്പോൾ കൗതുകമുള്ളതും അതേസമയം ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ മാണിയെ പൂട്ടാൻ ഉമ്മൻചാണ്ടി ഇറക്കിയ തുറുപ്പുഗുലാൻ എന്നാണ് ബാർകോഴക്കേസിനെ ആദ്യഘട്ടത്തിൽ വിലയിരുത്തിയതെങ്കിൽ ഇപ്പോൾ കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. നേരത്തെ എ ഗ്രൂപ്പിനെയാണ് സംശയിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഐ ഗ്രൂപ്പിലേക്കാണ് സംശയത്തിന്റെ മുന നീളുന്നത്. ഇവർക്കൊപ്പം മാണിയുടെ പാളയത്തിലെ പ്രബലനായ ഒരാൾകൂടിയെത്തിയതോടെ സംഗതി കലങ്ങിമറിഞ്ഞു. പടച്ചുവിട്ടവർക്കുപോലും പിടിച്ചുകെട്ടാനാവാത്ത വിധത്തിലാണ് ബാർകോഴയുടെ പോക്ക്. ആറുപതിറ്റാണ്ടിന്റെ മഹദ്പാരമ്പര്യത്തിൽ തലയുയർത്തിനിന്ന പാലാക്കാരൻ മാണിയുടെ ചിറകരിഞ്ഞ ബാർകോഴയുടെ ഉള്ളറകളിലേക്ക്….

വിജിലൻസ് പറയുന്നത്
ബാർ ഹോ​ട്ടൽ അ​സോ​സി​യേ​ഷൻ ഭാ​ര​വാ​ഹി​ക​ളിൽ നി​ന്ന് ധ​ന​മന്ത്രി കെ.എം.മാ​ണി കോഴ കൈപ്പറ്റിയ​തി​ന് ദൃ​സാ​ക്ഷി​യു​ണ്ടെന്നാണ് വി​ജി​ലൻസിന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഒന്നാം യൂണി​റ്റ് എ​സ്. പി ആർ. സു​കേ​ശൻ സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നത്. കോഴ വാങ്ങൽ, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാ​ണ് കെ.എം.മാ​ണി​യെ മാത്രം പ്ര​തി​ചേർത്ത് എഫ്.ഐ.ആർ സമർപ്പിച്ച​ത്. ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനെ തുടർന്നാണ് കേസ്. ധനമന്ത്രിയുടെ ഔദ്യോഗിക വസിതിയിലും പാലായിലെ വസിതിയിലും വെച്ച് കോഴ വാങ്ങിയെന്ന സാക്ഷി മൊഴികൾ അടിസ്ഥാനമാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കോഴയുടെ അവസാന ഗഡു ഏപ്രിൽ രണ്ടിന് മാണിയുടെ വസതിയിൽ വെച്ച് കൈമാറിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.

മാർച്ച് 20 മുതൽ ഏപ്രിൽ 3 വരെയുളള ദിവസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി ഒരു കോടി രൂപ കൈമാറി. ബിജു രമേശ് ഉൾപ്പടെ നാലു ബാർ ഉടമകളുടെയും ഡ്രൈവർ അമ്പിളി എന്നിവരുടെ മൊഴികളാണ് നിർണ്ണായകമായത്. അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13(1)(ഡി) എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കെ.എം.മാണി മാത്രമാണ് പ്രതിസ്ഥാനത്തുളള​ത്. 

ഇനി സംഭവിക്കുന്നത് ഇങ്ങനെ
വിജിലൻസ് ഡിവൈ.എസ്.പി സമർപ്പിച്ച  ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാവും ബാർകോഴ കേസിൽ ഇനിയുള്ള വിജിലൻസ് അന്വേഷണം. 30 പേരെ കണ്ട്, 29 പേരുടെ മൊഴിരേഖപ്പെടുത്തിയാണ് ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് ഡിവൈഎസ്പി എസ്.സുരേഷ് കുമാർ സമർപ്പിച്ചത്. വീണ്ടും എല്ലാവരുടെയും വിശദമായ മൊഴിയെടുത്തേക്കും. മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള തെളിവുകളും ശേഖരിക്കും. നേരത്തെ മൊഴി നൽകാതിരുന്ന ബാർഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തും.

ബെസ്റ്റ് ഓഫ് അഴിമുഖം 

ബാര്‍ കോഴ: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു; കോഴമുനയില്‍ മറ്റൊരു മന്ത്രിയും
മാണിയുടെ ചിറകരിഞ്ഞത് ചാട്ടത്തിന്റെ ലാസ്റ്റ് ലാപ്പിൽ
മാണി ഒളികാമറയില്‍?; മധ്യസ്ഥനായി വക്കം ഇടപെടുമെന്ന് സൂചന
മാണിസാറിന്റെ അനുഭവ സമ്പത്ത് അഴിമതി നടത്തുന്നതിലും അത് മൂടി വയ്ക്കുന്നതിലുമാണ് – പി.സി തോമസ്‌ തുറന്നു പറയുന്നു
കേരളം: ഇതിലാരാണ് കള്ളനല്ലാത്തത്?

അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചുമതലയുള്ള ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയാൽ മതി. അന്വേഷണത്തിൽ മതിയായ തെളിവുകൾ ലഭിച്ചാൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാം. വേണ്ടത്ര തെളിവു കിട്ടാത്തപക്ഷം കേസ് നിലനിൽക്കുന്നതല്ലെന്നു രേഖപ്പെടുത്തി കോടതിയിൽ ‘റഫർചാർജ്ജ്’നൽകാനാവും. 

വിന്‍സന്‍ പോളിന് എന്തുപറ്റി
മുത്തൂറ്റ് പോൾജോർജ്ജ് കൊലക്കേസിൽ എസ് കത്തിയുണ്ടാക്കിയതിന് ഏറെ പേരുദോഷം കേട്ട ഉദ്യോഗസ്ഥനാണ് വിജിലൻസ് മേധാവി വിന്‍സന്‍ എം പോൾ. അന്നത്തെ അപമാനത്തിന്റെ പേരിൽ രാജിവയ്ക്കാൻ പലവട്ടം ആലോചിച്ചിരുന്നതായും ഉറ്റസുഹൃത്തുക്കൾ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും വിന്‍സന്‍ എം പോൾ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. സത്യസന്ധനാണെങ്കിലും പൊലീസിന് ചീത്തപ്പേരുണ്ടാക്കിയ ഉദ്യോഗസ്ഥനെന്ന ലേബൽ സർവീസിന്റെ അവസാനകാലത്ത് മാറ്റണമെന്ന ദൃഢനിശ്ചയത്തിലാണ് അടുത്തിടെ ഡി.ജി.പി പദവി ലഭിച്ച അദ്ദേഹം. കഴക്കൂട്ടം സി.ഐ ഷിബുകുമാർ, എസ്.പി രാഹുൽ ആർ നായർ, ഐ.എ.എസുകാർൻ ടി.ഒ സൂരജ് എന്നിവർക്കെതിരേയുള്ള കേസുകളിലെല്ലാം ഈ നിശ്ചയദാർഢ്യമാണ് തെളിഞ്ഞുകണ്ടത്. ബാർകോഴക്കേസിൽ മാണിക്കെതിരേ കേസൊഴിവാക്കാൻ പലകോണിൽ നിന്നും വിൻവിന്‍സന്‍ പോളിന് ശക്തമായ സമ്മർദ്ദമാണ് നേരിടേണ്ടിവന്നത്. ഒടുവിൽ നിയമാനുസൃതമായ നടപടിയെടുക്കാൻ അനുവദിച്ചില്ലെങ്കിൽ സ്വയംവിരമിക്കലോ നീണ്ട അവധിയെടുക്കലോ വേണ്ടിവരുമെന്ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും നേരിൽക്കണ്ട് വിൻവിന്‍സന്‍ പോൾ അറിയിച്ചതായാണ് വിവരം. താൻ ആവശ്യപ്പെട്ട പ്രകാരം വിജിലൻസിലെത്തിയ എസ്.പിമാർ അടക്കമുള്ള സമർത്ഥരായ ഉദ്യോഗസ്ഥരുടെ നിര ഒന്നാകെ അവധിയിൽ പ്രവേശിക്കുമെന്നും വിൻവിന്‍സന്‍ പോൾ മുന്നറിയിപ്പ് നൽകിയത്രേ. ഇതിലാണ് സർക്കാർ വഴങ്ങിയതെന്നാണ് വിവരം. 

മാണിക്കും രാഹുലിനും ഒരേകുരുക്ക്
മന്ത്രി കെ.എം മാണിക്കെതിരായ ബാർകോഴക്കേസിലെന്നപോലെ ക്വാറിക്കോഴക്കേസിൽ എസ്.പി രാഹുൽ ആർ.നായർക്കും വിനയായത് കോഴപ്പണവുമായിപ്പോയ കാർ ഡ്രൈവറുടെ ശക്തമായ മൊഴികളാണ്. കിഴക്കേകോട്ടയിലെ ബിജുരമേശിന്റെ വീട്ടിൽനിന്ന് 35ലക്ഷം രൂപയുമായി ബാറുടമകളെ മാണിയുടെ ഔദ്യോഗികവസതിയിലെത്തിച്ചുവെന്ന ഡ്രൈവർ അമ്പിളിയുടെ മൊഴിയാണ് ബാർകോഴക്കേസിലെ നിർണായകമൊഴി. രാഹുൽ ആർ. നായരുടെ ഇടനിലക്കാരൻ അജിത്ത്കുമാറിന് കൈമാറാനുള്ള 17ലക്ഷം രൂപയുമായി ക്വാറിയുടമ ജയേഷ്‌ തോമസ് സഞ്ചരിച്ച കോട്ടയത്തെ ടാക്സികാറിന്റെ ഡ്രൈവറുടെ മൊഴിയാണ് ക്വാറിക്കോഴക്കേസിലും പ്രധാനം. വിജിലൻസ് ഡയറക്ടർ വിൻസന്‍റ് എം.പോളിന്റെ നിർദ്ദേശപ്രകാരം കോട്ടയംറേഞ്ച് എസ്.പി കെ.വി ജോസഫാണ് ഡ്രൈവറുടെ നിർണായകമൊഴി രേഖപ്പെടുത്തിയത്.

ബാർഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് രാജ്‌കുമാർ ഉണ്ണിയേയും നേതാവ് കൃഷ്ണദാസിനേയും മന്ത്രി മാണിയുടെ ഔദ്യോഗികവസതിയിൽ കൊണ്ടുവിട്ടത് താനാണെന്നാണ് ബിജുരമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴി. പെട്ടിയിലുള്ള 35ലക്ഷം മന്ത്രിക്ക് നൽകാനാണെന്ന് കാറിലിരുന്നവർ പറഞ്ഞുവെന്നും മന്ത്രിയെകണ്ടശേഷം തിരിച്ചെത്തിയപ്പോൾ പെട്ടിയുണ്ടായിരുന്നില്ലെന്നും അമ്പിളിയുടെ മൊഴിയിലുണ്ട്. അമ്പിളിയുടെയും അസോസിയേഷൻ ഭാരവാഹികളുടേയും മന്ത്രി മാണിയുടേയും ഫോൺവിവരങ്ങൾ പരിശോധിച്ച വിജിലൻസ് എല്ലാവരും ഒരേടവറിന്റെ പരിധിയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കോഴയിടപാടിൽ നേരിട്ട് പങ്കാളികളല്ലാത്ത ഡ്രൈവർമാരുടെ ശക്തമായ മൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്നാണ് രണ്ടു കേസിലും വിജിലൻസ് മേധാവി വിൻസന്‍റ് എം. പോൾ നിലപാടെടുത്തത്. ക്വാറിയുടമയുടെ ഡ്രൈവറുടെ മൊഴിയുടെ പിൻബലത്തിൽ എസ്.പി രാഹുലിനെതിരെ കേസെടുത്ത വിജിലൻസിന് ബാർകോഴക്കേസിലും ഇതേനടപടി സ്വീകരിക്കേണ്ടിവന്നു.

This post was last modified on December 12, 2014 11:40 am