X

അവനെ ട്രാപ്പിലാക്കിയതാണ്: അക്ബര്‍ കക്കട്ടില്‍

കെ.പി.എസ്.കല്ലേരി

‘ജയചന്ദ്രനെ അവര്‍ ട്രാപ്പിലാക്കിയതാണ്. അവനെ എനിക്ക് നന്നായിട്ടറിയാം. കുഞ്ഞുനാള്‍ മുതലുള്ള സൗഹൃദമാണ്. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ്. ‘ പറയുന്നത് സാഹിത്യകാരനും ജയചന്ദ്രന്‍ മൊകേരിയുടെ അയല്‍പ്രദേശത്ത്കാരനും അടുത്ത സുഹൃത്തുമായ അക്ബര്‍ കക്കട്ടില്‍. ജയചന്ദ്രന്‍ ജയിലില്‍ ആയ ഉടനെ ഡല്‍ഹിയിലുള്ള ഞങ്ങളൂടെ അടുത്ത കൂട്ടുകാരനും എഴുത്തുകാരനുമായ ജോ മാത്യു പറഞ്ഞിട്ടാണ് ഞാന്‍ വിവരം അറിയുന്നത്. ജോ മാത്യു മുന്‍കൈ എടുത്ത് അവന്റെ മോചനത്തിന് വേണ്ടി മന്ത്രി തലത്തിലും പാര്ട്ടി തലത്തിലും ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഞാനുള്‍പ്പെടെ മറ്റ് പല സുഹൃത്തുക്കളും ഞങ്ങളെക്കൊണ്ട് ആവുന്ന രീതിയില്‍ പലരുമായി ഇതിനുവേണ്ടി ബന്ധപ്പെടുകയും ഉണ്ടായി. അഴിമുഖം പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു അക്ബര്‍ കക്കട്ടില്‍.  

ഈ വിഷയവുമായി ബന്ധപ്പെട്ട് അഴിമുഖം പ്രസിദ്ധീകരിച്ച വാര്ത്തകള്‍ 

ഇവിടെയെല്ലാം തോന്നുംപടി; ജയചന്ദ്രന്‍ മാഷ് നിരപരാധി- മാലിയില്‍ നിന്നും സഹപ്രവര്‍ത്തകന്‍
ജയചന്ദ്രന്‍ മൊകേരി ജയിലിലായിട്ട് എട്ടുമാസം; ഒന്നും ചെയ്യാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

‘ജയചന്ദ്രന്‍ ഞങ്ങള്‍ക്ക് എല്ലാമാണ്. അവനെക്കുറിച്ച് ആര്, നാട്ടില്‍ നട്ടാല്‍ മുളയ്ക്കാത്ത എന്ത് നുണ പറഞ്ഞാലും വിശ്വസിക്കാന്‍ ആരെയും  കിട്ടില്ല. കാരണം ജയചന്ദ്രനെ ഞങ്ങള്‍ക്കറിയാം. അവിടെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരാണ്‍കുട്ടിയോട് അവിഹിതമായി പെരുമാറി എന്നാണല്ലോ അവനെതിരായി ചാര്‍ത്തിയ കുറ്റം. ക്ലാസ്മുറിയില്‍ വെച്ചാണ് അത് നടന്നതെന്നും പറയുന്നു. ഒരു കൂട്ടം കുട്ടികള്‍ക്കിടയില്‍ വെച്ച് ഒരധ്യാപകന്‍ ഒരു കുട്ടിയെ പീഡിപ്പിച്ചെന്നുപറയുമ്പോള്‍ അത് എങ്ങിനെയാണ് വിശ്വസനീയമാവുന്നത്. വികൃതി കാണിച്ച ഒരു കുട്ടിയെ ശാസിച്ചതാണ് യഥാര്‍ഥത്തില്‍ പ്രശ്‌നമായത്. അത്തരമൊരു പരാതിയാണ് കുട്ടിപോലും പറയാത്ത ലൈംഗികാതിക്രമമായി പരിണമിച്ചത്. കുട്ടിക്ക് പരാതിയില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചിട്ടുപോലും എന്തിനാണ് അവര്‍ ബോധപൂര്‍വം ജയനെ കുടുക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ജയചന്ദ്രന്‍ എന്ന മനുഷ്യനിലെ എല്ലാ സ്‌നേഹാദരവും അറിഞ്ഞുകൊണ്ടാണ് അവിടുത്ത കുട്ടികള്‍ വളരുന്നത്. ജയചന്ദ്രന്‍ അവിടുന്നെഴുതുന്ന കുറിപ്പുകള്‍ വായിച്ചാല്‍ മാത്രം മതി കുട്ടികളും അവനും തമ്മിലുള്ള ആത്മബന്ധം അറിയാന്‍. എന്നിട്ടും ആ കുട്ടികളുടെ പേരില്‍ തന്നെ അവനെ ട്രാപ്പിലാക്കിയത് എന്തൊരു ദുരന്തമാണ്…’

ജയചന്ദ്രന്റെ മോചനത്തിന് കൂടുതല്‍ ശക്തമായ ഉന്നതതല ഇടപെടലുകളാണ് വേണ്ടതെന്ന് അക്ബര്‍ കക്കട്ടില്‍ കൂട്ടിച്ചേര്‍ത്തു. അവിടുത്തെ നിയമ വ്യവസ്ഥയെ അവന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനാവശ്യമായ ഇടപെടലുകളുണ്ടാവണം. ഞങ്ങള്‍ സുഹൃത്തുകളെല്ലാം ജയന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് കക്കട്ടില്‍ കൂട്ടിച്ചേര്‍ത്തു. നിരപരാധിയായ ഒരെഴുത്തുകാരന്‍, അധ്യാപകന്‍,സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വിലയിരുത്തി ജയചന്ദ്രന്റെ മോചനത്തിനായി കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. എങ്കിലേ കേന്ദ്രം ഇളകുകയുള്ളൂ. കേന്ദ്രം ഇളകിയാലേ മാലി സര്‍ക്കാരില്‍ നിന്ന് അനുകൂലമായ എന്തെങ്കിലും പ്രതീക്ഷിക്കാനാവൂ എന്നും അക്ബര്‍ കക്കട്ടില്‍ പറഞ്ഞു. അവന്‍ പെട്ടന്നുതന്നെ പുറത്തുവരുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. അക്ബര്‍ കക്കട്ടില്‍ പറഞ്ഞു നിര്‍ത്തി.

This post was last modified on December 12, 2014 10:29 am