X

‘പ്രതിച്ഛായ’കൊണ്ട് മാണിയുടെ ചില കളികള്‍

ജസ്റ്റിന്‍ എബ്രഹാം

‘കോണ്‍ഗ്രസ് ഒറ്റുകാരുടെ കൂടിയാട്ടമെന്ന’ കേരള കോണ്‍ഗ്രസ് (എം) മുഖപത്രമായ ‘പ്രതിച്ഛായയുടെ’ മുഖപ്രസംഗവും, കെ എം മാണിക്കെതിരെ ഉപജാപം നടത്തിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് സോണിയ ഗാന്ധിക്ക് അയച്ച കത്തും മാണി കോണ്‍ഗ്രസില്‍ ഉരുത്തിരിയുന്ന പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ്.

ബാര്‍കോഴ കേസില്‍ കെ എം മാണിക്കെതിരെ ഗൂഡാലോചന നടത്തിയത് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമാണ് എന്നാരോപിച്ചു യൂത്ത് ഫ്രണ്ട് സംസ്ഥാന ഘടകം സോണിയ ഗാന്ധിക്ക് അയച്ച കത്ത് കഴിഞ്ഞ ശനിയാഴ്ച പുറത്തു വന്നിരുന്നു.

കത്തില്‍ തങ്ങള്‍ ഉന്നയിച്ച ആരോപണം ഗൗരവതരമായി ചര്‍ച്ച ചെയ്യണമെന്നും, സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കണം എന്നുമാണ് യൂത്ത് ഫ്രണ്ട് ആവ്യശ്യപ്പെടുന്നത്.

എന്നാല്‍ കത്തുമായോ ‘പ്രതിച്ഛായ’യുമായോ തനിക്ക് ബന്ധമില്ലെന്നാണ് കെ എം മാണി പറയുന്നത്. പാര്‍ട്ടിയുടെ അറിവോ സമ്മതവും കൂടാതെ നടന്നതാണ് കത്തെഴുത്തെന്നും ‘പ്രതിച്ഛായ’ എന്നത് ഒരു സ്വതന്ത്ര വരികയാണെന്നും പറഞ്ഞു മാണി തടിയൂരാന്‍ ശ്രമിക്കുമ്പോഴും, കെ എം മാണിയെന്ന, രാഷ്ട്രീയ അടര്‍ക്കളത്തിലെ സര്‍വമുറയും അഭ്യസിച്ചു തെളിഞ്ഞ രാഷ്ട്രീയക്കാരന്‍ ഉന്നം വെക്കുന്നത് മുന്നണി മാറ്റമടക്കമുള്ള കടുത്ത അടവുകളാണ് എന്ന് രാഷ്ട്രീനിരീക്ഷകര്‍ സംശയിക്കുന്നു.

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടു എല്‍ഡിഎഫിലേക്കു ചുവടു മാറ്റുന്നതായുള്ള വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ കേട്ടുതുടങ്ങിയപ്പോഴാണ് ബാര്‍ കോഴ വെള്ളിടി പോലെ മാണിയുടെ തലയില്‍ പതിച്ചത്. ഭൂരിപക്ഷം നഷ്ടപ്പെട്ട് ഭരണം ഇല്ലാതാകും എന്ന സാഹചര്യത്തില്‍ മാണിക്ക് കൂച്ചുവിലങ്ങിടാന്‍ ഉമ്മന്‍ ചാണ്ടി വിരിച്ച വലയായിരുന്നു ബാര്‍ കോഴ കേസ് എന്ന് അന്നു തന്നെ കേരള കോണ്‍ഗ്രസുകാരടക്കം അടക്കം പറഞ്ഞതാണ്. ബാര്‍ ഉടമ ബിജു രമേശിനോട് കൂട്ടുകൂടി കോണ്‍ഗ്രസ് നേതാക്കള്‍ കളിച്ച കളിയിലാണ് കേരള രാഷ്ട്രീയത്തിലെ അതികായനായ മാണിക്ക് മന്ത്രി പദവി നഷ്ടപ്പെട്ടതും പാലയ്ക്ക് പുറത്തെങ്കിലും അഴിമതിക്കാരനെന്ന പേര് വീണതും എന്ന അന്നത്തെ ആക്ഷേപത്തിന് അടിവരയിടുന്ന നീക്കങ്ങളാണ് മാണി കോണ്‍ഗ്രസുകാര്‍ ഒറ്റതിരിഞ്ഞെങ്കിലും നടത്തിക്കൊണ്ടിരിക്കുന്നത്.

യുഡിഎഫ് ഭരണകാലത്തു തന്നെ തനിക്കെതിരെ നടന്നത് ഗൂഡാലോചനയാണെന്നും തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ചതിച്ചതു കോണ്‍ഗ്രസ് ആണെന്നും മാണി പറയാതെ പറഞ്ഞുവച്ചിരുന്നു. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെ ബാബുവിനും തനിക്കും  ‘ഇരട്ട നീതി’യായിരുന്നു എന്നും  മാണി പറഞ്ഞിരുന്നു. 

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റ വലിയ പ്രഹരത്തെ അത്ര പെട്ടെന്ന് മാണി മറക്കുമെന്നു കരുതാന്‍ വയ്യ. സോണിയ ഗാന്ധിക്ക് യൂത്ത് ഫ്രണ്ട് സംസ്ഥാന ഘടകം അയച്ച കത്തും, ‘പ്രതിച്ഛായ’യിലെ മുഖപ്രസംഗവും ഇതു ശെരിവെക്കുന്നതാണ്. തള്ളിപ്പറഞ്ഞെങ്കിലും മാണിയുടെ കൈകള്‍ക്ക് അതില്‍ പങ്കില്ലെന്നു വിശ്വസിക്കാന്‍ ഒരു കോണ്‍ഗ്രസുകാരും തയ്യാറാകില്ല.

കത്ത് അയച്ചത് യൂത്ത് ഫ്രണ്ടാണെന്നും മാണിയെ കുടുക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഉണ്ടായ ധാര്‍മിക രോക്ഷം മാത്രമാണ് കത്തിന് ആധാരം എന്നുമാണ് കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ പ്രതികരിക്കുന്നത്. “പാര്‍ട്ടി ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. കത്ത് അയക്കാന്‍ പാര്‍ട്ടി ആരോടും ആവ്യശ്യപ്പെട്ടിട്ടുമില്ല. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട് ഉടന്‍ പുറത്തുവരും.” തോമസ് ഉണ്ണിയാടന്‍ അഴിമുഖത്തോട് പറഞ്ഞു. 

ഉണ്ണിയാടന്റെ വാക്കുകളില്‍ തന്നെ മാണിക്കെതിരെ നടന്നിരിക്കുന്നത് ഗൂഡാലോചനയാണെന്നും അതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ രോഷം നിലനില്‍ക്കുന്നുണ്ടെന്നും വ്യക്തമാകുന്നുണ്ട്. ഇതിനോടു ചേര്‍ത്തുവയ്ക്കാവുന്ന വാക്കുകളാണ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍റേത്.

“കെ എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമാണെന്നു തങ്ങള്‍ക്കു നേരത്തെ വെളിപ്പെട്ടിരുന്നു. ഇതു സത്യമാണ് എന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു കത്ത് അയച്ചത്”. സജി മഞ്ഞക്കടമ്പന്‍ അഴിമുഖത്തോട് പറഞ്ഞു.

“കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ നിന്നും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ വൈകുന്ന സാഹചര്യത്തില്‍ അടുത്ത നടപടികളിലേക്ക് പാര്‍ട്ടി കടക്കും. മുന്നണിയിലെ ഒരു പ്രധാന കക്ഷി എന്ന നിലയില്‍ തങ്ങള്‍ക്കു അര്‍ഹതപ്പെട്ട പരിഗണ ലഭിക്കും എന്നാണ് കരുതുന്നത്”. സജി മഞ്ഞക്കടമ്പന്‍ കൂട്ടിച്ചേര്‍ത്തു. 

കത്തിനെ തള്ളിപ്പറയുമ്പോഴും കത്തയച്ചവര്‍ക്കെതിരെ നടപടികളൊന്നും പാര്‍ട്ടി എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഈ വിഷയം ഗൗരവതരമായി പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യും. അതേസമയം പാര്‍ട്ടി മുന്നണിവിടണമെന്ന അഭിപ്രായം യൂത്ത് ഫ്രണ്ടിനില്ലെന്നും സജി മഞ്ഞക്കടമ്പന്‍ വ്യക്തമാക്കുന്നുണ്ട്. “കോണ്‍ഗ്രസില്‍ നിന്നുള്ള അകല്‍ച്ച പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. എന്നാല്‍ ചെയ്ത തെറ്റു തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണം”, അദ്ദേഹം പറഞ്ഞു.

എന്നാല്‍ മാണിയുടെ മനസിലിരുപ്പ് വേറെയാണെന്നാണ് ജനാധിപത്യ കോണ്‍ഗ്രസ് നേതാവും മുന്‍ കേരള കോണ്‍ഗ്രസ് വക്താവുമായ ആന്റണി രാജു പറയുന്നത്. എല്‍ഡിഎഫാണ് മാണിയുടെ ലക്ഷ്യമെന്നും, യുഡിഎഫില്‍ നിന്നും വരുന്ന മാണിയെ ഇടതുപക്ഷം സ്വീകരിക്കുമെന്നുമാണ് ആന്റണി രാജുവിന്റെ പ്രവചനം.

എന്നാല്‍ എല്‍ഡിഎഫിലേക്കുള്ള മാണിയുടെ പ്രവേശനം അത്ര എളുപ്പമല്ല. എന്തായാലും പുതിയ കക്ഷികളെ എടുക്കേണ്ട സാഹചര്യം എല്‍ ഡി എഫ്ഫില്‍ ഇപ്പോള്‍ ഇല്ല. മാണിക്കാണെങ്കില്‍ കഴിഞ്ഞ ഭരണകാലത്തെ ശക്തിയും ഇപ്പോഴില്ല. സ്വന്തം അടിത്തറ തന്നെ ഇളകി. പാര്‍ട്ടിക്കാണെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ വലിയ മെച്ചമൊന്നും ഉണ്ടാക്കാനായില്ല. കൂടുതല്‍ കുഴപ്പങ്ങളെ യുഡിഎഫില്‍ നില്‍ക്കുന്നതുകൊണ്ട് തങ്ങള്‍ക്കുണ്ടാകൂ എന്നാണ് കേരള കോണ്‍ഗ്രസുകാരുടെ ഭയം. യുഡിഎഫ് വിട്ടാല്‍ മാണി പല കാര്യങ്ങള്‍ക്കും പഴികേള്‍ക്കേണ്ടി വരും. അതു മറികടക്കണമെങ്കില്‍ കോണ്‍ഗ്രസ് തങ്ങളെ ചതിച്ചു എന്ന് എല്ലാവരേയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. അവിടെ വിജയിച്ചാല്‍ മാണിക്ക് പിന്നെ യുഡിഎഫ് വിടുന്നതിന് തടസമില്ല. 

കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോയാല്‍ ഒരുപക്ഷേ എല്‍ഡിഎഫിലേക്കായിരിക്കില്ല, മറിച്ച് ബിജെപിയുടെ സഖ്യകക്ഷിയായി മാറാനായിരിക്കും മാണി ശ്രമിക്കുക. അതിനുള്ള ചര്‍ച്ചകളും ഒരുക്കങ്ങളും നിയമസഭ തെരഞ്ഞെടുപ്പിനു മുന്നേ തന്നെ സംസ്ഥാന-ദേശിയ തലങ്ങളിലെ ബിജെപി നേതാക്കന്മാര്‍ നടത്തി തുടങ്ങിയിരുന്നു. മാണി ഇതുവരെ അതൊന്നും തള്ളിപ്പറഞ്ഞിട്ടുമില്ല. ഇനി ഏതായാലും മുഖ്യമന്ത്രി സ്വപ്‌നം മാണിയില്‍ അവേശേഷിക്കുന്നുണ്ടാകില്ല. പകരം മകന്റെ ഭാവിയായിരിക്കും പ്രധാനലക്ഷ്യം. ജോസ് കെ മാണിക്ക് വേണ്ടി കേന്ദ്ര മന്ത്രിപദം തരപ്പെടുത്താന്‍ മാണി കൊണ്ടുപിടിച്ച് ശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഇതൊന്നും നടന്നില്ലെങ്കിലും തന്റെ കുപ്പായത്തില്‍ വീണ ചെളി അതു വീഴ്ത്തിയവരെ കൊണ്ടു തന്നെ കഴുകി വെളുപ്പിക്കാന്‍ കെ എം മാണിയെന്ന കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്‍ കളിച്ചുകൊണ്ടേയിരിക്കും.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ജസ്റ്റിന്‍ എബ്രഹാം)

This post was last modified on July 7, 2016 2:30 pm

Related Post
Leave a Comment