X

വെറും മാസ് പടമല്ല ധനുഷിന്റെ കൊടി, അതിനപ്പുറം ചില രാഷ്ട്രീയമാനങ്ങളുമുണ്ട്

എതിര്‍നീച്ചല്‍, കാക്കി സട്ടൈ പോലുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ആര്‍.എസ്. ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊടി. ദീപാവലി ആക്ഷന്‍ റിലീസായാണ് സിനിമ തിയേറ്ററില്‍ എത്തിയത്. സെന്തില്‍ കുമാറും ധനുഷും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ കരിയറില്‍ ആദ്യമായി ഇരട്ടവേഷത്തിലും ധനുഷ് എത്തുന്നു.

തമിഴ് രാഷ്ട്രീയം സിരകളില്‍ നിറഞ്ഞോടുന്ന മുരുകനില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. തന്റെ വാഗ്‌ധോരണികളാല്‍ ജനങ്ങളെ പ്രകമ്പനം കൊള്ളിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. പക്ഷെ മുരുകനെ കൊണ്ട് അതിനൊന്നും സാധിക്കില്ല. അയാള്‍ ഊമയാണ്. എന്നാല്‍ നിഷ്‌കളങ്കനായൊരു രാഷ്ട്രീയപ്രവര്‍ത്തകന്‍ അയാളിലുണ്ട്. മുരുകനിലെ രാഷ്ട്രീയക്കാരന്റെ ഇച്ഛാഭംഗം അവസാനിക്കുന്നത് അയാളുടെ ഭാര്യ രണ്ട് ആണ്‍മക്കളെ പ്രസവിക്കുന്നതോടെയാണ്. രണ്ടിരട്ട കുട്ടികള്‍! മുരുകന്റെ ആരാധ്യനായ രാഷ്ട്രീയനേതാവാണ് അതിലൊരു കുട്ടിക്ക് പേരിടുന്നത്. പറക്കുന്ന പാര്‍ട്ടിക്കൊടിയുടെ ചുവട്ടില്‍ നിന്നും നേതാവ് ആ കുട്ടിയെ വിളിക്കുന്ന പേരും മറ്റൊന്നല്ല; കൊടി. രണ്ടാമത്തെ കുട്ടി അന്‍പ്. 

എല്ലാവരും പിറന്നതിനുശേഷം രാഷ്ട്രീയക്കാരനാകുമ്പോള്‍ കൊടി പിറന്നതേ രാഷ്ട്രീയക്കാരനാകാനായിരുന്നു. മുരുകന്‍ അവനെ വളര്‍ത്തിക്കൊണ്ടുവന്നത് ഒരു രാഷ്ട്രീയക്കാരന്റെ വഴിയിലൂടെയായിരുന്നു. അന്‍പ് ആകട്ടെ ഒരമ്മ കുട്ടിയായി, വഴക്കും അടിയുമെല്ലാം പേടിയുള്ളൊരാളായി കൊടിയുടെ സ്വഭാവത്തിന്റെ നേരെ എതിര്‍വശത്തു നിന്നു.

കൊച്ചുപ്രായത്തില്‍ തന്നെ കൊടിയുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് സംഭവിക്കുന്നു. നാടിനും ജനങ്ങള്‍ക്കും ആപത്തായ മെര്‍ക്കുറി ഫാക്ടറിക്കെതിരേ മുരുകന്‍ അംഗമായ പാര്‍ട്ടി സമരം ആരംഭിക്കുന്നു. ഫാക്ടറി പൂട്ടുക എന്നതാണ് സമരക്കാരുടെ ആവശ്യം. ഫാക്്ടറി കവാടത്തിലേക്കു ധര്‍ണയായി വരിക, പൊലീസ് തടയുന്നിടത്ത് അതവസാനിപ്പിക്കുക, ശേഷം പിരിഞ്ഞു പോവുക എന്ന പതിവ് രാഷ്ട്രീയരീതിയായി മാറിയേക്കുമായിരുന്ന ആ സമരം മുരുകന്റെ തികച്ചും അവിചാരിതമായൊരു പ്രവര്‍ത്തിയിലൂടെ മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. കൊടിയെന്ന ബാലന്‍ ഒരുറച്ച തീരുമാനം അവിടെവച്ച് എടുക്കുകയാണ്. അതിനായുള്ള അയാളുടെ യാത്രയാണ് സിനിമയുടെ ബാക്കി പറയുന്നത്.

കൊടിയുടെ പ്രണയിനിയാണ് രുദ്ര (തൃഷ). വളരെ ചെറിയ പ്രായം മുതല്‍ എതിര്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് വേണ്ടി പരസ്പരം യുദ്ധം ചെയ്യുന്നവരാണിവര്‍. പക്ഷെ കൊടിക്കു നേരെ വിപരീതമായി പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാണ് രുദ്ര. എങ്ങനെയും കൂടുതലുയര്‍ന്ന സ്ഥാനമാനങ്ങള്‍ നേടാനുള്ള നിരന്തര ശ്രമമാണ് രുദ്രയുടെ രാഷ്ട്രീയ ജീവിതം. കൊടിയുടേയും രുദ്രയുടെ രാഷ്ട്രീയലക്ഷ്യമെന്നപോലെ, ഉപതെരഞ്ഞെടുപ്പില്‍ ഇരുവരും എംഎല്‍എ സ്ഥാനാര്‍ത്ഥികളാകുന്നു. കൊടിയില്‍ നിന്നും തനിക്കു രാഷ്ട്രീയമായി ഗുണം ചെയ്യുന്ന ഒരു വിവരം കിട്ടുന്ന രുദ്ര അതു തന്റെ പ്രചാരണായുധം ആക്കുകയും ചെയ്യുന്നു. പ്രാദേശിക രാഷ്ട്രീയവും അതിനിടയിലെ കച്ചവടതാത്പര്യങ്ങളും കൊടിയുടെയും രത്‌നയുടെയും പ്രണയവും താണ്ടുന്ന വിചിത്രമായ വഴികളാണ് സിനിമ. കൊടിക്കും രുദ്രയ്ക്കുമൊപ്പം തന്നെ അന്‍പിന്റെയും മാലതി( അനുപമ പരമേശ്വരന്‍)യുടെയും കഥയും സിനിമ പറയുന്നു. കഥാഗതിയില്‍ നിര്‍ണായകമായ വഴിത്തിരിവ് ഈ കഥാപാത്രങ്ങളാല്‍ സംഭവിക്കുന്നുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലറുകള്‍ സംസ്ഥാനങ്ങളുടെയോ ദേശത്തിന്റെ തന്നെയോ കഥയാണ് പൊതുവെ ഇന്ത്യയില്‍ പറയുന്നത്. തമിഴ്‌നാട് പോലൊരു സംസ്ഥാനത്തെ പ്രാദേശിക രാഷ്ട്രീയം പറഞ്ഞ് ഇത്രയും സംഭവ ബഹുലമായ ചടുലമായ ഒരു സിനിമ എടുത്തതില്‍ പുതുമയുണ്ട്. വ്യവസായശാലകള്‍ പുറത്തേക്ക് വിടുന്ന അപകടകരമായ രാസവസ്തുക്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട് തമിഴ്‌നാട്ടില്‍ നിന്നും. ഒരു ത്രില്ലര്‍ മാസ് പസമായി നില്‍ക്കുമ്പോഴും കൊടി വളരെ റിയലിസ്റ്റിക് ആയി ആ വിഷയത്തെ ഉള്‍ക്കൊണ്ടിട്ടുണ്ട്. 

സിനിമ ഇറങ്ങിയത് മുതല്‍ ചര്‍ച്ചയായത് രുദ്ര എന്ന കഥാപാത്രത്തെക്കുറിച്ചാണ്. സാധാരണ ആക്ഷന്‍ പടങ്ങളില്‍, രാഷ്ട്രീയ സിനിമകളില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യമൊന്നും ഉണ്ടാകാറില്ല. മലയാളത്തില്‍ നായകനു തിരിഞ്ഞു നിന്ന് കുറെ യമണ്ടന്‍ ആണത്ത ഡയലോഗ് പറഞ്ഞ് കയ്യടി വാങ്ങാനും തമിഴിലും ഹിന്ദിയിലുമൊക്കെ ശരീര പ്രദര്‍ശനമുദ്ദേശിച്ചുള്ള പ്രണയ ഗാനങ്ങള്‍ക്കുമാണ് നായികമാര്‍ ഉണ്ടാവാറുള്ളത്.പക്ഷെ നായകനപ്പുറം ചിന്തിക്കുന്ന തന്ത്രങ്ങള്‍ മെനയുന്ന ഒരുവളാണ് രുദ്ര. പലപ്പോഴും നായകന് അതീതയായവള്‍. ‘ നീ ഇല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ സന്തോഷമുണ്ടാകുമോ എന്നറിയില്ല., പക്ഷെ ഈ ആളും ആരവവും ബഹളവുമൊക്കെയൊഴിഞ്ഞു എനിക്ക് ജീവിതമേ ഇല്ല പറയുന്ന എന്നു പറയുന്ന ഒരു നായികയെ അധികം കണ്ടിട്ടില്ല. ഇനി അങ്ങനെയെങ്ങാന്‍ തല പൊക്കിയാല്‍ കുറ്റബോധം കൊണ്ട് മാപ്പു പറയിപ്പിച്ചു നായകന്റെ പിന്നില്‍ നടത്തും. ഇവിടെ രുദ്രയ്ക്ക് സ്വന്തം വഴികളെക്കുറിച്ച് വ്യക്തതയുണ്ട്. ആ വഴിയില്‍ നടക്കുമ്പോള്‍ അവസാന നിമിഷം വരെ അവര്‍ക്ക് യാതൊരു കുറ്റബോധവുമില്ല. നായകന്‍ അവളെ തല്ലിയോ ഡയലോഗ് പറഞ്ഞോ തോല്‍പ്പിക്കുന്നുമില്ല. ഓര്‍ക്കുക, ഈ സിനിമയുടെ നിര്‍മ്മാതാവാണിതില്‍ ടൈറ്റില്‍ റോള്‍ ചെയ്യുന്നത്.

അന്‍പും കൊടിയുമായി ധനുഷ് ശരീരഭാഷാ വ്യതിയാനങ്ങളെ പെട്ടെന്നുള്‍ക്കൊണ്ടു. രുദ്രയായ തൃഷ സ്വന്തം റോളിനെ അങ്ങേയറ്റം വിശ്വസനീയമാക്കി. താരങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ഓരോ രംഗത്തുമുണ്ടായിരുന്നു. മുരുഗനെ അവതരിപ്പിക്കുന്ന കരുണാസും രാഷ്ട്രീയനേതാവായി എത്തുന്ന ചന്ദ്രശേഖറും( വിജയ്‌യുടെ പിതാവ്) എല്ലാം സ്വന്തം സ്‌പേസ് അറിഞ്ഞു തന്നെ സ്‌ക്രീനില്‍ നിന്നു. കരുണാസിന്റെ ഊമയായ പ്രതിബദ്ധതയുള്ള രാഷ്ട്രീയക്കാരന്‍ സിനിമയുടെ ഫ്രയിമിനുള്ളില്‍ നില്‍ക്കുമ്പോഴും വ്യാഖ്യാന സാദ്ധ്യതകള്‍ ഒരുപാടുള്ള കഥാപാത്രമാണ്. ‘നമുക്കിടയില്‍ വ്യക്തിപരമായുള്ളത് പ്രണയം മാത്രമാണ്, എന്ന് കൊടിയേക്കാള്‍ ഉറച്ചു പറയുന്ന രുദ്രയോളം തന്നെ ഉറച്ച ഒരു കഥാപാത്രമാണ് കരുണാസിന്റെ മുരുകന്‍. 

ജനകീയ രാഷ്ട്രീയ സിനിമകളെന്നാല്‍ നന്മ തിന്മകള്‍ തമ്മിലുള്ള യുദ്ധമാണെന്നൊക്കെയുള്ള ക്ലീഷേകളെ കൊടി തകര്‍ക്കുന്നുണ്ട്. തീ പാറുന്ന ട്രെയിലര്‍ ഒരു മുഴുനീള ആക്ഷന്‍ പാക്കേജ് ആകും സിനിമ എന്ന് തോന്നിച്ചെങ്കിലും അതിനെ മറികടന്ന കഥയും മേക്കിങ്ങും ഉണ്ട് കൊടിക്ക്. പലപ്പോഴും സിനിമയില്‍ ഇനിയെന്ത് സംഭവിക്കുമെന്ന ആകാംക്ഷ ഒരേ താളത്തില്‍ കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ കഥ ഒഴുകിപോകുന്നുമുണ്ട്. ഒരു മാസ് മസാല മൂവിയുടെ പള്‍സ് നില നിര്‍ത്തി കൊണ്ടു തന്നെ എങ്ങനെ ഒരു സിനിമക്ക് നല്ല ക്രാഫ്റ്റും പൊളിറ്റിക്കല്‍ ആയ ഒരു സ്‌റ്റേറ്റുമെന്റും ആകാം എന്നത് നമുക്കൊക്കെ നോക്കി പഠിക്കാവുന്ന പാഠപുസ്തകമാണ് കൊടി. നായകന് മാത്രം ഇടം നല്‍കാതെ, ചുറ്റുമുള്ളവര്‍ അപദാനങ്ങള്‍ പാടാതെ അയാള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നു. കൊടി സംരക്ഷിക്കുന്ന ഒരു അനാഥന്‍ ഉണ്ട് സിനിമയില്‍ അയാള്‍ക്ക് കൊടിയോട് സ്‌നേഹവും ബഹുമാനവുമുണ്ട്. അതയാള്‍ അഭിമാനത്തോടെ പറയുന്നുമുണ്ട്. പക്ഷെ അയാളെ ദാസനാക്കാതെ പൂര്‍ണ്ണമായും വ്യക്തിത്വമുളള കഥാപാത്രമാക്കുന്നുണ്ട്. കഥയിലെ നിര്‍ണായകമായ ഒരു സന്ദര്‍ഭത്തില്‍ ‘എല്ലാത്തിനുമുപരി അയാളെന്റെ സുഹൃത്താണ്’ എന്നതാണ് ഹൈലൈറ്റ് ചെയ്യപ്പെടുന്നത്.

കേവലാനന്ദത്തിനുള്ള ഒരു ഉത്സവകാല റിലീസ് എന്നതിലുപരി സൂക്ഷ്മമായ കാഴ്ചയും കൊടി ആവശ്യപ്പെടുന്നുണ്ട്. കൊടിയും രുദ്രയും രഹസ്യമായി കണ്ടിരുന്ന കാടിനുള്ളിലെ പുലിയുടെ വിദൂര ദൃശ്യം, രുദ്രയുടെ ചില കണ്‍ചലനങ്ങള്‍ ഒക്കെ സംസാരിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ക്ക് ഒതുക്കമുണ്ട്. വലിച്ചു നീട്ടിയോ യമണ്ടന്‍ സംഭാഷണങ്ങള്‍ പറഞ്ഞോ പ്രേക്ഷകരെ ബുദ്ധിമുട്ടിക്കുന്നില്ല. ആക്ഷന്‍ രംഗങ്ങള്‍ ഒരിക്കലും വയലന്റ് ആകുന്നില്ല.

ധനുഷ്-വെട്രിമാരന്‍ സിനിമകള്‍ പൊതുവെ നിരാശപ്പെടുത്താറില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വ്യത്യസ്തമായ സിനിമകള്‍ ഇവര്‍ പ്രേക്ഷകര്‍ക്ക് നല്‍കാറുണ്ട്. നിര്‍മാണ സംരംഭമായ കൊടിയും അത്തരത്തിലൊന്നാണ്. പൂര്‍ണമായും ഒരു ഉത്സവ മാസ് മസാല ആക്ഷന്‍ പാക്കേജ് ആകുമ്പോഴും വളരെ ശക്തമായ കഥാതന്തുവും സൂക്ഷ്മമായ മേക്കിങ്ങും കൊണ്ട് വ്യത്യസ്തമാകുന്നു കൊടി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

This post was last modified on December 16, 2016 1:34 pm