X

കൂട്ടബലാത്സംഗം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി; ഇരയ്ക്ക് പോലീസിന്റെ വകയും പീഡനം

തൃശൂരിലെ ഉന്നത രാഷ്ട്രീയ നേതാവും കൂട്ടാളികളും ചേര്‍ന്ന് സുഹൃത്തിന്റെ ഭാര്യയെ കൂട്ട ബലാത്സംഗം നടത്തിയതിന്റെ ഞെട്ടിക്കുന്ന കഥയുമായി പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പീഡനത്തിനിരയായ സ്ത്രീയും ഭര്‍ത്താവും പോലീസില്‍ പരാതിപ്പെട്ടെങ്കിലും അവര്‍ക്ക് നീതി കിട്ടിയില്ല എന്നു മാത്രമല്ല പൊലീ സ്റ്റേഷനിലും അപമാനിക്കപ്പെടുകയായിരുന്നു. ‘ഇവരില്‍ ആര് ചെയ്തപ്പോഴാണ് നിനക്ക് കൂടുതല്‍ സുഖം കിട്ടിയത്’ എന്നു ചോദിച്ച് പരാതിക്കാരിയെ അപമാനിച്ചതായും ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിക്കുന്നു. മാനസികമായ പീഡനവും സംഘര്‍ഷവും താങ്ങാന്‍ കഴിയാതെ യുവതിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയെ കാണാന്‍ വരികയായിരുന്നു.  

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ മുഖ്യമന്ത്രിയുടെ മീഡിയ സെല്‍ അവരുമായി ബന്ധപ്പെട്ടു. ഈ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് കിട്ടിയതായി ഭാഗ്യലക്ഷ്മി പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

 “ഇത് വായിക്കുന്നവർ വിചാരിക്കും ഇതൊരു സിനിമാക്കഥയാണെന്ന്. അല്ല സുഹൃത്തുക്കളെ.വ്യക്തമായി അന്വേഷിച്ചു.സത്യമാണെന്ന് ബോധ്യപ്പെട്ട് വളരെയധികം വേദനയോടെയാണ് ഇതെഴുതുന്നത്.

രാത്രി 8 മണിയായിക്കാണും, ഫോൺ ബെല്ലടിച്ചു.ഒരു സ്ത്രീ ശബ്ദം.. ഭാഗ്യലക്ഷ്മി ചേച്ചിയാണോ? പിന്നീട് ഒന്നും മിണ്ടുന്നില്ല. സ്ത്രീയുടെ കരച്ചിൽ മാത്രം. ഇങ്ങനെയുളള ഫോൺ കാളുകൾ ഈയിടെയായി എനിക്ക് ശീലമായിരിക്കുന്നു. ആരാ?എന്തിനാ കുട്ടി കരയുന്നേ? ഞാൻ ചോദിച്ചു. എനിക്ക് ചേച്ചിയെ ഒന്ന് കാണണം. കരച്ചിലിനിടയിൽ അവൾ പറഞ്ഞു. വെറുതെ ഒരു പെൺകുട്ടി കരയില്ല, കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയതുകൊണ്ട് ഞാൻ പറഞ്ഞു. അതിനെന്താ വീട്ടിലേക്ക് വരൂ. ഞാൻ അഡ്രസ്സ് പറഞ്ഞു കൊടുത്തു.

പിറ്റേ ദിവസം രാവിലെ എത്താമെന്ന് പറഞ്ഞ് ഫോൺ വെച്ചു. ഗൗരവമുളള എന്തോ പ്രശ്നമാണെന്ന് തോന്നിയതുകൊണ്ട് എല്ലാ ജോലിയും മാറ്റി വെച്ച് ഞാൻ ആ കുട്ടിയെ കാത്തിരുന്നു. രാവിലെ ഒരു പതിനൊന്ന് മണിയോടെ അവരെത്തി. ഭാര്യയും ഭർത്താവും. ഏകദേശം 35, 40 വയസ്സ് പ്രായമുളള ഒരു മെലിഞ്ഞ സ്ത്രീ. സാമാന്യം ഭേദപ്പെട്ട വീട്ടിലെയാണെന്ന് തോന്നുന്ന വസ്ത്രധാരണം. കരഞ്ഞ് വീർത്ത കണ്ണുകൾ. ചിരിക്കാൻ മറന്നുപോയ മുഖം. പറന്നു കിടക്കുന്ന തലമുടി. കസേരയിൽ ഇരുന്നപാടേ കരയാൻ തുടങ്ങി. നിസ്സഹായതയോടെ തല കുനിഞ്ഞിരിക്കുന്ന ഭർത്താവ്. ഒന്നും മിണ്ടാതെ ഞാനും. ”അവൾ മാഡത്തിനോട് സംസാരിക്കട്ടെ ഞാൻ പുറത്ത് നിൽക്കാം” എന്ന് പറഞ്ഞ് അയാൾ പുറത്തിറങ്ങി വാതിലടച്ചു. 

ഞാൻ കൊടുത്ത വെളളം കുടിച്ച് അവൾ പറഞ്ഞു തുടങ്ങി. അവർ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന സ്നേഹമുളള ഒരു കൊച്ചു കുടുംബം. ഭർത്താവിന് ചെറിയ വരുമാനമേ ഉളളൂ. അമിതമായ മദ്യപാനം മാത്രമായിരുന്നു അയാൾക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം. വീട്ടിൽ ഭർത്താവില്ലാതിരുന്ന ഒരു ദിവസം ഭർത്താവിന്റെ നാല് സുഹൃത്തുക്കൾ അവളോട് വന്ന് പറഞ്ഞു “ചേട്ടന് ചെറിയൊരു പ്രശ്നമുണ്ട് ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്ന്.” കഴിഞ്ഞ കുറേ കാലങ്ങളായി ആ വീട്ടിലെ നിത്യ സന്ദര്‍ശകരായി ചേച്ചീ ചേട്ടാ എന്ന് വിളിച്ച് അവൾ വിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ച് സഹോദര തുല്യരായി കഴിഞ്ഞ ആ നാല് പേരെ സംശയിക്കാൻ അവൾക്ക് തോന്നിയില്ല. അതിലൊരാൾ ഒരു രാഷ്ട്രീയ പാർട്ടിയിൽ ഉന്നതനുമാണ്. ആ വിശ്വാസത്തിൽ അവൾ ആ നാല് പേരോടൊപ്പം കാറിൽ പുറപ്പെട്ടു.

ആശുപത്രിയുടെ വഴിയും വിട്ട് കാറ് വെറെയെങ്ങോട്ടോ പോകുന്നത് കണ്ട് അവൾക്ക് സംശയം തോന്നി. ദേഷ്യപ്പെട്ടു ഒച്ചവെച്ചു..നാല് പുരുഷന്മാരുടെ ബലിഷ്ഠമായ കൈകൾക്ക് ഒരു സ്ത്രീയുടെ നിലവിളി ഇല്ലാതാക്കാൻ എന്ത് ബുദ്ധിമുട്ട്? നഗരത്തിൽ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, നാലുപേരും മാറി മാറി അവളെ പിച്ചി ചീന്തി. വിജനമായ ആ പ്രദേശത്ത് അവളുടെ നിലവിളിക്ക് ശക്തി പോരാതെ അതൊരു ദീനരോദനം മാത്രമായി. ആ രാക്ഷസന്മാർ തന്നെ അവളെ വീട്ടിൽ കൊണ്ടുവന്ന് എറിഞ്ഞിട്ട് പറഞ്ഞത്രേ,”നടന്നത് മുഴുവൻ ഞങ്ങൾ വീഡിയോ എടുത്തിട്ടുണ്ട്. നീയിത് ആരോടെങ്കിലും പറഞ്ഞാൽ…പിന്നെ അറിയാല്ലോ”. ആരോടും ഒന്നും പറയാനുളള ധൈര്യമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ അവളൊരു ജീവശ്ശവം പോലെ നടന്നു. അവളുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് നിർബന്ധിച്ച് ചോദിച്ച ഭർത്താവിനോട് അവൾ നടന്നത് മുഴുവൻ പറഞ്ഞപ്പോഴേക്ക് മൂന്ന് മാസങ്ങൾകഴിഞ്ഞിരുന്നു. ഭർത്താവിന്റെ നിർബന്ധത്തിൽ കേസ് കൊടുത്തു. ആ നാല് പേരെയും സ്റ്റേഷനിൽ വിളിപ്പിച്ച് അവളുടെ മുൻപിൽ നിർത്തി പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു “ഈ നാല് പേരാണോ ഈ പരാതിയിൽ പറഞ്ഞിരിക്കുന്നവർ.”? ”അതെ സാർ” എന്ന് പറഞ്ഞ അവളോട് ചിരിച്ച്കൊണ്ട് ആ ഉദ്യോഗസ്ഥൻ പച്ചക്ക് ചോദിച്ചത്രേ “ഇവരിൽ ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്?”ഈ വാചകം എന്റെ മുൻപിലിരുന്ന് പറയുമ്പോൾ അവൾ ഉറക്കെ നിലവിളിച്ച് കരയുകയായിരുന്നു..ഞാനും..

കരച്ചിലിനിടയിൽ അവൾ പറഞ്ഞു ” എന്റെ ചേച്ചീ “ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ചതിനേക്കാൾ വേദനിച്ച് നിലവിളിച്ചു ഞാനന്ന്.”കുറച്ച് വെളളം കുടിച്ചിട്ട് അവൾ തുടർന്നു..”പിന്നീടങ്ങോട്ട് പോലീസുകാരുടെ ചോദ്യങ്ങൾ കൊണ്ടുളള മാനസിക ബലാത്സംഗമായിരുന്നു ഒരാഴ്ചയോളം. സംഭവം നടന്ന് മൂന്ന് മാസങ്ങൾ കഴിഞ്ഞ് കേസ് കൊടുത്തത് കൊണ്ട് എന്റെ പക്കൽ തെളിവുകളൊന്നുമില്ല എന്ന ധൈര്യം തന്നെയാവാം അവരുടെ ഈ മാനസീക പീഡനങ്ങൾക്ക് കാരണം. അത് താങ്ങാവുന്നതിനപ്പുറമായാൽ സ്ത്രീക്ക്, മാനവുമില്ല,മാനഭംഗവുമില്ല,ബലാത്സംഗവുമില്ല.. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീക്കും ഈ രാജ്യത്ത് നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ കേസ് പിൻവലിച്ചു.

ഈ രാജ്യത്ത് നിയമം കുറ്റവാളികൾക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് സൂര്യ നെല്ലി പെൺകുട്ടിയും, നിർഭയയും സൗമ്യയും.ഇനി വരാൻ പോകുന്ന ജിഷ യുടെ അവസ്ഥയും ഇത് തന്നെയാവും.

നിർഭയയും, സൗമ്യയും ജിഷയും ഒക്കെ മരിച്ചത് നന്നായി ചേച്ചി അല്ലെങ്കിൽ സൂര്യനെല്ലി പെൺകുട്ടിയെ 16 വർഷമായി ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നത്പോലെ ഇവരും പീഡനമനുഭവിക്കേണ്ടി വന്നേനെ.” അവൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് നിർത്തി. അപ്പോഴും അവളുടെ കണ്ണുനീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു. എന്ത് പറഞ്ഞ് സമാധാനിപ്പിക്കും ഈ പെൺകുട്ടിയെ എന്നോർത്ത് വിങ്ങുന്ന മനസ്സുമായി നിറ കണ്ണുമായി അമ്പരന്ന് ഇരുന്നുപോയി ഞാൻ.. ഇതെന്നാണ് സംഭവിച്ചത് ?ഞാൻ ചോദിച്ചു.രണ്ട് വർഷമായി. രണ്ട് വർഷത്തിന് ശേഷം ഞാനെന്താണ് ഇനി കുട്ടിക്ക് വേണ്ടി ചെയ്യേണ്ടത്? നിസ്സഹായാവസ്ഥയിൽ സങ്കടം അടക്കിക്കൊണ്ട് ഞാൻ ചോദിച്ചു.

“ചേച്ചീ ഈ രണ്ട് വർഷമായി എനിക്കും എന്റെ ഭർത്താവിനും ഉറങ്ങാൻ സാധിക്കുന്നില്ല, ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, കുട്ടികളുടെ കാര്യമന്വേഷിക്കാൻ പറ്റുന്നില്ല,ബലാത്സംഗം ചെയ്യപ്പെട്ട നിമിഷം മനസ്സിൽ നിന്ന് മായാത്തതുകൊണ്ട് എനിക്കും ഭർത്താവിനും കുടുംബജിവിതം നയിക്കാൻ പറ്റുന്നില്ല. എന്നിട്ടും പരസ്പരം സ്നേഹമുളളത്കൊണ്ട് മക്കളെയോർത്ത് ആത്മഹത്യ ചെയ്യാതെ ഞങ്ങൾ ജീവിക്കുന്നു. പക്ഷേ ഞങ്ങളെ ഈ ദുരവസ്ഥയിൽ എത്തിച്ച ബലാത്സംഗ വീരന്മാരായ ആ നാല് പേരോ.. സസുഖം സമൂഹത്തിൽ മാന്യന്മാരായി വാഴുന്നു. ഞങ്ങൾ വേദന പുറത്ത് പറയാനാവാതെ ദിനം ദിനം നീറി നീറി ശവങ്ങളെപ്പോലെ ജീവിക്കുന്നു. ഇപ്പൊ അവറ്റകൾ എന്റെ ഭർത്താവിനോട് പറയുന്നു “ഞങ്ങൾ നാലുപേരും ഉപയോഗിച്ച അവളോടൊപ്പം എന്തിനാടാ നീ ജീവിക്കുന്നേ വലിച്ചെറിയെടാ എന്ന്”. എനിക്കിത് സഹിക്കാൻ വയ്യ ചേച്ചി, ഞാൻ ജീവിക്കണോ മരിക്കണോ? ഒരു സഹായത്തിനോ മനസ്സ് തുറന്ന് സംസാരിക്കാനോ ആശ്വസിപ്പിക്കാനോ ആരുമില്ല. ഈ മാനസിക പീഡനം സഹിച്ച് ഇനിയെത്ര കാലം ഞാനിങ്ങനെ ജീവിക്കണം…?”

നെഞ്ച് പൊട്ടിക്കരയുന്ന ഈ പെൺകുട്ടിയോട് എന്ത് പോംവഴിയാണ് ഞാൻ പറയേണ്ടത് ? ബലാത്സംഗം ചെയ്യുന്നവൻ ആഗ്രഹിക്കുന്നതും ഇരയുടെ ജീവൻ ഇല്ലാതാവുന്നതിലൂടെ തെളിവുകൾ ഇല്ലാതാക്കുക എന്ന് തന്നെയാണ്. അത് ആത്മഹത്യയായാൽ ബലാത്സംഗം ചെയ്തവനും നിയമത്തിനും സൗകര്യമായി. കുറ്റം ചെയ്തവനെ വധിക്കേണ്ടതില്ലല്ലോ. നിയമവും സമൂഹവും നമ്മെ ഒരു തരത്തിലും സഹായിക്കില്ല എന്ന് അറിഞ്ഞുകാണ്ട് തന്നെ. ഇത് പോലെ അറിയപ്പെടാതെ പോകുന്ന, പീഡനങ്ങൾ സഹിച്ച എത്രയെത്ര പെൺകുട്ടികളും, സ്ത്രീകളും അമ്മമാരുമുണ്ടാവും ഈ രാജ്യത്ത്?.

ഹേ സ്ത്രീയേ നീ വെറുമൊരു ഭോഗവസ്തുവല്ലെന്ന് നീ തന്നെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയല്ലാതെ നിനക്കീ ഭൂമിയിൽ നിലനിൽപ്പില്ലെന്ന സത്യം ഇനിയെങ്കിലും നീ മനസ്സിലാക്കൂ. നിനക്ക് സാധിക്കാത്തതായി ഒന്നുമില്ല. നിന്റെ കൈയ്യിൽ എന്നും ഒരു ആയുധമുണ്ടാവണം. ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു പ്രതികാര ദുർഗ്ഗയുണ്ട് എന്ന് നമുക്ക് സ്വയം ബോദ്ധ്യപ്പെടുകയും ബോദ്ധ്യപ്പെടുത്തുകയും വേണം. സങ്കടവും രോഷവും സഹിക്കുന്നില്ല. ആ വൃത്തികെട്ടവന്മാരെ ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു രാജ്യത്ത് ജനിക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നു.”

This post was last modified on December 27, 2016 2:19 pm