X

രാമന്തളി കൊലപാതകം: സിപിഎമ്മിന് തെറ്റ് പറ്റിയെന്ന് കോടിയേരി; പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ല

കുമ്മനം രാജശേഖരന്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും എരിതീയില്‍ എണ്ണയൊഴിക്കലാണെന്നും കോടിയേരി

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാന യോഗത്തിലെ തീരുമാനങ്ങള്‍ ലംഘിച്ചതില്‍ ബിജെപിക്കൊപ്പം സിപിഎമ്മിനും പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇരു പാര്‍ട്ടികളും സമാധാന തീരുമാനം ലംഘിച്ചെന്ന് സമ്മതിച്ചത്.

അതേസമയം പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏതെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അവരെ സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. നേരത്തെ പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും ഇക്കാര്യം അറിയിച്ചു. ഇത് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നാണ് കോടിയേരി വ്യക്തമാക്കിയത്. ഇത് വെറും പറച്ചിലല്ലെന്നും പ്രായോഗികമായി നടപ്പാക്കുമെന്നും കോടിയേരി വ്യക്തമാക്കി. പോലീസ് രാഷ്ട്രീയം നോക്കാതെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയ അക്രമങ്ങളിലെ പ്രതികളെ തള്ളിപ്പറയാന്‍ ബിജെപി തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.

കണ്ണൂരില്‍ രാഷ്ട്രീയപരമായും ഭരണപരമായുമുള്ള ഇടപെടല്‍ ആവശ്യമാണ്. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി സമാധാന യോഗം വിളിച്ചു ചേര്‍ത്തത്. സിപിഎമ്മിനെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. ഛത്തീസ്ഗഡില്‍ പോലും നടപ്പാക്കിയിട്ടില്ലാത്ത അഫ്‌സ്പ കണ്ണൂരില്‍ നടപ്പാക്കണമെന്ന് പറയുന്നത് സിപിഎമ്മിനെ കുടുക്കാനാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും എരിതീയില്‍ എണ്ണയൊഴിക്കലാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

This post was last modified on May 16, 2017 2:24 pm