അഴിമുഖം പ്രതിനിധി
കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 101 ആയി. 16 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നുപേരുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി. 273 പേരെ പൊള്ളലേറ്റ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 300 പേര്‍ ചികിത്സ തേടിയശേഷം മടങ്ങിപ്പോയി.
ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ ഒരു അമിട്ട് പൊട്ടിത്തെറിച്ച് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായുള്ള കമ്പപ്പുരയില്‍ വീണാണ് ദുരന്തമുണ്ടായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. 20,000-ത്തോളം പേര്‍ വെടിക്കെട്ട് കാണുന്നതിനായി എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ധാരാളം പേര്‍ രാത്രി വൈകിയതോടെ തിരിച്ചു പോയിരുന്നു.
കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന അമിട്ടുകളും വെടിമരുന്നും വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഒന്നര കിലോമീറ്റര്‍ അകലെ വരെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ തെറിച്ചു വീണു. സ്‌ഫോടനത്തില്‍ ശ്രീകോവിലിനും ദേവസ്വം ഓഫീസിനും പരിസരത്തെ നിരവധി വീടുകള്‍ക്കും വന്‍ നാശനഷ്ടമുണ്ടായി.
ജില്ലാ ഭരണകൂടത്തിന്റെ അനുമതി കൂടാതെയാണ് ഇവിടെ മത്സരകമ്പം നടത്തിയതെന്ന് ആരോപണമുണ്ട്. വെടിക്കെട്ട് നടക്കുന്ന മൈതാനത്തിനു സമീപത്തെ പങ്കജാക്ഷിയമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ ഭരണ കൂടം ദുരന്തസാധ്യത ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് പങ്കജാക്ഷിയമ്മയെ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയെന്നും വെടിക്കെട്ട് നടത്തുമെന്ന് വെല്ലുവിളിച്ചതായും അവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കിംസ്, കൊല്ലം ജില്ലാ ആശുപത്രി, കൊട്ടിയം ഹോളി ക്രോസ്, നെടുങ്ങോലും ആശുപത്രി തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും പൊട്ടാതെ കിടക്കുന്ന വെടിക്കോപ്പുകള്‍ പൊട്ടുമെന്ന ഭീതിയും രക്ഷാപ്രവര്‍ത്തനത്തെ തുടക്കത്തില്‍ ബാധിച്ചു.
മരിച്ചവരുടെ ശരീര ഭാഗങ്ങള്‍ ചിതറിത്തെറിച്ചിരുന്നു. തിരിച്ചറിയാന്‍ സാധിക്കാത്തവരുടെ ഡിഎന്‍എ പരിശോധന നടത്താനുള്ള നടപടികള്‍ സ്വീകരിക്കും.
അനുമതിയില്ലാതെ നടത്തിയ വെടിക്കെട്ടിന് വന്‍തോതില്‍ വെടിക്കോപ്പുകള്‍ ക്ഷേത്ര പരിസരത്ത് സൂക്ഷിച്ചിരുന്നതായി ആരോപണമുണ്ട്. വെടിക്കെട്ട് കരാറുകാരനായ സുരേന്ദ്രനും മകന്‍ ഉമേഷും പരിക്കേറ്റ് ചികിത്സയിലാണ്. വര്‍ക്കല കൃഷ്ണന്‍ കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയിരുന്നത്. സുരേന്ദ്രന് വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലായിരുന്നുവെന്നും വര്‍ക്കല കൃഷ്ണന്‍ കുട്ടിക്ക് നിയന്ത്രിത അനുമതി മാത്രമാണ് ലഭിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
കരാറുകാരുടെ വീടുകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വെടിക്കോപ്പുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരേയും ക്ഷേത്ര കമ്മിറ്റിക്ക് എതിരേയും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും സ്‌ഫോടക വസ്തു നിയമപ്രകാരവും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2008-ലെ എക്‌സ്‌പ്ലോസീവ് നിയമത്തിലെ 134-ാം വകുപ്പ് അനുസരിച്ച് അപകടത്തെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര സംഘം നാളെ പരവൂരിലെത്തും. ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് ഡോക്ടര്‍ കെ എ യാദവ്, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍ വേണുഗോപാല്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ കന്തസ്വാമി എന്നിവരാണ് അന്വേഷണത്തിന് എത്തുക.
അപകട സ്ഥലം പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖര്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കേന്ദ്ര മന്ത്രിയായ ജെപി നദ്ദ, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അപകടസ്ഥലത്തും ആശുപത്രികളിലും സന്ദര്‍ശനം നടത്തി. ജെപി നദ്ദ കൊല്ലത്ത് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നിസാരപരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി ചികിത്സ നല്‍കും. കൊല്ലത്തെ ആശ്രാമം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയും രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തില്‍ സര്‍ക്കാര്‍ ദ്വിതല അന്വേഷണവും പ്രഖ്യാപിച്ചു. പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ അപകടത്തെ കുറിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൂടാതെ അപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. രാവിലെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കൃഷ്ണന്‍ നായരാണ് ജുഡീഷ്യല്‍ അന്വേഷണ സമിതി അധ്യക്ഷന്‍. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വേണമെന്ന് വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനിക വിഭാഗങ്ങളും നേതൃത്വം നല്‍കി. ഹെലികോപ്റ്ററുകളും വിമാനങ്ങളും കപ്പലുകളും ദുരിതശ്വാസവും വൈദ്യ സഹായവുമായി കൊല്ലത്ത് എത്തി.
അപകടത്തില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേരള ഗവര്‍ണര്‍ പി സദാശിവം, ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കര്‍, രാഷ്ട്രീയ, സിനിമ, കായിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Leave a Comment