X

കട്ടപ്പുറത്തെ വിവരാവകാശ നിയമവും നമ്മുടെ ആനവണ്ടി വകുപ്പും

വിവരാവകാശ അപേക്ഷകളെ എത്രമാത്രം ലാഘവത്തോടും താല്‍പര്യ രഹിതമായുമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കാണുന്നുവെന്നതിന് ഉത്തമ ഉദാഹരണമാണ്‌ കെ എസ് ആര്‍ ടി സി ബ്ലോഗ് എന്ന സ്വകാര്യ സംരംഭം നടത്തുന്ന സുജിത് ഭക്തന്റെ അനുഭവങ്ങള്‍.

2008 മുതല്‍  www.ksrtcblog.com എന്നൊരു വെബ്‌സൈറ്റ് ഞാന്‍ നടത്തിവരികയാണ്.  കെ എസ് ആര്‍ ടി സി യെ ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കൂട്ടായ്മയും കൂടിയാണ് കെ എസ് ആര്‍ ടി സി ബ്ലോഗ്‌. കെ എസ് ആര്‍ ടി സിയെ സോഷ്യല്‍ മീഡിയയിലൂടെ പ്രൊമോട്ട് ചെയ്യുകയാണ് പ്രധാനമായി ചെയ്യുന്നത്. നാലര ലക്ഷത്തോളം ആളുകളാണ് ബ്ലോഗിനെ ഫെയ്‌സ്ബുക്കില്‍ പിന്തുടരുന്നത്.

ഓരോ യാത്രക്കാരന്റെ കൈയിലും സ്മാര്‍ട്ട് ഫോണുകള്‍ സര്‍വസാധാരണമായ 2015-ലും പൊതുജനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി ബസ്സുകളുടെ സമയ വിവരങ്ങള്‍ അറിയുന്നതിന് ബസ്സ് സ്റ്റാന്‍ഡില്‍ ഫോണ്‍ വിളിച്ച് അന്വേഷിക്കുകയോ പോയി തിരക്കുകയോ അല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലായിരുന്നു. ഫോണ്‍ വിളിച്ച് അന്വേഷിക്കുന്നവര്‍ക്ക് നല്ല രീതിയില്‍ മറുപടി ലഭിച്ചിരുന്നുമില്ല. അതുകാരണം കൊണ്ട് തന്നെ മുന്‍കൂട്ടി ഒരു യാത്ര പ്ലാന്‍ ചെയ്യുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയായിരുന്നു. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം എന്നോണം കെ എസ് ആര്‍ ടി സി ബസ്സുകളുടെ സമയ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ആനവണ്ടി എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് / സ്മാര്‍ട്ട് ഫോണ്‍ ആപ്പ് നിര്‍മ്മിക്കാം എന്ന ആശയം രൂപംകൊണ്ടത്.

വെബ്‌സൈറ്റിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് കെ എസ് ആര്‍ ടി സി ബസ്സുകളുടെ വിവരങ്ങള്‍ നല്‍കണമെന്നും പറഞ്ഞു കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെപ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കത്തിടപാടുകള്‍ നടത്തിയെങ്കിലും ഒന്നിനും ഫലമുണ്ടായില്ല. അവസാനം കേരളമെമ്പാടുമുള്ള കെ എസ് ആര്‍ ടി സി ബസ്സുകളുടെ ടൈം ഷെഡ്യൂള്‍ രജിസ്റ്ററിന്റെ പകര്‍പ്പ് (സമയ വിവരങ്ങളുടെ പട്ടിക) സോഫ്റ്റ് കോപ്പി ആയോ ഹാര്‍ഡ് കോപ്പി ആയോ നല്‍കണം എന്നാവശ്യപ്പെട്ട്‌ കെ എസ് ആര്‍ ടി സിയുടെ തിരുവനന്തപുരത്തെ ചീഫ് ഓഫീസിലും അതിനു കീഴിലുള്ള അഞ്ച് സോണല്‍ ഓഫീസിലുമായി ആറ് അപേക്ഷകള്‍ നല്‍കി.

കെ എസ് ആര്‍ ടി സിക്ക് കേരളത്തില്‍ അഞ്ച് സോണുകള്‍ ഉണ്ട്- തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്. സമീപങ്ങളിലുള്ള ഡിപ്പോകളെല്ലാം ഓരോ സോണിന്റെ കീഴില്‍ വരും. മുകളില്‍ കൊടുത്ത ആറ് അപേക്ഷയില്‍ അഞ്ചെണ്ണം ഓരോ സോണിന്റെ കീഴിലുള്ള ഡിപ്പോകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായിരുന്നു. ചീഫ് ഓഫീസില്‍ നല്കിയ അപേക്ഷയില്‍ കേരളം മുഴുവനായുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു. അതില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട് സോണല്‍ ഓഫീസുകളില്‍ നിന്നും അവരുടെ സോണിനു കീഴിലുള്ള എല്ലാ ഡിപ്പോകളുടെയും സമയ വിവര പട്ടിക സോഫ്റ്റ് കോപ്പി ആയി 30 ദിവസത്തിനകം എന്റെ ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു തന്നു.

കൊല്ലം സോണില്‍ നിന്നും ഭാഗികമായ വിവരങ്ങളും ലഭ്യമാക്കി. പക്ഷെ തിരുവനന്തപുരം സോണില്‍ നിന്നും ചീഫ് ഓഫീസില്‍ നിന്നും ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു. കെ എസ് ആര്‍ ടി സി ബസ്സുകളുടെ സമയ വിവരങ്ങള്‍ ടി ഓഫീസില്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും എനിക്ക് വേണമെങ്കില്‍ കേരളം മുഴുവനും ഓടി നടന്ന് ഡിപ്പോകളില്‍ ചെന്ന് രേഖകള്‍ പരിശോധിച്ച് വിവരങ്ങള്‍ എടുക്കാമെന്നും വിവരാവകാശ അപേക്ഷ പ്രകാരം മറുപടി ലഭിച്ചു.

കെ എസ് ആര്‍ ടി സി യുടെ തിരുവനന്തപുരത്തുള്ള ചീഫ് ഓഫീസില്‍ ടൈം ടേബിള്‍ സെല്‍ എന്നൊരു സെക്ഷന്‍ ഉണ്ട്. അവരുടെ പ്രധാന ജോലി എന്നത് തന്നെ കെ എസ് ആര്‍ ടി സി യുടെ സമയവിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കുകയും ക്ലാഷ് ഉണ്ടാകുന്നത് തടയുകയും പുതിയ സമയം അനുവദിച്ചു കൊടുക്കുകയും ഒക്കെയാണ്. അങ്ങനെയുള്ള ആ സെക്ഷനില്‍ നിന്നും എനിക്ക് ലഭ്യമാക്കിയ മറുപടി തികച്ചും നിരുത്തരവാദപരമായിരുന്നു. മറ്റ് സോണുകളില്‍ നിന്നും ലഭ്യമാക്കിയ സമയ വിവര പട്ടിക ചീഫ് ഓഫീസിലെ ടൈം ടേബിള്‍ സെക്ഷനില്‍ ഉണ്ടായിട്ടും നല്‍കാതിരുന്നത്‌ ഗുരുതരമായ ചട്ടലംഘനമായിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് കെ എസ് ആര്‍ ടി സിയില്‍ തന്നെ ഒന്നാം അപ്പീല്‍ ഹര്‍ജി നല്‍കി. അതേ സമയം തന്നെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നും മറ്റൊരു വിവരാവകാശ അപേക്ഷ കൊടുത്ത് അപ്പീലിന് അനുകൂലമായ ചില കാര്യങ്ങള്‍ നേടിയെടുത്തു. അതിന്‍പ്രകാരം ഒരു കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ഉള്ള സമയ വിവര പട്ടിക ആ പ്രസ്തുത ഡിപ്പോയിലും അവരുടെ സോണല്‍ ഓഫീസിലും കെ എസ് ആര്‍ ടി സി ചീഫ് ഓഫീസിലെ ടൈം ടേബിള്‍ സെക്ഷനിലും അയച്ചു കൊടുക്കാറൂണ്ട് എന്ന് രേഖാമൂലം മറുപടിയായി ലഭിച്ചു.

അപ്പീല്‍ നല്കി മൂന്നു മാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ചീഫ് ഓഫീസില്‍ നിന്നും ലഭ്യമായില്ല. അപ്പീല്‍ അധികാരിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് മനസ്സിലായത്, അപ്പീല്‍ അധികാരി പെന്‍ഷനായി പോയെന്നും പകരം ജോയിന്‍ ചെയ്യേണ്ട ആള്‍ ലീവിലാണെന്നും. അതോടെ സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതിയായി മുന്നോട്ട് പോകാമെന്ന് കരുതി ഇരിക്കുമ്പോഴാണ് ഒന്നാം അപ്പീല്‍ ഹര്‍ജി സംബന്ധിച്ച് വാദം കേള്‍ക്കുന്നതിന് ഹാജരാകണം എന്ന് പറഞ്ഞു കത്ത് വരുന്നത്.

വാദം കേള്‍ക്കുന്നതിനായി ഞാന്‍ പോകുകയും അപ്പീല്‍ അധികാരി മുമ്പാകെ കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. 15 ദിവസത്തിനകം ഞാന്‍ ചോദിച്ച വിവരങ്ങള്‍ എനിക്ക് ലഭ്യമാക്കണമെന്ന് വിധി വന്നു. എന്നിട്ടും ഒരു മാസത്തോളം എടുത്ത് ഈ വിവരങ്ങള്‍ എനിക്ക് ലഭിക്കുവാന്‍. അതും പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭ്യമാക്കിയില്ല. ലഭിച്ച വിവരങ്ങള്‍ ആകട്ടെ ജാമ്പവാന്റെ കാലത്തേതും. അവസാനം സഹികെട്ട് പഴയ വിവരങ്ങള്‍ ലഭിച്ച ഡിപ്പോകളില്‍ നേരിട്ട് പോയി അവിടെ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് മൂന്നു മാസം കൊണ്ട് ഡാറ്റാ എന്‍ട്രിയും തീര്‍ത്ത് www.aanavandi.com എന്ന വെബ്‌സൈറ്റ് ഉണ്ടാക്കുകയായിരുന്നു.

ഇപ്പോള്‍ കെ എസ് ആര്‍ ടി സി കേരളത്തില്‍ ഓടിക്കുന്ന ഓര്‍ഡിനറി മുതലുള്ള എല്ലാ സര്‍വ്വീസുകളുടേയും ഷെഡ്യൂള്‍ പ്രകാരമുള്ള സമയ വിവരങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. ദിവസേന പതിനായിരത്തിലധികം ആളുകള്‍ സൈറ്റ് സന്ദര്‍ശിക്കുനു. ഇതുപോലെയുള്ള ഒരു വെബ്‌സൈറ്റ് ഇന്ത്യയില്‍ തന്നെ മറ്റൊരു സംസ്ഥാന കോര്‍പ്പറേഷനും ഇപ്പോള്‍ ഇല്ല എന്നതും ആനവണ്ടിയുടെ പ്രത്യേകതയാണ്.

നിലവില്‍ കേരളത്തിനുള്ളില്‍ ഓപ്പറേറ്റ് ചെയ്യുന്ന കെയുആര്‍ടിസി ബസ്സുകളുടെ സമയ വിവരങ്ങള്‍ക്കുള്ള വിവരാവകാശ അപേക്ഷ കൊടുത്ത് മറുപടിക്കായി കാത്തിരിക്കുകയാണ്.

(കെ എസ് ആര്‍ ടി സി ബ്ലോഗിന്റെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on February 11, 2016 8:24 am