X

മന്ത്രി കെടി ജലീല്‍ തരുന്ന സന്ദേശം ഒരു മതേതരത്വ ക്ലീഷയല്ല

അഴിമുഖം പ്രതിനിധി

എരുമേലി വാവര്‍ക്കു കാണിക്കയിട്ട്
എന്നെ സമര്‍പ്പിച്ച് അയ്യനു വിട്ടു
അര്‍ത്തുങ്കല്‍ പള്ളിയില്‍ മാലയൂരി
അണയുമെന്‍ ഏകജാതി ചിന്ത
മര്‍ത്യജാതി ചിന്ത

ആര്‍കെ ദാദോമദരന്‍ എഴുതി ടിഎസ് രാധാകൃഷ്ണന്‍ സംഗീതം നല്‍കി യേശുദാസ് ആലപിച്ച ഈ അയ്യപ്പഗാനം നിലവിലെ സാമൂഹ്യജീവിതക്രമത്തില്‍ ഒരസംബന്ധ ഭാവനയായി തോന്നിയേക്കാം. വാവരെയും കൊച്ചുതൊമ്മനെയും അംഗീകരിക്കാന്‍ മടിക്കുന്ന അയ്യപ്പഭക്തരുടെ എണ്ണം വളരെ കൂടിയിരിക്കുന്നു. ശബരിമലയില്‍ പോകുന്നവരില്‍ എത്രപേര്‍ വാവര് പള്ളിയില്‍ കാണിക്കയിടുന്നുണ്ട്? നമ്മുടെ കാശ് അവര്‍ക്ക് കൊടുക്കണോ എന്നാണു ഹൈന്ദവ വിശ്വാസികളില്‍ പലരും ചോദിക്കുന്നത്. അതുപോലെ അര്‍ത്തുങ്കല്‍ പള്ളിയില്‍ എത്തി മാലയൂരുന്നവര്‍ ഇപ്പോഴുമുണ്ടോ എന്നും സംശയമാണ്.

വാവരെയും കൊച്ചുതൊമ്മനെയും അംഗീകരിക്കാന്‍ മടിക്കുന്നവരെ പോലെ അയ്യപ്പനെയും കൃഷ്ണനെയും കാഫിറുകളായി കാണുന്നവരും താനിവിടെ പാമ്പിന്റെ വായില്‍ കുന്തോമിട്ടോണ്ടിരുന്നോ ഒരുത്തനവിടെ കുന്തക്കാലേലിരുന്ന് കാശുവാരുകയാണെന്ന്‍ ഗീവര്‍ഗീസു പുണ്യാളനെ നോക്കി പരിഹസിക്കുന്നവരും ഏറെയാണ്. തൊമ്മനും വാവരും അയ്യപ്പസ്വാമിയും തങ്ങളില്‍ ജാതിയെ കണ്ടതില്ലെങ്കിലും അവരെ മൂന്നു മതബിംബങ്ങളാക്കി മാറ്റിയെടുക്കാന്‍ മനുഷ്യന്‍ വിജയിച്ചു എന്നിടത്താണ് ദാമോദരന്‍ മാഷിനെ പോലുള്ള കവികളുടെ ദര്‍ശനങ്ങള്‍ പരാജയമാകുന്നത്.

സ്വന്തം യുക്തിയെ നാണിപ്പിക്കുന്ന തരത്തിലേക്ക് മതബോധം വളര്‍ന്നുപോകുന്നിടത്താണ് മനുഷ്യന്റെ പ്രവര്‍ത്തികളിലും വാക്കുകളിലും ഭ്രാന്ത് നിറയുന്നത്. അമുസ്ലിങ്ങളെ നോക്കി ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യരുതെന്ന് ഒരു പണ്ഡിതന്‍ പറയുന്നതും അമ്പലത്തില്‍ നിന്നും കിട്ടുന്നതൊന്നും കഴിച്ച് വിശ്വാസധ്വംസനം നടത്തരുതെന്ന് ഒരു പുരോഹിതന്‍ ആഹ്വാനം ചെയ്യുന്നതും അന്യന്റെ വിശ്വസങ്ങളെ ശൂലമുനയില്‍ കോര്‍ക്കാന്‍ മന്ത്രോച്ചാരണങ്ങള്‍ മുഴക്കുന്നതും യുക്തിയോ ചരിത്രബോധമോ സ്വന്തമായി ഇല്ലാത്തവരാണ്. മതവിശ്വാസം നമ്മള്‍ തെരഞ്ഞെടുക്കുന്ന കുപ്പായമാണ്, അതില്‍ കറ പറ്റാതെ നോക്കാനും മറ്റൊരാളെ കൊണ്ട് അതിന്റെ ഭംഗിയെ വിശേഷിപ്പിക്കാനും നമുക്ക് സാധിക്കണം.

തദ്ദേശസ്വയംഭരണ-വഖഫ് വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഇന്നലെ നടത്തിയ ശബരിമല സന്ദര്‍ശനം അത്തരത്തില്‍ കാണേണ്ട ഒന്നാണ്. ഒരു മുസല്‍മാന്‍ ഹൈന്ദവ ദേവാലയത്തില്‍ ദര്‍ശനം നടത്തിയെന്ന തരത്തില്‍ അതിനെ ചുരുക്കരുത്. തൊപ്പിയിട്ടവന്റെയും പൂണൂല്‍ ധരിച്ചവന്റെയും കൈകോര്‍ത്തു പിടിച്ചിരിക്കുന്ന ചിത്രം കാണിച്ചിട്ട്, ഇവിടെ മതേതരത്വം ഉണ്ട് എന്നു പറയേണ്ടി വരുന്ന ഗതികേട് അല്ലെങ്കില്‍ തന്നെയുണ്ട്. ജലീല്‍ തന്റെതായ മതബോധങ്ങള്‍ സൂക്ഷിക്കുന്നൊരാളാണ്. അങ്ങനെ തന്നെ നിന്നുകൊണ്ട് അദ്ദേഹം പുലര്‍ത്തുന്ന കാഴ്ചപ്പാടുകളുടെ വിശാലതയായിട്ടുവേണം ഇന്നലത്തെ ശബരിമല സന്ദര്‍ശനം കാണേണ്ടത്. ഔദ്യോഗികപരിപാടിയുടെ ഭാഗമായിട്ടാണെങ്കിലും ശബരിമലയില്‍ എത്തിയ സമയത്ത് അമ്പലത്തിന്റെ നടനേരെ വരാനും പ്രസാദം വാങ്ങാനും എടുത്ത തീരുമാനം, വികലമായ ചിന്തകള്‍ പുലര്‍ത്തിപ്പോരുന്ന തന്റെ തന്നെ സമുദായത്തിലെ പിടിവാശിക്കാര്‍ക്കൊപ്പം ഓരോ മതവിഭാഗത്തിലേയും അസഹിഷ്ണുക്കളായവരോടുമുള്ള ചരിത്രബോധനമായിരുന്നു. 

ഇസ്ലാം വിശ്വാസികളായ പൊലീസുകാര്‍ക്ക് താടിവയ്ക്കാന്‍ അനുവാദം നല്‍കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തെ നിരാകരിച്ചു മുന്നോട്ടു വന്നതിനു പിന്നാലെയാണ് ജലീലിന്റെ ശബരിമല ദര്‍ശനവും. താടി ഇസ്ലാമിനെ സംബന്ധിച്ച് മതചിഹ്നമായാണ് കണക്കാക്കുന്നത്. സെക്യുലറിസത്തില്‍ അടിസ്ഥാനമായൊരു ഭരണഘടന അനുസരിക്കുന്ന നാട്ടില്‍ പൊലീസ് പോലെ ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനങ്ങള്‍ക്കകത്ത് ഇത്തരം മതചിഹ്നങ്ങള്‍ അനുവദിക്കുന്നത് പില്‍ക്കാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പറയുന്നതിടത്താണ് ജലീല്‍ യുക്തിയുള്ള ഒരു മതവിശ്വാസി ആകുന്നത്. വിശ്വാസത്തെ അന്ധമായി പ്രോത്സാഹിപ്പിക്കുന്നത് അയുക്തികമാണ്. ഇന്നലെ ആചാരങ്ങളായി കണ്ടതെല്ലാമാണ് ഇന്ന് അസംബന്ധങ്ങളായി നമുക്ക് ചുറ്റും നിറയുന്നത്. താടിയെ എതിര്‍ക്കുന്നതാകട്ടെ, ശബരിമലയില്‍ പോകുന്നതാകട്ടെ, ജലീല്‍ എന്ന രാഷ്ട്രീയക്കാരനെ ഈ രണ്ടു നിലപാടുകളും പ്രതികൂലമായി ബാധിച്ചേക്കും. അദ്ദേഹം മലപ്പുറം പോലൊരു ജില്ലയില്‍ നിന്നാണ് ജനവിധി തേടുന്നത്. അഞ്ചുവര്‍ഷം ഭരണത്തിന്റെ ഭാഗമായിരുന്നിട്ടും തോന്നാന്നാത്ത താടി പ്രേമം ലീഗിന് ഇപ്പോള്‍ തോന്നുന്നത് അവരുടെ ഇളകിയ രാഷ്ട്രീയാടിത്തറ മതത്തിന്റെ മണ്ണിട്ട് ഉറപ്പിക്കാനുള്ള വേലയാണെന്ന് സാമാന്യബോധ്യമുള്ളവര്‍ക്ക് മനസിലാകും. അതിലവര്‍ വിജയിക്കുകയും ചെയ്‌തേക്കാം. അങ്ങനെയുള്ളൊരിടത്ത്, മതം രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നൊരിടത്ത് ജലീലിന്റെ വാക്കും പ്രവര്‍ത്തിയും തിരിച്ചടിയായേക്കാമെന്നത് വെറും സംശയമല്ല. ജലീലും അതറിയാതെ പോകുന്നില്ലായിരിക്കാം. 

അന്യമതസ്ഥനെ നോക്കി ചിരിക്കരുതെന്ന ആജ്ഞകളെക്കാള്‍ അന്യമതതത്തിന്റെ ആചാരങ്ങളെ ബഹുമാനിക്കാനുള്ള കഴിവാണ് ഓരോരുത്തര്‍ക്കും വേണ്ടതെന്ന ബോധ്യം നല്‍കാനാണ് പക്ഷേ ചരിത്രാധ്യാപകന്‍ കൂടിയായ കെ ടി ജലീല്‍ ശ്രമിക്കുന്നത്. മതം നിങ്ങള്‍ക്ക് പൊളിച്ചുമാറ്റാന്‍ കഴിയാത്ത വേലിയാണെങ്കില്‍, അതവിടെ നില്‍ക്കട്ടെ, പക്ഷേ അതിന്റെ കവാടങ്ങള്‍ തുറന്നു തന്നെയിടണം; കെ ടി ജലീലിനെ പോലുള്ളവര്‍ ഓര്‍മിപ്പിക്കുന്നതും അതുതന്നെ…

This post was last modified on October 31, 2016 11:37 am