X

മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ കുമ്മനത്തിന് ഉപദേഷ്ടാക്കളും

കേന്ദ്രനേതൃത്വത്തിന്റെ ഉപദേശം കണക്കിലെടുത്ത് മൂന്ന് ഉപദേശകരെയാണ് പാര്‍ട്ടി ആസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉപദേഷ്ടാക്കളെ നിയമിച്ചു. കേന്ദ്രനേതൃത്വത്തിന്റെ ഉപദേശം കണക്കിലെടുത്ത് മൂന്ന് ഉപദേശകരെയാണ് പാര്‍ട്ടി ആസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്.

ഡോ. ജി സി ഗോപാലപിള്ള(സാമ്പത്തികം), ഹരി എസ് കര്‍ത്ത(മാധ്യമം), ഡോ. കെ ആര്‍ രാധാകൃഷ്ണപിള്ള(വികസനം, ആസൂത്രണം) എന്നിവരാണ് ബിജെപി പ്രസിഡന്റിനെ ഉപദേശിക്കാന്‍ പുതിയതായി നിയുക്തരായിരിക്കുന്നത്. കൂടുതല്‍ ഉപദേഷ്ടാക്കളെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചിലരുടെ നിയമനം ബിജെപി വൃത്തങ്ങളില്‍ ഭിന്നാഭിപ്രായത്തിന് ഇടയാക്കിയതിനാലാണ് നിയമനം വൈകിക്കുന്നത്.

ഫാക്ടിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഗോപാലപിള്ളയെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഇടപെടുന്നതിനായാണ് നിയോഗിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് അതെങ്ങനെ ഇവിടെ നേട്ടമുണ്ടാക്കാനാകും എന്നത് സംബന്ധിച്ചാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കേണ്ടത്. ഒപ്പം പൊതുവായ സാമ്പത്തിക സാങ്കേതിക കാര്യങ്ങളിലും പ്രസിഡന്റിന് ഉപദേശങ്ങള്‍ നല്‍കണം.

കിന്‍ഫ്രയുടെ സ്ഥാപക എംഡിയായിരുന്ന ഗോപാലപിള്ള യുഡിഎഫുമായും മുസ്ലിംലീഗ് നേതൃത്വവുമായും അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. മാധ്യമങ്ങള്‍ക്ക് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം കുറയ്ക്കുകയെന്നതാണ് ജന്മഭൂമി എഡിറ്ററായിരുന്ന ഹരി എസ് കര്‍ത്തയുടെ മുഖ്യചുമതല. മാധ്യമങ്ങള്‍ക്ക് മുമ്പാകെ പാര്‍ട്ടി നേതാക്കള്‍ തന്നിഷ്ടപ്രകാരം അഭിപ്രായങ്ങള്‍ പറയുന്നത് ഒഴിവാക്കലും ഇദ്ദേഹത്തിന്റെ ചുമതലയില്‍ വരും. പരിവാര്‍ പ്രസിദ്ധീകരണങ്ങളുടെ പൊതു ചുമതലയും ഇദ്ദേഹത്തിനായിരിക്കും. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം തേടണമെന്ന് നേതാക്കള്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് കണ്‍സള്‍ട്ടന്റായിരുന്ന രാധാകൃഷ്ണപിള്ള വിവിധ കോളേജുകളില്‍ ധനതത്വശാസ്ത്രം അധ്യാപകനായിരുന്നു. ഇരുമുന്നണികളില്‍ നിന്നും വ്യത്യസ്തമായ വികസന ആസൂത്രണ സമീപനങ്ങളെക്കുറിച്ച് നേതൃത്വത്തിന് അവബോധം പകരുകയാണ് ഇദ്ദേഹത്തിന്റെ ദൗത്യം.

സംസ്ഥാന നേതൃത്വത്തെ പ്രൊഫഷണലാക്കുകയെന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ബിജെപിയുടെ പുതിയ ഓഫീസില്‍ മുഖ്യമന്ത്രിയ്ക്കുള്ള ഓഫീസ് കൂടിയുണ്ടാകണമെന്ന് നേരത്തെ കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ചെയ്തതുപോലെ ഉപദേശകരെയും നിയമിച്ചിരിക്കുന്നത്.