X

മുഖ്യമന്ത്രിയോട് പോയി ചോദിക്കാന്‍ കടകംപള്ളിയോട് കുമ്മനം രാജശേഖരന്‍

മെട്രോ റെയില്‍ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താനാണ് ചില ഗൂഢശക്തികളുടെ ശ്രമമെന്ന് കുമ്മനം

മെട്രോ റെയില്‍ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം താന്‍ യാത്ര ചെയ്തത് സമൂഹമാധ്യമത്തിലൂടെ വിവാദമാക്കിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മറുപടി. മെട്രോ റെയില്‍ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താനാണ് ചില ഗൂഢശക്തികളുടെ ശ്രമമെന്ന് കുമ്മനം പ്രതികരിച്ചു. സുരക്ഷ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും യാത്രാവിവാദത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന പ്രസിഡന്റ്, പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്താല്‍ എന്താണ് കുഴപ്പമെന്നും കുമ്മനം ചോദിച്ചു. പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യുന്നവരുടെ പട്ടികയില്‍ പേരുള്ളതിനാലാണ് യാത്രയില്‍ പങ്കെടുത്തത്. പേര് ഉള്‍പ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് തന്നെ ഉള്‍പ്പെടുത്തിയതെന്നും അറിയില്ലെന്ന് കുമ്മനം വ്യക്തമാക്കി.

ഇക്കാര്യം കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായി അറിയാം. എന്നിട്ടും മന്ത്രി എന്തിനാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും കുമ്മനം ചോദിച്ചു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് താനും പാലാരിവട്ടം മെട്രോ സ്‌റ്റേഷനില്‍ എത്തിയതെന്നും നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനും പരിപാടി കഴിഞ്ഞ യാത്രയാക്കാനും താനുണ്ടായിരുന്നു. ഈ സമയത്ത് കേരള പോലീസോ പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള എസ്പിജിയോ തന്നെ തടഞ്ഞില്ല. മാത്രമല്ല, തനിക്ക് ആവശ്യമായ സഹായങ്ങളും അവര്‍ ചെയ്തു. എന്നിട്ടും ഇതെല്ലാം വിവാദമാക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണെന്നാണ് കുമ്മനം പറയുന്നത്.